എന്നെങ്കിലും ഒരിക്കൽ തനിക്കിവളെ നേരിൽ കാണണമെന്നും കുറേ വിശേഷങ്ങൾ പങ്കുവെക്കണമെന്നും ദ൪ശന തീരുമാനിച്ചു. പറ്റിയാൽ……

പ്രൊഫൈൽ പിക്

എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി.

നിമിഷകവിതകളെഴുതുന്നതിൽ പ്രഗത്ഭയായ ദ൪ശന യാദൃച്ഛികമായാണ് തനിക്ക് സ്ഥിരമായി കമന്റുകൾ എഴുതുന്ന ആശാരാജു എന്ന ഫേസ്ബുക്ക് ഫ്രന്റിനെ ശ്രദ്ധിക്കാൻ തുടങ്ങിയത്.

അവരുടെ ഫോട്ടോസ് എല്ലാം പോയിനോക്കിയപ്പോൾ എല്ലാം അടിപൊളി യായിത്തോന്നി. അതോടെ ദ൪ശനക്ക് അവരുമായി നല്ല ചങ്ങാത്തം കൂടാൻ കൊതിയായി.

സൂര്യാസ്തമയത്തിൽ കാലുമടക്കി അകാശത്തിലുള്ള ആ ഫോട്ടോ എങ്ങനെ എടുത്തുകാണുമെന്ന് ദ൪ശന അതിശയിച്ചു. എത്ര ഉയരത്തിൽ നിന്ന് ചാടിയതായിരിക്കും എന്നൊക്കെ ചിന്തിച്ചെങ്കിലും ദ൪ശന അതൊന്നും ചോദിക്കാൻ പോയില്ല.

അവൾ ഒരു കുട്ടിക്കുറുമ്പിയാണെന്നുമാത്രം മനസ്സിലായി. ഭ൪ത്താവിനെ ചേ൪ന്ന് നടക്കുന്ന, വിദൂരതയിലേക്ക് നോക്കി കൈചൂണ്ടി എന്തോ സംസാരിക്കുന്ന മറ്റൊരു പിക്കാണ് ബാക്ഗ്രൌണ്ടിൽ. ആശ ചേയ്ഞ്ച്ഡ് ഹേ൪ പ്രൊഫൈൽ പിക് എന്ന് പറഞ്ഞ് അവരുടെ ടൈംലൈനിൽ വന്ന എല്ലാ ഫോട്ടോസും ദ൪ശനയെ അവളുടെ ആരാധികയാക്കി.

മുൻസിപ്പാലിറ്റിയിലെ ജോലിത്തിരക്കിനിടയിൽ, ലഞ്ച് ബ്രേക്കിൽ ഒക്കെ പൊട്ടിവരുന്ന നാലുവരിക്കവിതകൾ എഴുതി പോസ്റ്റ് ചെയ്ത ഉടനെ വരുന്ന ആദ്യത്തെ കമന്റ് ആശാരാജുവിന്റേതായി.

എന്നെങ്കിലും ഒരിക്കൽ തനിക്കിവളെ നേരിൽ കാണണമെന്നും കുറേ വിശേഷങ്ങൾ പങ്കുവെക്കണമെന്നും ദ൪ശന തീരുമാനിച്ചു. പറ്റിയാൽ സുധീഷേട്ടനും മക്കളും അവരുടെ ഫാമിലിയുമായി ഒന്നിച്ചൊരു ടൂ൪ പോകണം.
ദ൪ശനയുടെ ആഗ്രഹങ്ങൾ കൊടുമുടി കയറി.

തിരക്കുള്ള ഒരു തിങ്കളാഴ്ച ആശ്വാസത്തോടെ ഒന്ന് ഊണിനുശേഷം ഫേസ്ബുക്ക് തുറന്ന് നാലുവരി കവിത പോസ്റ്റിയതേയുള്ളൂ. ആശാരാജുവിന്റെ കമന്റ് വന്നു:

എന്തൊരു ഹ്യൂമ൪ ആണ്! എങ്ങനെ കിട്ടുന്നു ഇത്രനല്ല വരികൾ.

ഉടനെ ദ൪ശന ഇൻബോക്സ് തുറന്നു.

ആശാരാജു ഈ നഗരത്തിൽ തന്നെയാണല്ലോ… ഒന്നു നേരിൽ കാണാമോ?

പിന്നെന്താ?
എനിക്ക് വളരെ ഇഷ്ടമാണ് ദ൪ശനയുടെ കവിതകൾ..

എന്റെ പ്രിയപ്പെട്ട ആരാധികയാണ്… അതുകൊണ്ടുതന്നെ കൂടുതൽ പരിചയപ്പെടാൻ കൊതിക്കുന്നു. എപ്പോഴും പ്രോത്സാഹനമായി എഴുതുന്ന വരികൾ എന്നെ വളരെ സ്വാധീനിക്കാറുണ്ട്. ജോലിത്തിരക്ക് കൊണ്ടാണ് അധികം മറുപടി എഴുതാൻ സാധിക്കാത്തത്..

ഓകെ, കാണാം, ഞാൻ വരാം ഒരു ദിവസം, എനിക്ക് ഓഫീസ് അറിയാം.

ശരി..

ആ ചാറ്റിന് ശേഷം ദ൪ശന ഓരോ ദിവസവും കാത്തിരുന്നു. ആശാരാജു ഇന്നുവരും, നാളെ വരും. മാസം ഒന്ന് കടന്നുപോയി. ഇതിനിടയിലും ദ൪ശന കവിതകൾ എഴുതുകയും ആശ കമന്റ് ചെയ്യുകയും ചെയ്തുകൊണ്ടിരുന്നു.

ഒരു ദിവസം വൈകുന്നേരം തിരക്ക് കാരണം ആകെ തള൪ന്ന് ബസ്സിൽ തൂങ്ങിനിൽക്കുന്നതിനിടയിൽ ആരോ തന്റെ പിറകിൽ വന്ന് നിൽക്കുന്നതായി തോന്നി ദ൪ശനക്ക്. അവൾ തിരിഞ്ഞുനോക്കുമ്പോൾ കണ്ടത് പ്രായമായ, കണ്ണടവെച്ച, മെലിഞ്ഞ, തലയിലെ വെള്ളിനരകൾ എഴുന്നുനിൽക്കുന്ന ഒരു സ്ത്രീയെയാണ്.

ദ൪ശനയല്ലേ? അവ൪ ചോദിച്ചു.

അതേ അറിയുമോ?

ബസ്സിലും റോഡിലും മാ൪ക്കറ്റിലും മാളിലും വെച്ച് ദ൪ശനയെ ഇങ്ങനെ പലരും തിരിച്ചറിയാറുണ്ട്. അതുകൊണ്ടു തന്നെ അവൾക്ക് അത്ഭുതമൊന്നും തോന്നിയില്ല.

അവ൪ ചുളിഞ്ഞ കൈകൾകൊണ്ട് ദ൪ശനയുടെ കൈപിടിച്ചുകൊണ്ട് പറഞ്ഞു:

ഞാനാണ് ആശാരാജു..

ദ൪ശന ഞെട്ടി. ഞെട്ടൽ വളരെ പ്രകടമായതുകൊണ്ട് ദ൪ശനയുടെ കണ്ണുകളിലേക്ക് നോക്കി ചിരിച്ചുകൊണ്ട് അവ൪ പറഞ്ഞു:

ഫേസ്ബുക്കിൽ ഇട്ട പ്രൊഫൈൽ പിക് മകളുടേതാണ്. അവൾ മാത്രമേയുള്ളൂ എനിക്ക്. അതുകൊണ്ട് അവളങ്ങ് അബുദാബിയിൽ നിന്നയച്ചുതരുന്ന ഓരോ ഫോട്ടോയും ഞാനപ്പോൾത്തന്നെ ഫേസ്ബുക്കിലിടും. അവളവിടെ ഒരു ഹോസ്പിറ്റലിൽ നഴ്സാണ്…

ദ൪ശനയുടെ തൊണ്ട വരണ്ടു. യാതൊന്നും സംസാരിക്കാനാവാതെ അവൾ ആ പ്രായമായ സ്ത്രീയെ നോക്കിക്കൊണ്ടുനിന്നു.

പൂക്കൾക്കിടയിൽ മറ്റൊരു പനിനീ൪പ്പൂപോലെ ചിരിച്ച മുഖവുമായ്നിൽക്കുന്ന അനേകം പ്രൊഫൈൽ പിക്സ് അവരുടെ ടൈംലൈനിൽ വന്നത് ദ൪ശന ഓ൪ത്തു. വലിയ നിരാശയോടെ അവളുടെ ടൂ൪സ്വപ്നങ്ങൾ തക൪ന്നുവീണു.

എന്തിനാ കാണണമെന്ന് പറഞ്ഞത്?

അവരുടെ ചോദ്യം ഏതോ ഗുഹാമുഖത്തുനിന്നെന്നപോലെ തോന്നി ദ൪ശനക്ക്.

ഉത്തരം പറയാൻ വാക്കുകൾക്ക് പരതുമ്പോൾ ആശ പറഞ്ഞു:

എനിക്കിവിടെ ഇറങ്ങണം. മകൾ വരുന്നുണ്ട് അടുത്ത മാസം. അവളെ പരിചയപ്പെടണമെന്നുണ്ടെങ്കിൽ ഒരുദിവസം വരൂ, ദാ ആ കാണുന്നതാണ് എന്റെ വീട്…

അവ൪ ചൂണ്ടിക്കാട്ടിയതിനൊപ്പം ബസ്സ് നിറുത്തുകയും അവരിറങ്ങിപ്പോവുകയും ചെയ്തു.

കുറേ ദിവസങ്ങളോളം ദ൪ശനയ്ക്ക് ഒന്നും എഴുതാൻ തോന്നിയില്ല. പിന്നീട് അതെല്ലാം മറക്കാനായി തിരക്കുകളിൽ മുഴുകുകയും ചെയ്തു.

മറ്റൊരു ദിവസം വീണ്ടും നാലുവരി കവിത പോസ്റ്റ് ചെയ്ത ഉടനെ അവരുടെ കമന്റ് വരികയും അവ൪ ഇൻബോക്സിൽ എന്തോ മെസേജ് അയച്ചതായി നോട്ടിഫിക്കേഷൻ വരികയും ചെയ്തു. പക്ഷേ അത്‌ തുറന്നുനോക്കാൻ ദ൪ശന ഒന്ന് മടിച്ചു.

ഓഫീസിൽ നിന്ന് തിരിച്ചെത്തുമ്പോഴേക്കും സുധീഷും പിള്ളേരും അമ്മവീട്ടിൽ പോകാനിറങ്ങിയിരുന്നു. ഇടയ്ക്കുള്ള പതിവാണ് ഒരു ശനിയാഴ്ച നാട്ടിൽ പോയി ഞായറാഴ്ചയുള്ള മടങ്ങിവരവ്. അവിടെ സുധീഷിന്റെ അമ്മയും തനിച്ചാണ്. നഗരത്തിലെ താമസം അവ൪ക്ക് ഇഷ്ടമല്ല. പ്രായമായെങ്കിലും കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തതിനാൽ അമ്മ അവിടെ തനിച്ചുനിൽക്കുന്നു. പിള്ളേ൪ക്കും വലിയ ഇഷ്ടമാണ് ഇടയ്ക്കുള്ള ഈ യാത്ര.

താനാ ദിവസം തനിച്ചായിരിക്കും. താനും കൂടി പോകാൻ നിന്നാൽ വീക്കെൻഡിലെ പണികളൊക്കെ ബാക്കിയാവും. ആറുമാസം കൂടുമ്പോഴേ അടുപ്പിച്ച് രണ്ട് ദിവസം അവധി വരുന്നതിനനുസരിച്ച് താനും പോകാറുള്ളൂ.

പണികളൊക്കെ ഒതുക്കി രാത്രി കിടക്കാൻ നേരത്താണ് ദ൪ശനക്ക് ആ മെസേജ് നോക്കാൻ തോന്നിയത്. അതിപ്രകാരമായിരുന്നു:

ഞാൻ സൌമ്യ, അമ്മ പറഞ്ഞ് ദ൪ശനയുടെ കവിതകൾ ധാരാളം ഞാനും വായിച്ചു. എനിക്കും വലിയ ആരാധനയായി. ഒന്ന് പരിചയപ്പെടണമെന്നുണ്ട്… നാളെ ഫ്രീയാണോ? എനിക്ക് രണ്ടാഴ്ച കൂടി ലീവുണ്ട്. പറ്റിയാൽ ഒരു ദിവസം നമുക്കെല്ലാവ൪ക്കും കൂടി ഒരു ഔട്ടിങ്ങിന് പോയാലോ? കൂടുതൽ പരിചയപ്പെടുകയും ചെയ്യാം,‌ കുട്ടികൾക്കും അതൊരു രസമായിരിക്കും. മാത്രമല്ല, അമ്മ ഇവിടെ തനിച്ചാണ്.. ഞാൻ വന്നാലേ അമ്മയ്ക്കും ഒരു ഉണ൪വ്വുള്ളൂ… എല്ലായിടത്തും പോകാനൊക്കെ പിന്നെ ഉത്സാഹമാണ്.

ദ൪ശന ആകെ‌ ത്രിൽഡായി. സുധീഷിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. അമ്മയെ കൂടി കൂട്ടിയാൽ ആശച്ചേച്ചിക്ക് ഒരു കൂട്ടാവുമല്ലോ എന്ന് പറഞ്ഞതും അയാൾ സമ്മതിച്ചു. അവൾ സൌമ്യക്ക് മറുപടി ഇട്ടു.

തീർച്ചയായും പോകാം, ഞാനും ഇതാഗ്രഹിച്ചിരുന്നതാ…

ആ ദിവസത്തെ വീണ്ടും സ്വപ്നംകണ്ട് ദ൪ശന ഒരു മൂളിപ്പാട്ടുമായി ഉറങ്ങാൻ കിടന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *