എൺപത്തൊന്ന് വയസ്സായിട്ടും പറയത്തക്ക‌ ആരോഗ്യപ്രശ്നങ്ങൾ ഇല്ലായിരുന്നു. പക്ഷേ വീട്ടുകാ൪ക്ക് മടുത്തു. മരിച്ചു കിട്ടിയാൽ സ്വത്ത് വകകൾ വീതിച്ചെടുക്കാൻ…

പുതിയ വേഷം

എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി

രേഖ ചോദിച്ചു:

ചന്ദ്രേട്ടന് എത്ര വയസ്സായി? എങ്ങനെയാ ഈ പ്രായത്തിൽ ഇങ്ങനെ ഒരു ഐഡിയ തോന്നിയത്?

അയാളുടെ മനസ്സ് പഴയ കാര്യങ്ങൾ ഓരോന്നായി ഓ൪ത്തെടുത്തു..

എൺപത്തൊന്ന് വയസ്സായിട്ടും പറയത്തക്ക‌ ആരോഗ്യപ്രശ്നങ്ങൾ ഇല്ലായിരുന്നു. പക്ഷേ വീട്ടുകാ൪ക്ക് മടുത്തു. മരിച്ചു കിട്ടിയാൽ സ്വത്ത് വകകൾ വീതിച്ചെടുക്കാൻ കാത്തുനിൽക്കുന്നവരുടെ നീണ്ട നിര ചന്ദ്രശേഖരനെ അസ്വസ്ഥതപ്പെടുത്തി.

അയാൾ ഒരു തീരുമാനമെടുത്തു. എല്ലാം പകുത്തുകൊടുക്കുക, പടിയിറങ്ങുക. അങ്ങനെയാണ് വീട്ടുകാരാരും ഇല്ലാതെ ചന്ദ്രശേഖരൻ ഒറ്റയ്ക്ക് താമസം തുടങ്ങിയത്. തറവാട്ടു സ്വത്തുക്കൾ ഭാഗം വെച്ചപ്പോൾ തനിക്ക് കിട്ടിയ അമ്മയുടെ പഴയവീട് ഒഴിഞ്ഞുകിടന്നിരുന്നു. അതുമാത്രം ആ൪ക്കും കൊടുത്തിരുന്നില്ല. വയൽക്കരയിൽ ആയതിനാൽ നല്ല കാറ്റും നല്ല കാഴ്ചയും.

കഴുക്കോൽ ദ്രവിച്ചതെല്ലാം മാറ്റി പുതുക്കി. കുറച്ചു പണികളെല്ലാം ചെയ്തു മനോഹരമായ ഒരു ഹോം സ്റ്റേ ആക്കി. ചന്ദ്രശേഖരൻ ഒന്നാംതരമായി കുക്ക് ചെയ്യും. രണ്ട് പേ൪ക്ക് രണ്ട് ദിവസം താമസിക്കാൻ ആറായിരം രൂപ എന്ന് എഴുതി, കുറച്ചു നല്ല പ്രകൃതിരമണീയമായ ഫോട്ടോസും ചേ൪ത്ത് പരസ്യം ചെയ്തു. സോഷ്യൽ മീഡിയയിൽ വന്ന പരസ്യം കണ്ട് പലരും വരാൻ തുടങ്ങി.

വയലുകളും കടന്ന് നടന്നാൽ പുഴയായതിനാൽ സഞ്ചാരികൾക്ക് അവിടം ഇഷ്ടപ്പെടാൻ തുടങ്ങി. പുഴയിൽ കുളിക്കടവ് ഉണ്ട്. അധികം ആഴമില്ലാത്ത ഭാഗമായതിനാൽ സുരക്ഷിതമായി ഇറങ്ങാം. കുട്ടികളെയും കൂട്ടി വരുന്നവ൪ക്കും ഇഷ്ടപ്പെടും. സൂര്യാസ്തമയം കണ്ടിരിക്കാനും നല്ല രസം. ഗ്രാമീണതയുടെ നല്ലൊരു കഷണം ആരോ മറന്നുവെച്ചതുപോലെ കളങ്കപ്പെടാതെ പരിലസിക്കുന്നു.. വന്നവ൪ വന്നവ൪ പോയി പുതിയ ആളുകളെ പറഞ്ഞയക്കാൻ തുടങ്ങി.

ചന്ദ്രശേഖരന് നല്ല വരുമാനവുമായി. പൂക്കളെയും ചെടികളെയും സ്നേഹിക്കുന്ന ഒരു കൃഷീവലനുണ്ട് കൂട്ടുകാരനായി. അയാളും ഇടയ്ക്ക് വന്ന് വീടിനു മുന്നിൽ പൂന്തോട്ടമൊക്കെ നിലനി൪ത്താൻ കാര്യമായി സഹായിക്കും. വരുമ്പോൾ അയാളുടെ കൃഷിത്തോട്ടത്തിലുണ്ടായ നല്ല പച്ചക്കറികൾ കൊണ്ടുവരും. കുറച്ചു നേരം ചന്ദ്രേട്ടനൊപ്പം പാചകത്തിനും മറ്റും കൂടും. സാലഡും മറ്റും ഉണ്ടാക്കി പിൽവെക്കും. ഭക്ഷണവും കഴിച്ച് പാത്രമൊക്കെ കഴുകാൻ സഹായിച്ചതിനുശേഷം പോവുകയും ചെയ്യും.

ചന്ദ്രശേഖരൻ ചൈനയിൽ കുറച്ചു നാൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ചൈനീസ് വിഭവങ്ങൾ ഉണ്ടാക്കാനും കുറച്ചൊക്കെ അറിയാം. വിനോദയാത്രക്ക് വരുന്ന അതിഥികൾക്ക് ചന്ദ്രശേഖരൻ ഒരു കൌതുകമായിത്തുടങ്ങി. അയാളുടെ നല്ല സംസാരവും പെരുമാറ്റവും മര്യാദയും ന൪മ്മബോധവും ആ ഹോം സ്റ്റേ നമ്പ൪ വൺ ആവാൻ കാരണമായി.

ആരും താമസത്തിനു വരാത്ത ദിവസങ്ങളിൽ ചന്ദ്രശേഖരൻ ടൌണിലൊന്നു കറങ്ങും. ടെറാക്കോട്ടയിൽ തീ൪ത്ത ശില്പങ്ങൾ, നല്ല ഭംഗിയുള്ള ടേബിൾ ലാമ്പ്, ബെഡ്ഷീറ്റുകൾ എന്നിവയൊക്കെ വാങ്ങും. അടുത്തുള്ള വീട്ടിലെ പെൺകുട്ടി വന്ന് അതൊക്കെ ഭംഗിയായി വിരിച്ചിട്ടും അലങ്കരിച്ചും വെക്കും.

വിരുന്നുകാരുള്ള ദിവസങ്ങളിൽ അവളെ അങ്ങോട്ട് കണികാണാൻ കിട്ടില്ല. അപ്പൂപ്പൻ‌ മരിച്ചാൽ ഈ ഹോം സ്റ്റേ താൻ നടത്തിക്കോളാം എന്നാണ് അവളുടെ വാദം.

രേഖ പറഞ്ഞു:

എനിക്കാ കാന്താരിയെ ഒന്നു പരിചയപ്പെടണമല്ലോ.

പക്ഷേ പകൽസമയത്ത് അവൾക്ക് കോളേജിൽ പോകണം. മറ്റു സമയങ്ങളിൽ അവൾക്ക് ട്യൂഷനെടുക്കണം. അഞ്ചുപത്ത് പിള്ളേരുണ്ട്.

ചന്ദ്രേട്ടന് മകളെപ്പോലെയാണ് അവൾ അല്ലേ? ആ വാത്സല്യം കണ്ടാലറിയാം.

ഏയ് എന്റെ പേരക്കിടാവിന്റെ വരെ കല്യാണം കഴിഞ്ഞു.. മകളുടെ മകളാവാനുള്ള പ്രായമേയുള്ളൂ.

എന്നിട്ട്?

എന്നിട്ട്?

അവൾക്ക് കൊടുക്കുമോ ഈ ഹോം സ്റ്റേ?

എന്നെ കിടപ്പിലായാൽ ആരാണോ പരിചരിക്കുന്നത്, അവ൪ക്ക് കൊടുക്കും.

എന്നാൽ എന്റെ ഫോൺ നമ്പ൪ തരാം. വല്ല ആവശ്യവും വന്നാൽ എന്നെ വിളിച്ചോളൂ. രേഖ പകുതി കളിയായും പകുതി കാര്യമായും പറഞ്ഞു.

പുഴയിൽ നീന്തിത്തുടിച്ച് തലതുവ൪ത്തിക്കൊണ്ട് കയറിവന്ന ഉണ്ണി ചോദിച്ചു:

എന്താണ് അപ്പാപ്പനും കൊച്ചുമോളും കൂടെ ഒരു ഗൂഢാലോചന?

ഞാനിവളെ അങ്ങ് കെട്ടിയാലോ എന്ന് ആലോചിക്കുകയാ…

ങേ? !

നിങ്ങളുടെ കല്യാണമൊന്നും കഴിഞ്ഞിട്ടില്ലല്ലോ.. ലിവിങ് ടുഗദ൪ ആണെന്നല്ലേ പറഞ്ഞത്..? സ്ഥിരമായ വരുമാനവുമായില്ല..

ഇവൾക്ക് അവിടെ ചോദിക്കാനും പറയാനും മൂന്ന് ആങ്ങളമാരുണ്ട്. അതും മേജ൪, ക്യാപ്റ്റൻ, പദവിയിലൊക്കെ ജോലി ചെയ്യുന്നവ൪.. അവരെങ്ങാനുമറിഞ്ഞാൽ ചന്ദ്രേട്ടന്റെ കഥ ഒറ്റ വെടിയ്ക്ക് തീരും.

ഹഹഹ മൂന്നുപേരും പൊട്ടിച്ചിരിക്കുന്നതു കണ്ടാണ് സനുഷ അങ്ങോട്ട് കയറിവന്നത്.

എന്താണ്, അപ്പൂപ്പനെ ഈ പ്രാവശ്യം വന്ന അതിഥികൾ വിട്ടുപോകുന്നില്ലല്ലോ…വല്ലാതെ ഇവിടം ഇഷ്ടമായതുപോലെ..

ഈ രേഖ പറയുകയായിരുന്നു, എനിക്ക് വയ്യാതായാൽ അവളെ അറിയിച്ചാൽ മതി,‌ വന്നുനിന്ന് നോക്കിക്കോളാമെന്ന്.

എന്നിട്ട്? ‌അപ്പൂപ്പനെന്തു തീരുമാനിച്ചു?

നിനക്ക് തരാനായിരുന്നല്ലോ എന്റെ തീരുമാനം.. അത് നിന്നോടും കൂടി ആലോചിച്ച്….

ആലോചിച്ച്?

തിരുത്തിയാലോ എന്നൊരാലോചന..

ഹഹഹ

എല്ലാവരും ഒത്തുചിരിച്ചു.

അല്ല, നിന്നെ ആരെങ്കിലും വന്നാൽ ഇങ്ങോട്ടൊന്നും കാണാറില്ലല്ലോ..ഇന്നെന്തുപറ്റി?

ഇന്നു ട്യൂഷനു ആരും വന്നില്ല. കുറച്ചു പേ൪ ടൂ൪ പോയി. മറ്റുള്ളവ൪ക്ക് പരീക്ഷ. ഇനി രണ്ടുദിവസം കഴിഞ്ഞേ അവ൪ വരൂ..

എന്നാൽ ഇവിടെ ഇന്ന് പാട്ടും ഡാൻസും മേളമാക്കാം എല്ലാവ൪ക്കും കൂടി.. നീ വാ, അടുക്കളയിൽ കുറച്ചു പണിയുണ്ട്.

പിന്നേ, തനിയേ ചെയ്താൽമതി. എനിക്കൊരു നൂറുരൂപ കടം ചോദിച്ചാൽ തരാത്ത അറുപിശുക്കനാ… എനിക്ക് വയ്യ സഹായിക്കാൻ…

അങ്ങനെ പറഞ്ഞെങ്കിലും സനുഷ അടുക്കളയിൽ കയറി എല്ലാ സഹായവും ചെയ്തുകൊടുത്തു.

രേഖയും ഉണ്ണിയും അവരുടെ നിഷ്കളങ്കമായ കൂട്ട് കണ്ട് കണ്ണിമക്കാതെ നോക്കി. പരസ്പരം പുഞ്ചിരിച്ചു. രുചിയൂറുന്ന മണം അടുക്കളയിൽ നിന്നും വന്നപ്പോൾ അവരിരുവരും വേഗം തന്നെ ഡൈനിങ്റൂമിലേക്ക് നടന്നു.

ഉണ്ണീ, ഞാനീ അപ്പൂപ്പനെ അങ്ങ് ദത്തെടുത്താലോ?

എന്തേയിപ്പോ അങ്ങനെ തോന്നാൻ?

കേട്ടുകൊണ്ടുവന്ന സനുഷ പറഞ്ഞു:

അപ്പോ എന്റെ കഞ്ഞിയിൽ പാറ്റയിടാൻ തന്നെ തീരുമാനിച്ചു അല്ലേ?

അതല്ല, ഹോം സ്റ്റേ വേണെങ്കിൽ നീയെടുത്തോ.. പക്ഷേ അപ്പൂപ്പനെ എനിക്ക് തന്നേക്ക്…

അതെന്താ? നിന്റെ അമ്മൂമ്മയുടെ പഴയ സുഹൃത്തോ മറ്റോ ആയിരുന്നോ ഇയാൾ? ഉണ്ണി കുസൃതിയോടെ കളിയാക്കി.

രേഖ പറഞ്ഞു:

മുത്തശ്ശനായിരുന്നു എനിക്കെന്നും കൂട്ട്. മമ്മിയും ഡാഡിയും എന്നെ നാട്ടിൽ വിട്ടിട്ട് വിദേശത്ത് ജോലിത്തിരക്കുമായി പോയപ്പോൾ ഞാൻ ഏകാന്തതയറിയാഞ്ഞത് മുത്തശ്ശൻ കൂടെയുള്ളതുകൊണ്ടായിരുന്നു. ഏട്ടന്മാരൊക്കെ ഹോസ്റ്റലിൽ നിന്നു പഠിച്ചപ്പോൾ ഞാനും മുത്തശ്ശനും മാത്രമായിരുന്നു വീട്ടിൽ. അദ്ദേഹം മരിച്ചപ്പോഴാണ് ഞാൻ അനാഥത്വം എന്തെന്നറിഞ്ഞത്. ഇപ്പോഴെന്തോ എനിക്ക് ഈ അപ്പൂപ്പനെ കണ്ടപ്പോൾ തനിച്ചാക്കി പോകാൻ തോന്നുന്നില്ല. ഉണ്ണി പോയി ജോലിയൊക്കെ അന്വേഷിക്കൂ. ഇടയ്ക്ക് സമയം കിട്ടുമ്പോൾ ഇങ്ങോട്ട് വരൂ.

പിറകിൽ നിന്നും ഒരു ഗദ്ഗദം കേട്ടപ്പോൾ എല്ലാവരും ഞെട്ടിത്തിരിഞ്ഞു. ചന്ദ്രശേഖരൻ മിഴികൾ തുടച്ച് ആവിപറക്കുന്ന കപ്പയും മീനും ഡൈനിങ് ടേബിളിൽ കൊണ്ടുവെച്ചു. സനുഷ ചോദിച്ചു:

അപ്പോ, കൊച്ചുമോളാവാൻ ആളുവന്ന സ്ഥിതിയ്ക്ക് ഞാനങ്ങ് പോയ്ക്കോട്ടെ?

മൌനമാ൪ന്നു നിൽക്കുന്ന ചന്ദ്രേട്ടനെ നോക്കി സനുഷ കൊഞ്ഞനം കാട്ടി ഇറങ്ങാൻ നോക്കുമ്പോൾ അയാൾ വിളിച്ചു.

സനൂ…

ഉം, എന്താ?

എനിക്ക് രണ്ടു കൊച്ചുമോളുണ്ടാവുന്നതിൽ നിനക്ക് വിരോധം വല്ലതുമുണ്ടോ?

പടക്കം പൊട്ടുന്നതുപോലെ എല്ലാവരുടെയും ചിരിയുതി൪ന്നു..

Related Posts

Leave a Reply

Your email address will not be published. Required fields are marked *