കാലം കാത്തുവച്ചത് ~ ഭാഗം 07, എഴുത്ത്: ശ്രുതി മോഹൻ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

മേലാസകലം ആവിയെടുക്കുന്നത് പോലെ തോന്നിയപ്പോഴാണ് കണ്ണ് തുറന്നത്…ചില്ലോടിൽ കൂടി കടന്നു വന്ന വെളിച്ചത്തിൽ ആരോ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി വാതിൽ ചേർത്തടക്കുന്നത് അവ്യക്തമായി കണ്ടു.. വലതു പുറംകൈപ്പത്തി കൊണ്ട് കണ്ണ് അമർത്തി തുടച്ചു… ശ്ശ്…. നീറ്റൽ കൊണ്ട് കൈകൾ വലിച്ചു കുടഞ്ഞു…. പെരുവിരലിനു താഴെ വീർത്തു നിൽക്കുന്ന ചെറിയ കുരുക്കൾ… വെളിച്ചം കുറവായതിനാൽ ദേഹത്തു കിടന്ന പുതപ്പ് നീക്കിയിട്ട് കട്ടിലിൽ നിന്നെഴുന്നേറ്റു ജനലിനരികിലേക്ക് നടന്നു… നടക്കുമ്പോൾ ദേഹത്താകമാനം തീയിട്ട പ്രതീതിയായിരുന്നു..

ഒരു വിധത്തിൽ ജനലിനരികിൽ എത്തി… ജനൽപാളിയുടെ കൊളുത്തു വിടുവിച്ചു പുറത്തേക്ക് തള്ളിതുറന്നു.. ഇരച്ചുവന്ന വെളിച്ചത്തിൽ കണ്ടു കയ്യിൽ നിറഞ്ഞ കുരുക്കൾ… കനം തോന്നിപ്പിച്ച കൈകൾ കവിളിനെ തലോടിയപ്പോൾ അറിഞ്ഞു, മുഖത്തും കുരുക്കളുണ്ട്.. നെറ്റിയിലും താടിയിലും കൈകൾ മുഖത്ത് നിന്ന് താഴോട്ട് ഇറങ്ങും തോറും പ്രതിബന്ധങ്ങളായി ഇടയ്ക്കിടെ കുരുക്കൾ പ്രത്യക്ഷ പ്പെട്ടു.. കഴുത്തിലും മാ റിലും വയറിലും എല്ലാം കുരുക്കൾ. ചിക്കൻപോക്സ്….

കരച്ചിൽ ആണോ ചിരിയാണോ ഉള്ളിൽ വരുന്നത് എന്ന് എനിക്ക് തന്നെ മനസ്സിലാവുന്നില്ല.. പകർച്ച ഉണ്ടാവും എന്നതുകൊണ്ട് അയാളെ കുറച്ചു നാളത്തേക്ക് ഭയക്കണ്ട എന്ന് മനസ്സിൽ സന്തോഷിക്കുമ്പോഴും, അസഹ്യമായ വേദനയും വീർപ്പുമുട്ടലും കൊണ്ട് ശരീരവും മനസ്സും വിങ്ങുന്നുമുണ്ട്..

കാലു കഴച്ചപ്പോൾ കട്ടിലിനരികിലേക്ക് വന്നു ഓരത്തായി ഇരുന്നു… തീർത്തും വയ്യ… വാതിലിന്റെ വിജാഗിരി കുറുകിയപ്പോൾ കണ്ണുകൾ വാതിൽ തുറന്നു കടന്നു വരുന്ന അമ്മയിലേക്ക് നീണ്ടു..

കുഞ്ഞീ… വേദനയുണ്ടോ… ചൊറിയുന്നുണ്ടെങ്കിൽ ഈ ഇല കൊണ്ട് തടവിയാൽ മതീട്ടോ… നഖം കൊള്ളരുത്…. നഖം കൊണ്ട് പൊട്ടിയാൽ അവിടെല്ലാം കുഴിഞ്ഞു പോവും… എന്ന് പറഞ്ഞു കയ്യിലുള്ള ആര്യവേപ്പിന്റെ തണ്ടുകൾ അമ്മ എന്റെ അടുത്തു കട്ടിലിൽ വച്ചു..

ഗൗതമൻ വന്നിട്ടുണ്ട് കുഞ്ഞീ…. ഹരി വീട്ടിൽ എത്തിയതോണ്ട് മാമി ഗൗതമനെ ഇങ്ങോട്ട് പറഞ്ഞുവിട്ടു.. അവനോട് പറഞ്ഞു മരുന്ന് വാങ്ങിപ്പിക്കാം.. മരുന്ന് കഴിച്ചു പഥ്യം എടുത്താൽ ദീനം വേഗം മാറും…

മരുന്ന് വേണ്ട അമ്മാ…. പതിയെ മാറിയാൽ മതി… അതുവരെ എനിക്ക് ശ്വസിക്കാമല്ലോ ഭയക്കാതെ…. ജീവൻ നഷ്ടമായ വാക്കുകൾ അമ്മക്ക് മറുപടി നൽകി… മേല്മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണ് തുടച്ചു അമ്മ മുറി വിട്ടിറങ്ങി…

എത്രപെട്ടെന്നാണല്ലേ മനുഷ്യ മനസ്സ് മാറുന്നത്… ഓന്തിനെ പോലെ… ഒരു ജീവിതം മുഴുവനും ഓർക്കാനുള്ള സന്തോഷം ഒറ്റ ദിവസം കൊണ്ട് നൽകിയവനെ മറ്റൊരു ദിനം കൊണ്ട് മറക്കാൻ ആഗ്രഹിക്കുന്നു.. മറക്കാനാവില്ലെന്ന് അത്രമേൽ ഉറപ്പുണ്ടായിട്ടും മനസ്സ് വൃഥാ അതിനു തന്നെ പ്രേരിപ്പിക്കുന്നു.. ഇന്നിപ്പോൾ നീണ്ടു കിട്ടുന്ന നിമിഷങ്ങളുടെ ദൈർഘ്യമേറുന്നതിനായി സുഖപ്പെടാനാവാത്ത ദീനത്തെ സ്വീകരിക്കാൻ തയ്യാറാവുന്നു… ഒരേ സമയം മനസ്സിലും ശരീരത്തിലും നിറഞ്ഞു പൊന്തുന്ന വേദനയുടെ കുമിളകൾ….. പൊട്ടികഴിഞ്ഞാൽ മരണം വരെ ശേഷിപ്പുകൾ ബാക്കിയാക്കുന്നത്…..

ഒരു അത്ഭുതവും പ്രതീക്ഷിക്കാനില്ല… ശാപം കിട്ടിയ ചില ജന്മങ്ങൾ അങ്ങനെയാണ്… മനസ്സിലെ വേദനകൾ മറക്കാൻ ദേഹത്തു പൊന്തിയ കുരുക്കൾ എല്ലാം ഉരച്ചു കളഞ്ഞു ശരീരത്തെ വേദനിപ്പിക്കാനാണ് തോന്നുന്നത്

കട്ടിലിന്റെ തലക്കലേക്ക് ചാരിയിരുന്ന് തല ചുമരിൽ ചാരിവച്ചു.. കണ്ണുകൾക്ക് പോലും വല്ലാത്ത ഭാരവും ക്ഷീണവും.. കണ്ണടച്ചപ്പോൾ കുസൃതി നിറഞ്ഞ നോട്ടമാണ് ഓടിയെത്തിയത്… അരുതാത്തതെന്തോ ചെയ്യുന്നത് പോലെ കണ്ണുകൾ വലിച്ചു തുറന്നു… അരുത്…. അതെന്റേതല്ല…. എനിക്ക് അർഹമായതല്ല… സ്വപ്നത്തിൽപോലും കടന്നു വരരുത്… മനസ്സിൽ ചിതയൊരുക്കി കത്തിച്ചു ഭസ്മമാക്കണം ആഗ്രഹങ്ങളും പ്രതീക്ഷകളും…എന്നാൽ ഒരേ സമയം മനസിന്റെ തുലാസിൽ രണ്ടു ദിശയിൽ .. മറന്നേ പറ്റൂ എന്നും മറക്കുവാനാവുമോ എന്നുമുള്ള ചോദ്യങ്ങളെ നിരത്തി വച്ചു… രണ്ട് തട്ടുകളും പരസ്പരം തോൽക്കാതിരിക്കാൻ മത്സരിച്ചു..

കഞ്ഞിയുമായി അമ്മ വന്നപ്പോഴാണ് മനസ്സിന്റെ പിടിവലികൾ നിർത്തി സുബോധത്തിലേക്ക് വന്നത്…

കുഞ്ഞീ ഉപ്പിടാത്ത കഞ്ഞിയാണ്… ദീനം മാറും വരെ ഉപ്പും മുളകും പുളിയും ഒന്നും പാടില്ല.. കുടിക്കാൻ മല്ലിയിട്ട് തിളപ്പിച്ച വെള്ളമുണ്ട്… വേവുന്നുണ്ടെങ്കിൽ ദേഹം തുടക്കാൻ ചെറുചൂടുവെള്ളം കൊണ്ടുവരാം… കഞ്ഞി കിണ്ണത്തിലേക്ക് പകർന്നു പ്ലാവില കൈയിൽ വച്ചു എനിക്ക് നേരെ നീട്ടി അമ്മ പറഞ്ഞു.. ഞാൻ കിണ്ണം വാങ്ങി മേശമേൽ വച്ചു.. മല്ലിയിട്ട വെള്ളം വായിലേക്ക് ഒഴിച്ചു.. വെള്ളത്തിനു ചെറിയ ചൂടുണ്ടായിരുന്നത് നാവിൽ പൊന്തിയ കുരുക്കളിൽ തട്ടി പൊള്ളിയപ്പോഴാണ് അറിഞ്ഞത്… തീവിഴുങ്ങിയ പോലെ തോന്നി.. കടന്നു പോകുന്ന വഴി അറിയിച്ചുകൊണ്ട് വെള്ളം തൊണ്ടയിലൂടെ ഇറങ്ങിപോയി അപ്പോഴേക്കും കണ്ണുകൾ നിറഞ്ഞുകവിഞ്ഞിരുന്നു…

ഓട്ടുമൊന്ത മേശയിലേക്ക് വച്ചു ഞാൻ വേദന കടിച്ചിറക്കി… താഴെ നിന്നും അച്ഛന്റെ വിളി കേട്ടു അമ്മ ധൃതിയിൽ ഇറങ്ങിപ്പോയി… പോകുംവഴി കഞ്ഞി മുഴുവൻ കുടിക്കണേ കുഞ്ഞീ എന്ന് പറയാനും മറന്നില്ല…

നാവിൽ അസഹ്യമായ വേദനയായതിനാൽ കഞ്ഞിയിലേക്ക് നോക്കാൻ പോലും ഭയന്നു.. ആറിത്തണുത്ത കഞ്ഞിക്കു ചുറ്റും പറന്നുനടക്കുന്ന മണിയനീച്ചയിലേക്ക് ശ്രദ്ധ പതിപ്പിച്ചിരിക്കവേ അയാൾ വാതിലിനരികിലേക്ക് വന്നു മാമിക്കൊപ്പം…

ദീനം മാറിയാലുടൻ ഹരിയും നീയും തമ്മിലുള്ള വിവാഹമാണ്.. ഞാനും ഉണ്ണിയും കൂടി അതങ്ങു തീരുമാനിച്ചു..

പുതുമയില്ലാത്ത പ്രതീക്ഷിച്ച വർത്തയായിട്ട് കൂടി എന്നിൽ ഒരു ഞെട്ടലുണ്ടായി…

ചൊറിഞ്ഞു കുരുക്കൾ ഒന്നും അടർത്താൻ നോക്കണ്ടാ.. ഹരിക്കൊപ്പം ആവില്ലെങ്കിലും ആളുകൾ കാണുമ്പോൾ ദോഷം പറയുന്നപോലെ ആവരുതല്ലോ… അത്രയും പറഞ്ഞു മാമി തിരിഞ്ഞു നടന്നു…

പകരുമെന്നതിനാൽ തന്നെ ഈ സമയം അയാൾ അരികിൽ വരുമെന്ന ഭയം എനിക്കില്ലായിരുന്നു… പക്ഷെ എന്റെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് അയാൾ മുറിയിലേക്ക് കയറിവന്നു..

നീയെന്താ ഭക്ഷണം കഴിച്ചില്ലേ.. തുറന്നിരിക്കുന്ന തണുത്ത കഞ്ഞി നോക്കി അയാൾ ചോദിച്ചു…

ഞാൻ ഒന്നും മിണ്ടിയില്ല… എന്ത് പറയാനാണ്… ഭക്ഷണം കഴിച്ചിട്ടെന്തിനെന്നോ… ! ബലി നൽകാൻ പോവുന്ന ആട്ടിൻ കുട്ടിയോട് ക്ഷേമം അന്വേഷിക്കുന്നത് പോലെ തീർത്തും നിരർത്ഥകമായ ചോദ്യം…

ഗായത്രീ…. എന്റെ മൗനം കണ്ടിട്ടാവണം ഇത്തവണ ശബ്ദം കടുപ്പിച്ചാണ് വിളിച്ചത്…. നിന്നോട് ചോദിച്ചത് കേട്ടില്ലേ… നീയെന്താ ഭക്ഷണം കഴിക്കാതിരുന്നത്…

വിശപ്പില്ല… അതെന്താ നിനക്ക് വിശപ്പ് ഇല്ലാത്തത്..

ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി നിന്നപ്പോൾ കയ്യിൽ ബലം പിടിച്ചു വലിച്ചു അയാൾക്ക് നേരെ നിർത്തി.. കയ്യിലെ കുരുക്കളിൽ അയാളുടെ പരുക്കൻ കൈത്തലം അമര്ന്നപ്പോള് ജീവൻ പറിഞ്ഞു പോകുന്നത് പോലെ തോന്നി.. കിണ്ണം മുന്നിലേക്ക് നീട്ടി അയാൾ കണ്ണുകൊണ്ട് കഴിക്കുവാൻ ആംഗ്യം കാണിച്ചു…ഭയത്തേക്കാൾ വലിയൊരു വികാരം വേറേയില്ലല്ലോ… വേദന കടിച്ചു പിടിച്ചു ഞാൻ കിണ്ണം കയ്യിൽ വാങ്ങി ഒരിറക്ക് കഞ്ഞി വായിലേക്കൊഴിച്ചു… തണുത്തത് കൊണ്ടാകണം നാവിൽ വേദന തോന്നിയില്ല… എങ്കിലും അയാളെ അനുസരിക്കേണ്ടി വന്നതിന്റെ വേദന കൊണ്ടാവണം കണ്ണുകൾ പെയ്തു കൊണ്ടേയിരുന്നു..

ഉപ്പിട്ടതൊന്നും കഴിക്കരുത്… വേഗം അസുഖം മാറിയിട്ട് വേണം……… അയാൾ ദ്വയാര്ഥതം നിറഞ്ഞ ചിരിയോടെ പറഞ്ഞു കൊണ്ട് കിണ്ണത്തിലേക്ക് ഇറ്റു വീഴാൻ നിന്ന കണ്ണുനീർ കൈകൊണ്ട് തുടച്ചു മാറ്റി… അയാളുടെ വിരലുകൾ പതിഞ്ഞിടമെല്ലാം എനിക്ക് പുഴുക്കൾ അരിക്കുന്നത് പോലെയാണ് തോന്നിയത്.. വാശിയിൽ കിണ്ണം തട്ടി മാറ്റവെ അയാൾ കവിളിൽ കുത്തിപ്പിടിച്ചു പ്ലാവില കൈയിലിൽ കഞ്ഞി കോരി എന്റെ വായിലേക്കൊഴിച്ചു.. ഒരിറക്ക് കഞ്ഞി താഴേക്ക് പോയതും ഞാൻ ആവുന്ന ശക്തിയിൽ പുറത്തേക്ക് തുപ്പി… അയാളുടെ കൈകളിലും ഷർട്ടിലും എല്ലാം കഞ്ഞി വീണു.. ഒരു ആവേശത്തിലും ദേഷ്യത്തിലും ചെയ്ത പ്രവൃത്തിയിൽ ഞാൻ ഭയന്ന് അയാളുടെ മുഖത്തേക്ക് നോക്കി… കണ്ണുകൾ ചുമന്നിരിക്കുന്നു…

അന്ന് കണ്ടവിധം…. അയാളുടെ ഭ്രാന്തൻ സ്വഭാവം പുറത്തു വരുമ്പോൾ ഇങ്ങനെയാണ്… കണ്ണുകൾ ചുവന്നിരിക്കും..

അത് ഓർമ വന്നപ്പോൾ ഭയം അധികരിച്ചു… അയാൾ എന്റെ അടുക്കലേക്ക് നീങ്ങി.. ഞാൻ വിറച്ചു കൊണ്ട് പുറകിലേക്ക് നീങ്ങാൻ ശ്രമിച്ചു.. പക്ഷെ കഴിഞ്ഞില്ല… ഭയം കൊണ്ട് കണ്ണുകൾ ഇറുക്കി അടച്ചു മുഖം കുനിച്ചു നിന്നു.. അനക്കം ഒന്നും കേൾക്കാതായപ്പോൾ കണ്ണ് തുറന്നു.. മുമ്പിൽ അയാൾ ഇല്ല.. ശ്വാസം നേരെ വിട്ട് തിരിഞ്ഞപ്പോൾ മേശമേൽ എന്നെയും നോക്കി അയാൾ ഇരിക്കുന്നു..

പോയ ഭയം തിരികെ വന്നു..

ഞാൻ പോയെന്ന് കരുതിയോ… ഞാൻ പറയുന്നത് അങ്ങനെ തന്നെ നീ അനുസരിക്കും എന്നൊന്നും ഞാൻ കരുതിയില്ല… പക്ഷെ നിന്റെ കഴുത്തിൽ എന്റെ താലി വീണാൽ…. അപ്പോൾ മുതൽ ഞാൻ എന്ത്‌ പറയുന്നോ അത് നീ അനുസരിച്ചേ പറ്റൂ.. ഇതും കൂടി രണ്ടു തവണ ഞാൻ ക്ഷമിക്കുകയാണ്…. മൂന്നാമതൊരു അവസരം നിനക്ക് ഞാൻ നൽകില്ല ഗായത്രീ..

പിന്നെ അമ്മ പറഞ്ഞത് പോലെ ചൊറിഞ്ഞു കുരുക്കൾ പൊട്ടിച്ചു സൗന്ദര്യം കളഞ്ഞാളും എനിക്ക് കുഴപ്പമില്ല… എന്നിൽ നിന്ന് നിനക്ക് മോചനം ഇല്ല ഗായത്രീ… നീ എങ്ങനെ ആയിരുന്നാലും എന്റെ മാത്രമാണ്… എന്ന് കരുതി നീ എന്നെയോ അമ്മയെയോ ധിക്കരിക്കാനൊന്നും നിൽക്കണ്ട…. എനിക്ക് ദേഷ്യം വന്നാൽ അത് സഹിക്കാനും മാത്രം ശക്തി നിനക്ക് ഉണ്ടാവില്ല…

മേശമേൽ നിന്നും എഴുന്നേറ്റ് മുണ്ട് മടക്കി കുത്തി മീശയുടെ തുമ്പു പിരിച്ചു അയാൾ എന്നെ നോക്കി പുറത്തേക്ക് നടന്നു.. വാതിൽ കടക്കാൻ നേരം തിരിഞ്ഞു എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു..

ഇപ്പോൾ ഞാൻ പോകുന്നു… വേഗം അസുഖം മാറി വാ.. ശ്രീഹരിയുടെ ഭാര്യയായി മംഗലത്തു തറവാട്ടിലേക്ക്…

തുടരും….

Related Posts

Leave a Reply

Your email address will not be published. Required fields are marked *