ഒരു വട്ടം നാട്ടിൽ പോയപ്പോൾ ഓള് ഒരു മെസ്സേജ് കണ്ടതിന്റെ പാട് ഇപ്പോഴും മുതുകിൽ ഉള്ളതുകൊണ്ട് ഇനിയൊരു അബദ്ധം പറ്റാതിരിക്കാൻ വേണ്ട….

എഴുത്ത് :- സൽമാൻ സാലി

കെട്യോൾക്കും കുട്ട്യേള്ക്കും വിസ എടുത്ത അന്നുമുതൽ തുടങ്ങിയതാണ് മെസെഞ്ചർ ക്ളീനിംഗ് .. ഒരാഴ്ച്ച എടുത്തു എല്ലാം ഒന്ന് തൂത്ത് വൃത്തിയാക്കി എടുക്കാൻ ..

വെള്ളം കിട്ടാൻ കാക്ക പാത്രത്തിൽ കല്ല് ഇട്ടപോലെ ഓരോന്ന് ഡിലീറ്റ് ആക്കും തോറും ഓരോന്ന് പൊങ്ങി പൊങ്ങി വന്നോണ്ടിരുന്നു .. സൂക്കരണ്ണനെ വിളിച്ചു ഓൾ ഡിലീറ്റ് ബട്ടൺ ഒന്ന് ഉണ്ടാക്കാൻ പറയണം എന്ന് പോലും കരുതിയിരുന്നു ..

ഒരു വട്ടം നാട്ടിൽ പോയപ്പോൾ ഓള് ഒരു മെസ്സേജ് കണ്ടതിന്റെ പാട് ഇപ്പോഴും മുതുകിൽ ഉള്ളതുകൊണ്ട് ഇനിയൊരു അബദ്ധം പറ്റാതിരിക്കാൻ വേണ്ട എല്ലാവിധ മുൻ കരുതലുകളും എടുത്തിട്ടാണ് ഈ ഡിലീറ്റ് പരിപാടി തുടങ്ങിയത് ..

എല്ലാം കഴിഞ്ഞു നാട്ടിലെ കുറെ സുഹൃത്തുക്കൾക്ക് കുറെ ഹായ് ബായ് കൂയ് വിട്ടു മെസ്സഞ്ചർ ഒന്ന് ആക്റ്റീവ് ആക്കി ഓളല്ല സേതുരാമ അയ്യർ വന്നാൽ വരെ പിടിക്കപ്പെടൂല എന്ന വിധത്തിൽ ഒരു തെളിവ് പോലും ബാക്കി വെക്കാതെ നശിപ്പിച്ചു എന്ന ധൈര്യത്തിൽ ഫോണിന്റെ സകല ലോക്കും മാറ്റി ഓൾടെ മുന്നിലേക്ക് ഇട്ട് കൊടുത്തു ..

എവിടെ .. ഓള് ന്റെ ഫോണിലേക്ക് ഒന്ന് നോക്കുക പോലും ചെയ്യുന്നില്ല .. എന്നാലും വേണ്ട ഓള് അടുത്തുള്ളപ്പോ ഞാൻ ഫോൺ ഓൺ ആക്കി മുന്നിൽ വെച്ച് കൊടുക്കും .. ഓള് നോക്കിയാൽ ഒന്നും കാണില്ല എന്ന ധൈര്യം ആയിരുന്നു എനിക്ക് ..

ഇന്നലെ ഓള് അടുക്കളയിൽ എന്തോ പണി എടുത്തോണ്ടിരിക്കുമ്പോൾ മെസെഞ്ചർ ട്യൂൺ കേട്ടതും എന്റെ ഹൃദയ മിടിക്കാൻ തുടങ്ങി ..

ഓള് കാണാതെ ഫോൺ എടുത്ത് നോക്കിയപ്പോ പഴയ ഒരു കിളി ”ഹായ് ഇക്കാ ” എന്ന് മെസ്സേജ് അയചിരിക്കുന്നു ..

മെല്ലെ ഓള് കാണാതെ പുറത്തിറങ്ങി വോയ്‌സ് ബട്ടൺ ഞെക്കി പിടിച്ചപ്പോ അത് ടച്ച് ആവുന്നില്ല ഒന്നും നോക്കിയില്ല നന്നായി അമർത്തി ഞെക്കി ഓൾക് ഒരു വോയ്‌സ് വിട്ടു ” എടീ കെട്യോള് കൂടെ ഉണ്ട് മെസ്സേജ് അയക്കരുത് ..

പറഞ്ഞു തീരും മുൻപ് ഓൾടെ കൈ എന്റെ കവിളിൽ വന്ന് പതിഞ്ഞു .. കണ്ണ് തുറന്നു നോക്കിയപ്പോ കയ്യിൽ ഫോണിന് പകരം ഓൾടെ വിരൽ ..

പണ്ടാരം സ്വപ്നം കണ്ടു ഫോൺ ആണെന്ന് കരുതി ഓൾടെ കൈ പിടിച്ചു ഞെക്കി ഉറക്കം തെളീച്ചു എന്നിട്ട് വോയ്‌സ് അയച്ചു ഓള് കൂടെ ഉണ്ടെന്ന് ..

രണ്ട് ദിവസമായി റൂമിന്ന് പച്ചവെള്ളം കിട്ടിയിട്ട് .. എന്തേലും ചോയ്ച്ച പറയും ഇങ്ങളെ മറ്റവളോട് പറ ഉണ്ടാക്കി തരാൻ എന്ന് … ന്റെ ഒരു അവസ്ഥ …

താൻ പാതി ദൈവം പാതി എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് എന്റെ പാതി ഞാൻ ശരിയാക്കിയപ്പോ ദൈവം ഓൾടെ കൂടെ നിന്ന് എനിക്കിട്ട് പണിതു …

ന്റെ പൊന്നാര ചങ്ങായി മാരെ ഓവർ കോൺഫിഡന്റ് അത്ര നല്ലതല്ല കേട്ടോ .. ഉറക്കിൽ ഇനി വല്ലതും പറയുമോ എന്ന് പേടിച്ചു രണ്ട് ദിവസം ആയി ഉറങ്ങിയിട്ട് .. ഇനി എപ്പോഴാണാവോ ഒന്ന് ഉറങ്ങാൻ പറ്റുക ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *