ഏതോ നല്ല വീട്ടിലെ പെണ്ണുമ്പുള്ളയാ ..അവളുടെ കയ്യിലും കഴുത്തിലുമൊക്കെ കൊറെ സ്വർണമുണ്ടായിരുന്നു ..അതൊക്കെ കണ്ടാകും അവൻ അവളെ…….

ശിവനും റോസിയും 2

Story written by Sebin Boss J

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

” ചേച്ചീ … വാഴച്ചുണ്ട് മൂന്നാലെണ്ണം കിട്ടീട്ടുണ്ട് ”

തൊടിയിൽ നിന്ന് കയറിവന്ന ശിവന്റെ കയ്യിൽ മൂന്നാല് വാഴച്ചുണ്ടും ഒരു ഏത്തക്കുലയും ഉണ്ടായിരുന്നു .

” പയറും കൂടി ഇട്ട് തോരൻ വെക്കാം ” റോസി ചിരിയോടെ പറഞ്ഞു .

” എന്നാ ചിരിക്കൂന്നേ ?”’ ശിവൻ അവളുടെ മുഖത്തെ ചിരി കണ്ട് സംശയത്തോടെ നോക്കി .

”എനിക്കെന്നാ ചിരിക്കാൻ വയ്യേ ? ഇത് നല്ല കൂത്ത് ”’

റോസി വായ പൊത്തിച്ചിരിച്ചുകൊണ്ട് അരകല്ലിൽ അരച്ചുകൊണ്ടിരുന്ന മസാലയും വടിച്ചെടുത്തു അടുക്കളക്കുള്ളിലേക്ക് കയറി .

”’ ആൾക്കാരെല്ലാം നോക്കിയിട്ടാ പോകുന്നെ . കുറച്ചൂടെ മാവുണ്ടായിരുന്നേൽ കുഴപ്പമില്ലായിരുന്നു അല്ലെ ?”’

കാലും മുഖവും കഴുകി അടുക്കളയിലേക്ക് കയറിവന്ന ശിവൻ വണ്ടികളുടെ ഹോണടി ശബ്ദം കേട്ട് പറഞ്ഞു .

സമയം രാവിലെ പത്തര ആകുന്നതേയുണ്ടായിരുന്നുള്ളൂ .

ചായക്കടയുടെ മുന്നിൽ സ്ലോ ചെയ്ത് കാറുകളും മറ്റും വെള്ളച്ചാട്ടം ലക്ഷ്യമാക്കി പോകുന്നുണ്ട് .

”’ കാലത്തു മൂന്നരക്ക് എണീക്കുന്നതാ . ഇനി ഉച്ചയൂണിന്റെ പണി . അത് കഴിഞ്ഞാൽ നാലുമണി പലഹാരങ്ങൾ . വൈകിട്ടാകുമ്പോൾ എങ്ങനേലും ഒന്ന് കിടന്നാൽ മതി ”

റോസി വന്നിട്ട് മൂന്ന് മാസം കഴിയുന്നതേയുള്ളൂ. അതിനകം അവരുടെ ഹോട്ടലിലെ ആഹാരത്തിന്റെ രുചി താഴ്‌വാരത്തും മറ്റും പാട്ടായിരുന്നു . വന്നതിന്റെ പിറ്റേന്ന് തന്നെ റോസി അടുക്കള കയ്യേറിയിരുന്നു . റോസി വന്നതിൽ പിന്നെ ശിവന്റെ ജീവിതത്തിന് ഒരു അടുക്കും ചിട്ടയുമുണ്ടായി .

മൂന്നരക്ക് രണ്ടാളും എണീറ്റ് പണി തുടങ്ങും . അപ്പവും പുട്ടും ഇടിയപ്പവും കപ്പ പുഴുക്കും ആയിരുന്നു നിത്യേന വിഭവങ്ങൾ .ലഭ്യതക്കനുസരിച്ചു ചേമ്പും ചേനയും കാച്ചിലും തുടങ്ങി തനി നാടൻ വിഭവങ്ങളും ഉണ്ടാകും . ടൗണിൽ നിന്ന് അകലെയായായതിനാൽ പച്ചമീനും മറ്റും കിട്ടുന്നില്ലാത്തതിനാൽ മുളകിട്ട ഉണക്കമീൻ കറി ആയിരുന്നു അവിടുത്തെ സ്‌പെഷ്യൽ .വല്ലപ്പോഴും മുയലിറച്ചിയോ കോഴിയോ ഉണ്ടാകും .

റോസിയുടെ നെല്ലിക്ക , നാരങ്ങാ , മാങ്ങാ , ഉണക്കമീൻ അച്ചാറുകളും വാങ്ങുവാൻ ആളുകൾ തിരക്ക് കൂട്ടി . ഒൻപതരയോടെ രാറ്വിലത്തെ തിരക്ക് അൽപം ഒതുങ്ങും . അല്ലെങ്കിൽ ആ സമയം ക്ളോസ്ഡ് ബോർഡ് തൂങ്ങും . അതിനുള്ള വിഭവങ്ങളെ അവർ ഉണ്ടാക്കാറുണ്ടായിരുന്നുള്ളൂ . പിന്നെ അരമണിക്കൂർ വിശ്രമമാണ് . പത്തുമണിയോടെ ഉച്ചക്കത്തെക്കുള്ള ഊണിനുള്ള പണി റോസി തുടങ്ങുമ്പോൾ ശിവൻ പറമ്പിലേക്ക് ഇറങ്ങും . കായ് കിഴങ്ങു ഫലവർഗ്ഗങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ കൊണ്ട് വരും . പിന്നീട് ശിവനും റോസിയെ സഹായിക്കും . പന്ത്രണ്ടരയോടെ ഊണ് റെഡി ബോർഡ് തൂങ്ങുന്നതും കാത്തു നിരവധി വണ്ടികൾ ചായക്കടയുടെ മുന്നിലുണ്ടാകും . മറ്റ് ഹോട്ടലുകളെക്കാൾ രുചി കൂടുതലും വിലക്കുറവും മാത്രമല്ല സ്നേഹപൂർണമായ പെരുമാറ്റവും ഒഴിച്ചുകറികളും തോരനും മറ്റും എണ്ണത്തിൽ കൂടുതലുള്ളതും താഴ്വാരത്തെ ഹോട്ടലുകളിൽ നിന്ന് യാത്രികരെ ഇങ്ങോട്ടേക്കാകർഷിച്ചു.

മൂന്ന് മണി വരെ പിന്നെ വിശ്രമമില്ല . ആ സമയം ശിവന്റെ സഹോദരി സീമയും ഭർത്താവിനുള്ള ആഹാരവും മരുന്നുമൊക്കെ കൊടുത്തിട്ട് അയാൾ ഉറങ്ങുന്ന സമയത്ത് ചായക്കടയിൽ സഹായത്തിനെത്തും . മൂന്നരയോടെ പണികളൊതുക്കി നാലുമണി പലഹാരവുമായാണ് സീമ മടങ്ങുക .

റോസി വന്നതിൽ ഏറ്റവും സന്തോഷിച്ചത് ശിവന്റെ അനിയത്തി സീമ ആയിരുന്നു . രണ്ടാഴ്ചക്കുള്ളിൽ കടയിൽ വരുമാനം കൂടിയപ്പോൾ റോസിയുടെ നിർദ്ദേശപ്രകാരം ശിവൻ താഴ്വാരത്തു പോയി അൻപതോളം കോഴികളെ വളർത്താവുന്ന കൂട് ആശാരിയെ വിളിപ്പിച്ചുകൊണ്ട് വന്നു പണിയിപ്പിച്ചു സീമക്ക് കൊടുത്തു . കൂട്ടത്തിൽ മുയലിനെയും ആടിനെയും വളർത്താനുള്ള സൗകര്യവുമുണ്ടാക്കി . സീമക്ക് എല്ലാറ്റിനും കൂടെയുള്ള സമയമില്ലാത്തതിനാൽ ചായക്കടയിലേക്കുള്ള പാൽ പുറത്തുനിന്നും വാങ്ങും . മുട്ടയും നാടൻ വിഭവങ്ങളും ഒക്കെ സ്വന്തം പറമ്പിൽ നിന്നുതന്നെ . അതുകൊണ്ട് തന്നെ മായം ചേരാത്തതായ നാടൻ വിഭവങ്ങളാണ് കൂടുതൽ എന്ന വായ്‌മൊഴിയും അവരുടെ ആഹാരത്തിന് താഴ്വാരത്തും മറ്റും പരസ്യത്തിന് പകരം ചെയ്തു .

ബസ് കണ്ടക്ടർ ഗംഗാധരൻ ആദ്യ ആഴ്ചകളിൽ താഴ്വാരത്തെ ഹോട്ടലുമായി കരാർ ഉറപ്പിച്ചെങ്കിലും ശിവന്റെ ചായക്കട പെട്ടന്ന് ഫേമസ് ആയതോടെ വീണ്ടും ഇവിടേക്ക് തന്നെയായി .ചേച്ചിയെന്ന് ബഹുമാനപൂർവ്വമേ റോസിയെ ഗംഗാധരൻ വിളിക്കൂ

ചായക്കടയുടെ പുറകിൽ നിന്ന് താഴ്വാരത്തിന്റെ ഭംഗി നല്ല കാഴ്ച യായതിനാൽ റോസിയുടെ നിർദ്ദേശപ്രകാരം ചായക്കടയുടെ വലതു ഭാഗത്തായി മുളകളും ഈറ്റക്കമ്പും കൊണ്ട് പത്തിരുപത് പേർക്ക് ഇരിക്കാവുന്ന ഒരു ചാർത്തുണ്ടാക്കി .

”’ എന്നാൽ നീയൊരു പെണ്ണ് കെട്ടടാ ചെറുക്കാ .അതാകുമ്പോ കുറച്ചൂടെ സാധനങ്ങളും മറ്റും ഉണ്ടാക്കാം ” റോസി പച്ചക്കറിയരിയുന്നതിനിടെ ഉണക്കമീൻ കറിയിലേക്ക് പുളി പിഴിഞ്ഞിടുകയായിരുന്ന ശിവനോട് പറഞ്ഞു .

അതുകേട്ടതും ശിവന്റെ മുഖം ക്രോധം കൊണ്ട് ചുവന്നു .

” നീ ..നീ മിണ്ടരുത് ഇനി … അതിനെ പറ്റി ”

ശിവൻ കയ്യോങ്ങിക്കൊണ്ട് അവളുടെ നേരെ പാഞ്ഞടുത്തു അവളുടെ അടുത്തു വന്ന നിമിഷം തന്നെ അവന്റെ ശിരസ്സും കയ്യും താണു . പുളി കലക്കിയ വെള്ളം ഉള്ള കപ്പ് കയ്യിൽ നിന്ന് നിലത്തേക്ക് വലിച്ചെറിഞ്ഞ ശിവൻ ഒറ്റച്ചാട്ടത്തിന് അടുക്കള വാതിലൂടെ പുറത്തേക്കിറങ്ങി

””ഡാ …ശിവാ …ഞാൻ ചുമ്മാ പറഞ്ഞതാടാ ”.

റോസി പച്ചക്കറിയും കത്തിയും അവിടെ വെച്ചിട്ട് അവന്റെ പുറകെ ഓടിച്ചെന്നു പറഞ്ഞു .ശിവൻ അത് കേട്ടഭാവം പോലുമില്ലാതെ പറമ്പിലേക്ക് ഓടിമറഞ്ഞു .

റോസി ചെല്ലുമ്പോൾ ആൾപൊക്കത്തിൽ വളർന്നു നിൽക്കുന്ന ചേമ്പുകൾക്കിടയിലെ പാറക്കല്ലിൽ ഇരിക്കുകയായിരുന്നു ശിവൻ . അവൾ ചിരിച്ചുകൊണ്ട് അവന്റെ ശിരസിൽ തലോടിയപ്പോൾ ശിവൻ അവളുടെ കൈ കുതറിത്തെറിപ്പിച്ചിട്ട് മുട്ടിലേക്ക് മുഖമമർത്തി കിടന്നു .

” ശിവാ … മോനൂ ..നോക്കിക്കേ ” റോസി അവന്റെ മുഖം ബലമായുയർത്തി . അവന്റെ കണ്ണുകൾ ഈറനടിഞ്ഞിരുന്നു .

റോസി അവന്റെ ഇരുകണ്ണുകളിലും ചുണ്ടമർത്തി .

”അയ്യേ … ആണൊരുത്തൻ കരയുന്നോ ” റോസി അവനെ മാറിലേക്ക് ചേർത്തുപിടിച്ചു ശിരസ്സിൽ ചുംബിച്ചു .

”എന്നോട് ..എന്നോടങ്ങനെ പറയരുതെന്ന് പറഞ്ഞിട്ടുള്ളതല്ലേ ?” അവൻ വിതുമ്പിക്കൊണ്ട് പറഞ്ഞു .

”എങ്ങനെ ?”’ റോസി ചുണ്ടിലൊളിപ്പിച്ച ചിരിയുമായി കുസൃതിയോടെ അവനെ നോക്കി .

” പെണ്ണ് കെട്ടാൻ … ശിവനൊരു പെണ്ണെയുള്ളൂ …അത് ഞാൻ താലി കെട്ടിയവളാണ് ” ശിവൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞുകൊണ്ട് റോസിയുടെ കഴുത്തിൽ മഞ്ഞച്ചരടിൽ കോർത്ത താലി പൊക്കിക്കാണിച്ചു .

റോസിയുടെ കണ്ണൊന്ന് നിറഞ്ഞു . അത് ഭാവിക്കാതെ അവൾ അവനിൽ നിന്ന് മുഖം മാറ്റി പൊട്ടിച്ചിരിച്ചു .

”എന്നാ …എന്നാ ചിരിക്കൂന്നേ ?”

താൻ കാര്യമായി പറഞ്ഞിട്ടും റോസി ചിരിക്കുന്നത് കണ്ടപ്പോൾ ശിവൻ ചമ്മലോടെയും ഒട്ടൊരു അത്ഭുതത്തോടെയും അവളെ നോക്കി .

”എന്നാ …എന്നാ പറ ചേച്ചീ … കാര്യം പറയന്നെ ” അവൻ റോസിയെ തന്റെ നേരെ തിരിച്ചു നിർത്തി .

”എടാ പൊട്ടാ ..നീയിപ്പോഴും എന്നെ എന്താ വിളിച്ചേ ?”

” ചേ ..ചേച്ചീന്ന് ”’ ശിവൻ ചമ്മലോടെ ചിരിച്ചു .

” ആരേലും ഭാര്യേനെ ചേച്ചീന്നു വിളിക്കുമോ … ?”’

”അതുപിന്നെ ..വന്നപ്പോ മുതൽ ഞാൻ ..ചേച്ചീന്ന് .. ” ശിവന്റെ മുഖം കുനിഞ്ഞു .

റോസി പിന്നെയും പൊട്ടിച്ചിരിച്ചു .

”പക്ഷെ എന്റെ ജീവനാ നിങ്ങൾ .. ഒരുപാടിഷ്ടമാ നിങ്ങളെ . ബഹുമാനോം സ്നേഹോം കൂടി ഉള്ളത് കൊണ്ടാ അറിയാതെ ചേച്ചീന്ന് വിളിച്ചു പോകുന്നെ . അതുകൊണ്ട് ഞാൻ താലി കെട്ടിയ പെണ്ണ് ആകുന്നില്ലന്നുണ്ടോ ? എന്റെ കെട്യോൾ തന്നെയാ നിങ്ങൾ ””

റോസിയുടെ ചിരി പൊടുന്നനെ നിലച്ചു .

”’ ഹ്മ്മ്മ് ഹമ് …എന്നാ എന്റെ പൊന്നു കെട്യോൻ വന്നേ .ആരേലും കണ്ടുകൊണ്ടുവന്നാൽ പിന്നെ അതാകും പറച്ചിൽ . നമ്മള് തമ്മിൽ അടിയാണെന്ന് ” റോസി കുസൃതിയോടെ അവന്റെമൂക്കിൽ പിടിച്ചു വലിച്ചു .

” ഓ … കെട്യോനും കെട്യോളുമാണെൽ ഇച്ചിരി വഴക്കൊക്കെയുണ്ടാക്കും ” ശിവൻ ചെറുപുഞ്ചിരിയോടെ പറഞ്ഞു .

” ഓഹോ ..അതിനാരാ ഇവിടെ കെട്യോനും കെട്യോളും ? …താലി കെട്ടിയാൽ മാത്രം ഭാര്യയും ഭർത്താവും ആകുമോ ? ”’

റോസി അങ്ങനെ പറഞ്ഞപ്പോൾ ശിവനെന്തോ പോലെയായി .

”’ ഞാൻ …അതല്ല … സത്യത്തിൽ എനിക്ക് നിങ്ങളെ വലിയ ബഹുമാനമാണ് … ഒന്നുമല്ലാതെ കിടന്ന ശിവന് ഒരു അർത്ഥവും വിലയുമുണ്ടാക്കി തന്നത് നിങ്ങളാണ് പറമ്പിൽ പോകുന്ന കുറച്ചു സമയം വരെ എനിക്ക് നിങ്ങളെ കാണാതിരിയ്ക്കാൻ പറ്റുന്നില്ല …അത്രക്കിഷ്ടമാണ് എനിക്ക് നിങ്ങളെ ”’

ശിവന്റെ കണ്ണുകൾ നിറഞ്ഞതും റോസിയുടെ മുഖമിരുണ്ടു .

”’അതേയ് .. കെട്യോനെ വന്നേ .. പിടിപ്പത് പണിയുണ്ട് അടുക്കളേൽ . കെട്യോനും കെട്യോളുമൊക്കെയായാൽ അടിയൊക്കെ ഉണ്ടാക്കാം . പക്ഷങ്കിൽ പന്ത്രണ്ടര ആകുമ്പോ ഊണിന്റെ ബോർഡ് തൂങ്ങിയില്ലങ്കിൽ ആളുകള് ബഹളമുണ്ടാക്കും . ആകെയുള്ളൊരു ഹോട്ടലാണിത് ”

റോസി അവന്റെ ഇരു കവിളിലും നെറ്റിയിലും ഉമ്മവെച്ചിട്ട് കയ്യിൽ പിടിച്ചു വലിച്ചു .

” പൂയ് ….എന്നാ കെട്യോനും കെട്യോളും കൂടെ ഈ സമയത്ത് പറമ്പിൽ ?”’

സീമയുടെ ശബ്ദമാണ് അവരെ അവരുടേതായ ലോകത്തുനിന്നും ഉണർത്തിയത്.

”മാതാവേ ,…. സമയമിത്രേമായോ . ഒന്നും കാലായിട്ടില്ല . ശിവാ…പെട്ടന്ന് വാടാ ” റോസി സീമയെ കണ്ടതും വേഗത്തിൽ ചായക്കടയിലേക്കോടാൻ നോക്കി .

”’ അയ്യോ ചേച്ചി . സമയം ഒന്നുമായില്ല . മുയലിനുള്ള ഇല പറിച്ചുവരുമ്പോഴാ കുറെ കൂൺ കിട്ടിയത് . അത് തരാൻ വന്നതാ ”’ നീളൻ പാവാടയിൽ ഇട്ടിരുന്ന കൂൺ റോസിയുടെ മുണ്ടിൻ തുമ്പിലേക്ക് കുടഞ്ഞിട്ട് സീമ അവളെ നോക്കി .

”ചേച്ചി …. കരഞ്ഞോ ?”’

സീമ ശിവനെയും റോസിയെയും മാറി മാറി നോക്കി .

”ഹേയ് ..ഇല്ലടി . ഞങ്ങൾ പഴേ കാര്യങ്ങൾ പറഞ്ഞോണ്ടിരിക്കുവായിരുന്നു . ”

റോസി കൈത്തണ്ട കൊണ്ട് മുഖം തുടച്ചിട്ട് അവളെ നോക്കി പുഞ്ചിരിച്ചു .

” ഉവ്വാ …പണിയുള്ള സമയം അഞ്ചുമിനുട്ട് റെസ്റ്റ് എടുക്കാത്ത ചേച്ചിയല്ലേ പതിവില്ലാത്ത സമയത്ത് കാര്യങ്ങൾ പറഞ്ഞു കരയുന്നെ ? അതുമെന്നെ നാലുനേരോം നഷ്ടപ്പെട്ടതോർത്തു വിഷമിച്ചിരിക്കാതെ കിട്ടിയ സൗഭാഗ്യങ്ങളോർത്തു സന്തോഷിക്കാൻ പറയുന്ന ചേച്ചി … ഏട്ടാ ..ദേ ഒരു കാര്യം പറഞ്ഞേക്കാം . വഴക്ക് കൂടി ചേച്ചിയെ ഇവിടുന്നെങ്ങാനും ഓടിക്കാനാണ് പ്ലാനെങ്കിൽ പെങ്ങൾ ഒരാൾ ഇല്ലന്ന് കൂട്ടിയാൽ മതി ”

സീമ ക്രുദ്ധ ഭാവത്തിൽ ശിവനെ നോക്കി പറഞ്ഞുകൊണ്ട് റോസിയെ ചേർത്തു പിടിച്ചു .

” ഹേയ് ..പോടീ ഒന്ന് . അതേയ് ..കെട്യോനും കെട്യോളുമൊക്കെ ആണേൽ വഴക്കൊക്കെ ഉണ്ടാകുന്നത് സ്വാഭാവികം …അല്ലേടാ ശിവാ ”

സീമ പറഞ്ഞപ്പോൾ ശിവന്റെ മുഖം കരുവാളിച്ചത് കണ്ട റോസി തമാശയിലൂടെ രംഗം മാറ്റുവാൻ നോക്കി .

പക്ഷെ ശിവൻ അവരെയൊന്ന് രൂക്ഷമായി നോക്കിക്കൊണ്ട് ചായക്കടയുടെ നേർക്ക് നടക്കുകയാണുണ്ടായത് .

” അതിന് ശിവൻ ചാകണം ”’ അവൻ പിറുപിറുത്തുകൊണ്ട് പറഞ്ഞത് രണ്ടാളും കേട്ടു

” ഞാൻ നേരത്തെ ചേട്ടന് ഫുഡും മരുന്നും കൊടുത്തിട്ട് വരാം ..ചേച്ചി പൊക്കോ . ഏട്ടൻ കലിപ്പിലാ ”’

സീമ റോസിയുടെ കവിളിൽ നുള്ളിപ്പറിച്ചുകൊണ്ട് പറഞ്ഞിട്ട് വന്ന വഴിയേ ഓടി .

ഏഴരയായപ്പോഴേക്കും റോസി തളർന്നിരുന്നു .

സീസൺ ആയതിനാൽ ആളുകൾ കൂടുതൽ ഉണ്ടായതിനാലും പിന്നെ ശിവൻ രാവിലെ പറഞ്ഞതോർത്തും ഇന്ന് ഊണ് അൽപം കൂടുതൽ ഇട്ടിരുന്നു അവൾ . മൂന്നര കഴിഞ്ഞ് നാലുമണി പലഹാരങ്ങൾ റെഡിയായിട്ടും ആളുകൾ ഊണുണ്ടോയെന്ന് ചോദിച്ചു ഊണ് കഴിക്കുകയായിരുന്നു .

”’ സാമ്പാറിന് വെളുപ്പിനരിയാം . മടുത്തെടാ . കഴിഞ്ഞെങ്കിൽ നീ മേല് കഴുകി വന്നു കിടക്കാൻ നോക്ക് ” പിറ്റന്നേത്തേക്കുള്ള മാവ് ആട്ടുകയായിരുന്ന ശിവനോട് റോസി പറഞ്ഞിട്ട് അടുക്കളക്ക് വെളിയിലുള്ള കുളിമുറിയിലേക്ക് നടന്നു .

ശിവൻ പണികൾ തീർത്തു കുളിച്ചുവരുമ്പോഴേക്കും റോസി ചായക്കടയിലെ ഡെസ്ക് അടുപ്പിച്ചു അതിൽ അവനുള്ള പായയും ബെഡ്ഷീറ്റും വിരിച്ചിരുന്നു .

”’ എന്നാടാ ശിവാ ”

കിടക്കുന്നതിന് മുൻപുള്ള പതിവ് പ്രാർത്ഥനയും കഴിഞ്ഞ് കണ്ണുകൾ തുറന്ന റോസി കണ്ടത് ചായ്പ്പിലെ കട്ടിളയിൽ ചാരി അവളേയും നോക്കി നിൽക്കുന്ന ശിവനെയാണ് .

”’ശ്യേ .എന്താടാ മോനൂ ഇത് ?”’

എന്തെനെന്നില്ലാതെ ശിവന്റെ കണ്ണുകൾ നിറഞ്ഞത് കണ്ട റോസി കൊന്ത ക്രൂശിതരൂപത്തിന് മുന്നിൽ തൂക്കിയിട്ട് അവന്റെ അടുത്തേക്ക്
ചെന്നു

”എന്നാടാ മോനേ ..പറയ് . രാവിലെ വഴക്കുണ്ടാക്കിയതോർത്തിട്ടാണോ . അതൊക്കെ അപ്പോഴേ കഴിഞ്ഞില്ലേ . എന്റെ ശിവനോടല്ലാതെ എനിക്കാരോടാ വഴക്കുണ്ടാക്കാനും പിണങ്ങാനുമൊക്കെ പറ്റുക ?”’

റോസി അവനെ ഒരു കൈകൊണ്ട് ആശ്ലേഷിച്ചു കൊണ്ട് അവന്റെ കണ്ണ് തുടച്ചു

”’ എന്നെ ..എന്നെ ഇട്ടിട്ടുപോകുവോ ?”

കൊച്ചുകുട്ടികളെപോലെ വിതുമ്പി കൊണ്ട് ശിവന്റെ ചോദ്യം കേട്ടതും റോസി പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവന്റെ മുഖം കോരിയെടുത്തു കവിളിലും നെറ്റിയിലുമൊക്കെ മാറി മാറിയു മ്മ വെച്ചു .

” ഞാൻ ..ഞാനിന്നിവിടെ കിടന്നോട്ടെ ?”’ ചായ്പ്പിലെ താൻ കിടക്കുന്ന തടിക്കട്ടിലിലേക്ക് ചൂണ്ടി ശിവൻ ചോദിച്ചപ്പോൾ റോസി ഞെട്ടി പോയി

പൊടുന്നനെ അവൾ സമനില വീണ്ടെടുത്തു അവന്റെ കൈ പിടിച്ചു കട്ടിലിൽ ഇരുത്തി .

” നീയെന്റെ കെട്യോനല്ലേ … പിന്നെയെന്തിനാ ചോദിക്കുന്നെ ?” റോസിയുടെ ശബ്ദം പതറിയിരുന്നു .

”ഞാൻ തലയിണ എടുത്തോണ്ട് വരാം ”

ചായക്കടക്കുള്ളിലെ മേശയിൽ വിരിച്ച ബെഡ്ഷീറ്റും തലയിണയും എടുക്കാൻ പോയപ്പോൾ റോസി അവനെ വിലക്കി .

”വേണ്ട …. ”

പിടിച്ചു കിടത്തി അവന്റെ ഇടത്തെ കയ്യിലേക്ക് തലവെച്ചു റോസിയും കിടന്നു .

അൽപസമയം രണ്ടാളുമൊന്നും മിണ്ടിയില്ല . റോസിയുടെ മുഖം കനത്തിരുണ്ടിരുന്നു.

വന്നയന്നു മുതൽ റോസി ചായ്പ്പിലും ശിവൻ ചായക്കടക്കുള്ളിലുമാണ് കിടപ്പ് . അവിടെ കിടന്ന് ഓരോന്ന് സംസാരിച്ചു രണ്ടാളും മെല്ലെ ഉറങ്ങിപ്പോകും .

റോസിയുടെ വരവ് സ്വാഭാവികമായും ആളുകൾക്ക് പറഞ്ഞു ചിരിക്കാനുള്ള വിഷയം തന്നെയായിരുന്നു . ഒരുമിച്ചു ഒരു കൂരക്കുള്ളിൽ ഉള്ള താമസം ഇക്കിളി കഥകളായി സീമയുടെ ചെവിയിലെത്തിയപ്പോൾ അവളാണ് അവരെ കൂട്ടി മലമുകളിൽ ഉള്ള ദേവീക്ഷേത്രത്തിൽ പോയി താലി പൂജിച്ചു കെട്ട് നടത്തിയത് . ഗ്രാമത്തിലുള്ള അറുപതോളം വീടുകളിൽ ശിവൻ വിവാഹക്കാര്യം പറയുകയും ചെയ്തിരുന്നു . എന്നാലും അവൻ ഒരിക്കലും ചായ്പ്പിലേക്ക് തന്റെ കിടപ്പ് മാറ്റിയിരുന്നില്ല .

”’ നീ നല്ലോണം ആലോചിച്ചിട്ടാണോ ശിവാ ”

റോസി പിറുപിറുക്കുന്ന സ്വരത്തിൽ ചോദിച്ചു .

ശിവൻ തന്റെ കൈ അൽപം കൂടി മടക്കി അവളെ തന്റെ നെഞ്ചോട് ചേർത്തു പിടിച്ചു .

” ശിവൻ നല്ലപോലെ ആലോചിച്ചിട്ട് തന്നെയാണ് അന്ന് ചേച്ചി ചോദിച്ചപ്പോൾ കല്യാണം കഴിക്കാമെന്ന് പറഞ്ഞതും താലി കെട്ടിയതും ” അവന്റെ ശബ്ദം ഉറച്ചതായിരുന്നു .

” നീ നല്ല പോലെ ആലോചിച്ചു തന്നെയാണ് പറഞ്ഞത് . ശെരിയാണ് . അതുപക്ഷേ നിരാലംബയായ ഒരു സ്ത്രീയോടുള്ള പരിഗണന … സ്വന്തം അനുഭവങ്ങളിൽ നിന്നും മറ്റൊരാൾക്ക് അനാഥത്വം ഉണ്ടാവരുതെന്ന ചിന്ത . പിന്നെ …ചിലപ്പോൾ എന്നെ നിനക്കിഷ്ട്ടമായിരിക്കാം. അതുകൊണ്ട് ആളുകൾ എന്നെ പരിഹസിക്കുന്നത് ഇഷ്ടമില്ലാതെ താലിയും കെട്ടി … പക്ഷെ ഇപ്പോൾ … ”

”അല്ലാതെ എനിക്കിഷ്ടമില്ലന്നാണോ കരുതിയെക്കുന്നെ …ഞാനിപ്പോ ഇവിടെ കൂടെക്കിടക്കുന്നത് വെറും … മറ്റേ ഇഷ്ടം കൊണ്ടെന്നാണോ കരുതിയേക്കുന്നെ ?” ”’ ശിവന്റെ കണ്ഠം ഇടറി … അവന്റെ കണ്ണുനീർ തന്റെ മുഖം നനച്ചപ്പോൾ റോസി വലത് കൈയ്യിൽ മുഖം താങ്ങി അവനെ നോക്കി . ഇടത് കൈകൊണ്ടവന്റെ കണ്ണ് തുടച്ചിട്ട് കണ്ണുകളിൽ ഉമ്മ വെച്ച ശേഷം റോസി അവന്റെ നെഞ്ചിൽ തല വെച്ച് മുഖത്തോട്ട് നോക്കി കിടന്നു .

”’ ആണെന്ന് ഞാൻ പറഞ്ഞോ മോനൂ ”

”’എനിക്കിങ്ങനെ … ഇങ്ങനെയൊന്ന് ഉമ്മ വെക്കാൻ പോലും പറ്റുന്നില്ലല്ലോ ”

റോസി അത് കേട്ട് ചിരിച്ചു .

”’ ആയിരം പേരുടെ നടുവിലാണെങ്കിലും നമ്മളെ മനസിലാക്കുന്ന , സ്നേഹിക്കുന്ന സുരക്ഷിതത്വം തരുന്ന ആളില്ലെങ്കിൽ അവിടെ അനാഥത്വം തോന്നും . അപ്പോൾ തനിച്ചു താമസിക്കുന്ന നിന്റെ അവസ്ഥ മനസിലാക്കാൻ പറ്റുന്നതല്ലേയുള്ളു . ഞാനും അങ്ങനെ തന്നെ ആയിരുന്നതിനാൽ എനിക്ക് നിന്നെ പൂർണമായും മനസിലാക്കാൻ പറ്റും . നിന്നെക്കാൾ കുറച്ചു തൊലിവെളുപ്പുണ്ട് എനിക്ക് .. പ്രായവും കൂടുതലുണ്ട് . പിന്നെ ചായക്കടയിലും നിന്റെയും സീമയുടെയും കാര്യങ്ങൾ ഞാൻ ചെയ്തതും നിനക്ക് എന്നോടുള്ള ബഹുമാനവും സ്നേഹവും വർദ്ധിപ്പിച്ചു … ഇതൊക്കെ കൊണ്ട് എന്നെ ഒരു വാക്ക് കൊണ്ടുപോലും വിഷമിപ്പിക്കാതിരിയ്ക്കാൻ നീ ശ്രമിക്കുന്നു .”

ശിവൻ കണ്ണുകളടച്ചു … അവൾ പറഞ്ഞതൊക്കെയും സത്യങ്ങളായിരുന്നു .

”’ ചേച്ചിക്ക് … ചേച്ചിക്ക് എന്നെ ഇഷ്ടമാണോ ?”

ശിവൻ തെല്ല് മടിയോടെയാണ് അത് ചോദിച്ചത്

” ഇഷ്ടമല്ല …..”

റോസി അത് പറഞ്ഞതും ശിവന്റെ മുഖം വീണ്ടുമിരുണ്ടു .

” ഇഷ്ടം അല്ല ..എന്റെ ജീവനാണ് നീ ”’ അവന്റെ കൈകൾ നിറുകയിൽ തൊടുവിച്ചു റോസി തുടർന്നു

”’ ജനിച്ചാൽ ഒരിക്കൽ മരിക്കണം . അതിനിടയിൽ ഉള്ള ജീവിതം. അത് തീരുമാനിക്കേണ്ടത് നമ്മളാണ് . ഒരു പെണ്ണ് പ്രായപൂർത്തിയാകും വരെ മാതാപിതാക്കളുടെ തണലിൽ ആണ് ജീവിക്കുന്നത് , വിവാഹം കഴിഞ്ഞാൽ ഭർത്താവിന്റെയും . അതിനിടയിൽ താനിഷ്ടപ്പെടുന്നൊരു ജീവിതം കിട്ടുന്ന സ്ത്രീകൾ ചുരുക്കമാണ് .മിക്ക പെണ്ണുങ്ങളും സമൂഹത്തെ പേടിച്ച് തങ്ങളുടെ ഇഷ്ടങ്ങളെ മാറ്റിവെച്ചു മറ്റൊരു വിവാഹം കഴിക്കാതെ പൊരുത്തക്കേടുകൾ സഹിച്ചും ക്ഷമിച്ചും കിട്ടിയ ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നവരാണ് .

”’ഏതൊരു പെണ്ണിനുമുണ്ടാകും ശിവാ ഇഷ്ടപ്പെടുന്നൊരു പുരുഷനൊപ്പം കുറച്ചു സമയം ചിലവഴിക്കാൻ . കളിതമാശകൾ പറയാൻ … വെറുതെ വഴക്കുകൂടാൻ … പിണങ്ങാൻ … അധികാരത്തോടെ തനിക്കെന്നോരാൾ എടി എന്ന് വിളിക്കുമ്പോൾ പോലും ഒരു പെണ്ണിന് ഇഷ്ടമാണ് , സുരക്ഷിതത്വമാണ് തോന്നാറ് . ഒരുപാട് ഭാര്യമാരുണ്ട് നമ്മുടെ ചുറ്റിനും അവഗണിക്കപ്പെടുന്നവർ . അവരും മനസു കൊണ്ടിങ്ങനെ ചിന്തിക്കുമ്പോഴാണ് അന്യപുരുഷനിൽ ആകർഷിക്ക പ്പെടുന്നതും ചിലപ്പോൾ വഞ്ചിക്കപ്പെടുന്നതും . ”’

”’ എനിക്ക് ഇതൊന്നും അനുഭവിക്കാനുള്ള സാഹചര്യമായിരുന്നില്ല . മോൻ ഉണ്ടായി അധികനാൾ ആകുന്നതിനും മുൻപേ ചേട്ടൻ പോയി . അപ്പച്ചനും അമ്മച്ചിയും തുടർന്നുള്ള വർഷങ്ങളിലും . മോൻ ഉണ്ടായപ്പോൾ ഞാൻ അവനു വേണ്ടി ജീവിച്ചു . ചുറ്റുപാടുമുള്ള ചിലരെ കാണുമ്പോൾ വെറുതെ മനസിൽ ഒരു നിമിഷം എങ്കിലും ആഗ്രഹിച്ചിട്ടുണ്ടെങ്കിലും മോന്റെ ചിന്ത വരുമ്പോൾ അതെല്ലാം ഞാൻ മറക്കും .അതുകൊണ്ട് തന്നെ ഒറ്റപ്പെടലിന്റെ വേദന ഞാൻ അനുഭവിച്ചിട്ടില്ല ”

”’ നീ ക്രിസ്ത്യാനികളുടെ മരിച്ച വീടുകളിൽ പോയിട്ടുണ്ടോ … ഞാൻ നല്ലവണ്ണം യുദ്ധം ചെയ്തു ,ഞാൻ എൻറെ ഓട്ടം പൂർത്തിയാക്കി .എന്റെ വിശ്വാസം ഞാൻ സംരക്ഷിച്ചു …. ഈ ലോകത്തിലെ തന്റെ ജീവിതലക്ഷ്യങ്ങൾ പൂർത്തിയാക്കി സ്വർഗ്ഗലോകത്തേക്ക് പോകുവാൻ തയ്യാറാണെന്നുള്ള ഓർമപ്പെടുത്തൽ കൂടിയാണ് അത് . മോന്റെ വിവാഹം കഴിഞ്ഞവൻ അവന്റെ ഭാര്യയും കുടുംബവുമായിട്ട് ജീവിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഞാനും എന്റെ ഓട്ടം പൂർത്തിയാക്കി . എന്റെ രക്തം വിയർത്തും ഞാൻ യുദ്ധം ചെയ്തു . ആരെയും മോഹിക്കാതെ മോഹിപ്പിക്കാതെ ഞാൻ എന്നോട് തന്നെയുള്ള വിശ്വാസവും പൂർത്തിയാക്കി … ഇന്ന് ഞാൻ വെറുമൊരു പെണ്ണാണ് ..ശിവന്റെ പെണ്ണ് … ഇതെന്റെ പുതുജന്മമാണ് സത്യം പറഞ്ഞാൽ ഒന്ന് പൊട്ടിചിരിച്ചത് വരെ ഞാൻ ഇവിടെ വന്ന ശേഷമാണ് . ””

”നീ രാവിലെ ഞാൻ എന്തിനാണ് ചിരിക്കുന്നതെന്ന് ചോദിച്ചില്ലേ? രാവിലെ കടയിൽ ചേച്ചിയേന്തിയെ കണ്ടില്ലല്ലോ എന്ന് പറഞ്ഞപ്പോൾ …. ചേച്ചീ ..ദേ അന്വേഷിക്കുന്നു എന്നെന്നോട് നീ വിളിച്ചു പറഞ്ഞതോർക്കുന്നുണ്ടോ ? നാലു നേരോം ഭാര്യ എന്ന് നീ പറയുമ്പോൾ ഒരിക്കൽപോലും നീയെന്നെ അധികാരത്തോടെ എടി എന്ന് വിളിച്ചിട്ടില്ല . ഞാൻ പറഞ്ഞില്ലേ താനിഷ്ടപ്പെടുന്ന ഒരു പുരുഷൻ അധികാരത്തോടെ എടി എന്ന് വിളിക്കാൻ കേൾക്കാൻ എനിക്കിഷ്ടമാണന്ന് … നീ എന്നെ വഴക്ക് കൂടുമ്പോൾ മാത്രമാണ് അങ്ങനെ വിളിക്കുന്നത് …അത് കേൾക്കാനാണ് ഞാൻ ഇടക്ക് നിന്നെ ശുണ്ഠി പിടിപ്പിക്കുന്നതും . ”’

”എടി … ചേട്ടനൊരുമ്മ തന്നേടി ..”’

അത് കേട്ടതും ശിവൻ പറഞ്ഞപ്പോൾ റോസി പൊട്ടിച്ചിരിച്ചു പോയി .

” മോനൂ …വേണോടാ … എനിക്ക് പ്രായമായിവരികയാണ് . നിന്റെ ജീവിതം . അതീ വിധവയുടെ കൂടെ ?”’

ശിവന്റെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് റോസി പറഞ്ഞതും അവന്റെ വിരലുകൾ റോസിയുടെ ചുണ്ടുകളെ നിശബ്ദമാക്കി .

” വിധവയല്ല ..നീ ഞാൻ താലി കെട്ടിയ പെണ്ണാണ് . ജരാനരകൾ ബാധിച്ചാലും എന്റെ ഇഷ്ടം കുറയുകയില്ല . എന്റെ നെഞ്ചിലെന്നും നീയുണ്ടാകും . ഇത് ശിവന്റെ വാക്കാണ് ”’

ശിവൻ അവളുടെ കഴുത്തിൽ കിടന്ന താലി താലി ഉയർത്തിക്കാണിച്ചു തുടർന്നു .

” ഞാൻ നിന്റെ ഇഷ്ടം ഒരിക്കലും ചോദിച്ചില്ല . എല്ലാ അർത്ഥത്തിലും ശിവന്റെ ഭാര്യ ആയിരിക്കാൻ നിനക്കിഷ്ടമാണോ റോസീ ?”’

താൻ പറഞ്ഞതിൽ പിന്നെ ഒരിക്കൽപോലും അവൻ ചേച്ചിയെന്നു വിളിച്ചില്ലായെന്നറിഞ്ഞപ്പോൾ റോസിയെ വിയർക്കാൻ തുടങ്ങി .

”’ എനിക്കൊരഭയം നീ തന്നപ്പോൾ കുറച്ചുനാളെങ്കിലും ഇവിടെ കഴിയേണ്ടി വന്നാൽ ഈ സമൂഹത്തെ പേടിച്ചു ഒരു ചീത്ത സ്ത്രീയെന്ന് വിളിക്കപ്പെടാതിരിക്കാൻ വെറുതെ എന്നോണമാണ് ഞാൻ നിന്നോട് വിവാഹം കഴിക്കാമോയെന്ന് ചോദിച്ചത് . ഉടൻ തന്നെ നീ സമ്മതവും പറഞ്ഞപ്പോൾ ഏതൊരാണും ഒരുസ്ത്രീയിൽ ആകൃഷ്ടനാകുന്നത് പോലെയെന്നെ ഞാനും കരുതിയുള്ളൂ . പക്ഷേ എന്റെ മേലുള്ള നിന്റെ കെയറിംഗ് സ്നേഹം ബഹുമാനം ഇതെല്ലാം നിന്നിലേക്ക് എന്നെ അടുപ്പിക്കുകയായിരുന്നു . പിന്നെ എന്നോ നഷ്ടപ്പെട്ട എന്റെ യൗവ്വനവും മറന്നു തുടങ്ങിയ ദാമ്പത്യ ജീവിതത്തിലെ കളിചിരി ഓർമകളും നീയുമായുള്ള ജീവിതത്തിനിടയിൽ തിരികെ ലഭിച്ചപ്പോൾ …. ”’ റോസി ഒന്ന് നിർത്തി അവളെന്തോ ആലോചനയിലായിരുന്നു.

” മോനൂ … നാളെ ഈ സമൂഹം എൻറെ മേൽ കാർക്കിച്ചു തുപ്പിയെക്കാം. അതിനെ ചെറുക്കാൻ നീ എനിക്ക് തന്ന ഈ താലി മതിയാകും … ഒരിക്കൽ ..ഒരിക്കലെങ്കിലും എനിക്ക് ശിവന്റെ പെണ്ണാകണം . ശരീ ര ദാ ഹം കൊണ്ടല്ല അത്രമേൽ നീ എന്നിൽ വേരാഴ്ന്നു പോയതിനാൽ ..നീ എന്റെ ജീവന്റെ ഭാഗമായതിനാൽ ”’

പിറ്റേന്ന് പുലർച്ചെ റോസി കുളിച്ചുവരുമ്പോഴും ശിവൻ എണീറ്റിട്ടുണ്ടായിരുന്നില്ല .

കട്ടിലിനടിയിലെ ട്രങ്ക് പെട്ടിയിൽ എന്നോ കണ്ടിരുന്ന ചെപ്പിൽ നിന്ന് അൽപം സിന്ദൂരമെടുത്തു നെറ്റിയിൽ ചാർത്തി കണ്ണാടിയിൽ നോക്കിയപ്പോൾ ശിവന്റെ ചിരിക്കുന്ന മുഖം കണ്ടു റോസി നാണത്തോടെ അടുക്കളയിലേക്കോടി .

”ഏതോ നല്ല വീട്ടിലെ പെണ്ണുമ്പുള്ളയാ ..അവളുടെ കയ്യിലും കഴുത്തിലുമൊക്കെ കൊറെ സ്വർണമുണ്ടായിരുന്നു ..അതൊക്കെ കണ്ടാകും അവൻ അവളെ കൂടെപ്പൊറുപ്പിച്ചത് . ഇപ്പോളതൊന്നും കാണാനില്ല . അവൻ എല്ലാം വിറ്റുതുലച്ചുകാണും എന്നതായാലും ശിവന്റെ സമയം ”

”പണ്ടേയിവർ പ്രേമത്തിലായിരുന്നെന്നാ കേട്ടത് . ആ പെണ്ണുമ്പുള്ളക്ക് നാലഞ്ച് മക്കൾ ഉണ്ടെന്നാ അറിവ് ”

” ഹോ !!! അതിനെയൊക്കെ ഉപേക്ഷിച്ചു ഇറങ്ങിപ്പോരാനുള്ള തൊലിക്കട്ടിയപാരം തന്നെ .

” ഓ ..എന്നതാണേൽ നമുക്കെന്നാ ഗംഗേട്ടാ .. നല്ല അടിപൊളി ഫുഡ് കിട്ടുന്നുണ്ട് ..അത് പോരെ ?’

ഹോട്ടലിന്റെ മുന്നിൽ കാത്തുകിടക്കുന്നവരോട് കണ്ടക്റ്റർ ഗംഗാധരന്റെ കുശലം പറച്ചിൽഅതിരുകടക്കുന്നത് കേട്ട് കിളി രാജീവൻ തടുത്തപ്പോൾ അവരുടെ അടുത്തുണ്ടായിരുന്ന കാറിൽ പല്ലുകൾ ഞെരിച്ചുകൊണ്ട് റോസിയുടെ മകൻ ജോൺസണും ഭാര്യയും ഇരിപ്പുണ്ടായിരുന്നു .

തുടരും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *