എന്റെ വിവാഹത്തിന് എന്റെ വീട്ടിൽ നിന്നും തന്ന ആഭരങ്ങളിൽ കുറച്ച് ഈ വീട്ടിൽ തന്നെ ഉണ്ടായിരുന്നല്ലോ അമ്മേ.. അത് കേട്ടതും മായ ചാടി എഴുന്നേറ്റ് റൂമിലേക്ക് ഓടി.. അമലമാരയിൽ നിന്ന്…….

സ്തീധനം

എടുത്ത് :-ദേവാംശി ദേവ

മനുവേട്ടാ…എനിക്കൊരു ആയിരം രൂപ വേണം.”

“ആയിരം രൂപയോ…എന്തിന്..”

“എന്റെ കൂട്ടുകാരിയുടെ വിവാഹമാണ്.. ഒരു സാരി വാങ്ങണം..പിന്നെ അവൾക്ക് എന്തെങ്കിലും ഗിഫ്റ്റും കൊടുക്കണം.”

“ഉള്ള സാരിയൊക്കെ ഉടുത്താൽ മതി.. ഗിഫ്റ്റൊക്കെ വാങ്ങണമെങ്കിൽ നീ നിന്റെ വീട്ടിൽ പോയി ചോദിക്ക്.” മനു ദേഷ്യത്തോടെ അഞ്ചനയെ നോക്കി.

“ഞാൻ അനാവശ്യകാര്യങ്ങൾക്കൊന്നും അല്ലല്ലോ മനുവേട്ടാ കാശ് ചോദിച്ചത്.”

“എന്ത് കാര്യത്തിനായാലും തരാൻ പറ്റില്ല. നിനക്കിവിടെ ഇരുന്ന് ആയിരം രണ്ടായിരം എന്നൊക്കെ ചോദിച്ചാൽ മതി..അതുണ്ടാക്കാൻ ഞാൻ അനുഭവിക്കുന്ന കഷ്ടപ്പാട് എനിക്കെ അറിയൂ.”

“എന്താടാ ..എന്താ ഇവിടെയൊരു ബഹളം.” മനുവിന്റെ ശബ്ദം കെട്ട് അവന്റെ അമ്മയും അനിയത്തി മായയും അവരുടെ റൂമിലേക്ക് വന്നു.

“ഇവൾക്ക് കൂട്ടുകരിയുടെ കല്യാണത്തിന് പോകാൻ ഞാൻ ആയിരം രൂപ കൊടുക്കണമെന്ന്.”

“ആയിരം രൂപയോ… നിനക്ക് വേറെ പണിയൊന്നും ഇല്ലേ അഞ്ജനെ….ഏത് നേരവും ഇങ്ങനെ പണം ചോദിച്ച് അവനെ വിഷമിപ്പിക്കുന്നത് എന്തിനാ.. പോയി ആ പശുവിനെ തൊഴുത്തിൽ നിന്ന് പറമ്പിലേക്ക് മാറ്റി കെട്ട്.” മനുവിന്റെ അമ്മ പറഞ്ഞതും അഞ്ചന തിരിച്ചൊന്നും പറയാതെ വീടിന്റെ പുറകിലേക്ക് നടന്നു.

“പണത്തിന്റെ വില അറിയണമെങ്കിൽ അധ്വാനിച്ച് പണം ഉണ്ടാക്കണം.. അതിന് അത്യാവശ്യം വിദ്യാഭ്യാസം വേണം. ഇത് ഏതു നേരവും തിന്നും കുടിച്ചും വീട്ടിലിരിക്കുന്നതിന്റെ പ്രശ്നമാ..” സർക്കാർ ജോലിക്കാരിയായ മായയുടെ കുത്തുവാക്കുകൾ കൂടി കേട്ടപ്പോൾ അഞ്ചനയുടെ കണ്ണുകൾ നിറഞ്ഞു..
മായയുടെ ഭർത്താവ് ഗൾഫിൽ ആയതിനാൽ വിവാഹ ശേഷവും അവൾ വീട്ടിൽ തന്നെയാണ് നിൽക്കുന്നത്.

അച്ഛന്റെയും അമ്മയുടെയും രണ്ട് മക്കളിൽ ഇളയവളാണ് അഞ്ജന.. പത്താം ക്ലാസ് വരേ മാത്രമേ പഠിച്ചിട്ടുള്ളു..പത്ത് തോറ്റ അഞ്ജന പിന്നെ വിവാഹം വരെ തയ്യൽ പഠിക്കാൻ പോയി..

അത്യാവശ്യം നല്ല ജോലിയും സമ്പത്തും വിദ്യാഭ്യാസവുമുള്ള മനുവിന്റെ വിവാഹ ലോചന വന്നപ്പോൾ അച്ഛനും സഹോദരനും കൂടി കഷ്ടപ്പെട്ടിട്ടാണെങ്കിലും അൻപത് പവനോളം കൊടുത്ത് നല്ല രീതിയിൽ തന്നെയാണ് അവളുടെ വിവാഹം നടത്തിയത്.. വിവാഹത്തിന്റെ ആദ്യനാളുകളിൽ അഞ്ജനക്കപ്പുറം ആ വീട്ടിൽ മറ്റൊന്നും ഇല്ലായിരുന്നു.. ആ സ്നേഹപ്രകടനങ്ങളിൽ അവൾക്ക് നഷ്ടപ്പെട്ടു കൊണ്ടിരിന്നത് അവളുടെ ആഭരണങ്ങൾ ആയിരുന്നു.. അവസാനം കെട്ടു താലിക്ക് പകരം കഴുത്തിൽ മുക്കുപണ്ടം സ്ഥാനം പിടിച്ചപ്പോൾ സ്വർണം പോലെ തിളങ്ങിയവർ പോലും മുക്കുപണ്ടം പോലെ മങ്ങി..

അഞ്ചു വർഷം കൊണ്ട് അൻപത് പവന്റെ സ്വർണവും അഞ്ജനാ ആ വീട്ടിലേക്ക് വേണ്ടി കൊടുത്തു. അന്നുമുതൽ മറ്റുള്ളവരെ അനുസരിക്കാനും ജോലി ചെയ്യാനുമുളള യന്ത്രമായി മാറി അവൾ ആ വീട്ടിൽ.

“അമ്മേ…” നാലു വയസ്സുകാരി മോളുടെ വിളികേട്ടാണ് അഞ്ജന ഓർമകളിൽ നിന്നും ഉണർന്നത്. കുഞ്ഞരി പല്ലുകട്ടി ചിരിച്ചി കൊണ്ട് അവളുടെ അടുത്തേക്ക് ഓടി വരുന്ന മോളെ കണ്ടപ്പോൾ അവൾക്കൊരു ഊർജം തോന്നി..

“ഞാൻ തോൽക്കാൻ പാടില്ല… തോറ്റുപോയാൽ തകരുന്നത് തന്റെ മകളുടെ ജീവിതം കൂടിയാണ്.”?മോളെ വാരിയെടുത്ത് നെഞ്ചോട് ചേർക്കുമ്പോൾ അവൾ മനസ്സിൽ പറഞ്ഞു.

¤¤¤¤¤¤¤¤¤¤¤¤¤¤

“മനുവേട്ടാ..നാളെ എന്റെ കടയുടെ ഉൽഘാടനമാണ്. മനുവേട്ടനും അമ്മയും മായയും വരണം.”രാത്രി എല്ലാവർക്കും അത്തായം വിളമ്പുമ്പോഴാണ് അഞ്ചനയത് പറഞ്ഞത്.. ഒന്നും മനസിലാവതെ മൂന്നുപേരും പരസ്പരം നോക്കി.

“കടയോ..എന്ത് കട..” മായയാണ് ചോദിച്ചത്.

“തയ്യൽ കട.. ടൗണിൽ സ്കൂളിനടുത്ത സുധാകരൻ ചേട്ടന്റെ ഒഴിഞ്ഞു കിടന്ന കട ഞാൻ വാടകക്ക് എടുത്തു.. ഒരു തയ്യൽ മിഷ്യനും വാങ്ങി..”

“നീ എന്തൊക്കെയാ പറയുന്നത്.. ആരോട് ചോദിച്ചിട്ടാ നീ ഇതൊക്കെ ചെയ്തത്..” മനു ദേഷ്യത്തോടെ ചോദിച്ചു..

“ഇതിനൊക്കെയുള്ള പണം എവിടുന്നാണെന്ന് ചോദിക്കടാ ആദ്യം.” മനുവിന്റെ അമ്മ പറഞ്ഞപ്പോഴാ അവനും അതോർത്തത്.

“അതോർത്ത് അമ്മ ടെൻഷനടിക്കേണ്ട.. അമ്മയുടെ മകന്റെ പണമൊന്നും ഞാൻ എടുത്തിട്ടില്ല..എന്റെ ആഭരണങ്ങൾ പണയം വെച്ചാണ് ഞാൻ കട എടുത്തതും മിഷ്യൻ വാങ്ങിയതും.”

“ആഭരണമോ…നിനക്കെവിടുന്ന ആഭരണം.”

“എന്റെ വിവാഹത്തിന് എന്റെ വീട്ടിൽ നിന്നും തന്ന ആഭരങ്ങളിൽ കുറച്ച് ഈ വീട്ടിൽ തന്നെ ഉണ്ടായിരുന്നല്ലോ അമ്മേ..” അത് കേട്ടതും മായ ചാടി എഴുന്നേറ്റ് റൂമിലേക്ക് ഓടി.. അമലമാരയിൽ നിന്ന് ആഭരണ പെട്ടി എടുത്ത് പരിശോധിച്ചപ്പോൾ അതിൽ കുറച്ച് ആഭരണങ്ങൾ കാണാനില്ലായിരുന്നു.
അതൊക്കെ മായയുടെ കല്യാണത്തിന് മനു കൊടുത്ത അഞ്ചനയുടെ ആഭരണങ്ങളാണ്.

“ഏട്ടാ..ഈ കള്ളി എന്റെ ആഭരണങ്ങൾ മോഷ്ടിച്ചു.”

“അനാവശ്യം പറയരുത് മായേ.. അത് എന്റെ അച്ഛനും ഏട്ടനും ചേർന്ന് എനിക്ക് വാങ്ങി തന്ന ആഭരണങ്ങളാണ്. നിന്റെ വിവാഹത്തിന് അത് നിനക്ക് ഇടാൻ തരണമെന്നും കുറച്ചു ദിവസം കഴിഞ്ഞ് തിരികെ തരാമെന്നും നിന്റെ അമ്മയും ഏട്ടനും കൂടെയാ പറഞ്ഞത്. ഇതുവരെ ഞാനത് ചോദിക്കാതിരുന്നത് സ്വർണത്തിനെക്കാളും ബന്ധങ്ങൾക്ക് വിലയുണ്ടെന്ന് വിശ്വസിച്ചതുകൊണ്ടാ..”

“മതിയെടി നിന്റെ പ്രസംഗം.. ഞാൻ പോലീസിനെ വിളിക്കാൻ പോകുവാ.. വെറുതെ ജയിലിൽ പോയി കിടക്കേണ്ടെങ്കിൽ എന്റെ ആഭരണങ്ങൾ തിരികെ തന്നോ..”

“നീ വിളിക്ക് പോലീസിനെ.. എന്നിട്ട് നിന്റെ അമ്മയെയും ഏട്ടനെയും കൊണ്ടുപോകുന്നത് കണ്ണുനിറയെ കണ്ടോ.. രണ്ടുപേർക്കും എതിരെ ഗാർഗിഹ പീ ഡനത്തിന് ഞാനൊരു പരാതി എഴുതി വെച്ചിട്ടുണ്ട്.. പിന്നെ ഈ ആഭരണങ്ങളൊക്കെ എന്റെയാണെന്ന് തെളിയിക്കാൻ എനിക്കെന്റെ വിവാഹ ആൽബവും വീഡിയോയും മാത്രം മതി.” കുഞ്ഞിനേയും എടുത്ത് അവൾ റൂമിലേക്ക് പോകുമ്പോൾ ഒന്നും ചെയ്യാൻ കഴിയാതെ മൂന്നുപേരും പരസ്പരം നോക്കി നിന്നു.

പിറ്റേന്ന് അവളുടെ കടയുടെ ഉൽഘടനത്തിന് മൂന്നുപേരും പോയില്ല.. അവളുടെ വീട്ടുകാർ മാത്രമേ ഉണ്ടായിരുന്നുള്ളു.. രാവിലെ മോളെ സ്കൂളിലാക്കി അവൾ കടയിലേക്ക് പോകും..വൈകുന്നേരം കുഞ്ഞിനേയും കൂട്ടി വീട്ടിലേക്ക് വരും.
ഇടക്ക് പുതിയ മോഡൽ വസ്ത്രങ്ങൾ തയ്ച്ച് ഓരോ ടെക്സ്റ്റയിൽ ഷോപ്പുകളിൽ കയറി ഇടങ്ങി ചെറിയ ചെറിയ ഓഡറുകൾ പിടിച്ചു.. കൂട്ടത്തിൽ തയ്യൽ പഠിപ്പിക്കുന്ന ഒരു യൂട്യൂബ് ചാനലും തുടങ്ങി.

പിന്നീട് അഞ്ചനയുടെ വളർച്ച പെട്ടെന്നായിരുന്നു. മനുവിനെക്കാളും മായയെക്കാളും അവൾ സമ്പാദിച്ചു തുടങ്ങി.

അതോടെ മനുവിന്റെ വീട്ടിൽ അവൾക്ക് വീണ്ടും സ്ഥാനവും കിട്ടി തുടങ്ങി..
എങ്കിലും അനുഭവമൊരു പാഠമായി കണ്ട്എ ല്ലാവരെയും ഒരു കൈ അകലത്തിൽ തന്നെ നിർത്തി അഞ്ജന മുന്നോട്ടു തന്നെ നടന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *