കാത്തിരിക്കാൻ പറഞ്ഞിട്ട് പോയ ആള് വേറെ കെട്ടിയെന്ന് അറിഞ്ഞപ്പോൾ ആദ്യം ചാകാനാണ് തോന്നിയത്. ചത്താൽ ആർക്കാണ് നഷ്ടമെന്ന് ഓർത്തപ്പോൾ……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

കാത്തിരിക്കാൻ പറഞ്ഞിട്ട് പോയ ആള് വേറെ കെട്ടിയെന്ന് അറിഞ്ഞപ്പോൾ ആദ്യം ചാകാനാണ് തോന്നിയത്. ചത്താൽ ആർക്കാണ് നഷ്ടമെന്ന് ഓർത്തപ്പോൾ മരുന്ന് കുടിച്ചില്ലെങ്കിൽ ജീവിക്കാൻ സാധ്യതയില്ലാത്ത അമ്മയെ മാത്രമേ ഞാൻ കണ്ടുള്ളൂ..

മൂന്ന് കൊല്ലമായി. ആയുസ്സുണ്ടെങ്കിൽ മുപ്പത് കൊല്ലങ്ങളോളം കാത്തിരി ക്കാനുള്ള സ്നേഹം എനിക്ക് ആ മനുഷ്യനോട് ഉണ്ടായിരുന്നു. എനിക്കൊരു ജീവിതം ഉണ്ടായില്ലല്ലോയെന്ന സങ്കടം മാത്രമേ മരിക്കാൻ നേരത്ത് അച്ഛനിൽ ഉണ്ടായിരുന്നുള്ളൂ..

‘ഓൻ കെട്ടിയ സ്ഥിതിക്ക് നിനക്കും ആയിക്കൂടെ…?’

അന്ന് അമ്മയെ കാണാൻ വന്ന വകയിലെയൊരു അമ്മാവൻ എന്നോട് ചോദിച്ചു. ആകാമെന്ന് ഞാൻ പറയുമെന്ന് അമ്മ ഒരിക്കലും കരുതിയില്ല. എന്തുകൊണ്ട് എനിക്ക് ആയിക്കൂടാ! അയാൾ മരിച്ചതല്ലല്ലോ! മറ്റൊരു ജീവിതത്തിലേക്ക് പോയതല്ലേ! വാശിയാണ് ആ നേരങ്ങളിൽ എന്നെ നിയന്ത്രിക്കുന്നതെന്ന് മനസിലാക്കാതെ വിവാഹം കഴിക്കാൻ ഞാൻ സമ്മതിച്ചു.

ചെറുക്കൻ പെണ്ണുകാണാൻ വന്ന ദിവസമായിരുന്നു. തീരേ ഉന്മേഷമില്ലാതെ ഞാൻ ഒരുങ്ങി. അമ്മയെനിക്ക് പൗഡർ ഇട്ടുതന്നു. ഇതിന്റെ പൊടി കേറി ഉള്ള തുമ്മൽ കൂട്ടണ്ടായെന്ന് പറഞ്ഞിട്ടും അമ്മ കേട്ടില്ല. ഏറെ മിനുക്കിയാൽ എന്റെ കണ്ണുകളിൽ നിന്ന് മുഖമാകെ പടർന്നിരിക്കുന്ന നോവുകളെ മായിക്കാമെന്ന ധാരണ അമ്മയ്ക്ക് ഉണ്ടായിരുന്നുവോയെന്ന് പോലും ഞാൻ സംശയിച്ചുപോയി.

‘പേര് രമയെന്നല്ലേ…? പ്രീഡിഗ്രീ വരെ പഠിച്ചുവല്ലേ…?’

ഞാൻ അതേയെന്ന് പറഞ്ഞു. ആളെ ശരിക്കും നോക്കിക്കോയെന്ന് പറഞ്ഞ് അമ്മാവൻ എല്ലാവരേയും കൂട്ടി മുറ്റത്തേക്കിറങ്ങി. ഹാളിൽ ഞാനും എന്നെ കാണാൻ വന്ന ആ ചെറുപ്പക്കാരനും മാത്രം.

‘എന്നെക്കുറിച്ച് ഒന്നും ചോദിക്കുന്നില്ലേ…?’

ഒന്നും മിണ്ടാതെ ഉടുത്തിരുന്ന സാരിത്തലപ്പിൽ നുള്ളിക്കൊണ്ടിരിക്കുന്ന എന്നോട് അയാൾ ചോദിച്ചു. അതുകേട്ടപ്പോൾ പേരെന്താണെന്ന് വെറുതേ ഞാൻ ആരാഞ്ഞു.

‘സുദർശനൻ..’

പേരിൽ മാത്രം നിന്നില്ല. ജനനം തൊട്ട് അന്ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ കഴിച്ച പുട്ടിന്റെ കാര്യം വരെ അയാൾ ചുരുക്കി പറഞ്ഞു. ഒടുവിൽ തനിക്ക് നിന്നെ ഇഷ്ട്ടമായെന്നും, ഏറെ പ്രതീക്ഷയോടെയൊരു ജീവിതം തുടങ്ങാൻ വന്ന ആ ചെറുപ്പക്കാരൻ എന്നോട് പറഞ്ഞു.

‘എന്നെ ഇഷ്ട്ടമായില്ലേ…?’

ആയെന്നോ ഇല്ലായെന്നോ ഞാൻ പറഞ്ഞില്ല. അതുകൊണ്ട് തന്നെ മറ്റെന്തെങ്കിലും ബന്ധമുണ്ടോയെന്ന് ചോദിക്കാൻ അയാൾ വൈകിയില്ല. മൂന്ന് വർഷത്തെ കാത്തിരിപ്പിന്റെ കഥ ഞാൻ പറഞ്ഞു. തനിക്കും വിവാഹത്തിൽ എത്താത്തയൊരു പ്രേമം ഉണ്ടായിരുന്നുവെന്ന് അയാൾ പറയുമെന്ന് ഞാൻ കരുതിയില്ല.

അതുകേട്ടപ്പോൾ പല കാരണങ്ങൾ കൊണ്ടും വിവാഹത്തിലേക്ക് എത്തി ച്ചേരാത്ത പ്രേമങ്ങൾ തന്നെയാണ് കൂടുതലും ഇവിടെ ഉണ്ടായിരിക്കുന്നതെന്ന് ഞാൻ ചിന്തിച്ചുപോയി.

‘ഈ ലോകം വാഴ്ത്തുന്ന പ്രണയങ്ങളൊന്നും വിവാഹം ചെയ്തവരുടേത് അല്ലല്ലോ..!’

എന്റെ തോന്നലുകളെ കേട്ടത് പോലെയൊരു പ്രേമ പ്രസ്താവനയായിരുന്നു സുദർശനൻ പറഞ്ഞത്. പുതിയ കാര്യങ്ങൾ കേൾക്കുന്നയൊരു കുട്ടിയെ പോലെ കണ്ണുകൾ മിഴിച്ച് ഞാൻ അയാളെ കേട്ടിരുന്നു.

വിവാഹിതരിലെ പ്രണയങ്ങളെ പ്രശംസിക്കാൻ ലോകത്തിന് അറിയില്ല. സ്വന്തമായ മനുഷ്യരോടുള്ള വികാര പ്രകടനങ്ങൾക്ക് യാതൊരു ബാഹ്യ വെല്ലു വിളികളുമില്ല എന്നതാണ് പോലും കാരണം. പരസ്പരം ഒപ്പിട്ട് കൊടുക്കുന്ന വിശ്വാസപത്രത്തിന്റെ ബലത്തിൽ സ്നേഹിക്കേണ്ടവർക്ക് യാതൊരു തടസ്സവുമില്ലാതെ ജീവന്റെ ആ മർമ്മ വികാരത്തിൽ ഏർപ്പെടാം. ആരേയും ഭയക്കാതെ അവർക്ക് അവിടെയൊരു കുടുംബത്തെ നിർമ്മിക്കാം.

‘അതിനാണോ വിവാഹം…?’

എന്റെ ആ ചോദ്യം സുദർശനൻ പ്രതീക്ഷിച്ചില്ല. അതുകൊണ്ടാണെന്ന് തോന്നുന്നു അല്ലേയെന്ന് അയാൾ എന്നോട് തിരിച്ച് ചോദിച്ചത്. കൃത്യമായ രേഖകളോടെ കുടുംബങ്ങൾ ഉണ്ടാക്കാൻ തന്നെയാണ് വിവാഹമെന്ന് എനിക്കും സമ്മതിക്കേണ്ടി വന്നു.

‘എന്നെ ഇഷ്ട്ടമായോ…’

സുദർശനൻ വീണ്ടും ചോദിച്ചു. ഇഷ്ടമായാലും കൗതുകം തീർന്നുപോകുമ്പോൾ മനുഷ്യർ തീർത്തും അപരിചിതരാകുമെന്ന് ഞാൻ പറഞ്ഞു.

‘എന്തിനാണ് മുൻവിധി..?’

ഇഷ്ടമാണോ അല്ലയോയെന്ന് മാത്രം പറഞ്ഞാൽ മതിയെന്ന് പറഞ്ഞ് സുദർശനന്റെ ശബ്ദം കനത്തു. താഴ്ന്ന താളത്തിൽ അറിയില്ലെന്ന് മാത്രം ഞാൻ പറഞ്ഞു. അതുകേട്ടപ്പോൾ ഇരുന്നയിടത്ത് നിന്ന് അക്ഷമനായി അയാൾ എഴുന്നേറ്റു. അപ്പോഴേക്കും അമ്മാവനും കൂട്ടരും അകത്തേക്ക് കയറി വന്നിരുന്നു.

‘എന്തായി? തീയതി ഉറപ്പിക്കട്ടേ…?’

അതുകേട്ടപ്പോൾ സുദർശനൻ വെറുതേ എന്നെ നോക്കുന്നുണ്ടായിരുന്നു. ഉറപ്പിക്കാൻ അയാൾ വല്ലാതെ ആഗ്രഹിക്കുന്നത് പോലെ.. ചിമ്മാത്ത കണ്ണുകളുമായി ഞാൻ അകത്തേക്ക് പോയി. വന്നവരെല്ലാം പുറത്തേക്കും..

‘നീ പറഞ്ഞിട്ടല്ലേ അവരോട് വരാൻ പറഞ്ഞേ..? ആ ചെറുക്കന് എന്ത് കുഴപ്പാന്ന്…!’

അതുകേട്ടപ്പോൾ കുഴപ്പം എനിക്കാണ് അമ്മാവായെന്ന് തറയിൽ നോക്കികൊണ്ട് ഞാൻ പറഞ്ഞു. അരിശത്തോടെ ഇറങ്ങി പോകുന്ന അമ്മാവനേയും എന്നേയും മാറി മാറി നോക്കി അമ്മ വെറുതേ നെടുവീർപ്പിട്ടു. അച്ഛന്റെ ഗതി തന്നെയാണ് തനിക്കുമെന്ന് ആ പാവം വെറുതേ കരുതിക്കാണും. അല്ലെങ്കിലും താൻ പോയാൽ തന്റെ മക്കൾക്ക് ആരുണ്ടെന്ന ചോദ്യത്തിൽ നിന്ന് ശ്വാസമെടുക്കുന്ന മാതാപിതാക്കളുടെ മനസ്സ് എങ്ങനെയാണ് കലങ്ങാതിരിക്കുക!

വിഷാദത്തിൽ പൂണ്ടിരിക്കുന്ന എന്റെ തലയുമായി കാലം സഞ്ചരിച്ചു. എന്നെ മാത്രം പൂക്കാൻ അനുവദിക്കാതെ വസന്തം മൂന്നുവട്ടം ചുറ്റിലും വന്നുപോയി. അമ്മയുടെ ആരോഗ്യം പഴയതുപോലെ തന്നെ. അമ്മാവന്റെ വരവും താരതമ്യേന കുറഞ്ഞു.

പരമമായ സുഖത്തോടേയും അതീവ ദുഃഖത്തോടെയും ആറുവർഷങ്ങൾ ഞാൻ താണ്ടിയിരിക്കുന്നു. എന്തിനെന്ന് ചോദിച്ചാൽ അറിയില്ല. എന്നെ വേണ്ടാന്ന് വെച്ച് പോയ ആ മനുഷ്യനെ ഞാൻ കുറ്റപ്പെടുത്തിയതേയില്ല. തക്കതായ എന്തെങ്കിലും കാരണം കാണുമെന്ന് മാത്രം ഊഹിച്ചു. അല്ലെങ്കിലും എന്റെ പ്രണയമെന്ന് ഓർത്ത് താലോലിക്കാൻ വിവാഹത്തിലേക്ക് എത്തേണ്ട ആവശ്യമില്ലല്ലോ…!

അന്ന് പതിവില്ലാതെ അമ്മ രാത്രിയിൽ ഏറെ ചുമച്ചു. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് കൂടി പറഞ്ഞപ്പോൾ എനിക്ക് ഭയം തോന്നി. അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ കൊടുക്കേണ്ട മരുന്ന് ഡോക്റ്റർ നേരത്തേ തന്നിരുന്നു. അതും കുടിച്ച് അമ്മ മയങ്ങി. ഒരു കസേരയിട്ട് അമ്മയുടെ കൈയ്യിൽ മുഖം വെച്ച് ഞാനും കണ്ണുകൾ അടച്ചു. അമ്മ കൂടി വിട്ടുപോയാലുള്ള അവസ്ഥയെ കുറിച്ച് എനിക്ക് ആലോചിക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല.

‘രമേ… രമേ..’

ആരോ കതകിൽ മുട്ടി എന്റെ പേര് വിളിക്കുന്നു. ശ്രദ്ധിച്ചപ്പോൾ അമ്മാവന്റെ ശബ്ദമാണെന്ന് മനസ്സിലായി. അമ്മ എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ തന്നെ കണ്ണുകൾ തിരുമ്മി കതകിന്റെ അടുത്തേക്ക് ഞാൻ നടന്നു തുടങ്ങിയിരുന്നു.

‘മണി എട്ടായിട്ടും എണീറ്റില്ലേ…?’

എന്താ രാവിലെ തന്നേയെന്ന് അമ്മാവനോട് ചോദിച്ചത്എന്റെ പിറകിലായി വന്ന അമ്മയായിരുന്നു. വരേണ്ട ആവിശ്യം തനിക്ക് ആയിരുന്നില്ലായെന്ന് പറഞ്ഞ് അമ്മാവൻ മുറ്റത്തേക്ക് ചൂണ്ടി. അവിടെ അനുവാദമുണ്ടെങ്കിൽ മാത്രമേ അകത്തേക്ക് വരൂവെന്ന ചലനത്തോടെ ഒരാൾ നിൽപ്പുണ്ടായിരുന്നു. ആരയെന്നും, എന്താ കാര്യമെന്നും അമ്മ ചോദിച്ചു. അപ്പോൾ ആ മനുഷ്യനോട് കയറി വരാൻ അമ്മാവൻ ആവിശ്യപ്പെടുകയായിരുന്നു.

അയാൾ പടി കയറിയപ്പോൾ തന്നെ ആളെ എനിക്ക് മനസ്സിലായി. സുദർശനൻ! നിങ്ങളും മറന്നു കാണില്ല! എന്തിനാണ് പണ്ട് എന്നെ കണ്ടുപോയ ചെറുപ്പക്കാരൻ വീണ്ടും വന്നതെന്ന് അമ്മാവൻ ഞങ്ങളോട് വിശദീകരിച്ചു.

അന്ന് പോയതിൽ പിന്നെ സുദർശനൻ എല്ലാ മാസവും അമ്മാവനോട് എന്നെ കുറിച്ച് തിരക്കുമായിരുന്നു പോലും. എന്റെ സ്വഭാവം അറിയുന്നത് കൊണ്ട് അമ്മാവൻ എന്നോട് പറഞ്ഞില്ലെന്ന് മാത്രം.

‘എന്തിനാന്ന് ഞാൻ തന്നെ വേണമെന്ന്…?’

സുദർശനനോട് ഞാൻ ചോദിച്ചു. അറിയില്ലെന്ന് മാത്രമേ അയാൾ പറഞ്ഞുള്ളൂ.. അറിയില്ല! എന്തു മറുപടിയാണ് അയാളോട് ഞാൻ പറയുകയെന്ന് ചിന്തിച്ചപ്പോഴും ആ വാക്ക് തന്നെയാണ് തലയിൽ തെളിയുന്നത്. അറിയില്ല! അറിഞ്ഞതൊന്നും പറയാനാകാതെ വരുമ്പോഴും അറിയില്ലെന്ന് മനുഷ്യർ ശബ്ദിക്കാറുണ്ടെന്ന് എനിക്ക് ആ നേരം തോന്നി. അല്ലെങ്കിലും തോന്നലുകളിൽ തന്നെയാണല്ലോ ജീവിതത്തിന്റെ ഗതികാലവും…

ഇമ വെട്ടാതെ സുദർശനൻ എന്നെ നോക്കി നിന്നപ്പോൾ ഞാൻ വല്ലാണ്ടായി. ഒരു അർത്ഥവുമില്ലാത്ത എന്റെ കാത്തിരിപ്പിനേക്കാൾ എത്രയോ മഹത്തരമാണ് അയാളുടേതെന്ന് ആരോ പറയുന്നത് പോലെ! ആ മനുഷ്യൻ എന്റെ കണ്ണുകളിൽ നിറഞ്ഞ് തുളുമ്പിയപ്പോൾ ഞാൻ അകത്തേക്ക് ഓടി പോകുകയായിരുന്നു.

‘എന്താന്ന് ഓനോട്‌ പറയേണ്ടത്..?’

എന്നും ചോദിച്ച് വല്ലാത്ത പ്രതീക്ഷയോടെ വൈകാതെ അമ്മ എന്റെ മുറിയിലേക്ക് വന്നു. നിറഞ്ഞ കണ്ണുകൾക്ക് ചുറ്റുമൊരു ചെറു ചിരി പടർത്തിക്കൊണ്ട് വിവാഹത്തിന് സമ്മതമാണെന്ന് പറഞ്ഞോയെന്ന് പറയാൻ എനിക്ക് ഏറെ നേരം ആലോചിക്കേണ്ടി വന്നില്ല. അതുകേട്ടപ്പോൾ അതീവ ആഹ്ലാദത്തോടെ മോളേയെന്ന് വിളിച്ച് തന്റെ രണ്ട് കൈവെള്ളയിൽ അമ്മയെന്റെ മുഖം കോരിയെടുത്തു. എണ്ണമറ്റ ഉമ്മകൾ ഒട്ടിക്കാനാണെന്ന് കണ്ടപ്പോൾ എന്റെ കണ്ണുകൾ താനേ അടയുകയായിരുന്നു..!!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *