കാത്തിരിപ്പൂ ~ ഭാഗം 02, എഴുത്ത്: ശിഥി

ഭാഗം 01 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…

“മ്മ്…”ഒന്നു മൂളിക്കൊണ്ട് വേഗം ഉള്ളിലേക്കോടികയറി.. പതുങ്ങിച്ചെന്ന് ഉമ്മറവശത്തേക്കുള്ള ജനാലയിൽ ചൂതൻ വീഴ്ത്തിയ ഓട്ടയിലൂടെ ഒരു കണ്ണിറുക്കി ഹരിയേട്ടനെ ഒളിഞ്ഞുനോക്കി.. ചിരിച്ചുകൊണ്ട് അകത്തേക്ക് നോക്കി ബൈക്കെടുത്ത് പോകുന്നത് കണ്ടു.. ആ ചിരി അവളിലേക്കും പടർന്നു..

“അമ്മേ ഞാൻ വന്നു ട്ടോ..”മുകളിലേക്ക് ഓടികേറുമ്പോൾ വിളിച്ചുകുവി..രാത്രി തലയണ ചുറ്റി പിടിച്ചു കിടക്കുമ്പോഴും അവനായിരുന്നു അവളുടെ മനസ്സിൽ..പേടികാരണം അവന്റെ ഒപ്പമുള്ള യാത്ര ആസ്വദിക്കാൻ പറ്റിയില്ലെങ്കിലും അത് ഓർക്കേ അവളുടെ മനസ്സിനെ ഒരു പ്രത്യേക കുളിർ വന്നു പൊതിഞ്ഞു.. രാവിലെ എണീറ്റതും അവനെ കാണാനുള്ള അതിയായ മോഹത്താൽ വേഗം കുളിച്ചൊരുങ്ങി മേമടെ വീട്ടിലേക്ക് വിട്ടു..

“ട്ടൊ…..”പിന്നിലൂടെ ചെന്ന് മേമടെ രണ്ട് തോളിലും പേടിപ്പിക്കാനെന്നോണം ഒന്ന് തട്ടി..

“പേടിക്കണോ നന്ദുട്ടി ” കളിയാക്കിക്കൊണ്ടുള്ള ചോദ്യത്തിൽ അവളുടെ മുഖം മങ്ങി..

“ഈ മേമ ന്താ പേടിക്കാതെ.. എപ്പോഴും അതെ പേടിക്കേ ഇല്ല..”

“അതല്ലേ ഞാൻ ചോദിച്ചേ പേടിക്കണോന്ന്.. നീ ഗേറ്റ് തുറക്കണത് ദേ ഞാൻ ഇതിലൂടെ കണ്ടതാ..”മേമ അവളുടെ തല പിടിച്ചു ജനലിലൂടെ കാണിച്ചു കൊടുത്തു..

“അല്ല ന്റെ കുട്ടി ന്താ രാവിലെ തന്നെ..മറ്റേത് രാത്രി കൂട്ടിനെങ്കിലും വരണതാ..ഹരി വന്നേൽ പിന്നെ അതുമില്ല..”

“അത് നിക്ക് ന്റെ മേമയെ കാണാൻ തോന്നി.. അപ്പൊ വന്നു.. അയിന് ന്താ വല്ല പ്രശ്നമുണ്ടോ..”മേമയിൽ നിന്നും തലവെട്ടിച്ച് ഇടംകണ്ണിട്ട് ഒന്ന് നോക്കി..മേമ ചിരിക്കുന്നുണ്ട്.

“അല്ല മേമടെ മോൻ എവിടെ ക്യാപ്റ്റൻ ഹരീഷ് രഘുനാഥ് ” അടുക്കള വാതിലിലൂടെ ഉള്ളിലേക്ക് നോക്കി അവൾ ചോദിച്ചു.

” എണീറ്റിട്ടില്ല തോന്നണു..നിന്നെ കൊണ്ടാക്കി കൂട്ടുകാരെ കണ്ടിട്ട് നേരം വൈകിയ വന്നത്.. കിടന്നപ്പോ വൈകികാണും.. ഞാനോട്ട് വിളിക്കാനും പോയില്ല. “അലസമായി പറഞ്ഞുകൊണ്ട് മേമ ജോലി തുടർന്നു.. മേമയെ ഒന്ന് നോക്കി നന്ദ ഹരിയുടെ റൂമിലേക്ക് നടന്നു..സാവധാനം ഒച്ച എടുക്കാതെ കാൽപാദങ്ങൾ പതിയെ വെച്ച് കോണി കയറി.. മുകളിൽ എത്തിയതും ശ്വാസം ഒന്ന് വലിച്ചു വിട്ടു.. പമ്മി ചെന്ന് ഡോർ സൂക്ഷിച്ച് അല്പം തുറന്നു..ഒന്നും കാണാതെ വന്നപ്പോൾ കുറച്ചുകൂടി തുറന്നു..പതിയെ വിടവിലൂടെ തല ഉള്ളിലേക്കിട്ട് റൂമിലൂടെ ആകെമൊത്തമൊന്ന് കണ്ണോടിക്കുക്കുമ്പോളാണ് പിന്നിൽ നിന്നും ആരോ ഉള്ളിലേക്ക് തള്ളിയത്..ഊക്കോടെ മുമ്പോട്ടാഞ്ഞ് റൂമിന്റെ ഉള്ളിൽ പോയി നിന്നു..ഞെട്ടി കൊണ്ട് തിരിഞ്ഞുനോക്കി..വാതിലിന്റെ കട്ടളയിൽ രണ്ട് സൈഡിലും കൈ കുത്തി നിൽക്കുന്ന ഹരിയേട്ടൻ.. എന്തുപറയണമെന്നറിയാതെ അവൾ പരിഭ്രമത്തോടെ നിലത്തേക്ക് മിഴികൾ താഴ്ത്തി..

“ന്താ ഒളിഞ്ഞു നോക്കണേ.. കക്കാൻ വന്നതാണോ..” ഗൗരവത്തോട അവൻ ചോദിച്ചപ്പോൾ അവൾ അല്ലന്ന് തലയാട്ടി.

“മ്മ്ഹ് പിന്നെന്താ.. ഒളിഞ്ഞു നോക്കാൻ മാത്രം വേറെ എന്താ..”

“അത്.. അത് പിന്നെ മേമ ഹരിയേട്ടനെ വിളിക്കാൻ പറഞ്ഞപ്പോൾ ഞാൻ വിളിക്കാൻ വേണ്ടി.”വിക്കിവിക്കി എങ്ങനെയോ പറഞ്ഞ് പുറത്തുകടക്കാൻ നോക്കിയെങ്കിലും ഹരിയേട്ടൻ മാറിയില്ല.. തല ഉയർത്തിയവൾ ദയനീയമായി അവനെ നോക്കി.

“അമ്മേ…. അമ്മേ…’അവൻ താഴേക്ക് നോക്കി അലറി..

“എന്താടാ…”അമ്മ തിരിച്ചും

“അമ്മ എന്നെ വിളിക്കാൻ നന്ദയെ പറഞ്ഞുവിട്ടിരുന്നോ..”

“അവൾ അവിടെയുണ്ടോ.. എന്റെ അടുത്തായിരുന്നു.. ഞാനും വിചാരിച്ചു ഒന്നും പറയാതെ അവൾ ഇതെങ്ങോട്ട് പോയിന്ന് ” അമ്മയുടെ മറുപടി കേട്ട് ഹരി നന്ദയെ നോക്കി.. തല കുനിച്ച് നിൽപ്പാണ്.. അവൻ ഉള്ളിലേക്ക് കയറി വാതിലുകൾ അടച്ചു.. ഒന്ന് ഞെട്ടികൊണ്ട് നന്ദ അവനെ നോക്കി.

“ഇനി പറ എന്തിനാ വന്നേ.. കേട്ടല്ലോ അമ്മ പറഞ്ഞത്.. അപ്പൊ സത്യം പറഞ്ഞോ എന്തിനാ വന്നേ.”എന്ത് ചെയ്യണമെന്നറിയാതെ നന്ദ നിന്നു പരുങ്ങി..

“പറയടി എന്തിനാ നീ വന്നേ”ഹരിയുടെ ശബ്ദം അല്പം ഉയർന്നതും നന്ദ നിന്ന് വിറക്കാൻ തുടങ്ങി.. കണ്ണുകൾ നിറഞ്ഞു..

“ഞാൻ ഹരിയേട്ടനെ കാണാൻ വന്നതാ” പേടികാരണം അവളുടെ ശബ്ദമിടറി.

” അതിനെന്തിനാ നീ ഒളിഞ്ഞു നോക്കണേ.. ഞാനെന്താ വല്ല ഭീകരജീവിയാണോ..അന്ന് വീട്ടിൽ വന്നപ്പോഴും കണ്ടു ഒളിഞ്ഞുനോക്കുന്നത്.. എന്താ നിനക്ക് നേരെചൊവ്വെ നോക്കിയാ.. ഏഹ്.. പറയടി എന്താ നോക്കിയ.” അവൻ ചെറുതായി അലറിയതും നന്ദ നിന്ന് കരയാൻ തുടങ്ങി..

“നിന്ന് മോങ്ങാതെ കാര്യം പറയടി..” ശബ്ദം അൽപം കൂടി ഉയർന്നതും അവൾ ധൃതിപ്പെട്ട് കണ്ണുകൾ തുടച്ചു..

“നിക്ക്.. നിക്ക് ഹരിയേട്ടനെ ഇഷ്ട.. ഒത്തിരി ഒത്തിരി ഇഷ്ട..” അബദ്ധത്തിൽ നന്ദയുടെ വായിൽനിന്ന് അവളുടെ ഉള്ളിൽ ഉള്ളത് പുറത്തേക്ക് ചാടി. തേങ്ങലുകൾക്കിടയിൽ കേൾക്കാൻ ആഗ്രഹിച്ചത് കേട്ടപ്പോൾ അവന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു.. അതു മറച്ചു വെച്ച് വീണ്ടും ഗൗരവം നടിച്ചു.

“ഇഷ്ടോ എന്നെയോ..”ഹരിയുടെ ചോദ്യം കേട്ടാണ് നന്ദക്ക് താൻ എന്താ പറഞ്ഞതെന്ന് ഓർമ്മ വന്നത്.. അവൾ ഭയത്തോടെ ഹരിയെ നോക്കി.. അവന്റെ മുഖത്തെ ഗൗരവം കണ്ട് ഇനി കള്ളം പറയാൻ സാധിക്കില്ലെന്ന് നന്ദക്ക് മനസ്സിലായി.

“മ്മ്ഹ്.. ഇഷ്ട.. കൊറേ കാലായി.. ആരോടും പറഞ്ഞിട്ടില്ല.. ഒത്തിരി ഇഷ്ട നിക്ക് ഹരിയേട്ടനെ.. പേടിച്ചിട്ടാ ഹരിയേട്ടനെ കാണുമ്പോൾ മാറിനിന്ന് ഒളിഞ്ഞു നോക്കണേ.. കാണാൻ കൊതിയായിട്ടാ.” നിഷ്കളങ്കമായി അവൾ പറയുന്നത് കേട്ട് പൊട്ടി വന്ന ചിരി കടിച്ചുപിടിച്ച് അവളുടെ അടുത്തേക്ക് നടന്നു..

” പേടിച്ചിട്ടാണെങ്കിൽ പിന്നെന്തിനാ ഇപ്പൊ പറഞ്ഞെ “

“പേടിച്ചിട്ടാ.. ഹരിയേട്ടൻ ഒച്ച വെച്ചപ്പോ പേടിച്ചിട്ടാ ” അതും കൂടി കേട്ടതോടെ രണ്ട് കൈയാലും അവളെ ചേർത്ത്പിടിച്ചവൻ പൊട്ടിച്ചിരിച്ചു.. നന്ദ അമ്പരപ്പോടെ മിഴികൾ ഉയർത്തി അവനെ നോക്കി.

🍁🍁🍁🍁🍁🍁

പിന്നെ ഒട്ടും താമസിച്ചില്ല.. വേഗം മാമയോട് ചെന്ന് പെണ്ണ് ചോദിച്ചു.. പെട്ടെന്ന് തന്നെ സ്വന്തമായി കൂടെ കൂട്ടി.. ഇപ്പൊ ദേ എന്നോട് ചേർന്ന് ന്റെ അടുത്ത്.. അവൻ പറഞ്ഞു തീർന്നതും സതോഷത്താൽ അവൾ ഒന്നുകൂടി അവനെ ഇറക്കെ പുണർന്നു..അവൻ പറഞ്ഞ കഥയിലെ അവന്റെ പ്രണയം താൻ തന്നെയാണെന്ന് അവളിൽ പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷം നിറച്ചു..

“ഒത്തിരി ഇഷ്ടമാണോ ഹരിയേട്ടാ നന്ദയെ “

“മ്മ്ഹ് ഒരുപാട് ഒരുപാട് ഇഷ്ട.. ഒരുപാട് എന്ന് പറഞ്ഞാൽ അതിരുകളില്ലാത്ത ആകാശത്തേക്കാൾ കടലിനേക്കാൾ..”അവളെ ഒന്നുയർത്തി ആ നിറുകിൽ അവൻ ചുണ്ടുകൾ ചേർത്തു.. പുറത്തു പെയ്യുന്ന തുലാമഴയിലെ തണുപ്പിൽ ഇടിയുടെ താളത്തിനൊപ്പം അവളിലെ വരികളിൽ അവൻ ഈണമായി അലിഞ്ഞുചേർന്നു.. പ്രണയ നിർവൃതിയിൽ കണ്ണുകൾ അടയുമ്പോൾ മിഴികൾ നീർ പൊഴിച്ചു.

” നിന്നിലൂടെ മാത്രമേ ഞാൻ പൂർണ്ണനാകൂ നന്ദ” അവളുടെ കാതുകളിൽ ആർദ്രമായി മന്ത്രിച്ചുകൊണ്ടവൻ ആ മിഴിനീരിനെ അധരങ്ങളാൽ ഒപ്പിയെടുത്തു..

“ഹരിയേട്ടാ.. മഴ കാണണം..”പതിഞ്ഞസ്വരത്തിൽ കണ്ണുകൾ മൂടി കൊണ്ട് തന്നെ നന്ദ പറഞ്ഞു.. ഹരിയേട്ടൻ എഴുന്നേൽക്കുന്നതും തന്നെ കോരിയെടുക്കുന്നതും അവൾ അറിഞ്ഞു.. ജനാലയുടെ വീതിയേറിയ തിട്ടിൽ ചെന്നിരുന്ന് ഹരി അവളെ എടുത്തു മടിയിലേക്ക് വച്ചു.. ഒരു കുളിർ കാറ്റ് അവരെ വന്നു പൊതിഞ്ഞിരുന്നു.

“നന്ദ കണ്ണുതുറക്ക്..”ഹരിയുടെ നിശ്വാസം ചെവിയിൽ അടിച്ചതും നന്ദ കണ്ണുതുറന്നു..മുകളിലെ ഓടിൽ നിന്നും വീഴുന്ന മഴത്തുള്ളികൾ താഴെയുള്ള ഓടിൽ വീണ് ചിന്നിച്ചിതറി വീണ്ടും താഴെകൊഴുകുന്നു..കാറ്റിലും മഴയിലും ചെടികൾ ആടിയുലയുന്നു.. ചന്ദ്രനെയും താരങ്ങളെയും മറച്ചുകൊണ്ട് ഭൂമിയിലേക്ക് പെയ്തിറങ്ങാൻ കൊതിച്ച് കാർമേഘങ്ങൾ വീണ്ടും ഉരുണ്ടുകൂടുന്നു..പെട്ടെന്ന് ഒരു മിന്നലിന്റെ അകമ്പടിയോടെ ഉച്ചത്തിൽ ഇടി വെട്ടിയപ്പോൾ നന്ദ പേടിച്ചുകൊണ്ട് ചെവി രണ്ടും പൊത്തി ഹരിയുടെ നെഞ്ചിലേക്ക് മുഖമൊളിപ്പിച്ചു.. തല ചെറുതായി പൊക്കിയതും വീണ്ടും ഇടിവെട്ടി.. നിമിഷനേരം കൊണ്ടവൾ ഹരിയുടെ നെഞ്ചിലേക്കു ചാഞ്ഞു.. പിന്നെയും എഴുന്നേൽക്കാൻ പോയവളെ ഹരി ചേർത്തുപിടിച്ചു..

” എഴുന്നേൽക്കണ്ട നന്ദ ഇനിയും വെട്ടും ” നന്ദയുടെ ചെവികൾ പൊതിഞ്ഞു പിടിച്ചവൻ അവളെ തന്നിലേക്ക് ചായ്ച്ചിരുത്തി.. ഒരു ചിരിയോടെ നന്ദ ജനലഴികളിലൂടെ കൈ പുറത്തേക്കിട്ട് മഴത്തുള്ളികളെ സ്വന്തമാക്കി..ഹരിയും കയ്യെടുത്ത് ഒപ്പം ചേർത്ത് മഴത്തുള്ളികളാൽ തങ്ങളുടെ പ്രണയം പങ്കുവെച്ചു..

“നന്ദ… നാളെ ഞാൻ പോയാൽ നീ വിഷമിക്കുമോ.”ഹരിയുടെ ചോദ്യം കേട്ടവൾ കൈകൾ പിൻവലിച്ചു.. രണ്ടുകൈയും കൂട്ടിപ്പിടിച്ച് അവനിലേക്ക് ഒന്നൂടെ ചുരുണ്ടുകൂടി ഇരുന്നു.. അവന്റെ നെഞ്ചിൽ മുഖമിട്ടുരസി ഇല്ലെന്നു പറഞ്ഞു.

“നന്ദ മുഖത്തേക്ക് നോക്ക് ” പതിയെ മുഖമൊന്ന് ഉയർത്തി അവനെ നോക്കി വിളറി ചിരിച്ചുകൊണ്ട് വീണ്ടും അവരിലേക്ക് ചാഞ്ഞിരുന്നു..

“ഇല്ലെന്ന് വെറുതെ പറഞ്ഞതാ ഹരിയേട്ടാ.. ഒത്തിരി സങ്കടവും.. എന്നാലും സാരല്യ.. പണ്ടൊക്കെ ഹരിയേട്ടൻ പോകുമ്പോൾ സങ്കടം അവേർന്നു.. അപ്പൊ ഒന്നും ഹരിയേട്ടൻ ഒന്ന് നോക്കാ പോലും ചെയ്യില്ല.. പക്ഷേ ഇപ്പോൾ ഒത്തിരി ഇഷ്ടമല്ലേ ഹരിയേട്ടന് എന്നെ.. അത് അറിഞ്ഞിട്ട് ഹരിയേട്ടൻ പോവാന്ന് പറയുമ്പോൾ വല്ലാതെ നോവുന്നു.. പോവാതെ ഇരിക്കാൻ പറ്റില്ലാലോ..സാരല്യ പോയിട്ട് വേഗം വന്നാമതി.”അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. ഹരി അവളുടെ മുഖം കൈകുമ്പിളിൽ എടുത്ത് തള്ളവിരലാൽ ആ മിഴിനീര് തുടച്ചു.

“രണ്ട് മാസം.. അതിനുള്ളിൽ അവിടെ ക്വാട്ടേഴ്‌സ് ശരിയാക്കി നിന്നെയും കൊണ്ടുവും.. ഈ കരച്ചിലൊക്കെ നിർത്തിക്കെ.. അയ്യേ കരയാത്ര ” ചെറുതായി ഒന്ന് കളിയാക്കി അവൻ പറഞ്ഞതും അവൾ ചിരിച്ചു.. മെല്ലെ അവന്റെ കവിളിലൂടെ ഒന്ന് തലോടി അവന്റെ കാതിൽ അധരങ്ങൾ ചേർത്ത് പതിയെ അവൾ മൂളി..

🎵 ഒറ്റയ്ക്ക് നിൽക്കേ ഓർക്കാതെ മുന്നിൽ വന്നു നിന്നില്ലേ..അക്കരക്കേതോ തോണിയിലേറി പെട്ടെന്ന് പോയില്ലേ..അന്നു രാവിലെ ആ ചിരി ഓർത്തെൻ നോവ് മാഞ്ഞില്ലേ..പ്രിയമുള്ളവനെ… പ്രിയമുള്ളവനെ…വിരഹവും എന്തൊരു മധുരം..ഹാ…..മുറിവുകൾ എന്തൊരു സുഗതം🎵

അവസാന വരി പാടി നിർത്തിയതും നന്ദയിൽ ഇന്നൊരു തേങ്ങൽ പുറത്തേക്ക് വന്നു.. ഹരിയെ ഇറുകെ പുണർന്നവൾ കണ്ണീരിനെ സ്വതന്ത്രമാക്കി വിട്ടു..ഇരുവർക്കുമിടയിൽ മൗനം വാചാലമായി..

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *