എന്റെ ചോദ്യങ്ങൾ അവളെ ചിന്തിപ്പിക്കും എന്നാണ് ഞാനാദ്യം കരുതിയത്. അവളുടെ ആ ചിരികണ്ടതും എനിക്ക് അരിശം വന്നു……….

സുമിത്ര

Story written by Murali Ramachandran

“എടി മോളെ.. നീ ഡിവോഴ്സ് ആയെന്നു പറഞ്ഞു ജീവിതകാലം മുഴുവനിങ്ങനെ ഒറ്റക്ക് തീർക്കാനാണോ ഭാവം..? ദേ.. എനിക്കും പ്രായായി വരുവാ, ഇനി എപ്പോളാ ഞാൻ കിടപ്പിലാകുന്നേന്നു പറയാൻ പറ്റില്ല.” വരാന്തയിലെ പത്രവായനയ്ക്കിടെ ഞാൻ സുമിത്രയോട് അതു ചോദിച്ചു. ഡിവോഴ്സായി ഒന്നര വർഷം കഴിഞ്ഞിട്ടും അവളുടെ തീരുമാനം എന്താണെന്നു പറയാതെ അവൾ പലപ്പോഴും ഒഴിഞ്ഞു മാറുകയാണ്. എന്റെ ചോദ്യം കേട്ടതും അതുവരെ മൊബൈലിൽ നോക്കി ഇരുന്നവൾ അതു താഴത്തേക്ക് വെച്ചു.

“എന്റെ അച്ഛാ.. അതിന് ഞാനിവിടെ ഒറ്റക്കല്ലല്ലോ, എന്റെ കൂടെ നന്ദിത ഇല്ലേ..? പിന്നെ അച്ഛനെന്തിനാ വിഷമിക്കുന്നേ..?”

“നീയെന്താ ഈ പറയുന്നേ, വളർന്നു വരുമ്പോൾ മറ്റൊരു വീട്ടിലേക്ക് കെട്ടിച്ചു വിടേണ്ടതാ അവളെ.. അതുകഴിഞ്ഞു നീയോ..? ഞങ്ങള് മരിച്ചാൽ പിന്നെ നിനക്കാരൊണ്ട്..? നീയെന്താ അതു ചിന്തിക്കാത്തെ..?”

അതു കേട്ടതും അവൾ ചിരിക്കാൻ തുടങ്ങി. അവളുടെ ജീവിതത്തെ കുറിച്ചാണ് ഞാൻ സംസാരിക്കുന്നതെന്നാ ചിന്ത പോലുമില്ലാതെ.. എന്റെ ചോദ്യങ്ങൾ അവളെ ചിന്തിപ്പിക്കും എന്നാണ് ഞാനാദ്യം കരുതിയത്. അവളുടെ ആ ചിരികണ്ടതും എനിക്ക് അരിശം വന്നു, ഞാൻ വീണ്ടും ആവർത്തിച്ചു.

“ദേ.. ഞാൻ പറഞ്ഞേക്കാം, ഒരു നല്ല ആലോചന വന്നിട്ടുണ്ട്. ബാങ്ക് ജോലിക്കാരനാ ചെക്കൻ. അയാൾക്കും ഒറ്റ മോനാ.. എന്താ ഞാൻ ചെയ്യണ്ടേ..? അവർ നിന്നെ വന്നു കാണാൻ പറയട്ടെ..?”

“ഇല്ല, വേണ്ട..!”

കൂടുതൽ ഒന്നും കേൾക്കാതെ അറുത്തു മുറിച്ചപോലെ ഒരു മറുപടിയായിരുന്നു അവൾ എനിക്ക് തന്നത്. എന്റെ മാനസികാവസ്ഥയോ, അവളുടെ ഭാവിയോ അവൾ ചിന്തിക്കുന്നില്ലേ എന്ന് എനിക്ക് തോന്നിപ്പോയി.

“അതെന്താ മോളെ, നീ അങ്ങനെ പറയുന്നത്..? നിന്റെ മനസ്സിൽ വേറെ ആരെങ്കിലും ഉണ്ടോ..? ഉണ്ടേൽ പറ.. ഇപ്പൊ നിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുത്തില്ലേൽ പിന്നീട് അതു ഉണ്ടായെന്നു വരില്ല, അന്നു ഞാനും..”

അവൾ എന്നെ ഗൗരവത്തോടെ ഒന്നു നോക്കി. അതുവരെ ചിരിച്ചു കണ്ട സുമിത്ര ആയിരുന്നില്ല അതു. അവളുടെ ഭാവത്തിൽ എന്തൊ ഉള്ളതായി തോന്നി.

“മുൻപൊരിയ്ക്കൽ അച്ഛൻ തീരുമാനിച്ച ഒരാൾക്ക് മറുത്തു പറയാതെ അന്നു ഞാൻ കഴുത്തു നീട്ടി. അയാളുടെ കു ടിയും, അയാൾ വരുത്തിവെച്ച കടവും, കൂടെ അയാളുടെ അടിയും തൊഴിയും വരെ ഞാൻ സഹിച്ചു. പെട്ടെന്ന് അതെല്ലാം എനിക്ക് മറക്കാൻ പറ്റുവോ അച്ഛാ..? ഇനിയും ഒരു പരീക്ഷണം എനിക്ക് വേണോ..?”

“പരീക്ഷണവോ..? അതെന്താ മോളെ നീ അങ്ങനെ പറഞ്ഞത്..? നിന്നെ അച്ഛൻ പരീക്ഷിക്കാൻ വിടുവോ..? നിനക്കും വേണ്ടേ ഒരു കുടുംബവും ജീവിതവും.. മുൻപൊരിയ്ക്കൽ എനിക്ക് അറിയാതെ പറ്റിയ ഒരു തെറ്റാണത്. എല്ലാരും ഒരുപോലെ അല്ലല്ലോ മോളെ.. ഇത് നല്ല കൂട്ടരാണെന്ന കേട്ടത്, ഞാൻ ശരിക്കും അന്വേഷിച്ചു.”

അതു കേട്ടതും സുമിത്ര പെട്ടന്നു ഒരു പരിഹാസ ചിരി ആവർത്തിച്ചു. എന്നിട്ട്, എനിക്ക് മുന്നിലെ ആ പത്രം നിവർത്തിയിട്ട് പറഞ്ഞു.

“ശരിയാ അച്ഛാ.. എല്ലാരും നല്ലവരാ, ദേ.. ഇന്നത്തെ പത്രത്തിലെ പ്രധാന വാർത്ത അച്ഛൻ ശ്രദ്ധിച്ചോ..? മാതാവിനെ ശ്വാസം മുട്ടിച്ചു കൊന്ന കേസിൽ മകൻ അറസ്റ്റിൽ..! സംഭവം എന്താണെന്നോ.. വീട്ടിൽ ഉണ്ടായ ചെറിയ ഒരു വഴക്ക്. ആ സ്ത്രീയുടെ രണ്ടാം കെട്ടിലെ മകനാണ് കഴുത്തു ഞെരിച്ചു കൊന്നത്. എന്നിട്ട് അവനാണ് ആശുപത്രിയിൽ കൊണ്ടുപോയതും നാട്ടുകാരെ അറിയിച്ചതും.. പരിശോധിച്ചപ്പോ ആ സ്ത്രീ മരിച്ചതിൽ പന്തികേട് തോന്നിയ ഡോക്ടർ നാട്ടുകാരോട് പോലീസിനെ അറിയിക്കാൻ പറഞ്ഞു. പിന്നെയാ മോനെ കയ്യോടെ പിടിച്ചത്. ഇതാണ് അച്ഛാ ഇന്നത്തെ ലോകം. അല്ല, അച്ഛൻ പറ.. എന്ത് വിശ്വാസത്തിലാ ഞാനും ഇനിയൊരു കല്യാണത്തിന് കഴുത്തു നീട്ടേണ്ടേത്..?”

“മോളെ.. നീ ഇങ്ങനെ ആവിശ്യം ഇല്ലാത്തതൊക്കെ ചിന്തിച്ചു കൂട്ടാതെ..”

“അല്ല അച്ഛാ.. ഇതൊക്കെയാ ആവിശ്യമുള്ളത്. ഞാൻ നന്ദിതയുടെ ഭാവി ഓർത്താ അന്ന് ആ വീടിന്റെ പടിയിറങ്ങിയത്. അവൾക്ക് വേണ്ടിട്ടാ ഇനി ജീവിക്കുന്നതും.. അന്നേ തീരുമാനിച്ചതാ ഇനി ഒരു വിവാഹം ഇല്ലെന്ന കാര്യം. എന്റെ ജീവിതം ഇങ്ങനെ തന്നെ പോട്ടെ.. അച്ഛൻ വിഷമിക്കണ്ട, എനിക്കു ഒന്നും സംഭവിക്കില്ല. ഇപ്പോ എനിക്ക് നല്ലൊരു ജോലിയുണ്ട്, കഴിയാൻ തൽക്കാലത്തേക്ക് ഒരു വീടുണ്ട്. ഞാനും ഹാപ്പിയാണ്, മോളും ഹാപ്പിയാണ്. പിന്നെന്താ വേണ്ടേ..?”

പുഞ്ചിരിയോടെ അവൾ എന്റെ കൈയിൽ പിടിച്ചുകൊണ്ടു അതു പറഞ്ഞതും ഞാൻ അവളെയൊന്നു നോക്കി. ഞാൻ മറുപടി പറയില്ല എന്ന വിശ്വാസത്തോടെ അവൾ എഴുന്നേറ്റു പോകാനായി ഒരുങ്ങിയതും..

“സുമിത്രേ.. നീ ഒന്നു നിന്നേ, നിന്റെ മോളുടെ ഭാവി കാര്യത്തിൽ നീ കാണിക്കുന്ന അതെ കരുതലും, സ്നേഹവും എനിക്ക് എന്റെ മോൾടെ കാര്യത്തിൽ ആയിക്കൂടെ..?”

“അച്ഛൻ പറയുന്നത് എനിക്ക് മനസിലാകും. എനിക്കെന്റെ അച്ഛനെ അറിയാം. പക്ഷേ, എന്റെ അദ്ധ്യായം അടഞ്ഞതാ, അതു വീണ്ടും തുറക്കരുതേ.. ഞാൻ തീരുമാനിച്ചു കഴിഞ്ഞു. എനിക്ക് ഇപ്പോ ജീവിക്കാൻ അറിയാം. ഞാൻ പലതും പഠിച്ചു. ഞാൻ നോക്കട്ടെ, ഇപ്പോ വരെ എന്റെ തീരുമാനം ശരിയാ.. അതു അങ്ങനെ തന്നെ പോട്ടെ.. പിന്നീട്, അതു തെറ്റാണെന്നു തോന്നിയാൽ.. അന്നു ആലോചിച്ചു വീണ്ടും ഒരു തീരുമാനം എടുക്കും. അന്നും ഞാൻ തനിച്ചായിരിക്കും..! അതും എനിക്ക് അറിയാം അച്ഛാ..”

“മോളെ.. സുമിത്രേ..”

ഒന്നും മിണ്ടാതെ സുമിത്ര അകത്തേക്ക് കടന്നു പോയി. എന്റെ മാനസിക വേദന മനസിലാക്കാതെ എന്നിൽ നിന്നും അവൾ ഓടി ഒളിക്കുകയാണ്. അവളുടെ ജീവിതം അടഞ്ഞ അദ്ധ്യായമാണത്രേ.. മനുഷ്യ ജീവിതം ഒരിക്കലും അടഞ്ഞ അദ്ധ്യായം ആവുന്നില്ല. ഓരോ ദിവസവും പുതിയ അദ്ധ്യായം നമുക്ക് മുന്നിൽ തുറന്നു കൊണ്ടിരിക്കുകയാണ്. അതു നാം മനസിലാക്കേണ്ടതുമുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *