എന്നോട് ഒന്നും മറച്ചു വയ്‌ക്കേണ്ട. ദൈവവിളി അങ്ങനെ നിനക്കിപ്പോൾ വരേണ്ട…..

അങ്ങനെ ഒരു ദൈവവിളി

Story written by Suja Anup

“ഈശ്വരാ ഇന്നിപ്പോൾ ഇത്രയും നോക്കിയിട്ടും ആകെ രണ്ടു കശുവണ്ടി മാത്രമേ ഉള്ളല്ലോ. രാവിലെ ആരെങ്കിലും വന്നു റോഡിൽ കിടന്നതെല്ലാം എടുത്തു കൊണ്ടുപോയി കാണും. എന്ത് കഷ്ടമാണ്. സാരമില്ല. നാളെ നേരത്തെ വന്നു നോക്കാം..”

വഴിയിൽ കിടക്കുന്ന കശുവണ്ടികൾ എടുത്തു കൊണ്ട് പോകുന്നവർക്ക് അറിയില്ലല്ലോ അത് ഞങ്ങൾക്കു എത്രമാത്രം വിലപ്പെട്ടതാണ് എന്ന്. പിന്നെ പെറുക്കി കൊണ്ട് പോകുന്നവരും പണക്കാരല്ലല്ലോ. അവർക്കും ആവശ്യങ്ങൾ കാണുമായിരിക്കും.

പെട്ടെന്ന് കണ്ണിൽ നിന്നും ഉതിർന്ന രണ്ടു തുള്ളികൾ തുടച്ചിട്ട് ഞാൻ വീട്ടിലേയ്ക്കു നടന്നൂ.ചായ്പ്പിൻ്റെ വാതിൽ അടഞ്ഞു കിടക്കുകയായിരുന്നൂ. അപ്പോഴാണ് അകത്തു ആരോ ഉണ്ടെന്നു മനസ്സിലായത്. അപ്പനും അമ്മയും പതുക്കെ എന്തോ പറയുന്നൂ. വാതിൽ തത്ക്കാലം തുറക്കേണ്ട എന്ന് വിചാരിച്ചൂ. അവിടെ നിന്ന് പോകാം എന്ന് വിചാരിച്ചപ്പോൾ ആണ് ആ വാക്കുകൾ ഇടിത്തീ പോലെ നെഞ്ചിൽ വീണത്.

“ഞാൻ എന്ത് ചെയ്യും മേഴ്‌സി..? നിനക്ക് എൻ്റെ അവസ്ഥ പറഞ്ഞാൽ മനസ്സിലാകുന്നുണ്ടോ..?”

“എന്ന് പറഞ്ഞാൽ എങ്ങനെയാ ഇച്ഛായ..? നമുക്ക് ദൈവം തന്നത് മൂന്ന് പെണ്മക്കളെ അല്ലെ. അവരെ നമ്മൾ വളർത്തിയല്ലേ പറ്റൂ..”

ഞാൻ ഒന്നാലോചിച്ചു പോയി. ഇവരെന്തിനാ ഇങ്ങനെ വിഷമിക്കുന്നെ.. മൂത്തചേച്ചി ബിരുദാനന്തബിരുദം കഴിഞ്ഞു. പി എസ് സി കോച്ചിങ്ങിനു പോകുന്നുണ്ട്. അവൾക്കു ഒരു ജോലി കിട്ടും. അതോടെ എല്ലാം ശരിയാകുമായിരിക്കും. രണ്ടാമത്തെ ചേച്ചി ബിരുദം അവസാന വർഷം. അവളും നന്നായി പഠിക്കുന്നുണ്ട്. പിന്നെ ഇളയവൾ ഞാൻ, തനിയെ ഇരുന്നു പഠിച്ചു മെഡിസിന് ഈ വർഷം സീറ്റ് നേടിയിരിക്കുന്നൂ. ഇനി ഒന്നും പേടിക്കുവാനില്ല. അപ്പോൾ അപ്പച്ചൻ പറയുന്നത് കേട്ടൂ

“നീ തന്നെ പറ. ഇളയവളെ എങ്ങനെ ഞാൻ പഠിപ്പിക്കും. അവളെ പഠിപ്പിക്കുവാൻ എൻ്റെ കൈയ്യിൽ പണമില്ല. ഞാൻ എങ്ങനെ എങ്കിലും അവളെ പഠിപ്പിച്ചേനെ. പക്ഷേ, നീ ഡോക്ടർ പറഞ്ഞത് കേട്ടില്ലേ ഇനി ഞാൻ എത്ര നാൾ ഉണ്ടെന്നു അറിയില്ല എന്ന്. ക്യാൻസർ അവസാന സ്റ്റേജിലേയ്‌ക്ക്‌ എത്തിയിരിക്കുന്നൂ പോലും. കണ്ടുപിടിക്കുവാൻ വൈകിയില്ലേ” അമ്മ കരയുന്നതു ഞാൻ കേട്ടൂ..

“എൻ്റെ മേഴ്‌സി, കണ്ണടയുന്നതിനു മുൻപേ ഒരാളെ എങ്കിലും എനിക്ക് കെട്ടിച്ചു വിടണം. ഒരാൺതുണ വേണ്ടേ. ഇല്ലെങ്കിൽ ഞാൻ എങ്ങനെ മനസമാധാനത്തോടെ മരിക്കും..?”

അമ്മ ചോദിച്ചൂ “അതിനു കെട്ടിക്കുവാൻ എവിടെ പണമിരിക്കുന്നൂ..?”

“അതാണ് ഞാൻ പറഞ്ഞത്. ഇളയവളെ മെഡിക്കൽ കോളേജിൽ വിടേണ്ട. അവൾ ബിരുദത്തിനു പോകട്ടെ. ആകെയുള്ള പത്തു സെന്റ്‌ സ്ഥലത്തിൽ നിന്നും അഞ്ചു സെന്റ് കൊടുത്തു മൂത്തവളെ കെട്ടിക്കാം. ബാക്കി ദൈവം കാക്കും. എൻ്റെ മക്കളിൽ ഒരാൾ എങ്കിലും സന്യസിക്കുവാൻ പോയിരുന്നെങ്കിൽ എന്ന് ഞാൻ പ്രാർത്ഥിക്കുന്നൂ..”

“അങ്ങനെ പറയല്ലേ ഇച്ഛായാ..”

“പിന്നെ ഞാൻ എന്ത് ചെയ്യും മെഴ്‌സി..?”

പക്ഷേ അപ്പച്ചൻ്റെ ആ അപേക്ഷ എൻ്റെ ചെവിയിൽ ആണ് വീണത്. അപ്പച്ചന് സുഖം ഇല്ലെന്നു ആരെയും ഇതുവരെ അറിയിച്ചിട്ടില്ല. ഞാൻ ഒരു നിമിഷം ഒന്നോർത്തു പോയി.

“ചേച്ചിമാർക്കെല്ലാം ഒത്തിരി സ്വപ്നങ്ങൾ കാണും. വിവാഹം , കുടുംബം, കുട്ടികൾ. എനിക്ക് മോഹം ഒന്നേ ഉള്ളൂ.ഡോക്ടർ ആവണം. അതിപ്പോൾ മഠത്തിൽ ചേർന്നാലും നടക്കും. ഈ അവസ്ഥയിൽ എൻ്റെ അപ്പന് ഒരിക്കലും ഞാൻ ഒരു ഭാരം ആകില്ല..”

ഒഴുകി വന്ന കണ്ണുനീർ തുടച്ചു ഒന്നും അറിയാത്തതു പോലെ ഞാൻ വീട്ടിലേയ്ക്കു കയറി.

ഉച്ചയ്ക്ക് എല്ലാവർക്കും ഒപ്പമിരുന്നു ഭക്ഷണം കഴിച്ചൂ. പിന്നെ അമ്മയോട് പറഞ്ഞിട്ട് മഠത്തിലേയ്ക്ക് നടന്നൂ.

“എൻ്റെ ക്ലാസ് ടീച്ചർ അവിടെ ഉണ്ട്. ഇടയ്ക്കൊക്കെ ഞാൻ പോയി കാണുന്നതാണ് എൻ്റെ ടീച്ചറെ..”

*******************

ബെല്ലടിച്ചൂ..

“സിസ്റ്റർ ബെല്ലയെ കാണണം..”. അകത്തു നിന്നും ഇറങ്ങി വന്ന കുട്ടിയോട് പറഞ്ഞു

സിസ്റ്റർ എനിക്കെന്നും അമ്മയുടെ സ്ഥാനത്തു ആയിരുന്നൂ. കൈയ്യിൽ പൈസ ഇല്ലാതിരുന്നതു കൊണ്ട് ഞാൻ വിനോദയാത്ര പോകുവാൻ തയ്യാറായില്ല. ആ പണം ഞാൻ അറിയാതെ എനിക്ക് വേണ്ടി അടച്ചത് സിസ്റ്റർ ആയിരുന്നൂ.

സിസ്റ്റർ വന്നതും അവരോടൊപ്പം ഞാൻ പതിയെ പറമ്പിലേയ്ക്ക് ഇറങ്ങി. എന്തെങ്കിലും പ്രശ്നം ഉണ്ടെന്നു സിസ്റ്ററിനു തോന്നി കാണും. സിസ്റ്ററിനെ കണ്ടതും പക്ഷേ എൻ്റെ കണ്ണുകൾ ഞാൻ അറിയാതെ തന്നെ നിറഞ്ഞൊഴുകി. ഞാൻ പറയാതെ തന്നെ സിസ്റ്റർ പലതും മനസ്സിലാക്കി എന്ന് തോന്നുന്നൂ. അല്ലെങ്കിലും ഒരാളെ മനസ്സിലാക്കുവാൻ നല്ലൊരു ഹൃദയം മതി. ചിലപ്പോഴൊക്കെ കണ്ണുകൾ സംസാരിക്കുമല്ലോ.

ഞാൻ പതിയെ ചോദിച്ചൂ..

“സിസ്റ്റർ ഞാൻ മഠത്തിൽ ചേർന്നോട്ടെ. എനിക്ക് ദൈവ വിളി ഉണ്ട്..”

“ഓഹോ.., അത് കൊള്ളാല്ലോ. അപ്പോൾ മോൾക്ക് മെഡിസിന് പോകേണ്ടെ..”

“അത് ഇവിടുന്നും പോവാല്ലോ. സിസ്റ്റർ ആയി കഴിഞ്ഞിട്ട് ഞാൻ പൊക്കോളാo.” സിസ്റ്റർ എന്നോട് പറഞ്ഞു..

“കുഞ്ഞേ നീ എൻ്റെ കണ്ണിലേയ്ക്ക് നോക്കൂ. എന്നോട് ഒന്നും മറച്ചു വയ്‌ക്കേണ്ട. ദൈവവിളി അങ്ങനെ നിനക്കിപ്പോൾ വരേണ്ട.”

“എന്നെ കൈവിടല്ലേ സിസ്റ്റർ. എനിക്ക് മഠത്തിൽ ചേരണം.”

സിസ്റ്റർ എന്നെ ആശ്വസിപ്പിച്ചൂ. ഞാൻ എല്ലാം സിസ്റ്ററോട് പറഞ്ഞു. അത് കേട്ടതും അവർ പറഞ്ഞു.

“എൻ്റെ കുട്ടി നിനക്ക് വലിയൊരു മനസ്സുണ്ട്. അത് ഈ ചുവരുകൾക്കുള്ളിൽ ഒരിക്കലും ഒതുങ്ങരുത്. നമ്മുടെ സമൂഹത്തിലെ കുറെ പാവപ്പെട്ടവർക്ക് നീ ഒരിക്കൽ തണലാകും. നീ പഠിക്കണം. എന്നോട് ഇനി ഒന്നും പറയേണ്ട. എന്നെ ഈ മഠത്തിൽ എത്തിച്ചതും നിന്നെ എൻ്റെ മുന്നിൽ എത്തിച്ചതും ദൈവം ആണ്. ഇനി എന്ത് വേണം എന്ന് എനിക്കറിയാം..”

പിറ്റേന്ന് സിസ്റ്റർ വീട്ടിൽ വന്നൂ. അപ്പച്ചനോടും അമ്മച്ചിയോടും എന്തൊക്കെയോ പറഞ്ഞു. സിസ്റ്റർ പോയി കഴിഞ്ഞപ്പോൾ അമ്മച്ചി എന്നോട് എല്ലാം പറഞ്ഞു.

ആദ്യം അപ്പച്ചനും അമ്മച്ചിയും അത് അനുവദിച്ചില്ലെങ്കിലും പിന്നീട് അവർ സിസ്റ്റർ പറഞ്ഞത് സമ്മതിച്ചൂ.

“സിസ്റ്റർ ഒരു സമ്പന്ന കുടുംബത്തിൽ നിന്നായിരുന്നൂ. ഊട്ടിയിൽ എസ്റ്റേറ്റ് ഒക്കെ ഉണ്ട്. ഒരു ആങ്ങള ഉള്ളത് കുടുംബ സമേതം വിദേശത്താണ്. അപ്പനും അമ്മയും ഒക്കെ മരിച്ചു പോയത്രേ. അവർക്കു സിസ്റ്റർ മഠത്തിൽ ചേരുന്നത് ഇഷ്ട മായിരുന്നില്ല. സിസ്റ്റർ പഠിച്ചു ഡോക്ടർ ആവണം എന്നവർ ആഗ്രഹിച്ചൂ. അതൊന്നും നടന്നില്ല. കാരണം സിസ്റ്ററിനു അതൊന്നും ഇഷ്ടം ആയിരുന്നില്ല. സിസ്റ്ററിനു മഠത്തിൽ ചേരണം. കുറച്ചു അനാഥകുട്ടികളെ നോക്കണം. അത് മാത്രമേ ആഗ്രഹിച്ചിരുന്നുള്ളത്രെ…”

“സിസ്റ്ററിൻ്റെ ആങ്ങള എന്നെ പഠിപ്പിക്കും. ഞാൻ പഠിച്ചു ഡോക്ടർ ആവുന്നത് സിസ്റ്ററിനു കാണണം പോലും..”

എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നൂ.

അപ്പച്ചൻ ആഗ്രഹിച്ച പോലെ മൂത്ത ചേച്ചിയുടെ വിവാഹം നടന്നൂ. വേഗം വിവാഹം നടത്തുന്നത് എന്തിനെന്നു ചേച്ചിക്ക് അറിയില്ലായിരുന്നൂ. മൂന്ന് മാസത്തിനുള്ളിൽ അപ്പച്ചൻ പോയി.

മരിക്കുമ്പോൾ അപ്പച്ചന് സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ മെഡിക്കൽ കോളേജിൽ ചേരുന്നത് കണ്ടിട്ടാണ് അപ്പച്ചൻ പോയത്. സ്കൂളിൽ പഠിക്കുമ്പോൾ എന്നും ക്ലാസ്സിലേയ്ക്ക് പോകുമ്പോൾ വഴിയിലെ കപ്പേളയ്ക്കു മുന്നിൽ നിന്ന് പ്രാർത്ഥിക്കുമായിരുന്നൂ. എൻ്റെ മനസ്സിലെ കൊച്ചു പ്രാർത്ഥന.

“മാതാവേ നിനക്ക് എൻ്റെ അവസ്ഥ അറിയാമല്ലോ എൻ്റെ അമ്മയുടെ സ്ഥാനത്തു നിന്ന് എന്നെ കാത്തോണേ..”

ആ പ്രാർത്ഥന ദൈവം കേട്ടൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *