കറുത്ത നിറമുള്ള അവളുടെ ഫോട്ടോയെക്കാൾ അവന്റെ കണ്ണുകളിൽ തെളിഞ്ഞത് അവളുടെ പ്രൊഫൈലിലെ പശ്ചാത്തലമായ നയാഗ്രാ ഫാൾസ് ആയിരുന്നു……

സാമൂഹ്യപാഠം

എഴുത്ത്:-സെബിൻ ബോസ്

അവൾ!!

‘കറുപ്പ് താൻ എനിക്ക് പുടിച്ച കളർ’

എന്ന പാട്ടോടെ വർത്തമാനകാലത്തിൽ വിവാദമായ വിഷയത്തിൽ
‘അവൻ ” ഇട്ട സ്റ്റാറ്റസ് കണ്ടപ്പോൾ അവളേറെ സന്തോഷിച്ചു .

വെളുത്തു സുന്ദരനായ അവന്റെ ആദ്യ റീലുകൾ മുതൽ അവൾ സോഷ്യൽ മീഡിയയിൽ അവനെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു .

” സത്യമാണോ ഇപ്പറയുന്നത് ? എനിക്കിഷ്ടമാണ് താങ്കളെ … ഐ ലവ് യൂ ”

സ്റ്റാറ്റസിന് റിപ്ലെ ആയി മിടിക്കുന്ന ഹൃദയത്തോടെ മെസേജയച്ചിട്ട് അവൾ കാത്തിരുന്നു

” ഗോ ടൂ ഹെൽ … ”

അവന്റെ റിപ്ലെ വന്നതും അവൾ തകർന്നു പോയി .

കണ്ണാടിയിൽ തന്റെ ഇരുണ്ട കളർ നോക്കിയവൾ നെടുവീർപ്പിട്ടപ്പോഴാണ് അടുത്ത മെസേജ് ടോൺ കേൾക്കുന്നത്

അവൻ തന്നെയാണ്!!

” ക്യാനഡയിൽ എവിടെയാണ് ? എന്റൊരു റിലേറ്റിവ് അവിടുണ്ട് ? തനിക്ക് പി ആർ കിട്ടിയതാണോ ?”

മാസങ്ങൾക്കിപ്പുറം ഇന്നവരുടെ വിവാഹമാണ് .

കറുത്ത നിറമുള്ള അവളുടെ ഫോട്ടോയെക്കാൾ അവന്റെ കണ്ണുകളിൽ തെളിഞ്ഞത് അവളുടെ പ്രൊഫൈലിലെ പശ്ചാത്തലമായ നയാഗ്രാ ഫാൾസ് ആയിരുന്നു

*******************

അവൻ !!

” കറുപ്പിനേഴഴകാണ് ..ഐ ലവ് ബ്ലാക്ക് ”

നൃത്തവും പാട്ടും വരയുമൊക്കെ കൊണ്ട് സോഷ്യൽ മീഡിയയിൽ ഹരമായി മാറിക്കൊണ്ടിരുന്ന അവളുടെ വർത്തമാന കാല വിഷയം സംബന്ധിച്ചുള്ള ഹാഷ് ടാഗ് കണ്ടതും അവന്റെയുള്ളം തുടിച്ചു .

പലപ്പോഴായി തന്റെ നിറവും അവളുടെ നിറവും തമ്മിലുള്ള അപകർഷതാ ബോധത്താൽ മാറ്റി വെച്ചിരുന്ന ചോദ്യം അവൻ വിറയാർന്ന കൈകളാൽ
അവളുടെ ഇൻബോക്സിൽ കുറിച്ചിട്ടു കാത്തിരുന്നു .

” ആദ്യം താൻ ഒരു കണ്ണാടി നോക്കടാ കുരങ്ങാ ”

കൂടെ പരിഹാസത്തിന്റെ സ്മൈലിയും.

കണ്ണാടിയിലേക്ക് നോക്കാനവൻ തയ്യാറല്ലായിരുന്നു . ചെറുപ്പം മുതൽ കളിയാക്കലേറ്റ് വാങ്ങുന്ന തന്റെ രൂപവും നിറവും മാറ്റി നിർത്തി, ഇതുവരെ യെത്തിച്ച മനസിനെ പാകപ്പെടുത്തി അവൻ ജോലിക്ക് പോകാനിറങ്ങുമ്പോഴാണ് മെസഞ്ചർ കോളർ ട്യൂൺ കേൾക്കുന്നത്

”” ഗവൺമെന്റ് എംപ്ലോയി ആണല്ലേ ..സോറി ഞാനിപ്പോഴാണ് പ്രൊഫൈൽ നോക്കിയത് ”

അല്പം മുൻപ് കണ്ണാടിയിൽ നോക്കാൻ പറഞ്ഞവളാണ്

മാസങ്ങൾക്കിപ്പുറം ഇന്നവരുടെ വിവാഹമാണ് .

കറുത്ത നിറമുള്ള അവന്റെ പ്രൊഫൈൽ ഫോട്ടോയെക്കാൾ അവൾ തെളിഞ്ഞു കണ്ടത് ഗവണ്മെന്റ് എംപ്ലോയി എന്ന ബയോ ആയിരുന്നു

**************

”മനസിന്റെ വെളുപ്പാണ് ശരീരത്തിന്റെ കറുപ്പിനേക്കാൾ അഴക്”

എന്നുള്ള വിവാഹനാൾ സ്റ്റാറ്റസിന്

”പണമില്ലെങ്കിൽ ഈ നിറത്തിനെ നിങ്ങൾ സ്നേഹിക്കുമോ ?’ എന്ന് കമന്റ് ഇട്ടവനെ ബ്ലോക്ക് ചെയ്യുന്ന തിരക്കിലായിരുന്നു അവൻ / അവൾ .

***************

അയാൾ !!!

അയാളുടെ മാതാപിതാക്കൾ കറുത്തവരായിരുന്നു . അതുകൊണ്ടു തന്നെ അവനും നിറം കറുപ്പായിരുന്നു .

മുൻ ബെഞ്ചിലായിരുന്നില്ല അവന്റെ സ്ഥാനം . നന്നായി പഠിക്കുന്നവൻ അല്ലാത്തതുകൊണ്ട് അദ്ധ്യാപകരും അവനിൽ അത്ര ശ്രദ്ധ കൊടുത്തില്ല .
നിറമോ സൗന്ദര്യമോ ഇല്ലായിരുന്നതിനാൽ അടുത്ത കൂട്ടുകാരു മവനുണ്ടായിരുന്നില്ല

കാലങ്ങൾ കഴിഞ്ഞു .

ജീവിതം എങ്ങനെ എങ്കിലും തള്ളി നീക്കണമെന്ന ചിന്തയാല്‍ അവൻ കിട്ടുന്ന പണികളൊക്കെയും ചെയ്തു മുന്നോട്ട് നീങ്ങി .

ലോകപ്രശസ്ത സംവിധായകന്റെ ”തെരുവിന്റെ മക്കൾ ”എന്ന സിനിമയിൽ അവനെ പിടിച്ചു ക്യാമറക്ക് മുന്നിൽ നിർത്തിയപ്പോൾ ” പട്ടിണി പാവത്തിനെ ”അവതരിപ്പിക്കാൻ അവന് അഭിനയിക്കേണ്ടി വന്നില്ല .

ആ അഭിനയത്തിന് പ്രശംസയും അവാർഡുകളും കിട്ടിയപ്പോൾ

അവന് ക്‌ളാസ് മേറ്റുകൾ ഉണ്ടായി .

ഞാൻ പഠിപ്പിച്ച പയ്യനെന്ന് അഭിമാനത്തോടെ പറയുന്ന മാഷുമാർ ഉണ്ടായി .

നാടിൻറെ അഭിമാനം എന്നവർ വാനോളം ഉയർത്തി .

യശ്ശസ് വാനോളം ഉയർന്നപ്പോഴും അവൻ തന്റെ അന്നത്തിനായി പൊരി വെയിലത്തേക്കിറങ്ങി

കാരണം ജീവിതം അവനെ പഠിപ്പിച്ചിരുന്നു .

ഇന്ന് ചേർത്തണക്കുന്നവർ നാളെ ഉണ്ടാവില്ലെന്ന്.
എന്തിനും മീതെ പണവും പ്രശസ്തിയും അധികാരവുമാണെന്ന്

Related Posts

Leave a Reply

Your email address will not be published. Required fields are marked *