ഒരിക്കൽ പരിഹസിച്ച നാട്ടുകാരുടെ മുമ്പിൽ വിലസി നടക്കാൻ കൊതിക്കുന്നയൊരു ശരാശരി മനുഷ്യന്റെ ചിന്ത മാത്രമേ അസ്ക്കറിന്റെ ഉപ്പയ്ക്കുണ്ടായിരുന്നുള്ളൂ …..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

ഇന്നത്തെ ബംഗ്ലാദേശിലെ ദ്വാക്കി ഗ്രാമത്തിൽ നിന്ന് ആയിരത്തി തൊള്ളായിരത്തി അമ്പതിൽ മേഘാലയിലേക്ക് കുടിയേറി പാർത്തതാണ് അസ്‌ക്കറിന്റെ കുടുംബം. അന്നവൻ തീരേ കുഞ്ഞാണ്. കൈവെള്ളയിൽ തൊടുമ്പോൾ പാൽ പല്ല് കാട്ടി ചിരിക്കുന്ന പ്രായം.

അന്ന് അസ്ക്കറിന്റെ ഉപ്പയ്ക്കും കുടുംബത്തിനും താമസിക്കാനുള്ള സൗകര്യങ്ങളെല്ലാം ഒരുക്കി കൊടുത്തത് അബ്ദാനായിരുന്നു. അബ്‌ദാൻ അവിടുത്തെ തൊഴിലാളികൾക്കെല്ലാം പ്രിയങ്കരനായ മദ്ധ്യവയസ്ക്കനാണ്. അങ്ങനെ ഈസ്റ്റ് ഖാസി മലയോര ഗോത്ര കർഷകരുടെ കൂടെ തൊഴിലാളിയായി തുടങ്ങിയ അസ്ക്കറിന്റെ ഉപ്പ പതിയേ മെച്ചപ്പെട്ട നിലയിലേക്ക് നടുനിവർത്തി.

ബാധ്യതകൾ മൂടി വിശപ്പ് വന്ന് കൊത്താൻ തുടങ്ങിയപ്പോൾ ഉള്ളതെല്ലാം വിറ്റുപെറുക്കി ഭാര്യയേയും കുഞ്ഞിനേയും വാരിപൊത്തി വന്നതാണ് അസ്ക്കറിന്റെ ഉപ്പ. അയാളോട് കൂടെപ്പിറപ്പിനോടെന്ന പോലെയൊരു അനുകമ്പ അബ്‌ദാന് തോന്നി. രണ്ട് ഭാര്യകളിലായി അബ്ദാന് പിള്ളേര് പതിമൂന്നാണ്. ഏറ്റവും ഇളയവൾ റാസിയാക്ക് അസ്ക്കറിന്റെ പ്രായവും.

വർഷങ്ങൾക്കുള്ളിൽ അവിടങ്ങളിലെ ബന്ധങ്ങൾ ഉപയോഗിച്ച് അസ്ക്കറിന്റെ ഉപ്പ കുരുമുളക് മൊത്തവിലക്കെടുത്ത് കച്ചവടം ആരംഭിച്ചു. സൊഹ്രയിലെ തന്നെ അറിയപ്പെടുന്നയൊരു കച്ചവടക്കാരനായി മാറാൻ പിന്നീട് അയാൾക്ക് കാല താമസമുണ്ടായിരുന്നില്ല.

ഈ വേളകളിലെല്ലാം രണ്ട് കൗമാരക്കാർ പരസ്പരം കൈകൾ കോർത്ത് ഗ്രാമത്തിലെ മലഞ്ചെരിവുകളുടെ മഞ്ഞ് മൂടിയ ഒറ്റയടിപ്പാതയിൽ പ്രണയം പറത്തുന്നുണ്ടെന്നത് ആരുമറിഞ്ഞില്ല. അസ്‌ക്കറെന്നും റാസിയായെന്നും പേരുള്ള രണ്ട് വർണ്ണ പട്ടങ്ങൾ മുട്ടിയുരുമ്മി പാറിയപ്പോൾ അവിസ്മരണീയമായത് സ്വർഗ്ഗ പ്രതീതിയുണര്‍ത്തുന്ന ചിറാപുഞ്ചിയായിരുന്നു.

കൊടി പോലെയുയർന്ന കുന്നുകളും നിരവധി വെള്ളച്ചാട്ടങ്ങളും കൊണ്ട് മനോഹരമായ നനഞ്ഞ കാഴ്ച്ചകൾ ഉള്‍കൊണ്ടതാണ് സൊഹ്ര എന്ന നാടന്‍ പേരില്‍ അറിയപ്പെടുന്ന ചിറാപുഞ്ചി പട്ടണം. ബ്രിട്ടീഷുകാർ ഓറഞ്ചുകളുടെ നാടെന്ന് വിശേഷിപ്പിക്കുന്ന അവിടങ്ങളിൽ കനത്തും അല്ലാതേയും ഇടവേളകളില്ലാതെ പെയ്യുന്ന മഴയിൽ അസ്ക്കറിന്റെ ഉപ്പ നന്നേ വിയർത്താണ് നിലയുറപ്പിച്ചത്.

ജന്മനാട്ടിൽ ആഴ്ത്താൻ പറ്റാതെ വേദനിച്ച ആ കുടുംബത്തിന്റെ വേരുകൾ പ്രകൃതിയുടെ പുണ്യ നിയമത്തിൽ പുളകിതമാകുന്ന ചിറാപുഞ്ചിയിൽ ആഴ്ന്ന് പടർന്നു.

ഏത് ലോകത്തായാലും താങ്ങാൻ ആൾക്കാരില്ലാത്ത മനുഷ്യർക്ക്, അവരുടെ അധ്വാനത്തിന്റെ വിയർപ്പിൽ നിന്ന് മാത്രമല്ലേ ജീവിതത്തിന്റെ ശരീരത്തിൽ സുഗന്ധം നിറയ്ക്കാനാകൂ…

അന്ന് ഷില്ലോങ്ങിലെ തന്റെ കച്ചവട സ്ഥാപനത്തിൽ നിന്ന് അയാൾ സൊഹ്രയിലേക്ക് തിരിച്ചെത്തിയത് അർദ്ധരാത്രിയിൽ ആയിരുന്നു. മഴ പൊടിയുന്ന വഴികളിലൂടെ അയാൾ തന്റെ വീട്ടിലേക്ക് നടന്നു. കാലത്തിറങ്ങുമ്പോൾ ഓർമ്മയിൽ ഉണ്ടായിരുന്ന അസ്ക്കറിന്റെ വർഷാവസാന പരീക്ഷയും ഭാര്യയുടെ മുട്ട് വേദനയും അയാൾ ഉച്ചക്കേ മറന്നിരുന്നു. വരുന്ന വഴികളിലെല്ലാം വെളിപ്പെട്ട ജനങ്ങളുടെ ആരവങ്ങളുടെ ചുവട് പിടിച്ചായിരുന്നു അയാളുടെ ചിന്തകൾ മുഴുവൻ സഞ്ചരിച്ചിരുന്നത്.

രാജ്യം മുഴുവൻ വിജയ ദിവസം ആഘോഷിക്കുകയും കാവൽ നായകന്മ്മാരെ വിസ്മരിക്കുകയും ചെയുന്നു. താൻ ജനിച്ച് വളർന്ന നാടൊരു സ്വതന്ത്ര രാജ്യത്തിന്റെ ഭാഗമായെന്ന് അറിഞ്ഞപ്പോൾ തിരിച്ച് പോയാലോ എന്നായിരുന്നു അയാൾ ആലോചിക്കുന്നുണ്ടായിരുന്നത്.

വീട്ടിലെത്തിയ അർദ്ധരാത്രിയിൽ തന്നെ അയാളത്‌ ഭാര്യയോട് പറയുകയും ചെയ്തു. ജനിച്ച നാടിനേക്കാളും വലുതായി ഒന്നുമില്ലല്ലോയെന്ന് പറഞ്ഞ് അവളും അയാളുടെ ഒപ്പം ചേർന്നു.

പിറ്റേന്ന് ഉമ്മയിൽ നിന്ന് വിവരമറിഞ്ഞ അസ്‌ക്കർ ഒരു കാരണവശത്താലും താൻ കൂടെ വരില്ലെന്ന് പറഞ്ഞ് മുഖം ചുളിച്ചു. അവന്റെ ഉമ്മയത് വളരേയധികം ആകുലതയോടെ വൈകുന്നേരം വീട്ടിലേക്ക് കയറിവന്ന അയാളോട് പറഞ്ഞു. അതുകേട്ടപ്പോൾ അവന്റെ സമ്മതം ചോദിച്ചിട്ടാണോ അവനെ ഇങ്ങോട്ട് കൊണ്ടുവന്നതെന്ന് പറഞ്ഞ് തന്റെ താക്കിയാഹ് തലയിൽ നിന്നെടുത്ത് മാറ്റി അയാൾ കയ്യും മുഖവും കഴുകി.

ഉപ്പ വന്നിട്ടുണ്ടെന്ന് അറിഞ്ഞിട്ടും അസ്‌ക്കർ മുറിയിൽ നിന്ന് പുറത്തേക്ക് വന്നില്ല. പരീക്ഷ കഴിഞ്ഞിട്ടേ പോകുന്നുള്ളുവെന്ന് പറഞ്ഞേക്കെന്ന് അയാൾ പറയുന്നതൊക്കെ മുറിയിലിരുന്ന് അവൻ കേൾക്കുന്നുണ്ടായിരുന്നു.

അവന്റെ ഉള്ളിൽ മുഴുവൻ ഒരുതുണ്ട് കറുപ്പ് തുണിയിൽ പൊതിഞ്ഞ് വെച്ച റാസിയയുടെ വെളിച്ചമുള്ള മുഖമായിരുന്നു.

നോഹ്കലികായിൽ നിന്ന് തെറിച്ച് വീഴുന്ന ചില്ല് തുള്ളികളെ കാണുമ്പോൾ, അതിന്റെ തെളിച്ചമാണ് പെണ്ണേ നിന്റെ മുഖത്തിനെന്ന് അസ്‌ക്കർ പലപ്പോഴും അവളോട് പറഞ്ഞിട്ടുണ്ട്. വളരേ ഉയരം കൂടിയ ആ വെള്ളച്ചാട്ടത്തിന്റെ മുഴുവൻ ആർദ്രതയും അപ്പോഴവളുടെ കണ്ണുകളിൽ തെളിയുമായിരുന്നു.

തന്റെ തിരിച്ച് പോക്ക് തീർച്ചയായിട്ടും അവളെ അസ്ഥിരപ്പെടുത്തുമെന്നത് കൊണ്ട് കൂടെ വരില്ലായെന്ന തീരുമാനത്തിൽ തന്നെ അസ്‌ക്കർ ഉറച്ച് നിന്നു. അവന്റെ ഉപ്പയെത്ര ശബ്ദമുയർത്തി പറഞ്ഞിട്ടും അവൻ അനുസരിച്ചില്ല.

ഒരിക്കൽ പരിഹസിച്ച നാട്ടുകാരുടെ മുമ്പിൽ വിലസി നടക്കാൻ കൊതിക്കുന്നയൊരു ശരാശരി മനുഷ്യന്റെ ചിന്ത മാത്രമേ അസ്ക്കറിന്റെ ഉപ്പയ്ക്കുണ്ടായിരുന്നുള്ളൂ. തന്നിഷ്ട്ടം കാണിക്കുന്ന മകനില്ലെങ്കിലും തിരിച്ച് പോകണമെന്ന തീരുമാനത്തിൽ തന്നെ അയാൾ ഉറച്ച് നിന്നു. ആ ഉറപ്പിൽ അസ്ക്കറിനും കൂടെ ചെരേണ്ടി വന്നു. കാര്യമെല്ലാം അറിഞ്ഞപ്പോൾ പോകരുതെന്ന് പറയാനുള്ള അവകാശമില്ലാത്തത് കൊണ്ട് മാത്രം അബ്‌ദാൻ മിണ്ടാതിരുന്നു.

എന്നും പരസ്പരം കാണുന്ന ഓറഞ്ച് തൊട്ടത്തിൽ റാസിയ അസ്‌ക്കറിനായി അന്നും കാത്തുനിന്നിരുന്നു. എന്ത്‌ സംഭവിച്ചാലും ഒരു വർഷത്തിനുള്ളിൽ താൻ തിരിച്ച് വരുമെന്ന് പറയാൻ വേണ്ടി, പറഞ്ഞ നേരത്ത് തന്നെ അവൻ എത്തി.

റാസിയായുടെ തലയിൽ നിന്ന് കറുത്ത തുണിയെടുത്ത് മാറ്റിയിട്ട് അവൻ അവളുടെ മുഖമാകെ ചുംബിച്ചു. തിരിച്ചു വന്നില്ലെങ്കിൽ എന്റെ തെളിച്ചമാണെന്ന് നീ പറഞ്ഞ വെള്ളച്ചാട്ടത്തിലേക്ക് താനെടുത്ത് ചാടുമെന്ന് പറഞ്ഞ് അവളും കാത്തിരിക്കാൻ തയ്യാറായി.

അന്ന് രണ്ടുപേരും അടർത്തി മാറ്റി നുകർന്ന ഓറഞ്ച് അല്ലികളിൽ കവിള് കോച്ചുന്ന പുളിപ്പായിരുന്നു. എന്നിട്ടും മധുരമാണ് ഊറുന്നതെന്ന ഭാവത്തിൽ രണ്ടുപേരും മതിമറന്ന് പുണർന്നു. അവരെ പൊതിഞ്ഞ് പുകപോലെ മഞ്ഞ് പതയുന്നുണ്ടായിരുന്നു.

അസ്‌ക്കറും കുടുംബവും അവരുടെ ജന്മ നാട്ടിലേക്ക് തിരിച്ച് പോയി. റാസിയ തന്നെ കടന്ന് പോകുന്ന ഓരോ നാളുകളേയും ഭദ്രമായി അവളുടെ കാത്തിരിപ്പിലേക്കെടുത്ത് വെച്ചു. സമ്പാദ്യവുമായി തിരിച്ചെത്തിയ അസ്ക്കറിന്റെ ഉപ്പയിലേക്ക് അവിടുത്തെ ഉറുമ്പ് മനുഷ്യരെല്ലാം വരിവരിയായി ഒട്ടിച്ചേർന്ന് വാനോളം വാഴ്ത്തി. കഴിഞ്ഞതെല്ലാമൊരു കടങ്കഥപോലെ അയാൾ മറന്നു. പുതിയ ബന്ധങ്ങൾ വന്ന് ചേർന്നപ്പോൾ അസ്‌ക്കറും അയാളെ അനുകരിച്ചു.

സാഹചര്യങ്ങളും സന്ദർഭങ്ങളും മാറുമ്പോൾ മനുഷ്യരും മാറും. പങ്കുവെച്ച ബന്ധങ്ങളോട് പറഞ്ഞുവെച്ച വാക്കുകളെല്ലാം പാലിക്കപ്പെടാനുള്ളതാണെന്ന ബോധമൊന്നും ഇത്തരം ആൾക്കാർക്ക് ഉണ്ടാകില്ല.

മറ്റൊരിടത്തേക്ക് പറിച്ച് നടനായി സ്വയം പിഴുതെടുക്കുന്നവർക്ക് എങ്ങനെയാണ് വൈകാരിക തണൽ നഷ്ടപ്പെടുന്നവരുടെ വേദനകൾ കേൾക്കാൻ സാധിക്കുന്നത്! കൂടെപ്പിറപ്പിനെ പോലെ ആശ്രയവും അടുപ്പവും കാട്ടിയ അബ്‌ദാനെന്ന വയസ്സന്റെ കാത്തിരിപ്പിന്റെ വിളിയും ആരും കേട്ടില്ല.

എന്നാൽ, വർഷങ്ങൾ മൂന്നെണ്ണം കഴിഞ്ഞപ്പോൾ അബ്ദാന്റെ തൊണ്ടപൊട്ടിയുള്ള നിലവിളി മാത്രം ഈസ്റ്റ് ഖാസിയിലെ മിക്ക കാതുകളും കേട്ടു. റാസിയ വാക്ക് പാലിച്ചിരിക്കുന്നു. തന്റെ തെളിച്ചമാണെന്ന് അസ്‌ക്കർ പറഞ്ഞ നോഹ്കലികായുടെ ഉയരത്തിൽ നിന്ന് അവൾ താഴേക്ക് പറന്നിരിക്കുന്നു…!!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *