ഏട്ടൻ എന്നോട് ക്ഷമിക്കണം. ഏട്ടനെ വഞ്ചിക്കണം എന്നൊന്നും ഞാൻ വിചാരിച്ചിട്ടില്ല…..

പ്രായശ്ചിത്തo

Story written by Suja Anup

“മീനു എന്താ പറ്റിയത്. എഴുന്നേൽക്കൂ.”

ഞാൻ ആകെ പേടിച്ചു പോയിരുന്നൂ. ആദ്യരാത്രിയിൽ ഒത്തിരി പ്രതീക്ഷയോടെയാണ് കടന്നു ചെന്നത്. ഒരു ലോകം കീഴടക്കിയ സന്തോഷമായിരുന്നൂ മനസ്സിൽ.

സംസാരിച്ചിരിക്കുന്നതിനിടയിൽ പെട്ടെന്ന് അവൾ തല കറങ്ങി വീഴുകയായിരുന്നൂ. എന്താ പറ്റിയത് എന്നറിയില്ല. ആകെ വെപ്രാളമായി.

കുറച്ചു വെള്ളം തളിച്ചു കൊടുത്തൂ. അവൾ പതിയെ കണ്ണുകൾ തുറന്നൂ. അവൾ എന്നെ തളർച്ചയുടെ നോക്കി.

ഞാൻ അവളോട്‌ ഉറങ്ങികൊള്ളുവാൻ പറഞ്ഞു. പക്ഷേ അവൾ എന്നെ തടഞ്ഞു.

“ഇല്ല, എനിക്ക് സംസാരിക്കണം.”

അവൾ എന്താണ് പറയുവാൻ പോകുന്നത് എന്ന് എനിക്കറിയില്ല. എങ്കിലും മനസ്സിൽ അറിയാതെ വല്ലാത്തൊരു ഭയം നിറഞ്ഞു.

“ഏട്ടൻ എന്നോട് ക്ഷമിക്കണം. ഏട്ടനെ വഞ്ചിക്കണം എന്നൊന്നും ഞാൻ വിചാരിച്ചിട്ടില്ല. പക്ഷേ എനിക്ക് വേറെ വഴിയുണ്ടായിരുന്നില്ല. എൻ്റെ കുടുംബത്തിൻ്റെ അഭിമാനം കാക്കുവാൻ എനിക്ക് ഈ മാർഗ്ഗമേ അറിയുമായിരുന്നുള്ളൂ. ഞാൻ ഗർഭിണിയാണ്. ഈ കുഞ്ഞിൻ്റെ അച്ഛൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല. എൻ്റെ മനു കഴിഞ്ഞ മാസം ഒരപകടത്തിൽ മരിച്ചു പോയി. അവൻ എന്നെ ചതിച്ചതല്ല. ഞങ്ങൾ ഒന്നിച്ചു ജീവിക്കുവാൻ തീരുമാനിച്ചവർ ആയിരുന്നൂ. വീട്ടുകാർക്കും അത് സമ്മതം ആയിരുന്നൂ. വിധി ഞങ്ങളെ വേർപിരിച്ചൂ.”

ഞാൻ എന്തെങ്കിലും പറയും മുൻപേ അവൾ തുടർന്നൂ.

“പിന്നെ പണക്കാരിയായ എന്നെ വീട്ടുകാർ ഒന്നും നോക്കാതെ നിങ്ങൾക്ക് വിവാഹം കഴിച്ചു തന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ. എന്നെ വേണമെങ്കിൽ തിരികെ കൊണ്ടുചെന്നാക്കാം. എനിക്കൊരു കുഴപ്പവും ഇല്ല. ഇനി ഏട്ടൻ തീരുമാനിക്കൂ.”

ഞാൻ ഒന്നും മിണ്ടിയില്ല. അലമാരയിൽ നിന്നും കുപ്പി എടുത്തു അടിച്ചു, ബോധം പോകുവോളം. എപ്പോഴോ കിടന്നുറങ്ങി.

പിറ്റേന്ന് എഴുന്നേൽക്കുവാൻ ഒത്തിരി വൈകി. തല വേദനിക്കുന്നുണ്ടായിരുന്നൂ. നോക്കുമ്പോൾ അവളെ കാണുവാനില്ല. ആ ശവത്തിനെ ചവുട്ടി കൊല്ലണം എന്നുണ്ടായിരുന്നൂ. പക്ഷേ സാധിക്കില്ല. അതിനുള്ള ധൈര്യമൊന്നും എനിക്കില്ല.

പെട്ടെന്ന് അവൾ മുറിയിലേക്ക് കയറി വന്നൂ.

“ഓ, ഏട്ടൻ എഴുന്നേറ്റോ. ചായ എടുത്തു വയ്ക്കാം. കുളിച്ചിട്ടു വന്നു കഴിക്കൂ..”

ഒന്നും സംഭവിക്കാത്തത് പോലെ അവൾ സംസാരിക്കുന്നൂ. അവൾക്കു നന്നായിട്ടറിയാം, ഞാൻ അവളെ ഒന്നും ചെയ്യില്ലെന്ന്. അതിൻ്റെ ധൈര്യം.

“ദേ, പിന്നെ ഒരു കാര്യം. ഇന്നലത്തെ പോലെയുള്ള വെള്ളമടിക്കലൊന്നും പറ്റില്ല. നല്ല കുട്ടിയായി ഇരിക്കണം. നാളെ മുതൽ അച്ഛൻ്റെ കമ്പനിയിൽ ജോലിക്ക് കയറി കൊള്ളണം. അത് നോക്കി നടത്തുവാൻ വേറെ ആരുമില്ല എന്ന് അറിയാമല്ലോ അല്ലെ.”

ഞാൻ ഒന്നും പറഞ്ഞില്ല.

എനിക്കറിയാം ഇതെല്ലാം ഞാൻ അനുഭവിക്കണം. അമ്മയുടെ ശാപം അതങ്ങനെ തലയ്ക്കു മുകളിൽ നിൽക്കുന്നുണ്ടല്ലോ..

*********************

എനിക്ക് പതിമൂന്നു വയസ്സ് ഉള്ളപ്പോഴാണ് അനിയൻ ജനിക്കുന്നത്. അവനെ എന്തോ എനിക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല. അവൻ എന്ത് ചെയ്തിട്ടാണ് എന്നറിയില്ല, അവനെ കാണുന്നതേ എനിക്ക് ദേഷ്യം വരുമായിരുന്നൂ. എനിക്കുള്ളതെല്ലാം തട്ടിപറിക്കുവാൻ വന്നിരിക്കുന്നവൻ എന്ന ചിന്ത മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. ബന്ധുക്കൾ കൂടെ പലതും പറഞ്ഞപ്പോൾ ആ ദേഷ്യം അങ്ങു കൂടി.

“അമ്മയ്ക്കും അച്ഛനും ഇനി അവനെ മതി അത്രേ..”

ഒറ്റകുഞ്ഞായതിനാൽ അച്ഛനും അമ്മയും ഒത്തിരി കൊഞ്ചിച്ചിരുന്നൂ. എല്ലാ വാശിയും അവർ സാധിച്ചു തന്നിരുന്നൂ.

വെറുപ്പ് പതിയെ അമ്മയിലേക്കും നീണ്ടു, അമ്മ കാരണമല്ലേ അവൻ വന്നത്. അമ്മ അവനെ ഒത്തിരി ലാളിക്കുന്നൂ എന്നെനിക്കു തോന്നി. എൻ്റെ എല്ലാം അവൻ പിടിച്ചു വാങ്ങുന്ന പോലെ.

അപ്പോൾ മനസ്സിൽ തോന്നി.

അച്ഛൻ അവനെ ഒരിക്കലും സ്നേഹിക്കരുത്. ആ സ്നേഹം എനിക്ക് മതി.

അച്ഛൻ്റെ മനസ്സിൽ ഒരു കരട് ഉണ്ടെന്നു എപ്പോഴൊക്കെയോ എനിക്ക് തോന്നിയിരുന്നൂ.

വയസ്സാം കാലത്തു ഉണ്ടായ മകൻ തൻ്റെ ആണോ അതോ അമ്മയുടെ മുറച്ചെറുക്കൻ്റെ ആണോ എന്നുള്ള സംശയം.

അവർ ഒരിക്കൽ വിവാഹം കഴിക്കുവാൻ ആഗ്രഹിച്ചിരുന്നത്രെ. ജാതകം ചേർന്നില്ല പോലും. അതുകൊണ്ടു ആ വിവാഹം അമ്മ ഉപേക്ഷിച്ചൂ. ഇപ്പോഴും അയാൾ വിവാഹം കഴിച്ചിട്ടില്ല. സന്യാസിയായി കറങ്ങി നടപ്പാണ്. ഇടയ്ക്കു എന്നെ കാണുവാൻ വരും. ഞാൻ മകനെ പോലെയാണത്രെ.

ഏതായാലും കിട്ടിയ അവസരം ഉപയോഗിക്കുവാൻ ഞാൻ ആഗ്രഹിച്ചൂ. അച്ഛനൊപ്പം അന്ന് പുറത്തു പോയപ്പോൾ ഞാൻ പറഞ്ഞു.

“അച്ഛാ, അമ്മ ശരിയല്ല. അമ്മാവൻ വീട്ടിൽ വരുന്നത് എനിക്കിഷ്ടമല്ല.”

എങ്ങനെയോ അത് പറഞ്ഞൊപ്പിച്ചൂ.

അത്രയും മതിയായിരുന്നൂ, അച്ഛൻ്റെ മനസ്സിലെ തീ ആളിക്കത്തുവാൻ.

പിന്നീടെപ്പോഴും അമ്മയെ അച്ഛൻ സംശയത്തിൻ്റെ നിഴലിൽ മാത്രമേ കണ്ടിട്ടുള്ളൂ. അച്ഛൻ എന്നെ കൂടുതൽ സ്നേഹിച്ചൂ, അനിയനെ പതിയെ മാറ്റി നിർത്തി. അത് എനിക്ക് ധാരാളം ആയിരുന്നൂ.

അമ്മയ്ക്ക് പക്ഷേ അത് സഹിക്കുവാൻ ആയില്ല.

ഒരിക്കൽ അമ്മ അച്ഛനോട് ചോദിച്ചൂ.

“എന്തേ കുഞ്ഞിനോട് സ്നേഹം കാണിക്കുന്നില്ല നിങ്ങൾ. അവൻ നിങ്ങളുടെ മകൻ അല്ലെ.”

“അങ്ങനെ ഉറപ്പിച്ചു പറയുവാൻ നിനക്കാവുമോ”

അമ്മ അച്ഛനെ അത്ഭുതത്തോടെ നോക്കി. ആ മറുപടി അമ്മ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

“നിങ്ങൾ എന്താ ഈ പറയുന്നത്..”

“നീ നിൻ്റെ മൂത്തമകനോട് ചോദിക്കൂ. അവൻ പലതും കണ്ടിട്ടുണ്ട്.”

“അവൻ പറയുന്നതാണോ നിങ്ങൾക്ക് വലുത്. അവന് ആ കുഞ്ഞിനെ ഇഷ്ടമല്ല. അത് പ്രായത്തിൻ്റെ ആണ്. അവൻ പറയുന്നത് നിങ്ങൾ എങ്ങനെ വിശ്വസിച്ചൂ.”

അച്ഛൻ ഒന്നും പറഞ്ഞില്ല. അമ്മ എല്ലാം കേട്ട് നിന്നിരുന്ന എന്നോട് ചോദിച്ചൂ.

“നീ എന്താടാ കണ്ടത്. പറ”

എൻ്റെ തെറ്റ്, ഞാൻ സമ്മതിച്ചില്ല. എൻ്റെ ഭാഗം ജയിക്കുവാൻ ഞാൻ നുണ പറഞ്ഞു.

അന്ന് അമ്മ എന്നോട് പറഞ്ഞു

“നിന്നെ എനിക്ക് മനസ്സിലാകും. പക്ഷേ നീ പറഞ്ഞ വാക്കുകൾ ഞാൻ മറക്കില്ല. ഒരിക്കൽ നീയും മനസ്സിലാക്കും ഞാൻ അനുഭവിച്ച വേദന. കുഞ്ഞാണെന്നു കരുതി ഞാൻ ഇതു മാത്രം ക്ഷമിക്കില്ല.”

അപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നൂ.

*********************

ഇപ്പോൾ എനിക്ക് മനസ്സിലാകുന്നുണ്ട്. എല്ലാം എൻ്റെ തെറ്റാണ്.

വലുതായപ്പോൾ എങ്കിലും ഞാൻ അച്ഛനോടും അമ്മയോടും മാപ്പു ചോദിക്കണമായിരുന്നൂ. അനിയൻ എത്ര വിഷമിച്ചു കാണും ഇത്രയും കാലം. അതെല്ലാം മനസ്സിലാക്കുവാൻ ഞാൻ ഒരു വിവാഹം കഴിക്കേണ്ടി വന്നൂ.

എന്നും വീട്ടിൽ ഞാൻ ഒരു റിബൽ ആയിരുന്നൂ. അമ്മ ഒരിക്കലും എന്നെ തള്ളി കളഞ്ഞില്ല. എന്നെ പഠിപ്പിച്ചൂ , ഒട്ടും നീരസം കാണിക്കാതെ വളർത്തി വലുതാക്കി.

ഈ ആലോചന വന്നപ്പോൾ അമ്മ പറഞ്ഞു

“വേണ്ട മോനെ, അത്ര വലിയ കുടുംബത്തിൽ നിന്നുള്ള ഒരു ബന്ധം നമുക്ക് വേണ്ട. നമുക്ക് ഒന്ന് നന്നായി ആലോചിക്കാം.”

അത് ഞാൻ ചെവികൊണ്ടില്ല. എനിക്ക് നല്ല കാലം വരുന്നതിലുള്ള അസൂയ. അനിയനെയും മുകളിൽ ഞാൻ പോകരുതല്ലോ. അങ്ങനെ മാത്രമേ ഞാൻ അത് കണ്ടുള്ളൂ.

***********************

പതിയെ അമ്മയുടെ മുറിയിലേക്ക് ചെന്നൂ. ആ കാലിൽ വീണു.

“അമ്മയും അച്ഛനും എന്നോട് ക്ഷമിക്കണം. പഴയതൊന്നും മനസ്സിൽ വക്കരുത്. എൻ്റെ അമ്മ ചീത്തയല്ല. ഇനി ഞാൻ ഒരിക്കലൂം പഴയ പോലെ ജീവിക്കില്ല.”

എനിക്കെന്തു പറ്റി എന്നറിയാതെ അവർ പരസ്പരം നോക്കി. അപ്പോൾ അച്ഛൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നൂ. എൻ്റെയും.

അവിടെ നിന്നിറങ്ങുമ്പോൾ മനസ്സിൽ ഒന്നുറപ്പിച്ചിരുന്നൂ. ഒരിക്കലും ഞാൻ അവളെ തള്ളിക്കളയില്ല. ഇതു എൻ്റെ പ്രായശ്ചിത്തമാണ്. ചെയ്തത് തിരുത്തുവാൻ എനിക്ക് ആകില്ല. പക്ഷേ അവളെ ഞാൻ സ്നേഹിക്കും. ആ കുഞ്ഞിനേയും.

ഈ സത്യം ആരും അറിയേണ്ട. അവൻ എൻ്റെ മകനായി വളരട്ടെ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *