എന്നോടപ്പോഴും ചോദിക്കും നിനക്കെന്തേലും പ്രശ്നണ്ടോ നീയെന്താ ഇങ്ങനെ ഒതുങ്ങി പോയതെന്ന്……

ഓൺലൈൻ എഴുത്തുകാരി..

എഴുത്ത്:- ഫസ്ന സലാം

മൂത്താപ്പന്റെ മോൾടെ വിവാഹ ചടങ്ങിന് കൂടാൻ വന്നതായിരുന്നു ഞാൻ..

പുതിയ വീടെടുത്തിട്ട് വർഷങ്ങളോളമായി..

അതിനുശേഷം ഒന്നോ രണ്ടോ ദിവസത്തിൽ കൂടുതൽ ഞാനെന്റെ വീട്ടിൽ നിന്നിട്ടില്ല.. അപ്പോഴേക്കും വരും ഇക്കാക്കന്റെ വിളി..

ഇക്കാക്കക്ക് നാട്ടിലൊരു ബിസിനസ് ആയിരുന്നു..

ബന്ധുക്കളെല്ലാരും കൂടുന്ന കല്യാണമാണ് കോവിഡ് വന്നതിനു ശേഷം ഒരുപാട് നാളായി എല്ലാവരെയും പരസ്പരം കണ്ടിട്ട്..

ഒരാഴ്ച മുന്നേ എന്റെ ഇത്താത്തമാരും മൂത്താപ്പന്റെ എളാപ്പന്റെയും അമ്മായി മാർടേം മക്കളെല്ലാം വരും..

അതിൽ വിവാഹം കൂടാൻ മാത്രം വരുന്ന ഗൾഫിലുള്ള ഇത്താത്തമാരും ഉണ്ട്..

ഒരുമാസത്തോളമായി ഞങ്ങൾ ഫാമിലി ഗ്രൂപ്പിൽ പ്ലാനിങ് തുടങ്ങിട്ട് ..

എല്ലാവരും ഒരാഴ്ച മുന്നേ തറവാട്ടിലെത്തണം ഡ്രസ്സടുക്കാൻ ഒന്നിച്ചു പോണം കുട്ടികളും മക്കളൊക്കെ ആയി അടിച്ചു പൊളിക്കണം ന്നൊക്കെ ..

അതിന്റ ത്രില്ലിൽ ആയിരുന്നു എല്ലാവരും..

ഇക്കാക്ക ന്റെ കാലു പിടിച്ചിട്ടാ എന്നെ സമ്മതിച്ചത്..

ബിസിനസ്‌ ആയോണ്ട് നിന്നു തിരിയാൻ നേരല്ല.. ഒരുദിവസം ഞാൻ മാറി നിന്നാൽ മൂപ്പർടെ കാര്യങ്ങളെല്ലാം അവതാളത്തിലാവും..

ഒടുക്കം മക്കളെ കൊണ്ട് പറയിപ്പിച്ചു..മനസ്സില്ലാ മനസ്സോടെ മൂപ്പർ സമ്മതിച്ചു..

കല്യാണ തലേന്ന് വരണോന്നു പറഞ്ഞപ്പോ ആദ്യം സമ്മതിച്ചില്ല ഒടുക്കം അതും സമ്മതിച്ചു..

അതോടെ എന്റെയും മക്കൾ ടേം സന്തോഷത്തിനു കണക്കില്ല…

ഞങ്ങൾ അപ്പം തൊട്ട് ഒരുങ്ങാൻ തുടങ്ങി..

അവരും കോവിഡായൊണ്ട് വീട്ടിൽ തളച്ചിട്ട് ഭ്രാന്ത്‌ പിടിച്ച അവസ്ഥയായിരുന്നു…

എല്ലാവരും കൂടുന്നതിന്റ ഒരു രസം വേറെ തന്നെയാണ്..

അങ്ങനെ പിറ്റേ ദിവസം തന്നെ മൂത്ത ആങ്ങള വന്നു ഞങ്ങളെ കൂട്ടി കൊണ്ട് പോയി..

അവിടെയെത്തിയപ്പോൾ ഭയങ്കര സ്വീകരണം.. മാസത്തിലൊരിക്കൽ വന്നു പോകുന്ന ആൾക്കാരായൊണ്ട്.. എല്ലാവരും ഓടി വന്നു വിശേഷം ചോദിച്ചു

എന്റെ മക്കളെ കാണാത്തവർ വരെ അതിൽ ഉണ്ടായിരുന്നു..

കല്യാണം കഴിഞ്ഞതിനു ശേഷം അത്രേം സന്തോഷിച്ച നാളുകൾ ഉണ്ടായിട്ടില്ല….

ഇക്കക്കയും മക്കളും പോയാൽ പിന്നെ വീട്ടിൽ മൊത്തം ഒറ്റപ്പെടലാണ്..

പണി യെല്ലാം ഒതുങ്ങിയാ പിന്നെ വൈകുന്നേരം വരെ തള്ളി നീക്കാൻ കഷ്ടപ്പെടണം..

ഓൺ ലൈൻ ക്ലാസ്സ്‌ ആയിട്ടും വലിയ മാറ്റമൊന്നും ഇല്ല മൂത്ത മോൻ പ്ലസ് വണ്ണിലാണ് ഇളയവർ എട്ടിലും ആറിലും…

പഠിക്കുന്ന കാര്യത്തിൽ അവർക്കെന്റെ സഹായമൊന്നും വേണ്ട എല്ലാം സ്വയം ചെയ്തോളും..

കല്യാണം കൂടാൻ വന്നതോടെയാണ് ഞാൻ മനസ്സ് തുറന്നൊന്നു ചിരിച്ചത്..

വിശേഷങ്ങൾ പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല

മക്കൾടെ കാര്യം പിന്നെ പറയണ്ട അവരെ കാണാനേ കിട്ടുന്നില്ല..

എന്റെ മാറ്റം കണ്ട് ഉമ്മക്കായിരുന്നു ഏറ്റവും വലിയ സന്തോഷം…

എന്നോടപ്പോഴും ചോദിക്കും നിനക്കെന്തേലും പ്രശ്നണ്ടോ നീയെന്താ ഇങ്ങനെ ഒതുങ്ങി പോയതെന്ന്..

ചോദിക്കാനും കാരണമുണ്ട് വീട്ടിൽ ആറു മക്കളിൽ ഏറ്റവും ഇളയത് ഞാനായിരുന്നു..

എല്ലാവരുടെയും കൊഞ്ചി കുട്ടി വായാടി…സംസാര പ്രിയയായത് കൊണ്ടു വയസ്സായവരോട് കൂടി അടുക്കും..

എളാപ്പരുടേം മൂത്താപ്പരുടേം വീടെല്ലാം അടുത്തടുത്തു ആയോണ്ട്

പെരുന്നാൾ ഒക്കെ വന്നാൽ ഞങ്ങളെല്ലാരും തറവാട്ടിൽ ഒരുമിച്ചു കൂടും പിന്നെ ആഘോഷമാണ്..

കല്യാണലോചനകൾ വന്നപ്പോഴും ഞങ്ങടെ പോലെ തന്നെ നിറയെ ആളുകളുള്ള വീട്ടിലേക്കാവണേ ന്നു പ്രാർത്ഥിച്ചിരുന്നു..

പക്ഷെ കിട്ടിയത് മറിച്ചായി പോയി… ഇക്കാക്കന്റെ വാപ്പയും ഉമ്മയും ചെറുപ്പത്തിലേ മരിച്ചു…

അവർ രണ്ടു ആൺ മക്കളായിരുന്നു..

ചേട്ടനായിരുന്നു ഇക്കാക്കനെ വളർത്തിയതും പഠിപ്പിച്ചതുമെല്ലാം..

അവർ നല്ല പ്രായ വിത്യാസം ഉണ്ടായത് കൊണ്ടു വാപ്പ യുടെ സ്ഥാനമായിരുന്നു ഏട്ടന്…

കല്യാണം കഴിഞ്ഞു എന്നെ കൂട്ടികൊണ്ട് പോയതും ഏട്ടന്റെ വീട്ടിലേക്ക് ആയിരുന്നു..

അവിടെ എത്തിയത് തൊട്ടാണ് എനിക്ക് ഒറ്റപ്പെടൽ ഫീൽ ചെയ്തു തുടങ്ങിയത്..

അവരാരും അതികം സംസാരിക്കില്ല കമ്പനി കൂടില്ല.. അത്യാവശ്യത്തിനു മാത്രം സംസാരിക്കും..

ഞാനിങ്ങനെ വളാ വളാന്നു സംസാരിക്കുമ്പോ അവരുടെ മുഖത്തെന്തോ വെറുപ്പുള്ളത് പോലെ ഫീൽ ചെയ്തു അതോടെ ഞാൻ ഒതുങ്ങി പോയി..

രണ്ടു വർഷങ്ങൾ ക്കുള്ളിൽ തന്നെ ഞങ്ങൾക്ക് പുതിയ വീട് എടുത്തു.. അവിടെ എത്തിയിട്ടും എനിക്ക് വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു..

ഇക്കാക്കക്ക് ബിസിനസ്‌ വിട്ടൊരു ജീവിതമില്ല.. രണ്ടാം സ്ഥാനമാണ് എനിക്കും മക്കൾക്കും…

വീട്ടിലെത്തുമ്പോ ഉമ്മയും ഇത്താത്തമാരുമൊക്കെ മാറി മാറി ചോദിക്കും എന്തെങ്കിലും പ്രശ്നമുണ്ടോന്നു..

സത്യം പറഞ്ഞാൽ അവരോട് പറയാൻ പാകത്തിനൊരു പ്രശ്നം എന്റെ ജീവിതത്തിലില്ല .. ഇനി ഞാനീ കാര്യങ്ങളൊക്കെ പറഞ്ഞാൽ അവർ കളിയാക്കി വിടും..

അതുകൊണ്ട് എന്റെ വിഷമങ്ങൾ ഞാനെന്റെ ഉള്ളിൽ തന്നെ വെച്ചു…

ഫേസ്ബുക് അക്കൗണ്ട് തുടങ്ങി കുറെ കഥ കളും കവിത കളും വായിച്ചു സന്തോഷം കണ്ടെത്തി…

ഇടക്കെപ്പഴോ എഴുതി തുടങ്ങി..

സപ്പോർട്ട് കിട്ടിയതോടെ പിന്നെ തുടർ കഥ കളിലേക്ക് കാൽ വെച്ചു..

പിന്നെ അതായി എന്റെ ലോകം… ഞാനെഴുതിയതിൽ ഒരു സ്റ്റോറി വൈറൽ ആയി…

അതു കറങ്ങി തിരിഞ്ഞു ഞങ്ങടെ ഫാമിലി ഗ്രൂപ്പിലെത്തി.. അതോടെ ഉറങ്ങി കിടന്ന ഗ്രൂപ്പിൽ ചർച്ചകൾ ആരംഭിച്ചു..

കൂടുതൽ പേരും വിമർശിച്ചു തുടങ്ങി… പിന്നെ ഉപദേശങ്ങളുടെ പെരുമഴ യായിരുന്നു.. സോഷ്യൽ മീഡിയ അപകടമാണ്..

ഏതൊക്ക പത്രങ്ങളിൽ വന്ന വാർത്തകളും പറഞ്ഞു പേടിപ്പിച്ചു… ഗ്രൂപ്പിൽ നിന്നും ലെഫ്റ്റ് ആയാലോ ന്നു വരെ ഞാൻ ചിന്തിച്ചു..പിന്നെ അതാവും അടുത്ത ചർച്ച വിഷയം..

Fb യിൽ നിന്നു കിട്ടിയ എന്റെയൊരു സൗഹൃദത്തോട് ഞാനീ വിഷമം പറഞ്ഞു..

അവൾ പറഞ്ഞു ഒരു ഫേക്ക് ഐഡി തുടങ്ങാൻ.. അതാവുമ്പോ ആർക്കും മനസ്സിലാവില്ല നമുക്ക് ഇഷ്ടം പോലെ എഴുതേം ചെയ്യാം..

പക്ഷെ എനിക്കെന്തോ താല്പര്യം തോന്നിയില്ല.. ക്രെഡിറ്റ്‌ ഒക്കെ ആ ഫേക്ക് പേരിലേക്ക് പോകില്ല…

എനിക്കെന്റെ പേരിൽ അറിയപ്പെടാൻ ആയിരുന്നു ഇഷ്ടം..

കല്യാണ തലേന്ന് രാത്രി തറവാട്ടിലായിരുന്നു എല്ലാവരും ഒരുമിച്ചു കൂടിയത്..

പഴയ ആ കോലായിയിൽ മുതിർന്നവരെല്ലാം കസേരയിലും മക്കളെല്ലാം നിലത്തും പടിഞ്ഞിരുന്നു…

എന്നിട്ട് പഴംകഥ പറയലായി… പറഞ്ഞു പറഞ്ഞു എന്റെ ഓൺലൈൻ എഴുത്തിനെ കുറിച്ചു ആരോ പറഞ്ഞിട്ടു …

പിന്നെ അതായി ചർച്ച വിഷയം എണീറ്റു പോകാൻ തോന്നി … അതിലൊരു അമ്മായി ചോദിച്ചു..

‘അന്റെ കെട്ട്യോനിതൊന്നും കാണ് ണില്ലേ ഈ കുന്ത്രാണ്ടം കണ്ട് പിട്ച്ചതോടെ സ്വര്യം പോയി ന്നു പറയാലോ..

കുട്ട്യേൾ ത് പോട്ടെ ഈ കല്യാണം കഴിഞ്ഞു മക്കളായ പെണ്ണുങ്ങക്കൊക്കെ ങ്ങനെ തുടങ്ങിയാലോ ..’

‘ന്റെ ആമിനാ ഇപ്പൊ കല്യാണം കയിഞ്ഞ പെണ്ണുങ്ങക്കാണ് ഡിമാൻഡ്.. എത്ര കേക്ക്ണ് പ്രവാസിന്റെ ഭാര്യ ഒളിച്ചോടി പോയി..

കുട്ടിനെ ഉറക്കി കിടത്തി കാമുകന്റെ ഒപ്പം പോയി..ഇതിന്റക്കെ തുടക്കന്താ ഈ മൊബൈൽ..’

വേറെ ഒരമ്മായി ന്റെ അഭിപ്രായം..

ഇതിലേക്കാണ് എന്റെ ഇക്കാക്ക വന്നത്..

ചർച്ച വിഷയം ചൂടു പിടിച്ചതോണ്ട് മൂപ്പർ വന്നതാരും അറിഞ്ഞില്ല..

ഇക്കാ ക്കനെ കണ്ടതോടെ ന്റെ നെഞ്ച് പെടക്കാൻ തുടങ്ങി…

ഈ അമ്മായിമാരുടെ വായീന്നു എന്തൊക്ക വീഴാൻ പോണേ ന്ന് പറയാൻ പറ്റൂല..

മൂപ്പർക്കാണെങ്കി ഞാൻ fb അക്കൗണ്ട് എടുത്ത കാര്യം പോലും അറിയൂല..

‘ഇനി നിർത്തിക്കളാ നജീ… അനക്ക് കുട്ട്യേളീം നോക്കി പോരേല് ഇരുന്ന പോരേ വെറുതെ ഈ എഴുതും കുത്തും ക്കെ ആയി ആളാളെ കൊണ്ടു പറീപ്പിക്കണോ..’

ന്റെ പേര് വിളിച്ചപ്പോ ആണ് ഞാനാണ് ചർച്ച വിഷയം ന്നു മൂപ്പർ ക്ക് മനസ്സിലായെ..

മൂപ്പരെന്നേ യൊന്നു സംശയത്തോടെ നോക്കി… ഞാനാണെങ്കി അപമാന ഭാരത്തോടെ താഴേക്കും നോക്കി നിന്നു..

‘ആ… സൈഫു എപ്പഴാ വന്നത്…’

അപ്പഴാണ് എല്ലാരും ബാക്കിൽ നിൽക്കുന്ന ഇക്കാക്കനെ ശ്രദ്ധിച്ചേ..

‘ഞാനിപ്പോ വന്നേ ള്ളൂ എന്താ വ്ടെ ഭയങ്കര ചർച്ച..’

അന്റെ പെണ്ണുങ്ങളെ കുറിച്ചെന്നെ പറീണത് ഇയ്യ് ഓളെ കഥ വൈറൽ ആയ തൊന്നും അറിഞ്ഞില്ലേ സൈഫൂ…’ മുകളിൽ പറഞ്ഞ അമ്മായി തന്നെ ചോദിച്ചത് ..

‘എന്ത്… നജീ കഥ എഴുതും ന്നൊ.. ഞാനറിഞ്ഞില്ലല്ലോ..’

അതു കേട്ടപ്പഴെ പകുതി ജീവൻ പോയി..

ഇക്കാക്ക ന്റെ മറുപടി കേട്ട് എല്ലാരുടേം മുഖത്തുള്ള ഞെട്ടൽ ഞാൻ ശ്രദ്ധിച്ചു..

‘ഹഹ അതു നല്ല… കെട്ട്യോൻ അറിയാതെ ആണോ ഈ എഴുതും കൂത്തു മൊക്കെ’

കിട്ടിയ അവസരം അവർ പാഴാക്കിയില്ല..

പിന്നെ എല്ലാവരും എനിക്കെതിരെ തിരിഞ്ഞു..

ഇതിനാണോ ഇത്രയും ആശിച്ചു ഇങ്ങോട്ടേക്ക് വന്നത്… കല്യാണത്തിനു വരണ്ടിരുന്നില്ല ന്ന് തോന്നി..

‘ഇതെന്താ എല്ലാരും ഇങ്ങനെ പറയുന്നേ… ഇവളാരെയോ കൊന്ന പോലെ..
കഥ എഴുതുന്നതൊക്കെ നല്ല തല്ലേ അതിനൊക്കെ എന്തിനാ എന്റെ പെർമിഷൻ..’

അതോടെ എല്ലാരുടെയും വായ അടഞ്ഞപോലെ ആയി …

ആരും കാണാതെ എന്റെ കണ്ണിൽ നിന്നും ഒരു തുള്ളി നിലത്തുറ്റി..

‘എനിക്കാണെങ്കിൽ ബിസിനസും തിരക്കും കാരണം വീട്ടിലിരിക്കാൻ പോലും സമയല്ല..

ഓൾക്കും സമയം പോണ്ടേ… ഈ fb അക്കൗണ്ട് എടുക്കുന്നതും കഥ എഴുതുന്നതൊക്ക അത്ര വലിയ തെറ്റാണോ നല്ല കാര്യല്ലേ..

എനിക്കൊരു വിഷമേള്ളൂ… അത്രേം വൈറൽ ആയ കഥ ഞാൻ മാത്രം വായിച്ചില്ലല്ലോ ന്ന് ..’

അതുവരെ അപമാന ഭാരത്തോടെ നിന്ന ഞാൻ.. അഭിമാനത്തോടെ എല്ലാരേം നോക്കി..

ചമ്മി നാറിയ അവസ്ഥ യായിരുന്നു എല്ലാവരും..

‘യ്യ് പറഞ്ഞതൊക്കെ ശരിയെന്നേ ന്നാലും ഞമ്മളൊന്നു ശ്രദ്ധിക്ക്ണത് നല്ലതാ എന്തൊക്ക വാർത്തകളാ കേക്ക്ണത്..’

‘ കേടാവുന്നോര് എങ്ങനെ ആണേലും കേട് വരും..

പണ്ടും ഈ പറഞ്ഞ ഒളിച്ചോട്ടക്കെ ണ്ടായിരുന്നില്ലേ..

അതൊക്ക ഈ മൊബൈൽ കാരണമാണോ..അല്ല

നെജി നെ എന്നേക്കാൾ മുന്നേ കണ്ടതല്ലേ നിങ്ങളൊക്കെ…ന്നിട്ടാണോ ഇങ്ങനെക്കെ പറയുന്നേ എനിക്കിവളെ നിങ്ങളെക്കാൾ വിശ്വാസമാണ് പോരേ…’

‘മരുമോൻ വന്നിട്ട് ഓനെ എല്ലാരും കൂടി ചോദ്യം ചെയ്യാ… ഒരു ഗ്ലാസ്‌ വെള്ളം പോലും ആരും കൊടുക്ക്ണില്ലേ..’.

ശരി യാണല്ലോ..

അത്‌ കേട്ടതോടെ ഞാൻ അടുക്കളയിലേക്ക് ഓടി.. ഫ്രിഡ്ജിൽ നിന്നും മാങ്ങ ജ്യൂസ്‌ എടുത്തു സന്തോഷത്തോടെ മൂപ്പർ ക്ക് കൊണ്ട് കൊടുത്തു..

ആ ചുരുങ്ങിയ നേരം കൊണ്ട് പരദൂഷണ കമ്മിറ്റിക്കാർക്ക് വേറെ വിഷയം കിട്ടിയിരുന്നു..

കല്യാണം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങി പോയപ്പോൾ രാത്രി പത്തു മണി കഴിഞ്ഞിരുന്നു… മക്കളെല്ലാം കാറിൽ കിടന്നുറങ്ങി..

ഞാനാണെങ്കിൽ മൂപ്പർടെ മുഖത്തുന്നും കണ്ണെടുക്കുന്നില്ല.. അത്‌ വരെ ഇല്ലാത്ത എന്തോ ഒരു സൗന്ദര്യം എനിക്കപ്പൊ തോന്നി..

‘എന്താ നീയിങ്ങനെ നോക്കി പേടിപ്പിക്കുന്നെ..’

ഞാൻ ഒന്നുല്ല ന്നു പറഞ്ഞു ചുമല് കൂച്ചി..

എന്റെ സന്തോഷം കണ്ട് കാര്യമെന്താകുമെന്ന് മൂപ്പർ ക്കറിയാം ന്നാലും വെറുതെ ചോദിക്കുന്നത..

നമ്മുടെ ഇഷ്ടങ്ങൾ ആസ്വദിച്ചു ചെയ്യണമെങ്കിൽ.. നമ്മുടെ പ്രിയപ്പെട്ടവരുടെ സപ്പോർട്ട് കൂടി വേണമെന്ന് ഞാൻ മനസ്സിലാക്കി..

Related Posts

Leave a Reply

Your email address will not be published. Required fields are marked *