കാണുന്ന മുഖങ്ങളിലൊക്കെ അവൻ ആ വാക്കിന്റെ സത്യം തേടി. ശരിയാണ് എല്ലാവരും പറയുന്നത് . കാരണം താൻ കണ്ട ആൺ മുഖങ്ങളിൽ ഒന്നിലും……

ഒടുവിൽ

Story written by Sarath Lourd Mount

കുഞ്ഞുന്നാളിൽ എന്നോ നിലത്ത് വീണ് മുട്ടു പൊട്ടി ചോര ഒലിച്ചപ്പോൾ ഉറക്കെകരഞ്ഞ ദിവസമാണ് മുത്തശ്ശിയിൽ നിന്ന് അവൻ ആ വാക്യം ആദ്യം കേട്ടത്.

എന്താ കുഞ്ഞാ ഇത്, നീയൊരു ആൺകുട്ടിയല്ലെ? ആൺകുട്ടികൾ ഇങ്ങനെ കരയാൻ പാടുണ്ടോ?

അന്ന് ആ വാക്കിൽ അവന്റെ കണ്ണുനീർ നിലച്ചില്ല എങ്കിലും ഉള്ളിലെവിടെയോ ആ വാക്കുകൾ ദിനവും മുഴങ്ങിക്കൊണ്ടിരുന്നു.

“ആൺകുട്ടികൾ കരയാൻ പാടില്ല”.

പിന്നെ പിന്നെ പലയിടത്തും പലപ്പോഴായി ആ വാക്കവൻ കേട്ടു.

കാണുന്ന മുഖങ്ങളിലൊക്കെ അവൻ ആ വാക്കിന്റെ സത്യം തേടി. ശരിയാണ് എല്ലാവരും പറയുന്നത് . കാരണം താൻ കണ്ട ആൺ മുഖങ്ങളിൽ ഒന്നിലും ആ കണ്ണുനീർ കാണുന്നില്ല .

പതിയെ പതിയെ വളർച്ചയുടെ കാലത്ത് സ്വയം അത് പറഞ്ഞു പഠിച്ചു.

ആൺകുട്ടികൾ കരയാൻ പാടില്ല.

പിന്നീട് ഒരിക്കലും ആരുടെയും മുൻപിൽ കരഞ്ഞിട്ടില്ലവൻ. മുത്തശ്ശിയുടെ വിയോഗത്തിലും,പലപ്പോഴായി മനസ്സിനും ശരീരത്തിനും ഏറ്റ മുറിവുകൾ കിടയിലും ഒന്നുംഅവൻ കരഞ്ഞില്ല . എന്തിനേറെ ജീവനായി സ്നേഹിച്ച ‘അമ്മ ജീവൻ വെടിഞ്ഞ് പോയപ്പോളും ഒരു തുള്ളികണ്ണുനീർ ആ കണ്ണുകളിൽ നിന്ന് പൊഴിഞ്ഞില്ല. ഉള്ളിലെ സങ്കടം തീരെ അലറിക്കരയാൻ മനസ്സ് നിലവിളിച്ചപ്പോളും കേട്ട് വളർന്ന വാക്കുകളുടെ കള്ളം കൊണ്ടവൻ ആ കണ്ണുനീരിനെ തടഞ്ഞു നിർത്തി. അലറിക്കരയുന്ന അനുജത്തിയുടെ നേർക്ക് അസൂയയോടെ നോക്കാൻ പോലും മനസ്സ് അവനെ അനുവദിച്ചില്ല..

എന്നാൽ ഇതേ കള്ളം തന്നോട് പലപ്പോഴും അവർത്തിച്ചിട്ടുള്ള അച്ഛന്റെ കണ്ണുകൾ നിശബ്ദമായി നിറഞ്ഞൊഴുകുന്നത് ആ നിമിഷം അവൻ കണ്ടതുമില്ല. പള്ളിയങ്കണത്തിലെ സെമിത്തേരിയിൽ അമ്മയെ അടക്കം ചെയ്യുമ്പോളും ആരോടും ഒരു വാക്കും മിണ്ടാതെ ആ കല്ലറയിലേക്ക് മാത്രം നോക്കിയവൻ നിന്നു.. ഇനിയൊരിക്കലും അമ്മ കൂടെയില്ല എന്ന സത്യം മനസ്സിൽ ചേർത്ത് വച്ച് വീണ്ടു മവൻ നിശബ്ദതയെ കൂട്ടുപിടിച്ചു.

കാലം പിന്നെയും കടന്നുപോയി. അവൻ വളർന്നു, പതിയെ പതിയെ കാലം അവനിൽ മറ്റൊരു വാക്ക് കൂടി പകർന്ന് നൽകി.

കൂടിപ്പിറപ്പിന്റെ കല്യാണം! അത് ആൺകുട്ടിയുടെ ഉത്തരവാദിത്തമാണ്. ‘അമ്മ പോയതിൽ പിന്നെ മ ദ്യത്തെ കൂട്ടുപിടിച്ച അച്ഛനെ നിസ്സഹായനായി നോക്കി നിൽക്കാൻ മാത്രമേ അവന് കഴിയുന്നുണ്ടായിരുന്നുള്ളൂ. പതിയെ ആ അച്ഛനും മരണത്തെ പുൽകിയെങ്കിലും അതവനിൽ സങ്കടം ഉളവാക്കിയില്ല.

പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. പിന്നെയുള്ള ജീവിതം അനുജത്തിക്ക് വേണ്ടിയായി. ദിനവും കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നടത്താൻ പറ്റുന്ന വിധം നല്ലൊരു പയ്യനെ അവൾക്കായി കണ്ടെത്തിയപ്പോളേക്കും അൽപ്പം വൈകിപ്പോയിരുന്നു.

നാട്ടിലെ തന്നെ പ്രമുഖവ്യവസായിയുടെ ഒറ്റമകനോടുള്ള അവളുടെ പ്രണയം…

പലതും പറഞ്ഞുനോക്കിയെങ്കിലും അവനില്ലെങ്കിൽ മരിച്ചുകളയും എന്ന അനുജത്തിയുടെ വാശിക്ക് മുൻപിൽ ഒടുവിൽ കീഴടങ്ങി.

അനുജത്തിയുടെ പ്രണയത്തിന് പകരമായി ചെക്കന്റെ അച്ഛൻ ചോദിച്ചതോ ഭീമമായ സ്ത്രീധനവും.. എവിടെനിന്നൊക്കെയോ കടം വാങ്ങിയും മറ്റും അതും ഒരുക്കി അവളുടെ ആഗ്രഹവും അവൻ സാധിച്ചുകൊടുത്തു…

ഇനിയെന്ത്?????

സമൂഹത്തോടവൻ ചോദിച്ചു…

ഇനി നിനക്കൊരു കല്യാണം…

ആരൊക്കെയോ ചുറ്റും നിന്ന് പറഞ്ഞു.

ആരൊക്കെയോ ബന്ധുക്കൾ എന്ന പേരിൽ ആ ധൗത്യവും ഏറ്റെടുത്തു…

എന്നാൽ അതിന് മുമ്പ് അല്പനാളുകൾക്കുള്ളിൽ തന്നെ മറ്റൊന്ന് സംഭവിച്ചു..

തന്റെ ജീവിതം സമർപ്പിച്ച് താൻ നൽകിയ അനിയത്തിയുടെ ജീവിതം അവസാനിച്ചിരിക്കുന്നു.. സ്ത്രീധനത്തിന്റെ പേരിലെ പീ ഡനങ്ങളിൽ ലോകം വെടിയേണ്ടിവന്ന ഒരുപാട് പേരിൽ അവളുടെ പേരും എഴുതി ചേർക്കപ്പെട്ടിരിക്കുന്നു. നല്കിയത്തിനപ്പുറം വീണ്ടും നൽകാൻ തന്റെ കയ്യിൽ ഒന്നും ഇല്ലാത്തത് കൊണ്ടാകും തന്നോട് ഒന്നും മിണ്ടാതെ അവൾ പോയത്…

ഉറക്കെക്കരയാൻ തോന്നിയെങ്കിലും കണ്ണുനീരോ നിലവിളിയോ പുറത്തേക്ക് ഉയർന്നില്ല….

അന്നത്തെ രാത്രി ഉറങ്ങാൻ കഴിയാതെ വന്നപ്പോൾ ആരോടും ഒന്നും മിണ്ടാതെ എങ്ങോട്ടെന്നില്ലാതെ അവൻ ഓടി..

ആ ഓട്ടം ചെന്നവസാനിച്ചത് ‘അമ്മ ഉറങ്ങുന്ന ആ മണ്ണിലായിരുന്നു.. ആ മണ്ണോട് ചേർന്ന് അമ്മയുടെ മാറിലായി ചേർന്ന് കിടന്നവൻ അലറിക്കരഞ്ഞു. 31 വർഷത്തെ സങ്കടങ്ങളുടെ കണ്ണുനീർ ഒരേസമയം പെയ്തുതോർന്നപ്പോൾ തിപയെ ആ മാറിൽ നിന്ന് തലയുയർത്തി അവൻ ചിരിച്ചു. പതിയെ പതിയെ അതൊരു നിലവിളിയായി, പിന്നെയതൊരു അലർച്ചയായി, ഇടയിലെപ്പോളോ പൊട്ടിച്ചിരികളുയർന്നു… ആ പകൽ നാടുണർന്നപ്പോൾ അവൻ ആ അമ്മയുടെ മാറിൽ തന്നെ ആയിരുന്നു.

പിന്നെയുള്ള ദിവസങ്ങളിൽ ആ കാഴ്ച്ച ചുറ്റുമുള്ളവർക്ക് പതിവായി…

ഇന്നും ഞാനാ പള്ളിമുറ്റത്ത് പോയിരുന്നു, ഇന്നും ഞാനവനെ കണ്ടു… പതിവ് പോലെ ആ നിലവിളികൾ എന്റെ കണ്ണ് നിറച്ചു..

പെട്ടെന്ന് ആരോ അവനെ നോക്കി പറയുന്നത് ഞാൻ കേട്ടു…

“അവനൊരു ആൺകുട്ടിയായിരുന്നു…”

നിറഞ്ഞൊഴുകിയ കണ്ണുനീർ ആരും കാണാതെ തുടച്ച് അവിടെ ഞാനും ഒരു പുഞ്ചിരി പ്രതിഷ്ഠിച്ചു…….

Related Posts

Leave a Reply

Your email address will not be published. Required fields are marked *