എന്ന് സ്വന്തം മിത്ര ~ ഭാഗം 23 ~ എഴുത്ത് പാർവതി പാറു

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

കിരൺ ഒരു നിയമ കലാലയത്തിന്റെ വിയർപ്പും ചൂരും അറിഞ്ഞു, അവിടുത്തെ ഇടതുപക്ഷ ജനാധിപത്യത്തിന്റെ ആശയങ്ങളിലും പ്രവർത്തനങ്ങളിലും കോരി തരിച്ചുകൊണ്ട് പഠനം മുന്നോട്ട് കൊണ്ട് പോയി… അങ്ങനെ അവൻ ഒരു സഖാവ് ആയി…. പാർട്ടിയോടും പാർട്ടിയുടെ താല്പര്യങ്ങളോടും ഇണങ്ങി നിന്ന് പ്രവർത്തിക്കുന്ന കറകളഞ്ഞ സഖാവ്….

അവൻ സെക്കന്റ്‌ ഇയറിൽ പഠിക്കുമ്പോൾ അവന്റെ മുത്തശ്ശിയും അവനെ വിട്ട് പിരിഞ്ഞു സ്വർഗ്ഗരാജ്യം പുൽകി… മിത്രയെയും ഉണ്ണിയേയും പോലെ ഈ ലോകത്ത് മറ്റാരും ഇല്ലാതെ അവനും തനിച്ചായി… ആ ഏട്ടനും അനുജത്തിക്കും അവർതന്നെ ലോകം ആയപ്പോൾ കിരണിന്റെ ലോകം സമൂഹം ആയിരുന്നു…

സമൂഹത്തിൽ കഷ്ടതകളും പീഡനങ്ങളും അനുഭവിക്കുന്നവർക്ക് വേണ്ടി അവൻ സ്വയം മറന്ന് പ്രവർത്തിച്ചു… അവർക്ക് വേണ്ടി തല്ലുകൊള്ളാനും ജയിലിൽ കിടക്കാനും തുടങ്ങി…

ഉണ്ണിയെ സംബധിച്ചിടത്തോളം ഇതൊക്കെ ഉൾക്കൊള്ളാൻ അൽപ്പം ബുദ്ധിമുട്ട് ആയിരുന്നു… ആ ഒരു കാര്യം പറഞ്ഞാൽ മാത്രം ആ ആത്മാർത്ഥ സുഹൃത്തുക്കൾ തമ്മിൽ വാക്ക് തർക്കങ്ങൾ പതിവ് ആയിരുന്നു… അവരുടെ പിണക്കങ്ങൾക്ക് മധ്യസ്ഥത പറയുന്നത് മിത്രയും…

അവളുടെ ഉള്ളിൽ അവർക്ക് രണ്ടു പേർക്കും ഒരേ ഇടം ആയിരുന്നു… തന്റെ ഏട്ടനെ സ്നേഹിക്കുന്ന പോലെ തന്നെ അവൾ കിരണിനെ അവൻ അറിയാതെ പ്രണയിച്ചു… മിത്ര പത്താം ക്ലാസ്സ്‌ കഴിഞ്ഞു നിൽക്കുന്ന സമയത്ത് ആണ് അവരുടെ നാട്ടിൽ കിരണിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടക്കുന്നത് അവിടെ വെച്ചാണ് മിഥുൻ മിത്രയെ കാണുന്നത്…

കിരണിന്റെ നേതൃത്വം മിത്രയും ഏറ്റെടുത്തു ആ ക്യാമ്പിൽ അവളും പ്രവർത്തിച്ചു…അങ്ങനെ മിത്ര പ്ലസ് ടു എത്തി…കിരൺ llb കഴിഞ്ഞു തിരിച്ചു വന്നു നാട്ടിലെ ഒരു പ്രശസ്തനായ വക്കീലിന്റെ കീഴിൽ പ്രാക്ടീസ് ആരംഭിച്ചു… ഒപ്പം തന്നെ അവന്റെ ജീവരക്തം ആയി തീർന്ന പാർട്ടി പ്രവർത്തങ്ങളും ആയി തിരക്കിലായി…

ഉണ്ണിയുടെ ഡിഗ്രി കഴിഞ്ഞു… കണക്കറ്റ സ്വത്തുക്കളും ബിസിനസും ഉള്ള അവർക്ക് മറ്റൊരു ജോലി അന്വേഷിച്ചു കണ്ടെത്തേണ്ട ആവശ്യം ഉണ്ടായിരുന്നില്ല… അവൻ എല്ലാം തന്നെ ഭംഗിയായി നോക്കി നടത്തി…

ഉണ്ണിക്കും കിരണിനും എപ്പോഴും തിരക്കായിരുന്നു.. എന്നാലും എന്നും രാത്രി ഒരു പത്തു മിനിറ്റ് എങ്കിലും കിരൺ ഉണ്ണിയുടെ വീട്ടിൽ ചിലവഴിക്കും.. മൂന്നുപേരുടെയും മാത്രം ആയ ലോകം..

ആ സമയങ്ങളിൽ എല്ലാം അവനിൽ നിന്ന് തനിക്ക് വേണ്ടി ഒരു നോട്ടം എത്തുന്നതിനായി മിത്ര കാത്തിരിക്കും…. അന്ന് അവൻ പ്ലസ് ടു പരീക്ഷ കഴിഞ്ഞു വന്ന ദിവസം… തനിക്ക് തന്റെ അമ്മയെ നഷ്ടപെട്ട ദിവസം.. അന്ന് അവനിൽ നിന്ന് അവൾക്കുവേണ്ടി വന്ന ആ നോട്ടം അവളുടെ ഉള്ളിൽ എന്നും ഉണ്ടായിരുന്നു.. അമ്മയുടെ. മരണത്തിന് ശേഷം ഒരിക്കൽ പോലും അവനിൽ നിന്ന് അത്തരമൊരു നോട്ടം തന്നിൽ എത്തിയിട്ടില്ലെന്ന വസ്തുത അവളെ വേദനിപ്പിച്ചു…..

അന്നൊരു മഴയുള്ള ജൂൺ മാസ രാത്രി ആയിരുന്നു… ഉണ്ണി ബിസിനസ് ആവശ്യത്തിനായി പോയതാണ്.. രാത്രി വരാൻ വൈകും എന്നുള്ളത് കൊണ്ട് മിത്രയെ കിരണിന്റെ വീട്ടിൽ ആക്കിയാണ് അവൻ പോയത്… പുറത്ത് മഴയും നോക്കി മുറ്റത്തേക്ക് കാലിട്ട് കിരൺ ഇരുന്നു.. അവന് പുറകിൽ അവനെ നോക്കി ചുവരിൽ ചാരി മിത്രയും ഇരുന്നു

🎶രാത്രിമഴ,ചുമ്മാതെ കേണും ചിരിച്ചും

വിതുമ്പിയും നിര്‍ത്താതെ പിറുപിറുത്തും നീണ്ട മുടിയിട്ടുലച്ചും

കുനിഞ്ഞിരിക്കുന്നോരു യുവതിയാം ഭ്രാന്തിയെപ്പോലെ…🎶

രാത്രിമഴ ഭ്രാന്തിയെ പോലെ ആണെന്ന് പറയുന്നത് എത്ര ശരിയാണ് അല്ലേ …മിത്ര മഴയിലേക്ക് നോക്കി ചോദിച്ചു..

അതെന്താ നിനക്ക് അങ്ങനെ തോന്നാൻ..

എന്തോ അങ്ങനെ തോന്നി… ഭ്രാന്തിന്റെ ഭീകരത… എന്നെ വല്ലാതെ ഭയപ്പെടുത്തുന്ന പോലെ… അവൾ പറഞ്ഞു…

കിരൺ എഴുന്നേറ്റ് അവൾക്കരികിൽ വന്നിരുന്നു… അവളുടെ കൈകൾ അവന്റെ കൈകൾക്കിടയിൽ ചേർത്ത് വെച്ചു…

ഇപ്പോൾ പേടി മാറിയോ… അവൻ ചോദിച്ചു..

മ്മ്.. അവൾ മൂളി.. അവന്റെ തോളിൽ തല ചായ്ക്കാൻ അവൾക്ക് വല്ലാത്ത കൊതി തോന്നി…

രാത്രി മഴ ഭ്രാന്തം ആവുന്നത് നമ്മുടെ മനസുകളിൽ ആണ് മിത്തൂ…യഥാർത്ഥത്തിൽ മഴ ഏറ്റവും സുന്ദരം ആവുന്നത് രാത്രികളിൽ ആണ്… ഏറ്റവും ശാന്തം ആവുന്നത് രാത്രികളിൽ ആണ്… എനിക്ക് എന്റെ അമ്മയെ പോലെ ആണ് ഈ രാത്രി മഴ….

മിത്ര മുഖം തിരിച്ചു അവന്റെ കണ്ണുകളിലേക്ക് നോക്കി…

അമ്മ മരിക്കും വരെ എന്നും എനിക്ക് അമ്മയെ കെട്ടിപിടിച്ചു വേണമായിരുന്നു ഉറങ്ങാൻ… അമ്മയുടെ ചൂടേറ്റ്… ചുരുണ്ടുറങ്ങണം ആയിരുന്നു എനിക്ക്… അമ്മ മരിച്ചതിനു ശേഷം ഒറ്റക്കുറങ്ങാൻ പേടി ആയിരുന്നു…. രാത്രി മഴപെയ്യുമ്പോൾ ഞാൻ പേടിച്ചു കരയുമായിരുന്നു… അന്ന് അമ്മമ്മ പറയും ഈ മഴ എന്റെ അമ്മ ആണെന്ന്… എന്നെ താരാട്ട് പാടി ഉറക്കാൻ വന്നതാണെന്ന്… മഴ താരാട്ട്… എനിക്ക് ഉറങ്ങാൻ കുളിര് തരികയാണെന്ന്.. മഴയുടെ കുളിര്… പിന്നേ പിന്നെ എനിക്കും തോന്നി ഈ മഴ എന്റെ അമ്മ ആണെന്ന്… ഞാൻ മഴയോട് സംസാരിക്കാൻ തുടങ്ങി.. പിണങ്ങാൻ തുടങ്ങി… എന്റെ അമ്മയോടെന്ന പോലെ…

മിത്ര മഴയിലേക്ക് നോക്കി.. അത് വരെ തോന്നിയിരുന്ന ഭയം എങ്ങോട്ടോ പോയി…
അവൾ അവന്റെ തോളിലേക്ക് തല ചായ്ച്ചു.. അവൻ പെട്ടന്ന് നീങ്ങി ഇരുന്നു.. മിത്രക്ക് ഹൃദയം നുറുങ്ങുന്ന വേദന തോന്നി….

മിത്തൂ നമ്മൾ ഇപ്പോൾ പഴയ കുട്ടികൾ അല്ല അത് മറക്കരുത്..

അവൾ ഒന്നും മിണ്ടാതെ നീങ്ങി ഇരുന്നു… അപമാനം കൊണ്ട് അവൾക്ക് മുഖം ഉയർത്തി അവനെ നോക്കാൻ സാധിച്ചില്ല…

നിന്റെ പ്രായം അങ്ങനെ ആണ് മിത്തൂ… ഈ സമയത്ത് നിനക്ക് എന്നോട് തോന്നുന്നത് വെറും ഒരു അട്ട്രാക്ഷൻ ആണ്… അത് വേണമെങ്കിൽ എനിക്ക് മുതലെടുപ്പ് നടത്താം… പക്ഷെ നീ എന്റെ ഉണ്ണിയുടെ പെങ്ങൾ ആണ്… നിന്നെ അങ്ങനെ യൂസ് ചെയ്യാൻ എനിക്ക് കഴിയില്ല… പിന്നെ എനിക്ക് ഇന്ന് എല്ലാം എന്റെ പാർട്ടി ആണ്.. എന്റെ ജീവിതം പോലും ഞാൻ അതിന് വേണ്ടി ഒഴിഞ്ഞു വെച്ചിരിക്കുകയാണ്.. നിന്നോട് ഞാൻ എപ്പോഴെങ്കിലും നിന്റെ ഉള്ളിൽ ആഗ്രഹം ഉണ്ടാക്കുന്ന നോട്ടമോ പ്രദീക്ഷയോ തന്നിട്ടുണ്ടെങ്കിൽ ക്ഷമിക്കണം..

അവന്റെ വാക്കുകളുടെ മൂർച്ചയിൽ വർഷങ്ങളായി അവളുടെ നെഞ്ചിൽ കൊണ്ടു നടന്ന ആഗ്രഹങ്ങൾ എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു വീണു… അവൾ മുറിയിൽ കയറി വാതിലടച്ചു…. ആ മഴയുടെ പെരുമ്പറക്കൊപ്പം അവളുടെ വേദനയുടെ ശബ്ദം ആ മുറിയിൽ അലയടിച്ചു.. എപ്പോഴോ കരഞ്ഞു കരഞ്ഞു അവൾ ഉറങ്ങി…

രാവിലെ വാതിലിൽ ശക്തമായ മുട്ട് കേട്ടാണ് അവൾ ഉണർന്നത്… കിരൺ ആയിരുന്നു അത്…

മിത്തൂ നീ വേഗം വാ.. നമുക്ക് ഒരു സ്ഥലം വരെ പോവാൻ ഉണ്ട്

ഞാൻ ഇല്ല… ഞാൻ ഏട്ടന്റെ അടുത്തേക്ക് പോവാണ്.. എന്റെ വീട്ടിലേക്ക്.. അവൾ അവന്റെ മുഖത്ത് നോക്കി പറഞ്ഞു…

അതിന് ഏട്ടൻ വീട്ടിൽ ഇല്ല… ഇന്നലെ രാത്രി അവൻ എത്തിയിട്ടില്ല..

സാരമില്ല ഏട്ടൻ വരുമല്ലോ… ഞാൻ പോവുകയാണ്…. എനിക്കിനി ഏട്ടൻ മാത്രേ ഉള്ളൂ…എന്നെ സ്നേഹിക്കാൻ ഈ ലോകത്ത് എന്റെ ഏട്ടൻ മാത്രേ ഉള്ളൂ…. വരില്ല ഇനി ഞാൻ ഇങ്ങോട്ട്.. . എനിക്ക് കാണണ്ട കിരണേട്ടനെ….

അവൾ അവനെ നോക്കാതെ ഇറങ്ങി നടന്നു.

മിത്തൂ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്..

കിരൺ പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു… അവൾ ഒന്നും കേൾക്കാൻ നിൽക്കാതെ നടന്നു..

അവളുടെ ഉള്ളിൽ അവനവളെ തള്ളിപ്പറഞ്ഞതിൽ ഉള്ള വേദന അസഹ്യം ആയിരുന്നു.. ഏട്ടന്റെ മടിയിൽ കിടന്നൊന്ന് പൊട്ടി കരയാനും.. ഏട്ടന്റെ തലോടലുകളിൽ സമാധാനം കണ്ടെത്താനും അവൾക്ക് കൊതി തോന്നി… അവൾ ഉമ്മറ തിണ്ണയിൽ ഏട്ടനെ കാത്തിരുന്നു…. സമയം ഉച്ച കഴിഞ്ഞു… കാത്തിരുന്ന് മടുത്ത് അവൾ മുറിയിൽ കയറി…. ഹൃദയം അപ്പോഴും വേദനിക്കുകയാണ്… കണ്ണടച്ചാൽ കിരണിന്റെ മുഖം ആണ്.. അത് അവളെ കുത്തി നോവിച്ചു…

പുറത്ത് ഒരു വാഹനത്തിന്റെ ശബ്ദം കേട്ടപ്പോൾ അവൾ ഉമ്മറത്തേക്ക് ഓടി… മുറ്റം നിറയെ ആളുകൾ ആണ്.. എല്ലാവരും തന്നെ ഉറ്റു നോക്കുന്നുണ്ട്… അടക്കം പറയുന്നു… അവൾക്കൊന്നും മനസിലാവുന്നില്ലായിരുന്നു… അപ്പോഴേക്കും ഒരു ആംബുലൻസ് വന്ന് മുറ്റത്ത് നിർത്തി.. കിരൺ ആദ്യം ഇറങ്ങി… ആരോക്കെയോ കൂടി ഒരു വെള്ള പുതച്ച ശരീരം എടുത്ത് ഉമ്മറത്തേക്ക് കിടത്ത

ഏട്ടൻ.. അല്ല അതെന്റെ ഏട്ടൻ ആയിരിക്കില്ല… അല്ല എന്റെ ഏട്ടൻ അല്ല…

അവൾ മനസ്സിൽ പറഞ്ഞു കൊണ്ടിരിന്നു..തലയിൽ നിന്ന് തുണി മാറ്റി… ഏട്ടൻ… അവൾ ഒരു നിമിഷം നോക്കി.. ഒരു തുള്ളി കണ്ണീർ അവളുടെ കണ്ണിൽ നിന്നും വീണില്ല… ഹൃദയം വിതുമ്പിയില്ല… അവൾ അവളുടെ ഏട്ടന്റെ നിശ്ചലം ആയ ശരീരത്തിന് മുന്നിൽ ഇരുന്നു…. അവന്റെ കവിളുകളിൽ കൈ ചേർത്തു… അവന്റെ മുഖത്തിന് ഒപ്പം അവളുടെ മുഖവും ചേർത്ത് വെച്ചു…

ഏട്ടാ.. എന്താ ഈ ചെയ്തേ.. എന്നെ ഒറ്റക്കാക്കി പോയോ…. മറന്നോ എന്നെ…. ഏട്ടനില്ലാതെ ഞാൻ എങ്ങനെ ജീവിക്കും.. എന്റെ മുടി ആരാ പിന്നി ഇട്ട് തരിക… ആരാ എനിക്ക് ചോറ് വാരി തരാ… ആരാ എന്നോട് കളികൾ പറയുക.. ആരാ എന്നെ തലോടുക.. പറ ഏട്ടാ..

അവൾ അവനോട് ചോദിച്ചു കൊണ്ടിരുന്നു.. അവളുടെ വാക്കുകളിൽ വേദന ഇല്ലായിരുന്നു… പരിഭവം ആയിരുന്നു… ആ ഏട്ടനോട് ഉള്ള അനിയത്തിയുടെ പരിഭവം… പിണക്കം…..

ഏട്ടൻ എന്നോട് പിണക്കാ… അതാ കണ്ണ് തുറക്കാത്തെ..

അവൾ അവന്റെ ബോഡിക്ക് മുന്നിൽ പടിഞ്ഞിരുന്നു…

ഇപ്പൊ കണ്ണ് തുറക്കും… മിത്തൂട്ടി എന്ന് വിളിച്ചു കെട്ടിപ്പിടിക്കും…..

അവൾ പറഞ്ഞു കൊണ്ടിരുന്നു….

എല്ലാം കണ്ടുകൊണ്ട് അല്പ്പം മാറി കിരൺ നിന്നു.. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…

രാത്രി മഴയത്ത് വരുമ്പോൾ വണ്ടി ഗട്ടറിൽ വീണതാണ്.. ലൈൻ കമ്പി പൊട്ടി കിടക്കുന്നുണ്ടാട്ടിരുന്നു… റോഡിലെ വെള്ളത്തിൽ നിന്ന് കരണ്ട് അടിച്ചതാ.. അപ്പൊത്തന്നെ കഴിഞ്ഞു…. ആരൊക്കെയോ അടക്കം പറയുന്നുണ്ടായിരുന്നു….

ഉണ്ണിയുടെ ശരീരം എടുത്തു കൊണ്ട് പോകുമ്പോഴും മിത്ര നിർജീവം ആയിരുന്നു…

വരും ഏട്ടൻ ഇപ്പൊ വരും.. എന്നെ പറ്റിക്കാൻ ചുമ്മാ കാട്ടാ ഓരോന്ന്.. ന്നെ ഒറ്റക്കാക്കി അങ്ങനെ പോവാൻ ഒന്നും ഏട്ടന് പറ്റില്ല്യ….

അവൾ പുലമ്പി കൊണ്ടിരുന്നു…

ജാതക ദോഷം ആണ്.. സർവവും നശിപ്പിക്കുന്ന ജന്മം ആവും… സ്നേഹിച്ചവര് മുഴുവൻ പോയില്ലേ… ജനിച്ചു ഒരു വയസ് തികഞ്ഞ അന്ന് അച്ഛൻ മരിച്ചില്ലേ.. പിന്നെ അമ്മ ഇപ്പോൾ ഏട്ടൻ.. ചില ജാതകങ്ങൾ അങ്ങനെ ആണ്.. കുടുംബം തന്നെ മുടിക്കും…

ആരോ പിറുപിറുക്കുന്നത് അവളുടെ കാതിലും പതിഞ്ഞു… ഒന്നും മിണ്ടാതെ അവൾ മുറിയിലേക്ക് കയറി… ചുവരിലെ പ്രിയപെട്ടവരുടെ ചിത്രങ്ങൾ ഓരോന്നായി നോക്കി….

മുത്തശ്ശൻ…. അച്ഛൻ.. അമ്മ…. ഉണ്ണിയേട്ടൻ..

അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു..

എന്നെ ഒറ്റക്കാക്കി എല്ലാവരും കൂടി അവിടെ സന്തോഷിക്കാ അല്ലേ…..

മേശ തുറന്ന് അവൾ ബ്ലേഡ് എടുത്തു….

ഞാനും വാരാ നിങ്ങളുടെ അടുത്തേക്ക്.. ഇനി ഈ ലോകത്ത് എനിക്ക് സ്വന്തം എന്ന് പറയാൻ ആരും ഇല്ല… എന്നെ സ്നേഹിക്കാൻ ആരും ഇല്ല്യ….

അവൾ ബ്ലേഡ് ഞരമ്പിനോട് ചേർത്ത് വെച്ചു വലിച്ചു.. രക്തം ഒഴുകി… മെല്ലെ മെല്ലെ അവളുടെ കാലുകൾക്ക് ശക്തി നഷ്ടം ആയി.. അവൾ നിലത്തേക്ക് ഇരുന്നു…. കണ്ണുകൾ മെല്ലെ അടഞ്ഞു തുടങ്ങി അപ്പോഴും ചെവിയിൽ മുഴങ്ങി നേരത്തെ കേട്ട വാക്കുകൾ

ജാതക ദോഷം ആണ്.. സർവവും നശിപ്പിക്കുന്ന ജന്മം ആവും… സ്നേഹിച്ചവര് മുഴുവൻ പോയില്ലേ…

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *