എന്നാ സാറ് കല്യാണം കഴിക്കോ എന്നെ…സാറ് പറയുന്നിടത്ത് പോയി ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആണെന്ന് ഉറപ്പായതിനു ശേഷം മതി…

ഇഷ്ടം

Story written by NAYANA SURESH

ഏയ്ഡ്സ് രോഗിയായി മരിച്ച അച്ഛന്റെയും അമ്മയുടെയും മകളെ കല്യാണം കഴിച്ച് വീട്ടിലേക്ക് കൊണ്ടു വന്നപ്പോൾ അമ്മയല്ലാതെ മറ്റാരും ഹരിയെ അനുകൂലിച്ചില്ല .. എങ്കിലും അവളെ ചേർത്ത് പിടിച്ചപ്പോൾ ഹരി അത്ര മാത്രം ഉള്ള് കൊണ്ട് സന്തോഷിച്ചിരുന്നു .

ഒരു പ്രൈവറ്റ് കോളേജിൽ ടീച്ചറായി ജോലിക്കു കയറിയപ്പോൾ എല്ലാവരിൽ നിന്നും അകന്ന് നടക്കുന്ന ,എന്നാൽ പഠിക്കാൻ മിടുക്കിയായ പ്രിയയെ പ്പെട്ടന്നാണ് ശ്രദ്ധിക്കാൻ തുടങ്ങിയത് .

എങ്കിലും ആദ്യമെല്ലാം അതൊക്കെ ഓരോരുത്തരുടെ സ്വഭാവമാണെന്ന് കരുതി കാര്യമാക്കിയില്ല ..ഒരിക്കൽ കോളേജ് വിട്ട് നാളേക്ക് ക്ലാസ്സിൽ പറയാനുള്ള നോട്ട് തയ്യാറാക്കി ലൈബ്രററിയിലേക്ക് പോയപ്പോഴാണ് ഏറെ വൈകിയിട്ടും അവിടെയിരുന്ന് പുസ്തകം വായിക്കുന്ന പ്രിയയെ കണ്ടത് ..

താനെന്താ പോകാത്തെ കുറേ നേരായല്ലോ ?

ഇത് കഴിഞ്ഞ് ഇറങ്ങും സർ

നേരം ഇരുട്ടില്ലെ .. കാലം മോശാ , വല്ലതും വന്നിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ല .. സ്ത്രീ സ്വതന്ത്ര്യം ഒക്കെ പറയാൻ നല്ലതാ … എന്തെങ്കിലും പറ്റിയാൽ സ്ത്രീകൾ തന്നെയാ ആദ്യം കുറ്റം പറയാ ..

എന്നെ ആരും ഒന്നും ചെയ്യില്ല … അതിനുള്ള ധൈര്യം ഈ നാട്ടിലാർക്കും ഇല്ല …

അതും പറഞ്ഞ് അവൾ എഴുന്നേറ്റു പോയപ്പോൾ ആദ്യം കരുതിയത് ഇവൾ ഏതെങ്കിലും പോലീസ്കാരന്റെ മകളായിരിക്കുമെന്നാണ് …..

പിറ്റേന്ന് രാവിലെ സജീഷ് മാഷിനോട് ….

ഇംഗ്ലീഷിലെ പ്രിയയുടെ അച്ഛൻ പോലീസാണോ ?

ഏത് .. തേർഡ് ഇയറിലെയോ …

ആ ..അതെന്നെ …

തനിക്കെന്താ ഇങ്ങനൊരു സംശയം ..

അല്ല ഇന്നലെ വൈകീട്ടും വീട്ടിൽ പോവാതെ ലൈബ്രറി റയിൽ തന്നെ ഇരിക്കണ കണ്ടു .. ചോദിച്ചപ്പോ പറയാ ആരും അവളെ ഒന്നും ചെയ്യില്ലാന്ന് ..

അവൾടെ അച്ഛൻ പോലീസൊന്നും അല്ല .. പക്ഷേ അവള് പറഞ്ഞത് നേരാ അവളെ ആരും ഒന്നും ചെയ്യില്ല ..

അതെന്താ …

അതിന്റെ അമ്മയും അച്ഛനും എയ്ഡ്സായിട്ടാ മരിച്ചെ ..

ഈ കുട്ടിക്ക് ഉണ്ടോ ?

ഏയ് ഇല്ലെന്നാ പറഞ്ഞെ .. ആർക്കറിയാം ,,, ആ കുട്ടി ആരോടും കൂട്ട് കൂടില്ല .. പാവാ അത്

ഹരിക്കെന്തോ പെട്ടെന്ന് അസ്വസ്തത തോന്നി …ചിലപ്പോൾ ഇതു കാരണമാകും അവൾ ഒഴിഞ്ഞു നടുന്നത് .അവളെ ഇങ്ങനെ വിട്ടാൽ ശരിയാവില്ല..എല്ലാവരോടും മിണ്ടുന്ന കുട്ടിയാക്കണം …

പതിവുപോലെ നാലാമത്തെ ബഞ്ചിന്റെ അറ്റത്ത് അവളുണ്ട് ..

ബുക്കിലേക്ക് കടക്കും മുൻപ് ഹരി എല്ലാവരോടുമായി ചോദിച്ചു ..

അല്ലാ ഡിഗ്രി കഴിഞ്ഞിട്ട് എന്താ പ്ലാൻ എല്ലാവരടേം .. കെട്ടി വീട്ടിലിരിക്കാനാണോ ?എല്ലാവരുടെ കാര്യമൊന്നും ഹരിക്കറിയണ്ടങ്കിലും പ്രിയ എന്തു പറയുമെന്നറിയാൻ അവനവളോട് ചോദിച്ചു …

ചെറുപുഞ്ചിരിയോടെ അവൾ പറഞ്ഞു …എനിക്കൊരു അനാഥാലയം തുടങ്ങണം പ്രായഭേദമന്യ അവിടെ ആരുമില്ലാത്തവർകൊക്കെ ഇടം കൊടുക്കണം …

ആഹാ .. നല്ല ആഗ്രഹമാണല്ലോ … സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവരെ കുറിച്ച് ചിന്തിക്കുന്നത് ഒരു വലിയ കാര്യമാണ് പ്രിയ…

അന്നും കോളേജ് വിട്ട് ലൈബ്രററിയിലേക്ക് ചെല്ലുമ്പോൾ പ്രിയ അവിടെയുണ്ട്..

അവളിരിക്കുന്ന ബഞ്ചിന് വിപരീതമായി വന്നിരുന്നു ..

ഞാനിപ്പോ പോവാം സർ

തിരിക്കില്ല വായ്ച്ച് കഴിഞ്ഞ് പോയാ മതി ..

ഏറ്റവും ഇഷ്ടം ആരുടെ ബുക്കാ…?

ഓഷോ .. ഓഷോന്റെ ബുക്ക്സ് ഞാൻ ഒരു പാട് വായിച്ചിട്ടുണ്ട്

ആഹാ … ഓഷോന്റെ ബുക്കിൽ പ്രിയപ്പെട്ടതോ ?

സ്ത്രീ … ഒരു പെണ്ണ് എന്താന്ന് മറ്റാരും ഇത്രയും മനസ്സിലാക്കീട്ടുണ്ട് എന്ന് എനിക്ക് തോന്നീട്ടില്ല ..അന്നവൾ ഓഷോനെ കുറിച്ച് ഒരു പാട് സംസാരിച്ചു ..

അല്ല .. സാറ് പോണില്ല …

പോവാം …

സാറ് എന്നെ കുറിച്ച് അറിഞ്ഞല്ലെ ?

എന്തറിയാൻ ?

സാറിന്റെ കണ്ണിലുണ്ട് എന്നോടുള്ള സഹതാപം

പെട്ടെന്ന് ഹരിക്ക് എന്ത് പറയണമെന്നറിയാതെയായി ..

സാറെ … സഹതാപവും , വെറുപ്പും , പുച്ഛവും , അറപ്പും ഒക്കെയാണ് എനിക്ക് എല്ലാവരും തന്നത് … അല്ലെങ്കിൽ എല്ലാവരും തന്നുകൊണ്ടിരിക്കുന്നത് …അതൊന്നുമല്ല ഞാനാഗ്രഹിച്ചത് … സ്നേഹിക്കാൻ ചേർത്തു പിടിക്കാൻ എനിക്കാരുമില്ല …

പ്രിയേ ഞാൻ ചുമ്മാ കണ്ടപ്പോൾ മിണ്ടിയതാ ..

അല്ല …. ഈ നോട്ടം ഞാനൊരു പാട് കണ്ടിട്ടുണ്ട് … എന്റെ അച്ഛൻ മരിച്ച് രണ്ട് കൊല്ലം കഴിയുമ്പോഴെക്കും അമ്മയും മരിച്ചു … അച്ഛന് മദ്രാസ്സിലായിരുന്നു ജോലി ,,, ഒരു അപകടത്തെ തുടർന്ന് അച്ഛന് സീരിയസ്സായി , രക്തം കയറ്റേണ്ടി വന്നു .പിന്നീടാണ് അറിയണെ അത് എച്ച് ഐ.വി യുള്ള ആരുടെയോ ആണെന്ന്..അന്ന് ഇത്രമാത്രം അറിവുള്ള രോഗമല്ല അത് …

താൻ വിഷമിക്കാതെ … എല്ലാം ശരിയാവും ..

എയ്ഡ്സ് എന്നു പറഞ്ഞാൽ എല്ലാവരും മറ്റൊരു തരത്തിൽ മാത്രെ പകരു എന്ന ചിന്തയാണ് മിക്കവർക്കും … എല്ലാവരും ഒറ്റപ്പെടുത്തി ആദ്യമൊക്കെ ഒരു കൂട്ടുകാരിയുണ്ടാകാൻ കൊതിച്ചിട്ടുണ്ട് .പക്ഷേ അന്നൊക്കെ എന്നെ പേടിയായിരുന്നു എല്ലാവർക്കും .. ഇന്ന് കുറേയൊക്കെ കാലം മാറി പക്ഷേ … ഒറ്റക്ക് നടന്ന് ശീലിച്ചു …

ഒരാള് വരും … കൂട്ടിന് …

ആരും വരില്ല കുടുംബമൊന്നും എന്റെ മനസ്സിലില്ലാ സർ …

അങ്ങനെ നെഗറ്റീവായി ചിന്തിക്കാതെ എല്ലാമറിയുന്ന ,പ്രിയയെ മനസ്സിലാക്കുന്ന ആൾ വരും .. എനിക്കുറപ്പുണ്ട്

സാറിന്റെ കല്യാണം കഴിഞ്ഞതാണോ ?

ഏയ് അല്ല ,

സാറിന് എന്നെ മനസ്സിലാക്കാൻ പറ്റുന്നുണ്ടോ ?

ഉണ്ടല്ലോ ? എന്താ പ്രിയ

എന്നാ സാറ് കല്യാണം കഴിക്കോ എന്നെ ,, സാറ് പറയുന്നിടത്ത് പോയി ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആണെന്ന് ഉറപ്പായതിനു ശേഷം മതി ..

പ്രിയാ അത് ….

സാറ് ഞെട്ടിയല്ലെ ,,, ഇതാ പറഞ്ഞെ പ്രതീക്ഷ തരാനും ഉപദേശിക്കാനും കുറേ പേർ കാണും … ചേർത്ത് പിടിക്കാനാ ആരും ഇല്ലാത്തെ …

അതും പറഞ്ഞവൾ തിരികെ നടന്നു …

പ്രിയാ ….

ഞാൻ റെഡിയാണ് ….

അവൾ അവനെ തിരിഞ്ഞ് നോക്കി ..

സാറെന്നെ പറ്റിക്കാണോ ..?

അല്ല … സത്യാണ് .. പ്രിയ പറഞ്ഞ പോലെ ഉപദേശിക്കാൻ ആർക്കും പറ്റും … ചേർത്തു പിടിക്കാനല്ലെ പാട്

സാറെ ,,, ഞാൻ വെറുതെ പറഞ്ഞതാ .. ഇതൊന്നും സാറിന്റെ വീട്ടിൽ സമ്മതിക്കില്ല …

എന്നേക്കാൾ മനസ്സലിവുള്ള അമ്മയുണ്ട് വീട്ടിൽ ,എനിക്ക് അമ്മയുടെ സമ്മതം മാത്രം മതി ..

നന്നായി ചിന്തിച്ചിട്ട് മതി ,,, ആഗ്രഹിച്ചിട്ട് നടന്നില്ലെങ്കിൽ എനിക്ക് സങ്കടാവും

ആഗ്രഹിച്ചോളു … നടക്കും,, എനിക്ക് ഇഷ്ടാണ് പ്രിയയെ ,,,

എന്ന് ?

പ്രിയ പറയു .. എന്ന് വേണം

ദേ ഇപ്പോ… അവൾ ചിരിച്ച്

ഞാൻ റെഡി … ഇപ്പോ വേണെങ്കി ഇപ്പോ.. പിന്നെ കെട്ടിയാൽ ഇപ്പോൾ തന്നെ കൂടെ പോരണ്ടി വരും കേട്ടോ ….

അതും കേട്ട് തിരിഞ്ഞു നടക്കുമ്പോൾ ഒന്നുകൂടി തിരിഞ്ഞു നോക്കാൻ അവൾക്ക് തോന്നി …

അന്ന് ലൈബ്രററി ഹാളിലെ പുസ്തകങ്ങൾ സാക്ഷിയായി മനസ്സാൽ പ്രിയ ഹരിയുടെതായി … പിന്നെ ജീവിതത്തിലും …

…..വൈദേഹി…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *