ഒരു മാസത്തോളമായി അവൻ വിളിച്ചിട്ടു.മുൻപ് തന്നെ കാണാതെ.സംസാരിക്കാതെ.. ഉറങ്ങാനാവില്ലെന്നു പറഞ്ഞവൻ.രണ്ടു മൂന്നു പ്രാവശ്യം അങ്ങോട്ടു വിളിച്ചപ്പോഴും ബിസി എന്നു പറഞ്ഞു കട്ടു ചെയ്തു……….

ജീവിതക്കാഴ്ചകൾ

Story written by Nitya Dilshe

“”ഹലോ മോളെ…മമ്മി പറയുന്നത് കേട്ടു മോൾ വിഷമിക്കരുത്..നീയവിടെ ബാംഗ്ലൂരിൽ ഒറ്റക്കണല്ലോ എന്നോർത്താ ഇതുവരെ പറയാതിരുന്നത്..””
മമ്മിയുടെ ശബ്ദത്തിലുള്ള പതർച്ചയും തളർച്ചയും കേൾക്കാനുള്ളത് നല്ല ന്യൂസ് അല്ല എന്നുള്ളതിന്റെ സൂചന തന്നു..

“”ഞങ്ങൾ നാട്ടിലോട്ടു വരികയാ..പപ്പടെ കമ്പനി പൂട്ടുകയാണ്…”‘മമ്മിയുടെ തേങ്ങലുകൾ കേട്ടു..

“”ലേബേഴ്സിന് ശമ്പളം കൊടുത്തിട്ട് അഞ്ചാറു മാസമായി..നാട്ടിലെ നമ്മുടെ പ്രോപ്പർട്ടിസെല്ലാം വിൽക്കേണ്ടി വരും… അതു കൊണ്ടു ഇവിടുത്തെ പ്രോബ്ലെംസ് തീർക്കണം..പിടിച്ചുനിൽക്കാൻ പപ്പ പരമാവധിനോക്കി…കഴിഞ്ഞില്ല… കാഞ്ഞിരപ്പള്ളിയിലെ സ്ഥലം പപ്പാ മോൾടെ കല്യാണത്തിനായി മാറ്റി വച്ചിട്ടുണ്ട്.. നാട്ടിൽ വാടകക്കൊരു വീട് പറഞ്ഞു വച്ചിട്ടുണ്ട്..ആൽബിയെ നാട്ടിലെ സ്കൂളിൽ ചേർക്കണം..മോൾടെ പഠിത്തത്തിന്റെ കാര്യം …””.മമ്മി ഒന്നു നിർത്തി.””മോൾ റോഷനുമായി ഒന്നു സംസാരിക്ക്.. അവനു മനസ്സിലാവുമല്ലോ….കർത്താവിന്റെ പരീക്ഷണങ്ങൾ ആവും..മോൾ വിഷമിക്കരുത്..മമ്മി പിന്നെ വിളിക്കാം..””

ഫോൺ വച്ചിട്ടും കുറെ നേരം ഫോണും പിടിച്ചു നിന്നു..തല മൊത്തം ഒരു മരവിപ്പ്..രണ്ടുമൂന്നു മാസമായി ചില താളപ്പിഴകൾ കണ്ടു തുടങ്ങിയിരുന്നു. ബാങ്കിലേക്ക് കൃത്യമായി വന്നുകൊണ്ടിരുന്നു പൈസയിലും മമ്മീടെ വിളികളിലും മമ്മി ഇന്ന് പറഞ്ഞത് കുറച്ചു നാളായി അലട്ടിക്കൊണ്ടിരിക്കുന്ന പലതിന്റെയും ഉത്തരമാണ്…

കൈയ്യിലെ, ഭംഗിയായി ‘റോഷൻ’ എന്നെഴുതിയ റിങ്ങിലേക്കു നോക്കി…ദുബായിയിൽ നിന്നു ബാംഗ്ലൂരിലേക്കു വരും മുമ്പ് എൻഗേജ്‌മെന്റ് നടത്തണ മെന്നു റോഷന്റെ വീട്ടുകാർക്കായിരുന്നു തിടുക്കം…പപ്പയുടെ ഫ്രണ്ടിന്റെ മകൻ

ഒരു മാസത്തോളമായി അവൻ വിളിച്ചിട്ടു… മുൻപ് തന്നെ കാണാതെ.. സംസാരിക്കാതെ.. ഉറങ്ങാനാവില്ലെന്നു പറഞ്ഞവൻ..രണ്ടു മൂന്നു പ്രാവശ്യം അങ്ങോട്ടു വിളിച്ചപ്പോഴും ബിസി എന്നു പറഞ്ഞു കട്ടു ചെയ്തു.. കാര്യം ഇന്നാണ് മനസ്സിലാവുന്നത്…

കോഴ്സ് ഇനിയും ഒരു വർഷമുണ്ട്..കംപ്ലീറ്റ് ചെയ്തേ പറ്റൂ.. ഇതുപോലെയൊരു ഫ്ലാറ്റിൽ ഫ്രണ്ട്‌സുമൊത്തുള്ള ജീവിതം ഇനി നടക്കില്ല..കഴിവതും പപ്പയെ ആശ്രയിക്കാതെ നോക്കണം.. തന്നെക്കൊണ്ട് ഇപ്പോൾ അതേ ചെയ്യാനാവൂ.. ഒരു പാർട് ടൈം ജോബ് കണ്ടെത്തണം..ഇപ്പോൾ റോഷന്റെ കാര്യം കൂടി പറഞ്ഞ് അവരെ വിഷമിപ്പിക്കാൻ വയ്യ. എല്ലാം സാവകാശം പറയണം..ഇവിടെ തളരാതെ പിടിച്ചു നിൽക്കണം…അതിനുള്ള വഴി നോക്കേണ്ടത്…

ഫ്ളാറ്റിന്റെ റെന്റ് രണ്ടുമാസത്തെ പെൻഡിങ് ഉണ്ട്.. അത് തീർക്കണം.. റെന്റ് കുറവുള്ള ഹോസ്റ്റലേക്കു മാറണം.. കൈയ്യിൽ കുറച്ചു സ്വർണ്ണമുണ്ട്..ഓണം സെലിബ്രേഷനു ഇടാൻ കൊണ്ടു വന്നതാണ്.. വിലകൂടിയ ഫോണും.. ഫ്രണ്ട്സ് സഹായിക്കുമായിരിക്കും.. വേണ്ട.. ആർക്കും കടം കൊടുക്കാനില്ലാതെ ജീവിക്കാനാണ് പപ്പ പഠിപ്പിച്ചിട്ടുള്ളത്.. അങ്ങനെ ജീവിക്കാൻ തന്നെയാണ് ഇഷ്ടവും…..

പാർട് ടൈം ജോലി അന്വേഷിച്ചു നടന്നപ്പോൾ, വിചാരിച്ചപോലെ എളുപ്പമല്ല സംഗതികൾ എന്നു വേഗം മനസ്സിലായി.. ജോലിക്കു സമീപിക്കുമ്പോൾ പലരുടെയും നോട്ടം വേറെയാണ്..സേഫ് ആയ ഹോസ്റ്റൽ.. എല്ലാറ്റിനും ഒരു സഹായം ഇല്ലാതെ പറ്റില്ല…

സഹായിക്കാൻ കഴിവുള്ള ഒരു മുഖമാണ് മനസ്സിൽ വന്നത് കാർത്തിക്…. ഞങ്ങൾക്കിടയിലെ പഠിപ്പിസ്റ് ..ബുജി…ആരെയും ആകർഷിക്കുന്ന വ്യക്തിത്വം…എല്ലാവരും ബുള്ളറ്റും വിലകൂടിയ വണ്ടികളും കൊണ്ട് വരുമ്പോൾ ഒരു പഴയ ബൈക്കിൽ വരുന്ന സാധാരണക്കാരൻ.. മുൻപ് തന്നോട് സംസാരിക്കുമ്പോൾ അവന്റെ കണ്ണിലൊരു തിളക്കമുണ്ടായിരുന്നു… അത് വഴിതെറ്റി പോവാതിരിക്കാൻ റിങ് കാണിക്കേണ്ടി വന്നു..ഒരുപക്ഷേ റോഷൻ ജീവിതത്തിലേക്ക്. വന്നില്ലായിരുന്നുവെങ്കിൽ കാർത്തിക് തന്റെ മനസ്സ് കീഴടക്കിയേനെ എന്നു തോന്നിയിട്ടുണ്ട്..എങ്കിലും സൗഹൃദം ഒട്ടും കുറയാതെ സൂക്ഷിച്ചു…

ഇപ്പോൾ തന്റെ വിഷമം പറഞ്ഞാൽ അവനേ മനസ്സിലാവു..കാര്യം മുഴുവൻ തുറന്നു പറഞ്ഞു..റോഷന്റെ ഒഴിച്ച്.. .അവൻ പണം ശരിയാക്കാം എന്നു പറഞ്ഞെങ്കിലും തന്റെ തീരുമാനങ്ങൾ തുറന്നു പറഞ്ഞു… പിന്നെ അവൻ നിര്ബന്ധിച്ചില്ല. സ്വർണവും ഫോണും വിൽക്കാൻ അവനെത്തന്നെ ഏൽപ്പിച്ചു. എല്ലാം അവൻ തന്നെയാണ് ചെയ്തു തന്നത്..സൗകര്യമുള്ളൊരു ഹോസ്റ്റൽ..ഒരു പാർട് ടൈം ജോബ്.. കുറച്ചു കൂടി റെന്റ് കുറഞ്ഞൊരു ഹോസ്റ്റൽ ആയിരുന്നു താൻ നോക്കിയിരുന്നത്.. തൽക്കാലം ഇതിൽ താമസിക്കു.. സാവകാശം നോക്കാം ..എന്നു പറഞ്ഞവൻ ആശ്വസിപ്പിച്ചു…

സ്വർണ്ണവും ഫോണും വിറ്റ പണം കൊണ്ട് ഫ്ലാറ്റിന്റെ റെന്റ് തീര്ത്തു.. വിലകുറഞ്ഞൊരു ഫോൺ വാങ്ങി. .. ബാക്കിയുള്ള തുക അടുത്ത സെം ഫീസിന് തികയില്ല..റിങ് കൂടി വിൽക്കാനേല്പിച്ചപ്പോൾ അവൻ അമ്പരപ്പോടെ നോക്കി..ഇനി ഇതിന്റെ ആവശ്യമില്ലെന്നു പറഞ്ഞു പുഞ്ചിരിക്കാൻ ശ്രമിച്ചു..

ഫീസടക്കാൻ ചെന്നപ്പോൾ ആരോ ഫീസ് അടച്ചെന്നു പറഞ്ഞു.. ആരാണെന്നന്വേഷിപ്പോൾ കിട്ടി…കാർത്തിക്..ഇതൊരു ഫ്രണ്ടിന്റെ കടമയാണെന്നും ജോലി കിട്ടുമ്പോൾ തിരിച്ചു തന്നാൽ മതിയെന്നും… അതുവരെ പണം കൈയ്യിൽ തന്നെ സൂക്ഷിക്കാൻ പറഞ്ഞു..

പാർട് ടൈം ജോലി അവൻ തന്നെയാണ് ശരിയാക്കി തന്നത്..എച്ച് ആർ സെക്ഷനിലായിരുന്നു….പ്രശസ്തമായ കെ ആർ ഗ്രൂപ്പിൽ… ഇന്റർവ്യൂ ഒന്നും കാര്യമായി ഉണ്ടായില്ല..താഴെ രണ്ടു ഫ്ലോർ സൂപ്പർ മാർക്കറ്റ് ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകൾ.. മുകളിലായിരുന്നു ഓഫീസ് വർക്.. വിചാരിച്ചത്ര ബുദ്ധിമുട്ടു തോന്നിയില്ല.. സാലറിയും വിചാരിച്ചതിനെക്കാൾ കൂടുതൽ..ഒപ്പം ഒരു മലയാളി ചേച്ചിയുണ്ടായിരുന്നു.. ദീപ.. ജോലിയെല്ലാം പഠിപ്പിച്ചത് ചേച്ചിയാണ്..””ഇവിടെ പാർട് ടൈം ജോലിക്കാരെ വക്കാറില്ല ട്ടൊ..മോൾക്ക്‌ ഭാഗ്യമുണ്ട്..” ആദ്യ ദിവസം പരിചയപ്പെട്ടപ്പോൾ പറഞ്ഞു..

ചേച്ചീടെ ഹസ്ബൻഡും അതേ ഗ്രൂപ്പിൽ തന്നെ ..അക്കൗണ്ട് സെക്ഷനിൽ..അവർ ഒരുമിച്ച് പോക്കും വരവും..എനിക്ക് ശനിയും ഞായറും 9_4 ആയിരുന്നു ഡ്യൂട്ടി… ഞായർ കുറച്ചു പേർ മാത്രമേ ഓഫീസിൽ കാണു..അല്ലാത്ത ദിവസങ്ങളിൽ വൈകീട്ട് 5_8..ഹോസ്റ്റലും അടുത്തായതുകൊണ്ടു ബുദ്ധിമുട്ടില്ലായിരുന്നു. ജീവിതം വലിയ കുഴപ്പമില്ലാതെ മുന്നോട്ടു നീങ്ങി തുടങ്ങി..

പപ്പയും മമ്മിയും ആൽബിയും ഇതിനോടകം നാട്ടിൽ വന്നു സെറ്റിൽ ചെയ്തിരുന്നു.. പുതിയ ജീവിതവുമായി അവരും പൊരുത്തപ്പെട്ടു വരുന്നു..പപ്പ നാട്ടിൽ തന്നെ ചെറിയൊരു കട നോക്കുന്നുണ്ടെന്നു പറഞ്ഞു..റോഷന്റെ കാര്യം പറഞ്ഞപ്പോൾ മമ്മി കരഞ്ഞു..അവന്റെ വീട്ടുകാർ ഇതുവരെ വിളിക്കാഞ്ഞപ്പോൾ തന്നെ പേടി തോന്നിയിരുന്നെന്നു പറഞ്ഞു…മമ്മിയെ പറഞ്ഞാശ്വസിപ്പിച്ചു പപ്പയോട് സമാധാനമായിരിക്കാൻ പറഞ്ഞു.. പപ്പ കുറെ നാളായി സംസാരിച്ചിട്ട്.. മമ്മി നിർബന്ധിച്ചു കൊടുത്താൽ തന്നെ’ മോൾക്ക്‌ സുഖല്ലേ’ എന്ന ഒറ്റവാചകത്തിലൊതുക്കും..എന്റെ ജീവിതം കൂടി പപ്പയായി ഇല്ലാണ്ടാക്കി..എന്നു പറഞ്ഞു വിഷമിക്കുന്നത് കാണാമെന്നു മമ്മി പറഞ്ഞിരുന്നു..

ഒരു ശനിയാഴ്ച വർക് ചെയ്തു കോണ്ടിരിക്കുമ്പോഴാണ് ഫോണടിച്ചത്. സ്ക്രീനിൽ റോഷൻ എന്നെഴുതി കാണിച്ചു…തെറ്റി വന്നതാവുമെന്നാണ് ആദ്യം വിചാരിച്ചത്..എടുക്കണോ വേണ്ടയോ എന്ന് സംശയിച്ചു നിന്നു…ബെല്ലടിച്ചു നിന്നതും മമ്മിയുടെ കാൾ..ഈ സമയത്തു മമ്മി വിളിക്കാത്തതാണ്.. ഇനിയെന്താണാവോ എന്റെ ഈശോയെ.. .വിറച്ചു കൊണ്ടാണ് ഫോണെടുത്തത്..

“”മോളെ കർത്താവ് നമ്മളെ കൈ വെടിഞ്ഞില്ല.. ഇപ്രാവശ്യം പപ്പക്കാണ് ദുബായ് ഡ്യൂട്ടിഫ്രീ അടിച്ചത്..” വിശ്വസിക്കാൻ കഴിഞ്ഞില്ല..വിശേഷങ്ങൾ ചോദിച്ചു ഫോൺ വച്ച്, സന്തോഷം ദീപ ചേച്ചിയുമായി പങ്കുവെച്ചു.. ചേച്ചിക്കുള്ള ട്രീറ്റ് പിന്നെ തരാമെന്നേറ്റു..സന്തോഷം പങ്കുവക്കാനുണ്ടായിരുന്നത് മറ്റൊരാളുമായായിരുന്നു.. കാർത്തിക്…തന്റെ താഴ്ചയിലും കൂടെ ഉണ്ടായിരുന്നവൻ. വിളിച്ചിട്ടാണെങ്കിൽ കിട്ടുന്നുമില്ല ഫോൺ ബെല്ലടിക്കുന്നുണ്ട്…. അതിനിടയിൽ റോഷൻ പലവട്ടം വിളിച്ചു.. കാരണം അറിയുന്നത് കൊണ്ടു എടുത്തില്ല..

ഡ്യൂട്ടി ടൈം കഴിഞ്ഞതും ഓഫീസിൽ നിന്നിറങ്ങുമ്പോൾ കണ്ടു..എം ഡി യുടെ റൂമിൽ നിന്നുമിറങ്ങുന്ന കാർത്തിക്കിനെ.. അല്പം ശബ്ദമുയർത്തി വിളിച്ചപ്പോഴേ കേട്ടുള്ളൂ….എന്നെ കണ്ടതും അവൻ നിന്നു..വേഗം അടുത്തേക്ക് ചെന്നു..

“”എന്താ ഇവിടെ ? ഞാൻ കുറെ നേരമായി ഫോണിൽ ട്രൈ ചെയ്യുന്നു..”

“”ഞാൻ എംഡി യെ കാണാൻ വന്നതാ..എന്റെ ഫ്രണ്ടാണ്…ഫോൺ സൈലന്റ് മോഡിലാണ്..വിളിച്ച കാര്യം പറയു..എന്തു സഹായമാണ് ഇനി വേണ്ടത്..”‘

“”സഹായത്തിനല്ല..ഒരു ട്രീറ്റ് തരാനാണ്… “”സംഭവം പറഞ്ഞപ്പോൾ അവനും ഒരുപാട് സന്തോഷം..

“”ഒരു മിനിറ്റ്..എനിക്ക് ഒരാളെ കൂടി കാണാനുണ്ട്..എന്നിട്ടു ഒരുമിച്ചു പോവാം..””

പെട്ടന്നവൻ തിരിഞ്ഞു നിന്നു ചോദിച്ചു…

“”നിനക്കപ്പോൾ നിന്റെ സ്വർണവും ഫോണും റിങ്ങുമൊക്കെ തിരിച്ചു വേണ്ടേ.. എന്റെ കയ്യിൽ അതെല്ലാം ഭദ്രമായി ഇരിപ്പുണ്ട്..””ഒരു കള്ളച്ചിരിയോടെ എന്നെ നോക്കി കണ്ണിറുക്കി അവൻ നീങ്ങുമ്പോൾ എനിക്കൊന്നും മനസ്സിലായില്ല..

“”നീ പോയില്ലേ..?

ദീപചേച്ചിയാണ്..ഡ്യൂട്ടി കഴിഞ്ഞു പോകുന്ന വഴിയാണ്..

കാർത്തിക് സർനെ പരിചയമുണ്ടോ..?”

“”എന്റെ ക്ലാസ്മേറ്റ് ആണ്..ചേച്ചി അറിയുമോ ?””

എന്റെ ചോദ്യം കേട്ട് ചേച്ചി പൊട്ടിച്ചിരിച്ചു..

“”മോളേ.. നമ്മുടെ അന്ന ദാതാവാണ് ….കെ.ആർ ഗ്രൂപ്പിന്റെ ഓണർടെ ഒരേയൊരു മകൻ…””.ചേച്ചി എന്റെ പുറത്തു തട്ടി നടന്നു നീങ്ങി.. കേട്ടത് വിശ്വസിക്കാനാവാതെ നിന്നു…

“”പോവാം..”‘കാർത്തിക്കിന്റെ ശബ്ദമാണ് സ്ഥലകാല ബോധമുണ്ടാക്കിയത്..

“”കാർത്തിക്, ആ റിങ് ഒഴിച്ച് ബാക്കിയൊക്കെ എനിക്ക് തിരിച്ചു തന്നേക്കു ട്ടൊ” അവൻ പെട്ടെന്ന് എനിക്ക് നേരെ തിരിഞ്ഞു.. മുഖത്തമ്പരപ്പ്…പിന്നെ അവിടൊരു കുസൃതി ചിരി പടർന്നു..

“”ആ റിങ്ങിന് പകരം ഞാൻ വേറൊന്ന് തന്നാൽ മതിയോ ?”” കാർത്തിക്കിന്റെ കള്ള ചിരിയോടെയുള്ള ചോദ്യത്തിന് മറുപടി പറഞ്ഞില്ല..പകരം ആ കൈ കോർത്തു പിടിച്ചു..അപ്പോൾ എന്റെ മുഖവും പ്രണയത്താൽ ചുവന്നിരുന്നു…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *