ഓഫീസിലെത്തി അരമണിക്കൂർ കഴിഞ്ഞിട്ടും സെറീനയെ കാണാതെ വന്നപ്പോൾ ഫോണിൽ ഞാൻ അന്വേഷിച്ചു. ഇനി ജോലിക്കൊന്നും പോകേണ്ടായെന്ന് പറഞ്ഞുപോലും…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

സ്വർഗ്ഗമെന്നൊന്ന് ഉണ്ടെങ്കിൽ അത് നിന്നിലാണെന്ന് പറഞ്ഞുകൊണ്ട് സെറീന മാറിലേക്ക് വീണു. എന്റെ കൈകൾ അവളുടെ പുറത്ത് നിന്ന് പിൻകഴുത്തിലേക്ക് പതിയേ ചലിച്ചു. ചുരുൾ രോമങ്ങളും കടന്ന് ഹൃദയത്തിലേക്ക് ആണ്ടുപോയ സെറീനയുടെ മുഖം അടർത്തി ആ ചുണ്ടുകളിൽ ഞാൻ മുത്തി. അവളുടെ കണ്ണുകൾ ആ നേരം പിടയുന്നുണ്ടായിരുന്നു.

ഒരു പുരുഷനെന്ന നിലയിൽ എനിക്ക് ഏറെ ആഹ്ലാദം സമ്മാനിച്ച നിമിഷങ്ങളായിരുന്നുവത്. അങ്ങനെയൊരു പെണ്ണിന്റെ വികാരപ്രകടനം ജീവിതത്തിൽ കൊണ്ടപ്പോൾ ലോകം എനിക്കുവേണ്ടി ഉണ്ടായതാണെന്ന് പോലും ഞാൻ ചിന്തിച്ചു. പ്രണയം ചിലപ്പോഴൊക്കെ അങ്ങനെയാണ്. പങ്കുവെക്കുന്നവരെ മാത്രം നിലനിർത്തി മറ്റെല്ലാം നിമിഷ നേരങ്ങളിൽ മായിച്ചുകളഞ്ഞേക്കും..

‘ഉപ്പയറിഞ്ഞു. ഒരിക്കലും സമ്മതിക്കൂല്ലാന്നാ പറയുന്നേ ..’

ഒരുനാൾ സെറീന പറഞ്ഞു. തുടർന്ന് മൂക്ക് വലിച്ച് കരയുകയും ചെയ്തു. സംഭാഷണം ഫോണിൽ ആയതുകൊണ്ട് മാത്രം എന്റെ കണ്ണുകൾ കലങ്ങിയത് അവൾ അറിഞ്ഞില്ല. ഇനിയെന്തെന്ന ചോദ്യം നെഞ്ചിലിട്ട് പരസ്പരമൊരു നീളൻ മൗനം ഞങ്ങൾ പങ്കുവെച്ചു.

‘ഞാൻ വേണമെങ്കിൽ നിന്റെ ഉപ്പയോട് സംസാരിക്കാം..’

പിറ്റേന്ന് ജോലി കഴിഞ്ഞ് അടുത്തുള്ള കാപ്പിക്കടയിൽ ഇരിക്കുമ്പോൾ സെറീനയോട് ഞാൻ പറഞ്ഞു. ഉപ്പ സമ്മതിക്കില്ലെന്ന് അപ്പോഴും അവൾ ആവർത്തിച്ചു. മതമാണ് പോലും പ്രശ്നം. പിന്നെ എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല. അവളെ ബസ്റ്റോപ്പിൽ വിട്ട് ഞാൻ വീട്ടിലേക്ക് പോയി. തനിയേ ഓടുന്ന ഗമയിൽ അതീവ വേഗതയിലാണ് എന്റെ ബൈക്കന്ന് സഞ്ചരിച്ചത്.

‘എനിക്കൊരു പെണ്ണിനെ ഇഷ്ട്ടമാണ്. അവളുടെ വീട്ടിൽ സമ്മതിക്കില്ല. ഞാൻ ഇങ്ങോട്ടേക്ക് കൂട്ടട്ടെ…’

അന്ന് രാത്രിയിൽ അത്താഴവും കഴിഞ്ഞ് ഹാളിൽ ഇരിക്കുമ്പോൾ ഞാൻ അച്ഛനോട് പറഞ്ഞു. ആരാണെന്ന് ചോദിച്ചപ്പോൾ കൂടെ ജോലി ചെയ്യുന്ന കുട്ടിയാണെന്നും മൊഴിഞ്ഞു. ഞങ്ങൾ രണ്ടുപേർക്കും ടൗണിലെയൊരു കൊള്ളാവുന്ന ട്രാവൽ ഏജൻസിയിലാണ് ജോലി. നിന്റെ ഇഷ്ട്ടം പോലേയെന്ന് പറഞ്ഞ അച്ഛനോട് എനിക്ക് വല്ലാത്ത മതിപ്പ് തോന്നി.

‘നിനക്ക് കൂടെ വരാൻ പറ്റോ…?’

കിടക്കും മുമ്പേ സെറീനയെ ഫോണിൽ വിളിച്ച് ഞാൻ ചോദിച്ചു. വരാമെന്നോ ഇല്ലായെന്നോ അവൾ പറഞ്ഞില്ല. ഉപ്പയെ ധിക്കരിക്കുന്നതിനെ കുറിച്ച് ആലോചിക്കാനേ പറ്റുന്നില്ലായെന്ന് മാത്രം അവൾ ശബ്ദിച്ചു. നിർബന്ധിക്കാൻ എനിക്ക് തോന്നിയില്ല. ഉമ്മയില്ലാതെ വളർന്ന സെറീനയേയും അനിയനേയും എല്ലാ സ്നേഹവും കൊടുത്താണ് അയാൾ വളർത്തിയത്. എത്രയോ വട്ടം ഉപ്പ തന്റെ ഭാഗ്യമാണെന്ന് നിറഞ്ഞ കണ്ണുകളോടെ അവൾ എന്നോട് പറഞ്ഞിട്ടുണ്ട്. പിന്നെ എന്താലോചിച്ചാണ് ഞാനുമായൊരു ബന്ധത്തിൽ ഏർപ്പെട്ടതെന്ന് എനിക്ക് സെറീനയോട് ചോദിക്കാമായിരുന്നു. തോന്നിയില്ല. പ്രായോഗിക വശങ്ങൾ വിശകലനം ചെയ്ത് ഏർപ്പെടുന്ന വ്യാപാരമല്ലല്ലോ പ്രണയം..!

‘ഓള് നമ്മടെ കൂട്ടര് തന്നെയല്ലേ…?’

രാവിലെ ട്രാവൽസിലേക്കായി ഇറങ്ങിയ എന്നോട് അച്ഛൻ ചോദിച്ചു. ആദ്യം മനസ്സിലായില്ലെങ്കിലും ചോദ്യത്തിന്റെ കാമ്പ് എന്താണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ ഒന്നും മിണ്ടിയില്ല.

‘നീ പറഞ്ഞ പെണ്ണ് മുസ്‌ളീമാണെന്ന് നിന്റെ അമ്മ പറഞ്ഞു.. അങ്ങനെയെങ്കിൽ നടക്കില്ല മോനേ.. ഓളേം വിളിച്ച് ഇങ്ങോട്ട് വരണ്ട..’

ഒന്ന് ഇരുട്ടി വെളുത്തപ്പോൾ മാറിയ അച്ഛനോട്‌ മറുപടി പറയാൻ എനിക്ക് കഴിഞ്ഞില്ല. അതിന്റെ ആവിശ്യമില്ലെന്ന് തോന്നി. സെറീന കൂടെ വരുമെങ്കിൽ അച്ഛൻ എനിക്കൊരു പ്രശ്നമല്ല. തലേന്ന് തോന്നിയ മതിപ്പെടുത്ത് തുപ്പി കളഞ്ഞ് ഞാൻ ഓഫീലേക്ക് തിരിച്ചു.

തെറ്റ് ഞങ്ങളുടേതാണ്. രണ്ട് മനുഷ്യർ എന്നതിനപ്പുറം രണ്ട് മതങ്ങളാണ് ഞങ്ങളെന്ന് രണ്ടുപേരും ഓർത്തില്ല. വളരേ സ്വാഭാവികമായി സംഭവിച്ചാലുമൊരു ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഓർക്കണമായിരുന്നു. അല്ലെങ്കിൽ ഇത്തരം പ്രാചീന വിശ്വാസങ്ങൾകൊണ്ട് തുന്നിയ വസ്ത്രമിട്ട് നടക്കുന്നവരിൽ ജനിക്കരുതായിരുന്നു.

‘നീയെവിടെ…?’

ഓഫീസിലെത്തി അരമണിക്കൂർ കഴിഞ്ഞിട്ടും സെറീനയെ കാണാതെ വന്നപ്പോൾ ഫോണിൽ ഞാൻ അന്വേഷിച്ചു. ഇനി ജോലിക്കൊന്നും പോകേണ്ടായെന്ന് പറഞ്ഞുപോലും. അടുത്തയാഴ്ച്ച ഷാർജയിലുള്ള ഉപ്പാടെ പെങ്ങളുടെ അടുത്തേക്ക് തന്നെ പറഞ്ഞയക്കുമെന്നും അവൾ പറഞ്ഞു.

‘അങ്ങോട്ടേക്ക് പോയാൽ തിരിച്ചുണ്ടാകുമോയെന്ന് പോലും അറിയില്ല. എനിക്ക് നിന്നെ കാണണം. ‘

സംസാരം മുഴുവിപ്പിക്കും മുമ്പേ ഉപ്പ വരുന്നെന്ന് പറഞ്ഞ് സെറീന ഫോൺ കട്ട് ചെയ്തു. തുടർന്നൊരു മെസ്സേജും അയച്ചു. ഓഫീസിനടുത്തുള്ള കാപ്പിക്കടയിലേക്ക് നാളെ വൈകുന്നേരം വരും പോലും. വേണ്ടായെന്ന് മറുപടിയായി ഞാനും എഴുതി. അങ്ങനെയൊരു യാത്രപറച്ചിൽ അവളുമായി എനിക്ക് സങ്കൽപ്പിക്കാൻ പോലും പറ്റുമായിരുന്നില്ല.

വിട്ടുപോകുന്ന സെറീനയുടെ മുഖം എന്റെ തലയിൽ പതിയരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. തമ്മിൽ പിരിഞ്ഞുപോകുന്ന വേളയിലെ അവളുടെ മുഖമോ ശബ്ദമോ എന്റെ ചിന്തകളുടെ ഹൃദയത്തിൽ വേണ്ട. എന്തുകൊണ്ടെന്ന് ചോദിച്ചാൽ സെറീന എന്നുമെന്റെ സുഖങ്ങളുടെ ആഴങ്ങളിൽ വേണമെന്നത് എനിക്ക് നിർബന്ധമായിരുന്നു.

വളരേ നിശബ്ദമായി നാളുകൾ കടന്നുപോയി. കടല് കടന്ന് സെറീനയും പോയിട്ടുണ്ടാകും. അവൾ ഇല്ലാത്ത ട്രാവൽസിലെ ജോലി വിട്ട് ഞാൻ മംഗലാപുരത്തേക്ക് പോയി. അവിടെയൊരു സുഹൃത്തും, അവന്റെ വകയിൽ എനിക്കൊരു ജോലിയുമുണ്ടായിരുന്നു. നാളുകൾ കഴിയുന്തോറും വേർപാടിന്റെ കനം പതിയേ നേർത്തു തുടങ്ങി. പ്രണയജീവിതം ഇങ്ങനെയൊക്കെയാണെന്ന് മനസിലായപ്പോൾ ചെറിയയൊരു സുഖവും ജീവനിൽ തോന്നുന്നുണ്ട്.

യാത്രപറയാൻ അന്ന് പോകാതിരുന്നത് നന്നായി. പോയിരുന്നുവെങ്കിൽ ആ രംഗത്തിലെ സെറീനയുടെ മുഖം തീരാനോവായി കണ്ണുകളിലൂടെ തലയിൽ കൊള്ളുമായിരുന്നു. അവളെ എനിക്ക് ഇന്നും താലോലിക്കാൻ കഴിയുന്നതും അതുകൊണ്ടാണ്. എന്റെ നെഞ്ചിൽ സെറീനയുടെ ഒരേയൊരു മുഖമേയുള്ളൂ.. സ്വർഗ്ഗമെന്നൊന്ന് ഉണ്ടെങ്കിൽ അത് നിന്നിലാണെന്ന് പറഞ്ഞ ആ രംഗം മാത്രമേയുള്ളൂ.. എന്നോർത്താലും ജീവന് സുഖം തരുന്ന ആ കാഴ്ച്ചയല്ലാതെ മറ്റെന്താണ് ഒരു ബന്ധത്തിന്റെ മുഖമായി ഞാൻ സൂക്ഷിക്കേണ്ടതല്ലേ…!!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *