എന്റെ ഷാനേ, നീയീ ഫേസ്ബുക്കിൽ തള്ളുന്ന പോലെയല്ല യഥാർത്ഥ കോഴികൾ. അതിന്റെ ഗൗരവം മനസ്സിലാകണമെന്നുണ്ടേൽ പെൺകുട്ടിയുടെ പേരിൽ…. ..

Story written by Shaan Kabeer

“എന്റെ ഷാനേ, നീയീ ഫേസ്ബുക്കിൽ തള്ളുന്ന പോലെയല്ല യഥാർത്ഥ കോഴികൾ. അതിന്റെ ഗൗരവം മനസ്സിലാകണമെന്നുണ്ടേൽ പെൺകുട്ടിയുടെ പേരിൽ ഒരു എഫ് ബി അക്കൗണ്ട് എടുത്ത് നോക്ക്. അപ്പൊ അറിയാം ഞങ്ങൾ പെണ്ണുങ്ങളുടെയൊക്കെ അവസ്ഥ”

നോർമൽ കോഴി സംഭാഷണത്തിനിടയിലാണ് അവൾ എന്നോട് അങ്ങനെ പറഞ്ഞത്. അവളത് പറഞ്ഞപ്പോൾ എനിക്കും വല്ലാത്തൊരു കൗതുകം, ആ എക്സ്പീരിയൻസ് ഒന്ന് അറിയാൻ. അപ്പോൾ തന്നെ ഞാൻ ഒരു പെൺകുട്ടിയുടെ പേരിൽ ഫേക്ക് ഫേസ്ബുക്ക് അക്കൗണ്ട് ക്രീയേറ്റ് ചെയ്തു. ഗൂഗിളിൽ നിന്നും നല്ലൊരു മൊഞ്ചത്തിയുടെ പിക്കും ഡൌൺലോഡ് ചെയ്ത് പ്രൊഫൈൽ പിക്കായി വെച്ചു.

അക്കൗണ്ട് എടുത്ത് രണ്ട് ദിവസം കഴിഞ്ഞപ്പോൾ ആകെ വന്നത് അറുപതോളം ഫ്രണ്ട് റിക്വസ്റ്റ്. അതെല്ലാം ബംഗാളികളും, അന്യസംസ്ഥാനക്കാരുമാണ്. മെസ്സേജ് ചറപറാ വരുന്നുണ്ട്. മെസ്സേജ് റിക്വസ്റ്റ് നോക്കിയപ്പോൾ അതിലും ഉണ്ട് കുറേ ഗുഡ് മോർണിംഗ് മെസ്സേജും നന്മമര മെസ്സേജുമൊക്കെ.

അങ്ങനെ ഞാൻ ഒന്ന് രണ്ട് ഓൺലൈൻ മാധ്യമങ്ങൾക്ക് താഴെപ്പോയി കമന്റ്‌ ഇട്ടു. പിന്നെ രണ്ട് മൂന്ന് ഗ്രൂപ്പിലും ആഡായി. അതിൽ വരുന്ന പോസ്റ്റുകൾക്ക് മാന്യമായ രീതിയിൽ കമന്റും അയച്ചു. അന്ന് രാത്രി ഞാൻ നേരത്തെ കിടന്നുറങ്ങി.

എന്റെ പൊന്നോ, പിറ്റേ ദിവസം നേരം വെളുത്തപ്പോൾ ഫേസ്ബുക്ക് തുറന്ന് നോക്കിയ ഞാൻ ആയിരം വട്ടം ഞെട്ടി. എഴുന്നൂറിന് മുകളിൽ ഫ്രണ്ട് റിക്വസ്റ്റും അത്രേം തന്നെ മെസ്സേജും.

ഞാൻ ഓരോ മെസ്സേജും തുറന്ന് നോക്കി. ചിലർ സലാം പറയുന്നുണ്ട്. ചിലർ മത പ്രഭാഷണത്തിന്റെ ലിങ്ക് അയച്ചിട്ടുണ്ട്. ചിലർ എന്താ ഉറങ്ങാത്തെ എന്ന് ചോദിച്ച് കെയർ ചെയ്യുന്നുണ്ട്. മറ്റുചിലർ പോ ൺ വീഡിയോസ് കാണാൻ താല്പര്യം ഉണ്ടോ എന്ന് ചോദിച്ച് കുറേ അ ശ്ലീല വീ ഡിയോ സെന്റിയിട്ടിട്ടുണ്ട്. ചിലർ പെങ്ങളേ എന്ന് വിളിച്ച് വാത്സല്യം പ്രകടിപ്പിക്കുന്നുണ്ട്. മറ്റ് ചിലർ ജാടയാണേൽ ബ്ലോക്കീട്ട് പോടോ എന്ന് ആക്ക്രോഷിക്കുന്നുണ്ട്.

ചിലർ നിറുത്താതെ വീഡിയോ കോൾ ചെയ്യുന്നുണ്ട്. കോൾ കട്ടാക്കുമ്പോൾ ഒന്ന് കോളെടുക്ക് ജസ്റ്റ്‌ ഒന്ന് സംസാരിച്ചാൽ മാത്രം മതി എന്ന് പറഞ്ഞ് കെഞ്ചി കാലുപിടിക്കുന്നുണ്ട്. സെ ക്സ് ചാറ്റ് ഇഷ്ടാണോ എന്നാണ് മറ്റ് ചിലർക്ക് അറിയേണ്ടത്.

എന്റെ പൊന്നോ, ഞാൻ അപ്പോൾ തന്നെ ലോഗൗട്ട് ചെയ്ത് ഓടി. പിന്നെ ഞാൻ ആ അക്കൗണ്ട് തുറക്കുന്നത് കഴിഞ്ഞ ആഴ്ച്ചയാണ്. കൃത്യമായി പറഞ്ഞാൽ രണ്ടര മാസത്തിന് ശേഷം. ആയിരത്തിന് മുകളിൽ ഫ്രണ്ട് റിക്വസ്റ്റ് വന്ന് കിടപ്പുണ്ട്, അതിന്റെ ഇരട്ടി മെസ്സേജും.

ഞാൻ ഉടൻ തന്നെ ആ പേര് മാറ്റി ഒരു ആണിന്റെ പേരാക്കി. പ്രൊഫൈലിൽ പോയി മൊത്തം എഡിറ്റ് ചെയ്തു. പ്രൊഫൈൽ പിക് മാറ്റി. ഒന്ന് രണ്ട് ഗ്രൂപ്പിൽ രണ്ട് മൂന്ന് കഥയും പോസ്റ്റി. പക്ഷേ ഈ നിമിഷം വരെ അതിലേക്ക് ഒരു റിക്വസ്റ്റോ മെസ്സേജോ വന്നിട്ടില്ല. വല്ലാത്ത ജാതി കോഴികൾ.

ആ അകൗണ്ടിൽ പോസ്റ്റിയ കഥകൾ വായിച്ച് ഇത് ഷാൻ കബീറാണോ എന്ന് ചോദിച്ച് ചില കിളികൾ മെസ്സേജ് അയച്ചിരുന്നു. ഷാനിക്കയുടെ കഥ കോപ്പി അടിച്ച് പോസ്റ്റാണോ എന്ന് മറ്റ് ചില കിളികൾ. അങ്ങനെ എല്ലാവരോടും ബൈ പറഞ്ഞ് ഞാൻ ആ അക്കൗണ്ട് വീണ്ടും ലോഗൗട്ട് ചെയ്തു.

ഇതിൽ വല്യ ആശ്വാസം എന്താന്ന് വെച്ചാൽ എന്റെ കോഴി കഥകളെ സ്ഥിരമായി വിമർശിച്ചിരുന്ന രണ്ടുപേർ ഞാനെടുത്ത പെൺകുട്ടിയുടെ ഫേക്ക് അക്കൗണ്ടിലേക്ക് സ്ഥിരമായി സലാം പറഞ്ഞ് മെസ്സേജ് അയക്കാറുണ്ടായിരുന്നു എന്നതാണ്. അതിൽ ഒരുത്തൻ ദേഷ്യത്തോടെ ഒരു മെസ്സേജ് അയച്ചിരിക്കുന്നു…

“അനക്കൊന്ന് സലാം മടക്കിക്കൂടെ പെണ്ണേ, മരിച്ച് പോവാനുള്ളതല്ലേ. ഇത്രക്ക് അഹങ്കാരം വേണോ…?”

എങ്ങനെയിരിക്കണ്…

ഞാനൊക്കെ എത്രയോ മാന്യനായ കോഴിയാണെന്ന് ഞാൻ തിരിച്ചറിഞ്ഞത് അപ്പോഴാണ്…

                                       ഷാൻ കബീർ

Related Posts

Leave a Reply

Your email address will not be published. Required fields are marked *