എൻ്റെ ദേവീ.. നീ കരുതുന്നത് പോലെ നമ്മള് ചെയ്യാൻ പോകുന്നത് വലിയ അപരാധമൊന്നുമല്ല, മക്കളെക്കുറിച്ച് നീ ആശങ്കപ്പെടേണ്ട കാര്യവുമില്ല…..

Story written by Saji Thaiparambu

“ദേവീ.. കുറച്ച് ദിവസമായി, എൻ്റെ ഉള്ളിലൊരു പൂതി തോന്നിത്തുടങ്ങീട്ട് ,അത് നിന്നോടെങ്ങനെ പറയുമെന്ന ശങ്കയിലാണ് ഞാൻ”

കട്ടിലിൻ്റെ ഓരത്ത് വന്നിട്ട്,നിലത്ത് തഴപ്പായയിൽ നിദ്രയെ പ്രതീക്ഷിച്ച് കിടക്കുന്ന ,തൻ്റെ ഭാര്യയോട് മാധവൻ പറഞ്ഞു.

“ഉം എന്തേ .. പുതിയൊരു പൂതി ,എന്താണെങ്കിലും എന്നോട് തുറന്ന് പറ”

“അല്ലാ ,നമ്മുടെ രണ്ട് പെൺമക്കളുടെയും വിവാഹം കഴിഞ്ഞു , കുടുംബവും കുട്ടികളുമായി സ്വന്തം ജീവിതം നോക്കി ,അവര് അവരുടെ പാട്ടിന് പോയി, ഇടയ്ക്ക് വല്ലപ്പോഴും, വിഷുവിനും ഓണത്തിനും വന്ന് ,രണ്ട് ദിവസം നിന്നിട്ട് പോകുമെന്നല്ലാതെ, ഈ വയസ്സാം കാലത്ത് ,നമ്മുടെയൊപ്പം നില്ക്കണമെന്ന് അവർക്ക് രണ്ട് പേർക്കും തോന്നിയില്ലല്ലോ ..”

“അത് പിന്നെ ,അങ്ങനെയല്ലേ വരൂ, പെൺകുട്ടികളെ കെട്ടിച്ചയച്ചാൽ, അവര് ഭർത്താവിൻ്റെ വീട്ടിലല്ലേ നില്ക്കേണ്ടത് ,മക്കളാണെന്നും പറഞ്ഞ് ,എന്നും നമ്മളോടൊപ്പം നില്ക്കണമെന്ന് വാശി പിടിക്കാൻ പറ്റുമോ ?

“അത് നീ പറഞ്ഞത് ശരിയാ ,നമുക്കൊരു മകനില്ലാതെ പോയതിൻ്റെ കുറവ് ഇപ്പോഴാ മനസ്സിലാകുന്നതല്ലേ?

“ഉം, രണ്ട് കുട്ടികളായപ്പോൾ നിങ്ങള് തന്നെയല്ലേ പറഞ്ഞത്, നാം രണ്ട് നമുക്ക് രണ്ട് എന്നാണ്,ഇക്കാലത്ത് എല്ലാവരും നോക്കുന്നത്, അത് കൊണ്ട് പ്രസവം നിർത്തിക്കോളാൻ”

“പക്ഷേ ,അതിപ്പോൾ തെറ്റായി പോയി എന്ന് തോന്നുന്നു”

“ഇനിയിപ്പോ, എന്ത് പറഞ്ഞിട്ടും കാര്യമില്ലല്ലോ”

ദേവി ,നിരാശയോടെ പറഞ്ഞു.

“എന്നാര് പറഞ്ഞു ,ഇക്കാലത്ത് നമ്മളാഗ്രഹിക്കുന്നതെന്തും നടക്കും, ശാസ്ത്രം അത്രയും വളർന്നിരിക്കുന്നു”

“എന്ത് നടക്കുമെന്ന്, നിങ്ങളെന്താ മാധവേട്ടാ.. പറഞ്ഞ് വരുന്നത്”

“ദേവീ.. നിനക്കിനിയും ആ ർത്തവം നിലച്ചിട്ടൊന്നുമില്ലല്ലോ, ഇനിയുമൊരങ്കത്തിനുള്ള ബാല്യം എനിക്കുമുണ്ട്, നാളെത്തന്നെ നമുക്കൊരു ഗൈനക്കോളജിസ്റ്റിനെ കാണാം, ഇക്കാലത്ത് പ്രസവം നിർത്തിയവർക്ക്, വീണ്ടും പ്രസവിക്കാനുള്ള ചികിത്സകളൊക്കെയുണ്ട്”

“അയ്യേ .. മാധവേട്ടാ നിങ്ങളെന്ത് ഭ്രാന്തൊക്കെയാണീ വിളിച്ച് പറയുന്നത് ,മക്കളെങ്ങാനുമിതറിഞ്ഞാൽ, ഛെ! കേട്ടിട്ട് തന്നെ എൻ്റെ തൊലിയുരിഞ്ഞ് പോകുന്നു”

“എൻ്റെ ദേവീ… നീ കരുതുന്നത് പോലെ, നമ്മള് ചെയ്യാൻ പോകുന്നത് വലിയ അപരാധമൊന്നുമല്ല, മക്കളെക്കുറിച്ച് നീ ആശങ്കപ്പെടേണ്ട കാര്യവുമില്ല ,അവർ നിന്നെപ്പോലെ വിവരമില്ലാത്തവരല്ല ,നല്ല ലോക പരിചയവും വിദ്യാഭ്യാസ വുമുള്ളവരാണ് ,നമ്മുടെ ഒറ്റപ്പെടൽ, അവർക്ക് മനസ്സിലാകും, ഇതറിയുമ്പോൾ അവര് നമ്മളെ പ്രോത്സാഹിപ്പിക്കുകയേയുള്ളു”

“എന്നാലും , നമുക്കൊന്ന് കൂടി ആലോചിച്ചിട്ട് പോരെ മാധവേട്ടാ..”

“ഇനിയൊന്നുമാലോചിക്കാനില്ല , നാളെത്തന്നെ നമ്മൾ ഡോക്ടറെ കാണാൻ പോകുന്നു ,സക്സസാകുമെന്ന് ,ഡോക്ടർ ഉറപ്പ് പറഞ്ഞാൽ നമുക്ക് ചികിത്സ തുടങ്ങാം “

“അപ്പോൾ മക്കളോടിപ്പോൾ പറയണ്ടേ?

“ഇപ്പോൾ വേണ്ട ,നീ വീണ്ടും ഒരു കുഞ്ഞിൻ്റെ അമ്മയാകാൻ പോകുന്നു എന്ന് ഉറപ്പായതിന് ശേഷം, ഒരു സർപ്രൈസായിട്ട് നമുക്ക് മക്കളോട് പറയാം”

“ഉം ശരി ,എല്ലാം മാധവേട്ടൻ്റെ ഇഷ്ടം, അല്ലേലും പണ്ട് മുതലേ, എല്ലാം മാധവേട്ടൻ തന്നെയല്ലേ തീരുമാനിക്കുന്നത് ,എനിക്കത് അനുസരിച്ചല്ലേ ശീലമുള്ളു”

ഭാര്യയുടെ പിന്തുണ കിട്ടിയപ്പോൾ ഒരു പാട് ദിവസങ്ങൾക്ക് ശേഷം, അയാൾ,സമാധാനമായി കിടന്നുറങ്ങി .

പിറ്റേന്ന് തന്നെ അവർ നഗരത്തിലെ പ്രമുഖ ഗൈനക് ഡോക്ടറെ കണ്ട് കാര്യം പറഞ്ഞു.

അതിശയത്തോടെയാണ് ,ഡോക്ടർ അവരുടെ ആഗ്രഹം കേട്ടത്.

ഒടുവിൽ സന്തോഷത്തോടെ അവരുടെ ആവശ്യം അംഗീകരിക്കുകയും ,ദേവിയെ പരിശോധിച്ചതിന് ശേഷം, ഒരു മൈനർ ഓപറേഷന് വേണ്ടി, പിറ്റേന്ന് ഹോസ്പിറ്റലിലേക്ക് ചെല്ലണമെന്നും, പറഞ്ഞാണ് ഡോക്ടർ അവരെ യാത്രയാക്കിയത്.

“ഹോസ്പിറ്റലിലൊക്കെ പോയി കിടന്നാൽ എല്ലാവരുമറിയില്ലേ മാധവേട്ടാ …”

“അതിന് നമ്മള് പോകുന്നത് എറണാകുളത്തുള്ള ഹോസ്പിറ്റലിലാ ,അയൽക്കാരോട് മോളുടെ വീട്ടിൽ പോകുവാണെന്ന് പറഞ്ഞാൽ മതി, രണ്ട് ദിവസം കഴിഞ്ഞ് നമുക്ക് തിരികെ വരാൻ പറ്റുമെന്നാ ഡോക്ടർ പഞ്ഞത്”

മാധവൻ്റെ ഉത്സാഹം കണ്ടപ്പോൾ, ശ്രീദേവിക്ക് മറുത്തൊന്നും പറയാനും കഴിയില്ലായിരുന്നു.

ദിവസങ്ങളും ,മാസങ്ങളും കടന്ന് പോയി, വേനലവധിക്ക് സ്കൂളടച്ചപ്പോൾ, മാധവൻ്റെയും ശ്രീദേവിയുടെയും പെൺമക്കൾ, കുടുംബസമേതം തറവാട്ടിലേക്ക് അവധിയാഘോഷിക്കാൻ വന്നു.

ഒരുപാട് കാലത്തിന് ശേഷമാണ് മാധവനുo, ശ്രീദേവിയും മക്കളോടും ചെറുമക്കളോടുമൊപ്പമിരുന്ന് ഊണ് കഴിക്കുന്നത്.

പിന്നീട് ഇരുന്ന് കൊള്ളാമെന്ന് പറഞ്ഞ അമ്മയെ, പെൺമക്കൾ രണ്ട് പേരും നിർബന്ധിച്ചാണ്, തങ്ങളോടൊപ്പം കഴിക്കാൻ പിടിച്ചിരുത്തിയത്.

പരിപ്പൊഴിച്ച് ആദ്യത്തെ ഉരുള ,വായിൽ വച്ചപ്പോഴെ ശ്രീദേവിക്ക് മനംപുരട്ടി തുടങ്ങി, രണ്ടാമത്തെ ഉരുള ഉരുട്ടുമ്പോൾ താൻ ഛർദ്ദിക്കുമെന്ന് ഉറപ്പായപ്പോൾ അവർ വായും പൊത്തിപ്പിടിച്ച് അടുക്കളയിലേക്കോടി.

അപ്രതീക്ഷിതമായ അമ്മയുടെ പെരുമാറ്റം കണ്ട് പകച്ച് പോയ പെൺമക്കൾ, അവരുടെ പുറകെ ചെന്ന് നോക്കുമ്പോൾ കണ്ടത് ,പിന്നാമ്പുറത്തെ മുരിങ്ങയിൽ പിടിച്ച് കൊണ്ട് ഓക്കാനിക്കുന്ന, ശ്രീദേവിയെയാണ്.

“എന്താ അമ്മേ എന്ത് പറ്റി”

മൂത്ത മകൾ ചോദിച്ചു.

“അതെങ്ങനാ രാവിലെ മുതൽ ജലപാനം പോലുമില്ലാതെ അടുക്കളയിൽ കിടന്ന് കഷ്ടപ്പെടുവല്ലായിരുന്നൊ?വെറും വയറ്റിൽ ഗ്യാസ് കയറി നിറഞ്ഞിട്ടുണ്ടാവും”

ഇളയ മകൾ അഭിപ്രായപ്പെട്ടു.

“ഇത് അതിൻ്റെയൊന്നുമല്ല മക്കളെ”

മക്കളുടെ മുഖത്തേയ്ക്ക് നോക്കാതെ ശ്രീദേവി പറഞ്ഞു.

“പിന്നെന്തിൻ്റെയാ..”

പെൺമക്കൾ ജിജ്ഞാസയോടെ ഒരേ സ്വരത്തിൽ ചോദിച്ചു.

“അമ്മയ്ക്ക് കുളി തെറ്റിയിട്ടപ്പോൾ ഒരാഴ്ചയായി”

“ങ്ഹേ, അതിന്…. അമ്മയെന്താ ഈ പറഞ്ഞ് വരുന്നത് ,ഞങ്ങൾക്കൊന്നും മനസ്സിലാകുന്നില്ല”

“മനസ്സിലാകാതിരിക്കണ്ട കാര്യമൊന്നുമില്ലല്ലോ? നിങ്ങൾ രണ്ട് പേർക്കും , കല്യാണം കഴിഞ്ഞ് കുളി തെറ്റിയത്, എപ്പോഴാണന്ന് ഒന്ന് ചിന്തിച്ച് നോക്കിയാൽ മതി”

ലജ്ജയോടെ ശ്രീദേവി മക്കളുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചു.

“അമ്മേ …”

രണ്ട് പേരുടെയും ശബ്ദം ഒരു പോലെ ഉയർന്നു.

“സത്യമാണോ അമ്മേ ഈ പറയുന്നത്, അമ്മ ഗർഭിണിയാണോ ?ഇതെങ്ങനെ സംഭവിച്ചു, ഞങ്ങൾക്കൊന്നും മനസ്സിലാകുന്നില്ല”

ശ്രീദേവി ,രണ്ട് മക്കളോടും സംഭവിച്ച കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞു .

“മതിയമ്മേ …ഇനി ഞങ്ങൾക്ക് ഒന്നും കേൾക്കണ്ട ,നിങ്ങൾ രണ്ട് പേരും ഞങ്ങളെക്കുറിച്ച് ചിന്തിച്ചോ? ഇതറിയുമ്പോൾ ഞങ്ങളുടെ ഭർത്താക്കന്മാരുടെ പ്രതികരണത്തെക്കുറിച്ച് നിങ്ങൾ ചിന്തിച്ചോ ? ഭർത്താവിൻ്റെ വീട്ടുകാരറിയുമ്പോൾ ഞങ്ങൾക്കുണ്ടാകാൻ പോകുന്ന അപമാനത്തെക്കുറിച്ച് നിങ്ങൾ ചിന്തിച്ചോ?

“മക്കളെ.. നിങ്ങളിങ്ങനെ കുറ്റപ്പെടുത്താനും മാത്രം, ഈ അച്ഛനും അമ്മയും എന്ത് തെറ്റാണ് ചെയ്തത്”

മക്കളുടെ മുന്നിൽ നിന്നുരുകുന്ന ശ്രീദേവിക്ക് പിന്തുണയുമായി, മാധവൻ അങ്ങോട്ട് വന്നു.

“അച്ഛാ.. അച്ഛനും കൂടി ബുദ്ധിയില്ലാതെ പോയോ? ഞങ്ങൾ ഇപ്പോൾ സന്തോഷത്തിലും സമാധാനത്തിലുമാണ് കുടുംബ ജീവിതം നയിക്കുന്നത് ,നിങ്ങളായിട്ടത് ഇല്ലാതാക്കരുത് ,ഞങ്ങളോട് അല്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ, നാളെ തന്നെ ഡോക്ടറെ കണ്ട് അ ബോർഷൻ ചെയ്യണം ,ഇല്ലെങ്കിൽ ഈ നിമിഷം ഞങ്ങളീ വീട്ടിൽ നിന്നിറങ്ങും ,പിന്നെയൊരിക്കലും ഞങ്ങളിങ്ങോട്ട് വരില്ല”

“വേണ്ട മോളേ.. നിങ്ങൾ പോകണ്ട ,അച്ഛൻ നാളെത്തന്നെ അമ്മയുമായി ഡോക്ടറെ പോയി കാണാം ,എൻ്റെ മക്കള് അച്ഛനെ സപ്പോർട്ട് ചെയ്യുമെന്നാണ് കരുതിയത് ,നിങ്ങൾക്കിഷ്ടമില്ലെങ്കിൽ വേണ്ട ,എല്ലാ അച്ഛനമ്മമാരെയും പോലെ ഞങ്ങൾക്കും വലുത്, നിങ്ങളുടെ സന്തോഷകരമായ ജീവിതമാണ്, അല്ലെങ്കിലും ഈ വയസ്സ് കാലത്ത് വേണ്ടാത്തതൊക്കെ ആഗ്രഹിച്ച ഞങ്ങളാണ് തെറ്റുകാര്”

മാധവൻ മക്കളോട് മാപ്പ് പറഞ്ഞു.

“ഇല്ല മാധവേട്ടാ… മക്കളോടെല്ലാവരോടും മാതാപിതാക്കൾ തുല്യനീതി പുലർത്തണമെന്ന്, അങ്ങ് തന്നെയല്ലേ എന്നോട് പറഞ്ഞിട്ടുള്ളത് ,എന്നിട്ട് മൂത്ത മക്കൾക്ക് വേണ്ടി, അങ്ങ് , ഇളയ കുട്ടിയെ കു രുതി കൊടുക്കാനൊരുങ്ങുവാണോ ഇവരെപ്പോലെ തന്നെ പ്രിയപ്പെട്ടതാണ്, എനിക്ക് എൻ്റെ ഉദരത്തിൽ വളരുന്ന കുഞ്ഞും ,അതും മാധവേട്ടൻ്റെ തന്നെ ചോരയല്ലേ?എന്നിട്ട് അതിനെ ഇല്ലാതാക്കിയിട്ട് നമുക്ക് സ്വസ്ഥമായി ജീവിക്കാൻ പറ്റുമോ ?എന്നും മാധവേട്ടൻ പറഞ്ഞത് ഞാൻ അനുസരിച്ചിട്ടേയുള്ളു ,പക്ഷേ ഇത് എനിക്ക് കഴിയില്ല മാധവേട്ടാ …ആരൊക്കെ എതിർത്താലും ഈ കുഞ്ഞിനെ ഞാൻ പ്രസവിക്കും, ഒരു പക്ഷെ, ആണായാലും പെണ്ണായാലും, ഇനിയുള്ള കാലം നമ്മളോടൊപ്പമുണ്ടാകുന്നത്, ജനിക്കാൻ പോകുന്ന ഈ കുഞ്ഞാണെങ്കിലോ ? കൊ ല്ലണ്ട മാധവേട്ടാ .. എനിക്ക് വേണം മാധവേട്ടാ .. എൻ്റെ കുഞ്ഞിനെ എനിക്ക് വേണം മാധവേട്ടാ…”

സമചിത്തത നഷ്ടപ്പെട്ടവളെപ്പോലെ, ശ്രീദേവി മാധവൻ്റെ നെഞ്ചിലേക്ക് കുഴഞ്ഞ് വീണു .

NB :- ഓരോ കുഞ്ഞിനെയും ഉദരത്തിൽ പേറുമ്പോൾ മുതൽ, കാവലായ് അമ്മയെന്ന ദൈവം ഉണർന്നിരിക്കും ,പിന്നീടെത്ര കുഞ്ഞുങ്ങളെ പെറ്റ് കൂട്ടിയാലും, അവർക്കെല്ലാം പകർന്ന് നല്കാനുള്ള സ്നേഹാമൃതം ആ മാ റിടം ചുരത്തിണ്ടിരിക്കും. ഉറവ വറ്റാത്ത സ്നേഹത്തിൻ്റെ ആഴക്കടലായ അമ്മയ്ക്ക്, ഞാനീ കഥ സമർപ്പിക്കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *