ഒരു രാത്രി കൂട്ടുകാരുടെ അടുത്ത് നിന്ന് ബൈക്കുമായി പോന്നത് ഓർമ്മയുണ്ട്. പിന്നെ വക്ക് പൊട്ടിയ പാത്രം പോലെ ഈ കിടപ്പാ. അന്ന് വരെ കുടിക്കാത്ത……

എഴുത്ത് :- മഹാ ദേവൻ

” ന്റെ ഡോക്ടറെ, ഈ കൊച്ചിനോട് ഒന്ന് വേദനിപ്പിക്കാതെ കുത്താൻ പറ, ഉറുമ്പ് കടിക്കുന്ന വേദനെ ഉണ്ടാക്കൂ ന്നൊക്കെ പറഞ്ഞിട്ട്.. “

ഞാൻ അരിശത്തോടെ കുത്തു കിട്ടിയ ച ന്തി പഞ്ഞി വെച്ച് ഉഴിയുമ്പോൾ അവളെ ദേഷ്യത്തോടെ ഒന്ന് നോക്കി.

“അഹ്… അടങ്ങിയിരുന്നില്ലേൽ അങ്ങനാ.. അല്ലെ, ങ്ങനേം ഉണ്ടോ മനുഷ്യന്മാർ. സൂചി എടുക്കുമ്പോഴേക്കും തുടങ്ങും കമ്പിപ്പാരയ്ക്ക് കുത്തിയ പോലെയുള്ള കരച്ചിൽ . ന്നിട്ട് കുറ്റം ഞങ്ങൾക്കും. “

അവൾ കളിയാക്കിയതാണെന്ന് മനസിലായി. ച ന്തിക്കിട്ട് കു ത്തിയതും പോരാ… പിന്നെ മനുഷ്യനെ കളിയാക്കുന്നോടി ഉണ്ടക്കണ്ണി എന്ന് ചോദിക്കണമെന്ന് തോന്നിയെങ്കിലും സംയമനം പാലിച്ചു.

ഒരു രാത്രി കൂട്ടുകാരുടെ അടുത്ത് നിന്ന് ബൈക്കുമായി പോന്നത് ഓർമ്മയുണ്ട്. പിന്നെ വക്ക് പൊട്ടിയ പാത്രം പോലെ ഈ കിടപ്പാ. അന്ന് വരെ കുടിക്കാത്ത എനിക്ക് കോളയിൽ മ ദ്യം കലക്കിത്തന്ന മഹാമനസ്ക്കരായ ഊ….ഊ……. അല്ലെങ്കിൽ അത് വേണ്ട,

ഉറ്റ മിത്രങ്ങളെ ഈ അവസരത്തിൽ സ്മരിക്കുന്നു.

അങ്ങനെ ഡാമേജ് വന്ന ഭാഗം തുന്നിക്കെട്ടി വേണോ വേണ്ടേ എന്ന ആലോചനയുടെ കറങ്ങുന്ന ഫാനും നോക്കി കിടക്കുമ്പോൾ ആണ് ഡോക്ടർ ക്കൊപ്പം വരുന്ന ആ ഉണ്ടക്കണ്ണിയെ ശ്രദ്ധിച്ചുതുടങ്ങിയത്. കാണാൻ ഒരു ആനചന്തമൊക്കെ ഉണ്ടെങ്കിലും ഇച്ചിരി അഹങ്കാരി ആണോന്ന് തോന്നി മുഖം കണ്ടപ്പോൾ.

അവളുടെ കുത്തലും അത് കഴിഞ്ഞുള്ള കളിയാക്കലും കൂടി ആയപ്പോൾ തീരുമാനിച്ചു “പെണ്ണിനിച്ചിരി ഇളക്കം കൂടുതലാ… ഒരു പണി കൊടുത്തില്ലേൽ എങ്ങനാ” എന്ന്.

” ദേ, നിങ്ങൾക്കൊരു ഇഞ്ചക്ഷൻ ഉണ്ട്. പിന്നെ BP ഒന്നുടെ നോക്കണം “

അവൾ ബിപി നോകുമ്പോഴേ അറിയാമായിരുന്നു കൂടുതലാകുമെന്ന്. മുന്നിൽ അവളല്ലേ… അടുത്തത് അവളുടെ കു ത്തല്ലേ. മനസിലോർത്തത്തെ ഉളളൂ, അപ്പോഴേക്കും അവൾ സിറിഞ്ചെടുത്തിരുന്നു.

” ന്റെ പൊന്ന് കൊച്ചേ, പതിയെ കുത്തണം… അമ്മായമ്മപ്പോര്പോലെ കാണിക്കരുത്. പ്ലീസ്… “

” അതിന് ഞാൻ കല്യാണം കഴിച്ചിട്ടില്ല മാഷേ ” അന്നായിരുന്നു ആ മുഖത്തൊരു പുഞ്ചിരി കണ്ടത്.

” നന്നായി.. ഏതോ ഒരു ആണൊരുത്തന്റെ ഭാഗ്യം”

കിട്ടിയ അവസരത്തിൽ ഒരു കൊട്ട് കൊടുത്തതിന്റ സന്തോഷത്തിൽ ഇരികുമ്പോൾ അവളുടെ പുഞ്ചിരി എന്നെ അത്ഭുതപെടുത്തി.

” അല്ല, ഇയാള് ഈ സിറിഞ്ചും പിടിച്ചു നിൽക്കതെ കുത്തുന്നുണ്ടേൽ കുത്ത്. ന്നിട്ട് വേണം ഉഴിയാൻ. “

“ന്റെ മാഷേ, ഇൻജെക്ഷൻ ഒക്കെ എടുത്തു. “

അവൾ ചിരിയോടെ സിറിഞ്ചും മറ്റും ബോക്സിലേക്ക് വെക്കുമ്പോൾ ഞാൻ ശരിക്കും അത്ഭുതപെട്ടിരുന്നു..ഈ സമയത്തിനുള്ളിൽ അവൾ ഇൻജെക്ഷൻ എടുത്തത് അറിഞ്ഞതുപോലുമില്ലല്ലോ എന്നോർത്തുകൊണ്ട് അവളെ നോക്കുമ്പോൾ അതുവരെ ഉണ്ടായിരുന്ന ദേഷ്യമൊക്ക ഹോസ്പിറ്റലും വിട്ട് ഓടിപോയിരുന്നു.

” താൻ ആണ് കോള്ളാലോടോ.. എന്നും ങ്ങനെ എടുത്താ പോരെ തനിക്ക്?

” അതിനെങ്ങനാ.. ഞാൻ ഈ വഴി വരുമ്പോൾ തന്നെ മാഷ് ഒരു ശത്രുവിനെ കണ്ടപോലെ ന്നെ നോക്കുന്നുണ്ടാകും. പിന്നെ സിറിഞ്ചെടുത്താൽ അപ്പോൾ തുടങ്ങും……….

ഇങ്ങനെ കൂളായി ഇരുന്നാൽ ഇത്‌ കുത്തുന്നത് പോലും അറിയില്ല മാഷേ.. കഷ്ടപ്പെട്ട് പഠിച്ചത് ആരേം വേദനിപ്പിക്കാൻ അല്ലാട്ടോ… എല്ലാരും ഞങ്ങളെ വേദനിപ്പിക്കാറുള്ളൂ. “

അത് പറയുമ്പോൾ ആ വാക്കുകളിൽ വിഷമം ഉണ്ടെന്ന് തോന്നി. ഒരാഴ്ച കഴിഞ്ഞ പകൽ അവളെ കാണാതായപ്പോൾ മനസ്സിനൊരു വിമ്മിഷ്ടം. ആരുമല്ലെങ്കിലും ഒരാഴ്ച കൊണ്ട് അവൾ ആരൊക്കെയോ ആയപോലെ. ആ ചിരിക്ക് വല്ലാത്തൊരു ഭംഗി ആയിരുന്നു.

അന്ന് ഇൻജെക്ഷൻ എടുക്കാൻ വന്ന സിസ്റ്ററോട് ആദ്യം ചോദിച്ചത് അവളെ കുറിച്ചായിരുന്നു.

” ആ കൊച്ചോ… അവളിനി കുറച്ചു ദിവസം വരില്ല.. ഇന്നലെ അവളുടെ അമ്മ മരിച്ചു. ക്യാൻസർ ആയിരുന്നു.

അത് കേട്ടപ്പോൾ മനസ്സ് ആകെ അസ്വസ്ഥമായി. അന്ന് ആ സിസ്റ്റർ വെച്ച ഇൻജെക്ഷൻ വല്ലാത്ത വേദന തോന്നി. അത് അവരോട് അരിശമായി തീർക്കുമ്പോൾ അവർ പറയുന്നുണ്ടായിരുന്നു ” അല്ലേലും ഇയാളെ പോലുള്ള മുരടൻമാർക്ക് ആ കൊച്ചേ പറ്റൂ.. ” എന്ന്. അത് കേട്ടപ്പോൾ ഉള്ളിൽ ഒരു സന്തോഷം. ആ സിസ്റ്ററോട് ആ കൊച്ചിന്റെ ഫോൺനമ്പർ ചോദിച്ചാലോ എന്ന് കരുതി. പിന്നെ അവർ തെറ്റിദ്ധരിച്ചാലോ എന്ന് കരുതി വേണ്ടെന്ന് വെച്ചു

പേര് പോലും ചോദിച്ചില്ലലോ എന്നോർക്കുമ്പോൾ….

അല്ലെങ്കിൽ പോട്ടെ… ആ കൊച്ച്എന്റെ ആരും അല്ലാലോ. വെറും ഒരാഴ്ചത്തെ പരിചയം. അങ്ങനെ എത്രയോ ആളുകളെ ദിനംപ്രതി കാണുന്നു. അവരിൽ ഒരാൾ. അത്രയല്ലേ അവളും ഉളളൂ..

കുറെ നേരം അങ്ങനെ ചിന്തിച്ച് സമാധാനിച്ചു. പക്ഷേ, ആ ചിന്ത വ്യഥയാണെന്ന് ഏറെ നേരം കഴിയുംമുന്നേ എനിക്ക് മനസ്സിലായി.

അങ്ങനെ വെറുമൊരു ആളല്ല എനിക്കവൾ. ഒരാഴ്ച ഒരു യുഗം പോലെ… അവൾ ആരൊക്കെയോ ആണെന്നൊരു തോന്നൽ. ഇനി എന്റെ ജീവിതത്തിൽ ആരൊക്കെയോ ആവേണ്ടവൾ ആണെന്ന് മനസ്സ് പറയുന്നു. അവളെ കാണാനുള്ള ത്വര…..

മനസ്സിന്റെ വെമ്പൽ…

എല്ലാം അവളോടുള്ള ഇഷ്ട്ടത്തെ എടുത്തുകാണിക്കുമ്പോൾ ഒന്ന് തീരുമാനിച്ചിരുന്നു ഇവിടെ നിന്ന് ഇറങ്ങുമ്പോൾ അവളെ കാണണം.

ഏകദേശം ഒരു മാസത്തോളം എടുത്തു ഒന്ന് എഴുനേറ്റ് നടക്കാൻ. അപ്പൊ തന്നെ ബൈക്ക് എടുത്ത് ഇറങ്ങുമ്പോൾ പിന്നിൽ നിന്നും അമ്മ വിളിച്ചു പറയുന്നു ണ്ടായിരുന്നു ” പോകുന്നതൊക്കെ കൊള്ളാം. അടുത്ത പണി വാങ്ങി വരല്ലേ ” എന്ന്.

” ഒരു നല്ല കാര്യത്തിന് പോകുമ്പോൾ ആണോ പിന്നിൽ നിന്ന് ഇങ്ങനെ ഒരു വർത്താനം ” എന്ന് ഈർഷ്യത്തോടെ ചിന്തിച്ചുകൊണ്ട് അവളുടെ വീട് തേടി അലഞ്ഞു. നേഴ്‌സുമാരിൽ നിന്ന് കിട്ടിയ അറിവ് വെച്ച് തേടി കണ്ടുപിടിക്കുമ്പോൾ ആ അവസ്ഥ കണ്ട് വല്ലാത്ത വിഷമം തോന്നി.

അവനെ കണ്ടപ്പോൾ അവളുടെ മുഖത്തും ആശ്ചര്യമായിരുന്നു.

” ഇയാളെന്താ ഇവിടെ.. നടക്കാനൊക്കെ ആയോ. അതോ ഒന്ന് എണീക്കാമെന്ന് ആയപ്പോൾ വീണ്ടും ഇറങ്ങിയോ വണ്ടിയുമായി? “

അവളുടെ ചിരി കണ്ടപ്പോൾ ന്തോ മനസ്സിൽ വല്ലാത്തൊരു സന്തോഷം. നഷ്ട്ടപ്പെട്ട എന്തോ തിരിച്ചുകിട്ടിയ ഫീൽ.

” ഡോ, ഞാൻ തന്നെ തിരക്കി ഇറങ്ങിയതാ. അന്ന് പെട്ടന്നൊരു ദിവസം കാണാതായപ്പോൾ ന്തോ പോലെ തോന്നി. പിന്നെ മറ്റേ സിസ്റ്റർ ആണ് പറഞ്ഞത് അമ്മ മരിച്ച കാര്യം. “

അവളുടെ വിഷമത്തിൽ ഒരാളായി കുറച്ചു നേരം.

അവസാനം മടിച്ചാണെങ്കിലും ഉള്ള ധൈര്യം വെച്ച് ചോദിച്ചു ” ഇയാളെ ഞാൻ കല്യാണം കഴിക്കട്ടെ ” എന്ന്.

ഒരു ചിരി ആയിരുന്നു മറുപടി.

” ന്താടോ.. ഞാൻ പറഞ്ഞത് തെറ്റായോ? “

” ഏയ്യ്.. തെറ്റല്ല മാഷേ, പക്ഷേ, ശരിയുമായി തോന്നിയില്ല ഒരാഴ്ച ഒരു നേരം മാത്രം കണ്ട എന്നോട് തോന്നിയ തോന്നിയ ഇഷ്ട്ടം എങ്ങനെ കാണണം ഞാൻ? എന്റെ പേര് പോലും അറിയില്ല. എന്റെ അവസ്ഥ അറിയില്ല. അതുപോലെ ആണ് തിരിച്ചും. എനിക്ക് മാഷിനെ കുറച്ചു ഒന്നും അറിയില്ല. ഒന്നും…..ഞാൻ മാഷേ എന്റെ ഒരു പേഷ്യന്റ് ആയി മാത്രേ കണ്ടിട്ടുള്ളൂ. ഒരു പേഷ്യന്റിനോട് കാണിക്കുന്ന സ്നേഹമേ ഞാനും…. അതിനെ മാഷ് മറ്റൊരു രീതിയിൽ കണ്ടെങ്കിൽ അതിനൊരു കാരണക്കാരി ഞാൻ ആണെങ്കിൽ സോറി. മാഷേ, നിരുത്സാഹ പ്പെടുത്തിയത് അല്ലാട്ടോ. ഒരു വിവാഹജീവിതത്തെ കുറച്ചു ഞാൻ ചിന്തിക്കുന്നില്ല ഇപ്പോൾ. മാഷ്ക്ക് വിരോധമില്ലെങ്കിൽ ഒരു ചായ കുടിച്ചിട്ട് പോകാം “

അവൾ പറഞ്ഞത് മുഴുവൻ കേട്ട് നിന്ന ഞാൻ ചിരിച്ചുകൊണ്ട് തലയാട്ടി.

” സ്നേഹത്തിന് വരാൻ നേരോം കാലോം ഒന്നുമില്ല. ഒരു നിമിഷം മതി. ഇയാളുടെ വാക്കുകളെ അംഗീകരിച്ചുകൊണ്ട് തന്നെ പറയട്ടെ, ഞാൻ ഒരു ദിവസം വരും കാപ്പി കുടിക്കാൻ. അന്ന് ഇയാൾ ന്നെ മനസ്സിലാക്കി സമ്മതം ആണെങ്കിൽ മാത്രം ജീവിതകാലം ഇയാളുടെ പേഷ്യന്റ് ആകും. ഇയാളുടെ സ്നേഹം ആഗ്രഹിക്കുന്ന ഒരു മെന്റൽപേഷ്യന്റ് “

ഞാൻ ചിരിയോടെ ബൈക്ക് എടുത്ത് പോരുമ്പോൾ അവൾ ചിന്തിച്ചിരിക്കണം ഇയാൾക്ക് ശരിക്കും മെന്റൽ ആണോ എന്ന്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *