ഒരു ദുശ്ശീലവുമില്ലാത്ത നീ ബീ ഡി വലിക്കുന്നത് കാണുമ്പോള്‍ എന്തായാലും അവള്‍ ഒന്ന് ഞെട്ടും, നിന്റെ ഈ മാറ്റത്തിന് കാരണം താനാണല്ലോ എന്നോര്‍ത്ത്…….

Story written by Shaan Kabeer

“ആലിയാർ മുഹമ്മദ്‌ എന്ന് പറയുന്ന എന്റെ ഉപ്പൂപ്പാക്ക് പാർവതി എന്ന പാറുവിനെ ഭാര്യയായി കിട്ടിയത് എങ്ങനെയാണെന്ന് മൂത്താപ്പാക്ക് അറിയോ…?”

മൂത്താപ്പ ഉപ്പൂപ്പയുടെ ഡയറിയിലേക്ക് വിരൽ ചൂണ്ടി ഷാനിനെ നോക്കി. ഷാൻ പതുക്കെ നടന്നുപോയി ആ ഡയറി എടുത്ത് മറിച്ചുനോക്കി.

വർഷം 1874

സമയം രാവിലെ എട്ട് മണി, പായയിൽ നിന്നും ചാടി എണീറ്റ് ആലിയാർ മുഹമ്മദ്‌ എന്ന ഇരുപത്തിരണ്ടുകാരൻ വെറുകുപുരയിൽ നിന്നും ഉമിക്കരിയും കയ്യിൽ പിടിച്ച് പുഴക്കടവിലേക്ക് ഓടി. പുഴ എത്തിയതും അതിലേക്ക് എടുത്ത് ചാടി പല്ല് തേപ്പും, കുളിയും പെട്ടെന്ന് കഴിച്ച് അവന്‍ തിരിച്ച് അടുക്കളയിലേക്ക് ഓടി.

“ഉമ്മാ, തിന്നാൻ എന്താ ഉള്ളേ”

ഉമ്മ കൊണ്ടു വെച്ച നല്ല ആവി പറക്കുന്ന പുഴുങ്ങിയ കപ്പയും ചീരാത്ത് മുളകും തേങ്ങയും അമ്മിക്കല്ലിൽ ചതച്ചുണ്ടാക്കിയ ചമ്മന്തിയും വേഗത്തിൽ നിലത്തിരുന്ന് കഴിച്ച് കൃഷ്ണന്റെ അമ്പലത്തിലേക്കുള്ള ഇടവഴിയിലൂടെ ഓടി.

അമ്പലത്തിനോട് തൊട്ട് നിൽക്കുന്ന ഒരു പാടം. രണ്ടുപേർക്ക് കഷ്ടിച്ച് പോകാവുന്ന ഒരിടവഴി, അവിടെ ആലിയാറിന്റെ കൂട്ടുകാര്‍ അവനെ കാത്ത് നിൽപുണ്ടായിരുന്നു. അവിടെയായിരുന്നു പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത ആലിയാറും കൂട്ടുകാരും ഒത്തു കൂടിയിരുന്നത്. എല്ലാദിവസവും ഈ സമയത്ത് ആലിയാർ അവിടെ ഓടിയെത്തും. കാരണം പാർവതി എന്നും ആ വഴിയാണ് അമ്പലത്തില്‍ പോയിരുന്നത്. അവന്‍ അവളെ പാറൂ എന്നായിരുന്നു വിളിച്ചിരുന്നത്,അത് ആ പരിസരത്തുള്ള എല്ലാവർക്കും അറിയാമെങ്കിലും പാർവതിക്ക് മാത്രം അറിയില്ലായിരുന്നു.

ആലിയാറിന് പാറുവിനോട് മുടിഞ്ഞ ഇഷ്ടമായിരുന്നു. അവന്റെ വീടിന്റെ തൊട്ടടുത്താണ് പാറുവിന്റെ വീട്. കുട്ടിക്കാലം മുതൽ ഒന്നിച്ച് കളിച്ച് വളർന്നവരാണ് അവര്‍, പഠിക്കാൻ ആനമടിയനായിരുന്ന ആലിയാർ പാതിയിൽ വെച്ച് പാഠശാലയിൽ പോക്ക് നിറുത്തി. പാഠശാലയിലേക്ക് ഒന്നിച്ചായിരുന്നു അവർ പോയിരുന്നത്. ആദ്യമൊക്കെ അവര്‍ നല്ല കൂട്ടായിരുന്നു. അവർ ഒന്നിച്ചായിരുന്നു പഠിച്ചിരുന്നത്, കളിച്ചിരുന്നത് എല്ലാം. പക്ഷെ ഇതിനിടയിലാണ് ആലിയാർ തന്റെ മനസ്സിലുള്ള പ്രണയം പാറുവിനോട് ആദ്യമായി പറയുന്നത്, അന്ന് പിണങ്ങിയതാണ് പാറു അവനോട്, പിന്നെ ആലിയാറിനെ കാണുന്നതേ കലിപ്പാണ് പാറുവിന്.

അതിനു ശേഷം പാറുവിന്റെ മുഖത്ത് നോക്കാന്‍ അവന് ചെറിയ ചമ്മലായിരുന്നു. എന്നാലും പാറു പോകുന്ന വഴികളിലൊക്കെ അവന്‍ ചുറ്റിപറ്റി നിക്കുമായിരുന്നു. തന്റെ പ്രണയം പറഞ്ഞതിന് ശേഷം പിന്നീട്‌ ഇതുവരെ അവന്‍ പാറുവിനോട് പ്രണയത്തെ കുറിച്ച് ഒരക്ഷരം പോലും മിണ്ടിയിട്ടില്ല, അതിന് കാരണം അന്ന് അവള്‍ പറഞ്ഞ തെ റിയെ കുറിച്ച് ഓർത്തിട്ടായിരുന്നു.

ഒരിക്കല്‍ ആലിയാറിന്റെ ആത്മാർത്ഥ സുഹൃത്ത് അവന് പാറുവിന്റെ മനസ്സില്‍ കയറി പറ്റാനുള്ള ഒരു ഐഡിയ പറഞ്ഞു കൊടുത്തു

“ടാ ആലി, അവള് ഇപ്പോ ഇതുവഴി വരും. നീ നിന്റെ മുടിയൊക്കെ ഒന്ന് അലസമാക്കിയിട്ടേ, എന്നിട്ട് ആ മീശയൊന്ന് പിരിച്ച് വെക്ക്, മുഖത്ത് ഒരു പരുക്കന്‍ ഭാവം വരണം, അവളെ കണ്ടതും നീ പോക്കറ്റില്‍ നിന്നും ഒരു ബീ ടിയെടുത്ത് കത്തിച്ച് ആഞ്ഞുവലിക്കണം, പാറുവിനെ കണ്ട ഉടനെ അപ്രതീക്ഷിതമായി കണ്ടതുപോലെ മുഖത്ത് ഭാവം വരുത്തണം, എന്നിട്ട് ബീ ഡി വലിക്കുന്നത് അവള്‍ കണ്ടത് നിനക്ക് ഭയങ്കര വിഷമമായി എന്ന രീതിയില്‍ ആ ബീ ഡി വലിച്ചെറിയണം”

അപ്പോള്‍ ആലിയാർ കൂട്ടുകാരനോട് സംശയം ചോദിച്ചു

“എടാ, അതിന് എന്റേൽ ബീ ഡി ഇല്ലല്ലോ, നിനക്ക് അറിഞ്ഞൂടെ ഞാന്‍ വലിക്കില്ലാ എന്ന്”

കൂട്ടുകാരന്‍ ആലിയാറിനെ ദേഷ്യത്തോടെ നോക്കി കണ്ണുരുട്ടി

“എടാ പുല്ലേ, ഞാന്‍ പറയുന്നത് ആദ്യം നീ മുഴുവനായി ഒന്ന് കേൾക്ക്, ബീ ഡിയൊക്കെ ഞാൻ ഒപ്പിച്ച് തരാം”

ആലിയാർ തലയാട്ടി. കൂട്ടുകാരന്‍ തുടര്‍ന്നു

“ഒരു ദുശ്ശീലവുമില്ലാത്ത നീ ബീ ഡി വലിക്കുന്നത് കാണുമ്പോള്‍ എന്തായാലും അവള്‍ ഒന്ന് ഞെട്ടും, നിന്റെ ഈ മാറ്റത്തിന് കാരണം താനാണല്ലോ എന്നോര്‍ത്ത് പാറുവിന്റെ മനസ്സ് പിടയും, അവള്‍ തന്റെ ഉണ്ട കണ്ണുകള്‍ കൊണ്ട് നിന്റെ കണ്ണിലേക്ക് നോക്കും. പിന്നെ നീ നോക്കിക്കോ അവള് നിന്നോട് ഇങ്ങോട്ട് വന്ന് പറയും ഐ ഡെബ്ലി യൂ എന്ന്”

“എന്ത്”

കൂട്ടുകാരൻ ആലിയാറിനെ ഗമയോടെ നോക്കി

“വെള്ളക്കാർ ഇങ്ങനാ പ്രേമിക്കാ, ഐ ഡെബ്ലിയൂ എന്നുവെച്ചാൽ നമുക്ക് കല്യാണം കഴിക്കാം എന്നാണ് പൊട്ടാ, ഒന്നും അറിയില്ല പൊട്ടൻ”

അത്ഭുതത്തോടെ ആലിയാർ കൂട്ടുകാരനെ നോക്കി

“നീ ഇതൊക്കെ എവിടുന്ന് പഠിച്ചു”

കൂട്ടുകാരന്റെ മുഖത്ത് വീണ്ടും ഗമ

“ബ്രിട്ടീഷുകാരുമായി എനിക്ക് നല്ല പിടിയാണ് മോനേ”

ആലിയാർ സന്തോഷം കൊണ്ട് കൂട്ടുകാരനെ കെട്ടിപ്പിടിച്ചു, അപ്പോള്‍ കൂട്ടുകാരന്‍ കുറച്ച് ഗൗരവത്തോടെ പറഞ്ഞു

“ആ പിന്നെ, മിനിസ്റ്റർ ആലിയാർ”

“മിനിസ്റ്റർ എന്നുവെച്ചാൽ”

കൂട്ടുകാരന്റെ മുഖത്ത് പുച്ഛം

“ഒന്നും അറിയാത്ത മണ്ടൻ, മിനിസ്റ്റർ എന്നാൽ ശ്രീമാൻ, മിനിസ്റ്ററി എന്നുവെച്ചാൽ ശ്രീമതി”

ആലിയാർ കൂട്ടുകാരനെ അഭിമാനത്തോടെ അടിമുടിയൊന്ന് നോക്കി. കൂട്ടുകാരൻ ഗൗരവത്തിൽ ആലിയെ നോക്കി

“അവള് ഇങ്ങോട്ട് വന്ന് ഐ ഡെബ്ലിയു എന്ന് പറയുമ്പോള്‍ ചാടി കയറി അങ്ങ് സമ്മതിക്കാൻ നിക്കേണ്ട, നീ കുറേ അവളുടെ പിറകെ നടന്നതല്ലേ, കുറച്ച് അവളും നടക്കട്ടെ നിന്റെ പിറകെ”

താന്‍ ആരുടെ മുന്നിലും തല കുനിക്കരുത് എന്ന് കരുതുന്ന ഇങ്ങനെയൊരു കൂട്ടുകാരനെ കിട്ടിയതിൽ ആലിയാർ അഭിമാനിച്ചു.

കുറച്ച് സമയം കഴിഞ്ഞപ്പോള്‍ പാറു അതുവഴി വന്നു. അവളെ കണ്ടതും ആലിയാർ കൂട്ടുകാരന്‍ പറഞ്ഞതുപോലെ ചെയ്തു, പാറു അടുത്തെത്തിയപ്പോൾ ആലിയാർ അപ്രതീക്ഷിതമായി അവളെ കണ്ടെതുപോലെ തന്റെ കയ്യിലുള്ള ബീ ഡി താഴേക്കിട്ടു, എന്നിട്ട് ദുഃഖ ഭാവത്തില്‍ തലതാഴ്ത്തി നിന്നു. പാറു അവന്റെ അടുത്തു കൂടെ നടന്നുപോയി. കൂട്ടുകാരന്‍ പറഞ്ഞതുപോലെ അവള്‍ തന്നെ തിരിഞ്ഞു നോക്കുന്നുണ്ടോ എന്ന് ആലിയാർ ഇടങ്കണ്ണിട്ട് നോക്കി. കുറച്ച് മുന്നോട്ട് നടന്ന പാറു പെട്ടെന്ന് നിന്നു, അവന്റെ ഹൃദയം വേഗത്തില്‍ ഇടിച്ചു, അവള്‍ അവനെ തിരിഞ്ഞു നോക്കി, പാറുവിന്റെ ഉണ്ട കണ്ണുകള്‍ അവന്റെ കണ്ണിലേക്ക് പതിഞ്ഞു. അവളുടെ ചുണ്ടുകള്‍ എന്തോ മന്ത്രിക്കുന്നുണ്ടായിരുന്നു, ആലിയാർ അവളുടെ ചുണ്ടിലേക്ക് ശ്രദ്ധിച്ചു നോക്കി

” തെ ണ്ടി”

എന്നായിരുന്നു അവളുടെ ചുണ്ടുകള്‍ മന്ത്രിച്ചിരുന്നത്.അതും പറഞ്ഞ് അവള്‍ ദേഷ്യത്തോടെ നടന്നുപോയി. ആലിയാർ തന്റെ കൂട്ടുകാരനെ ദയനീയമായി ഒന്നു നോക്കി, കൂട്ടുകാരന്‍ തിരിച്ച് ആലിയാറിനേയും നോക്കി.

ആ സംഭവത്തിന് ശേഷം കുറച്ച് ദിവസം ആലിയാർ പാറുവിന്റെ മുന്നിലേക്ക് തന്നെ പോയില്ല. അവന്റെ വീടിന്റെ വെറുകുപുരയുടെ ഓലനീക്കി ആലിയാർ അവളെ നോക്കാറുണ്ടായിരുന്നു, അപ്പോഴൊക്കെ അവള്‍ അവനു നേരെ കണ്ണുരുട്ടി.

ആലിയാറിന്റെ കൂട്ടുകാരന്റെ അനിയത്തിയും, പാറുവിന്റെ അടുത്ത സുഹൃത്തുമായ അനാമികയുടെ കല്യാണത്തിന്റെ തലേ ദിവസം ആലിയാറും കൂട്ടുകാരും പാട്ടും, ഡാന്‍സുമൊക്കെയായി എല്ലാവരേയും കയ്യിലെടുത്തു. അവരുടെ കലാപരിപാടികൾ കാണുന്ന കൂട്ടത്തില്‍ പാറുവും ഉണ്ടായിരുന്നു. പാറു ഉള്ളത് കൊണ്ട് തന്നെ ആലിയാർ തകർത്താടി, എല്ലാവരും കയ്യടിച്ച് അവരെ പ്രോത്സാഹിപ്പിച്ചു.

നല്ല രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയി കൊണ്ടിരിക്കുമ്പോഴാണ് പെട്ടന്ന് വാ റ്റ് ചാ രായം അടിച്ചു പൂസായ ആലിയാറിന്റെ ഒരു കൂട്ടുകാരന്‍ വാളുവെച്ചത്, അപ്പോള്‍ തന്നെ വേറെ രണ്ട് പേരും കൂടെ വാള് വെച്ചു. അതുവരെ കയ്യടിച്ചവർ അവരെ വഴക്കു പറയാന്‍ തുടങ്ങി. പരിപാടി ആകെ കുളമായി. ഒരു തുള്ളി പോലും മ ദ്യപിക്കാത്ത ആലിയാറും പ്രതിസ്ഥാനത്തായി. പാറു ആലിയെ തുറിച്ചു നോക്കി അവിടെ നിന്നും പോയി. നിസ്സഹായനായി നിൽക്കാനേ ആലിക്കായൊള്ളൂ. ചെയ്യാത്ത കാര്യത്തിന് വീണ്ടും അവന്‍ പാറുവിന്റെ മുന്നില്‍ പ്രതിയായി.

പാറുവിന്റെ മുന്നില്‍ പോലും പോവാന്‍ പറ്റാത്ത അവസ്ഥയായി അവന്. എങ്ങനെ അവളുടെ മനസ്സില്‍ കയറി പറ്റാം എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് കൂട്ടുകാരൻ ഓടിക്കിതച്ച് വരുന്നത്

“ടാ ആലി, നീ അറിഞ്ഞില്ലേ നിന്റെ പാറൂനെ പെണ്ണ് കാണാന്‍ ചെല്ലക്കര ദേശത്തുള്ള ഒരു കൂട്ടര് പോയിട്ടുണ്ട്, അവര്‍ എന്നോടാ അവളുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചേ, കണ്ടിട്ട് വല്യ ഇല്ലത്തെ ആണെന്നാ തോന്നുന്നേ”

ആലിയാർ ഒന്നും പറയാതെ നിലത്തിരുന്നു. അവന്റെ മനസ്സ് പിടഞ്ഞു, കണ്ണുകള്‍ നിറഞ്ഞു. മനസ്സ് കൊണ്ട് എന്നോ ഉറപ്പിച്ചതാണ് പാറു തന്റെ പെണ്ണാണ് എന്ന്. അവിടെ ജാതിയും മതവും ഒന്നും അവനൊരു പ്രശ്നമല്ലായിരുന്നു. അവളെ കുറിച്ച് ഓർക്കാതെ, കാണാതെ ഒരു ദിവസം പോലും തള്ളി നീക്കാൻ ആലിക്ക് സാധിക്കില്ലായിരുന്നു. പാറു തനിക്ക് സ്വന്തമാകും എന്ന് അവന് പ്രതീക്ഷ ഉണ്ടായിരുന്നു, പക്ഷെ കാര്യങ്ങള്‍ കൈവിട്ട് പോയികൊണ്ടിരിക്കുകയാണ്, അവള്‍ തനിക്ക് നഷ്ടമാകും എന്ന് ആലിയാർ ഉറപ്പിച്ചു. അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

ആലിയാർ തന്റെ കുതിരപ്പുറത്ത് കയറി അതി വേഗത്തില്‍ എങ്ങോട്ടെന്നില്ലാതെ കുതിച്ചു. തന്റെ സങ്കടവും, ദേഷ്യവും എല്ലാം ആലിയാർ കുതിരയോട് കാണിച്ചു, കുതിര അതിവേഗത്തിൽ കുതിച്ചു. ആലിയാറിന്റെ മനസ്സിലൂടെ തന്റെയും പാറുവിന്റെയും കുട്ടിക്കാല ഓര്‍മകള്‍ ഓരോന്നായി കടന്നു പോയി, അതിനിടയിൽ പെട്ടന്നായിരുന്നു അത് സംഭവിച്ചത്. കുതിര ഒരു മരത്തിൽ കൂട്ടിയിടിച്ച് ആലിയാറും കുതിരയും ദൂരേക്ക് തെറിച്ചു വീണു, അവന്റെ ബോധം നഷ്ടമായി.

ബോധം വന്നപ്പോള്‍ ആലിയാർ തന്റെ വീട്ടിലായിരുന്നു. ആ വഴിക്ക് പോയ നാട്ടുകാരാണ് ആലിയാർ അപകടം പറ്റി കിടക്കുന്നത് കാണുന്നത്. അവരാണ് അവനേയും കുതിരയേയും വീട്ടിലെത്തിച്ചത്.

തലക്കും, കാലിനും നന്നായി പരിക്ക് പറ്റിയിട്ടുണ്ട്. നാട്ടുവൈദ്യൻ ആലിയാർക്കും കുതിരക്കും പച്ചമരുന്ന് വെച്ചുകെട്ടി കുറച്ച് ദിവസം വിശ്രമിക്കാൻ പറഞ്ഞു. ആലിയാരെ കാണാന്‍ കൂട്ടുകാരും, ബന്ധുക്കളും അയൽവാസികളും വന്നു. ആ കൂട്ടത്തില്‍ അമ്മയുടെ കൂടെ പാറുവും ഉണ്ടായിരുന്നു. പാറു വന്ന സമയത്ത് ഉപ്പ ആലിയാറിനെ വഴക്ക് പറഞ്ഞിട്ട് കുതിരയെ അഴിച്ച് വിട്ടു

“ഇനി മേലാൽ ഈ കുതിരപ്പുറത്ത് നീ കേറിപ്പോവരുത്, തീരെ ബോധം ഇല്ലാണ്ടാണോ ഹംകേ കുതിര സവാരി ചെയ്യുന്നത്”

കുതിര പക്ഷേ അവിടെ തന്നെ നിന്നു. ആലിയാറില്ലാത്ത ഒരു ലോകം അതിനില്ലായിരുന്നു. താൻ കാരണം പരിക്ക് പറ്റിയ കുതിരയോട് തന്റെ കണ്ണുകൾ കൊണ്ട് ആലിയാർ ആയിരംവട്ടം മാപ്പപേക്ഷിച്ചിരുന്നു.

പാറുന്റെ അമ്മ ആലിയാറിന്റെ മുറിയില്‍ കയറി കുറച്ചു സമയം നിന്നിട്ട് അവന്റെ ഉമ്മയുടെ അടുത്തേക്ക് പോയി. പാറു അവിടെത്തന്നെ നിന്നു. ആലിയാർ പാറുവിനെ നോക്കാതെ തല താഴ്ത്തി കിടന്നു. കുറച്ച് സമയം കഴിഞ്ഞ് പാറു അവനെ നോക്കി

” എന്താ, എന്നോടൊന്നും മിണ്ടാത്തെ”

ആലിയാർ അത്ഭുതത്തോടെ പാറുവിനെ നോക്കി, കാരണം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാറു തന്നോട് സംസാരിക്കുന്നത്. അവളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് അവന്‍ ശ്രദ്ധിച്ചു. അവന്‍ എന്തോ പറയാനൊരുങ്ങിയപ്പോൾ പാറു തടഞ്ഞു

“വേണ്ട , ഒന്നും പറയേണ്ട. ആ കൂട്ടര് വന്നത് എന്നെ കാണാനൊന്നും അല്ല. വരണിക്കുഴി ദേശത്തുള്ള മേമന്റെ മോളെ കാണാനാ അവർ വന്നത്. അവള്‍ വന്നിട്ടുണ്ട് വീട്ടിലേക്ക്, ചെറുക്കന്റെ വീട്ടുകാർക്ക് വരാൻ സൗകര്യം ഇവിടാണ് എന്ന് പറഞ്ഞോണ്ട് അത് എന്റെ വീട്ടില്‍ വെച്ചാക്കി, അത്രേ ഒള്ളൂ.”

അവള്‍ ഒന്നു നിറുത്തിയിട്ട് ആലിയാറിന്റെ കണ്ണിലേക്ക് തന്റെ ഉണ്ടക്കണ്ണുരുട്ടി നോക്കി

“എടാ ആറടി പൊക്കവും അതിനൊത്ത ഉയരവും ഉള്ള ആലിയാറേ, ഒരുപാട് ചെക്കന്മാർ എന്റെ പിറകെ നടന്നിട്ടും ഞാന്‍ ആരേയും പ്രേമിക്കാത്തത് എന്ത് കൊണ്ടാണ് എന്ന് നിനക്കറിയോ…? അമ്പലത്തില്‍ പോവാന്‍ വേറേയും വഴികൾ ഉണ്ടായിട്ടും നീ ഇരിക്കുന്ന വഴിയേ മാത്രം ഞാന്‍ എന്തിനാ വരുന്നേ എന്ന് നിനക്കറിയോ, അറിയില്ല കാരണം നീ ശരിക്കും പൊട്ടനാണ്”

ഒന്ന് നിറുത്തിയിട്ട് അവൾ തുടർന്നു

“പാഠശാലയിൽ പോയിരുന്ന സമയത്ത് കാണിച്ച ധൈര്യം ഈ പോത്ത് പോലെ വളർന്നിട്ടും നിനക്ക് ഇല്ലാതായി പോയല്ലോടാ എന്റെ ആലി പോത്തേ, എത്ര കാലായിന്നറിയോ ആ വായിൽ നിന്നും എന്നെ ഇഷ്ടാണ് എന്ന് പറയുന്നത് കേൾക്കാൻ കാത്തിരിക്കുന്നു. ഇനി നീ പറയും എന്ന് തോന്നുന്നില്ല, ഞാന്‍ തന്നെ പറയാം”

ആലിയാർ അവളുടെ കണ്ണുകളിലേക്ക് നോക്കി

“എന്നാ പറ എന്നോട്, ഇഷ്ടാണ് എന്ന്”

പാറു അവനെ ദയനീയമായി ഒന്നു നോക്കി

“ന്റെ ആലിയാറേ, ഇതില്‍ കൂടുതല്‍ ഞാന്‍ ഇനി എന്ത് പറയാനാ”

അവൾ പറഞ്ഞ് തീർന്നതും തന്റെ വയ്യാത്ത കാലും വെച്ച് ആലിയാർ ചാടി എഴുന്നേൽക്കാൻ നോക്കി, പക്ഷേ അത് വൻപരാജയം ആയി. കാലിന്റെ വേദന കൂടി അവൻ പാറുവിന് മേൽ വീണു…

കുട്ടികളും പേരക്കുട്ടികളുമായി സന്തോഷത്തോടെ അവർ ജീവിച്ചു ഒരുപാട് വർഷം.

മാന്യഷ്യനാണ് എന്റെ മതം മനുഷ്യത്വമാണ് എന്റെ ദൈവം എന്ന് കുടുംബത്തെ പഠിപ്പിച്ച ആലിയാർക്കും പാറുവിനും നന്ദി…

Related Posts

Leave a Reply

Your email address will not be published. Required fields are marked *