കാലം കാത്തുവച്ചത് ~ ഭാഗം 17, എഴുത്ത്: ശ്രുതി മോഹൻ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

ദിനങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു… എന്റെയും ഹരിയേട്ടന്റെയും പ്രണയം വിരഹത്തിലും കാത്തിരിപ്പിലും വീണു കിട്ടുന്ന കുറച്ചു സമയങ്ങളിലും പൂത്തു തളിർത്തു കൊണ്ടിരുന്നു.. ഓരോ അവധി ദിവസങ്ങളിലും മാത്രമായി ജീവിതം ഒതുങ്ങി… ദിവസങ്ങൾ കലണ്ടറിലെ താളുകൾ മറിയും പോലെ കടന്നു പൊയ്ക്കൊണ്ടിരുന്നു…

മാമിയെ സഹായിച്ചും, ഈ അടുത്തായി ടെറസിൽ പുതുതായി വാങ്ങി വച്ച മൺചട്ടികളിൽ പൂച്ചെടികൾ നട്ടു വളർത്തിയും ഗസലുകൾ കെട്ടും ജീവിതത്തിൽ സന്തോഷം മാത്രം നിറഞ്ഞ ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു.. രാത്രികളിൽ ഹരിയേട്ടൻ മടങ്ങി പോവുമ്പോൾ അഴിച്ചിട്ടു പോവുന്ന വിയർപ്പിന്റെ ഗന്ധമുള്ള ഷർട്ടിനെ ചുറ്റി പിടിച്ചു ഹരിയേട്ടന്റെ കരുതലിൽ കിടന്നു… ആ ഗന്ധത്തിനു പോലും എന്നെ സന്തോഷിപ്പിക്കുവാൻ, ഉന്മത്തയാക്കുവാൻ സുരക്ഷിതത്വം തോന്നിപ്പിക്കുവാൻ കഴിഞ്ഞിരുന്നു…

ഞങ്ങളുടെ സ്നേഹത്തിൽ പങ്കുകൊള്ളാൻ പുതിയൊരു അഥിതി വരുന്നത് മാമി പ്രതീക്ഷിച്ചു തുടങ്ങി.. അത് പതിയെ എന്നിലേക്കും പകർന്നു… ഓരോ മാസവും ആ അതിഥിയെ കാത്തിരിക്കാനും വരാതാവുമ്പോൾ കണ്ണ് നിറക്കാനും തുടങ്ങി…

ഉള്ളിലെ വിഷമം അപകർഷതാ ബോധം ആയി വളർന്നു തുടങ്ങിയിരുന്നു.. ഒരിക്കൽ ജോലി തിരക്ക് മൂലം ഹരിയേട്ടന് അവധി ലഭിക്കാതെ വീട്ടിൽ വരാതിരുന്നപ്പോൾ എനിക്കുള്ളിലെ അപകർഷതാ ബോധം വിഷം വിതയ്ക്കാൻ തുടങ്ങി. എന്നോടുള്ള സ്നേഹ കുറവ് മൂലമാണോ ഹരിയേട്ടൻ വരാതിരുന്നത് എന്ന ചിന്ത മനസ്സിലേക്ക് ഇരച്ചു കയറി.. ചെയ്യുന്ന പ്രവൃത്തികളിൽ മനസ്സുറക്കാതെ ആയപ്പോൾ എന്റെ മാറ്റം കണ്ടു മാമി ഭയന്നു…

ഹരിയേട്ടനെ ഫോൺ ചെയ്തു വിവരങ്ങൾ അറിയിക്കുമ്പോഴും മാമി ഭയത്തിലായിരുന്നു.. ഞാൻ മാത്രം ഒന്നും അറിയാതെ മനസ്സ് കൈവിട്ട കണക്കെ നടന്നു..

അശ്രദ്ധമായ പ്രവൃത്തികളിൽ നിലവിളക്കിന്റെ തിരിയിൽ നിന്നും ദാവണി തുമ്പിലേക്ക് തീ പടർന്നതറിയാതെ പൂമുഖത്തു നിൽക്കുമ്പോഴാണ് ഹരിയേട്ടൻ വീട്ടിലേക്ക് വന്നു കയറുന്നത്…. മാമി അറിയിച്ച വിവരങ്ങൾ അറിഞ്ഞു പരിഭ്രാന്തിയോടെ ഓടി വന്ന ഹരിയേട്ടൻ കണ്ട കാഴ്ച ദാവണി തുമ്പിൽ പടർന്ന തീയുമായി സുബോധം നഷ്ടമായവളെ പോലെ നിൽക്കുന്ന എന്നെയാണ്…

ഓടി വന്നു ദാവണി ദേഹത്തു നിന്ന് വലിച്ചു മാറ്റി പുറത്തേക്കെറിഞ്ഞു… എന്നെ ചേർത്ത് പിടിച്ചു…blആ കൈകളുടെ സ്പർശം എനിക്ക് ബോധത്തിലേക്കുള്ള വഴിയായിരുന്നു.. മാമിയുടെ കരച്ചിലും എന്റെ പെരുമാറ്റവും ഓക്കെ കണ്ടിട്ടാവണം ഹരിയേട്ടൻ എന്നെ ഒരു ഡോക്ടറേ കാണിക്കാം എന്ന് തീരുമാനിച്ചു…

ഒന്നുറങ്ങി എണീറ്റപ്പോൾ ഹരിയേട്ടന്റെ പ്രഭാവത്തിൽ ഞാൻ മറ്റെല്ലാം മറന്നു പഴയ ഗായത്രി ആയി…. മുഖം മറന്ന ചിരി തിരികെ വന്നു.. വാക്കുകൾ വറ്റി വരണ്ട ചുണ്ടുകളിൽ ഉന്മാദത്തിന്റെ നനുത്ത പൂക്കൾ വിരിഞ്ഞു…

എങ്കിലും മാമിയുടെ ഭയം വിട്ടൊഴിഞ്ഞിരുന്നില്ല.. മാമി നേർന്ന നേർച്ചകൾ നടത്താത്തത് കൊണ്ടാണെന്നു പറഞ്ഞു ഹരിയേട്ടന് ചെവി തല കൊടുക്കാതെ വന്നപ്പോൾ ഉള്ളിൽ കിടക്കുന്ന നിരീശ്വരവാദിയെ കുഴിച്ചു മൂടി ഹരിയേട്ടൻ സമ്മതിച്ചു…

മാമിയുടെ മുഖം തെളിഞ്ഞു… കുറച്ചു ദിവസത്തെ ലീവ് പറഞ്ഞു ഞാനും ഹരിയേട്ടനും മാമിയുടെ വഴിപാടുകൾ തീർക്കാൻ യാത്രയായി..

ട്രെയിനിൽ ഹരിയേട്ടനൊപ്പം തിരുവനന്തപുരത്തേക്ക് പോകുമ്പോൾ ആദ്യമായി ഹരിയേട്ടനൊപ്പം യാത്ര ചെയുന്നതിന്റെ ഹരം ആയിരുന്നു മനസ്സ് നിറയെ മറ്റെല്ലാ ദുഖങ്ങളും മനസ്സിൽ നിന്നും അകന്നു പോയിരുന്നു..

പുലർച്ചെ പുറപ്പെട്ട ട്രെയിൻ കോട്ടയം എത്തായപ്പോഴേക്കും വെളിച്ചം വീണു തുടങ്ങിയിരുന്നു.. നിർത്തിയിട്ട ഏതോ സ്റ്റേഷനിൽ നിന്നും പേപ്പർ ഗ്ലാസിൽ ചൂടുള്ള കാപ്പി ഹരിയേട്ടൻ വാങ്ങി തന്നു… തുറന്നു കിടക്കുന്ന ജനലിലൂടെ തണുത്ത കാറ്റ് ദേഹത്തേക്ക് പടർന്നപ്പോൾ ഞാൻ ചൂളി ഹരിയേട്ടനിലേക്ക് ചേർന്നിരുന്നു… പിന്നീടങ്ങോട്ട് ആമ്പൽ പൂക്കൾ പൂത്തു നിൽക്കുന്ന കുറെയേറെ പാടങ്ങൾ കണ്ടു..

ആദ്യമായി കാണുന്ന കാഴ്ചകളിൽ മയങ്ങി ഞാൻ കൊച്ചു കുട്ടിയെ പോലെ നോക്കിയിരുന്നു. മാമി തന്നു വിട്ട ദോശ ഇടയ്ക്ക് എടുത്തു കഴിച്ചു… തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ നേരം ഉച്ചയോടു അടുത്തിരുന്നു.. ആദ്യം ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ പോവണം എന്നാണ് തീരുമാനിച്ചിട്ടുള്ളത്.. സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതി ക്ഷേത്രം..

സ്റ്റേഷനു പുറത്ത് ഓട്ടോ സ്റ്റാൻഡിൽ നിന്നും ഓട്ടോയിൽ കയറി പഴയ പ്രെസ്സ് റോഡിലുള്ള വെങ്കിടേശ്വര ഹോട്ടലിലേക്ക് പോയി…ആദ്യമായി ഇത്രയും ദൂരേക്ക് വന്ന സന്തോഷത്തിൽ ഞാൻ പുറത്തേക്ക് നോക്കിയിരുന്നു…

നാലാമത്തെ ഫ്ലോറിൽ ആദ്യത്തെ മുറി… റൂമിൽ അകത്തേക്ക് കയറിയാൽ ഒരു വശത്തു കിങ് സൈസ് കിടക്കയുണ്ട്… തൂവെള്ള നിറത്തിലുള്ള വിരിപ്പും ബ്ലാങ്കേറ്റും വൃത്തിയായി വിരിച്ചിട്ടുണ്ട്.. ഹരിയേട്ടൻ ഫോണിൽ റൂം സർവീസ് നമ്പറിൽ വിളിച്ചു ഭക്ഷണം പറഞ്ഞു… ഞാൻ വെളുത്ത നിറത്തിൽ ഫ്ലോറിൽ മുട്ടി കിടക്കുന്ന കർട്ടനുകൾ വകഞ്ഞു മാറ്റി താഴെ റോഡിലേക്ക് നോക്കി…. വലതു വശത്തു റോഡും ഇടതു വശത്തു കുറച്ചു മാറി ചുറ്റുമതിൽ ഉള്ള ഗ്രൗണ്ടും… അതിനു അപ്പുറത് ആയിരിക്കുമോ ക്ഷേത്രം.. ഹരിയേട്ടന്റെ കൈ തോളിൽ പതിഞ്ഞപ്പോഴാണ് ചിന്തയിൽ നിന്ന് പുറത്തു വന്നത്..

പോയി സാരി മാറി വാ… ഭക്ഷണം കഴിക്കാം… ഒരു ചിരിയോടെ ഹരിയേട്ടൻ പറഞ്ഞത് കേട്ടു തലയാട്ടി ഞാൻ ബാത്റൂമിലേക്ക് നടന്നു… ഭക്ഷണം കഴിച്ചു വന്ന് കുറച്ചു നേരം കിടന്നു.. ഹരിയേട്ടന്റെ വിരലുകൾ എന്റെ മുടിക്കുള്ളിലൂടെ എന്തോ തിരയുമ്പോൾ ഞാൻ ആ ഹൃദയ താളം കേട്ട് മയക്കത്തിലേക്ക് വീണു….

നേരം സന്ധ്യ ആയി തുടങ്ങിയിരുന്നു ഹരിയേട്ടൻ തട്ടി വിളിച്ചപ്പോൾ.. വേഗം കുളിച്ചു ഒരു സെറ്റും മുണ്ടും ഉടുത്തു… റോഡിൽ നിന്നും ഓരോ ഓട്ടോയിൽ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു.. പോകുന്ന വഴിയിൽ കണ്ട കുഞ്ഞു ക്ഷേത്രങ്ങൾ കേരള ശൈലിയിൽ നിന്നും വ്യത്യസ്തമായിരുന്നു.. തമിഴ്നാട്ടിൽ കാണുന്ന ക്ഷേത്രങ്ങൾ ഇത്തരത്തിൽ ഉള്ളവയാണെന്ന് ഹരിയേട്ടൻ പറഞ്ഞുതന്നു.. ക്ഷേത്രത്തിനു മുന്നിൽ ഓട്ടോ നിർത്തി ഇറങ്ങി… ക്ഷേത്രത്തിനു മുന്നിലുള്ള കടകൾക്ക് അരികിൽ നിന്ന പൂക്കാരിയിൽ നിന്ന് മുല്ല പൂ വാങ്ങി ഹരിയേട്ടൻ മുടിയിൽ ചൂടി തന്നു… ദേവിയെ കൺനിറയെ കണ്ടു തൊഴുതു…മനസ്സിലെ ആഗ്രഹങ്ങളും വേദനകളും പങ്കുവച്ചു.. നാരങ്ങ വിളക്ക് കത്തിച്ചു…

അടുത്ത വരവിൽ കൂടെ ഒരു കുഞ്ഞു ശ്രീഹരിയോ ഗായത്രിയോ ഉണ്ടാവാൻ അനുഗ്രഹിക്കണമെന്ന് മനസ്സുരുകി പ്രാർത്ഥിച്ചു.. അടുത്ത് നിന്ന് കണ്ണടച്ച് പ്രാർത്ഥിക്കുന്ന ഹരിയേട്ടന്റെ ഉള്ളിലും എന്റെ മനസ്സിലെ ആഗ്രഹങ്ങൾ ഉണ്ടായിരുന്നു… ക്ഷേത്രത്തിൽ നിന്ന് തിരികെ ഇറങ്ങിയപ്പോൾ ഓട്ടോ റിക്ഷ ഒന്നും കണ്ടില്ല.. എന്റെ കയ്യിൽ കൈ കോർത്തു മെയിൻ റോഡിലേക്ക് ഹരിയേട്ടൻ നടന്നു.

പോകും വഴി എന്നോട് ഹരിയേട്ടൻ ക്ഷേത്രത്തിന്റെ പ്രത്യേകതകൾ പറഞ്ഞു തന്നു… ദേവിക്ക് പൊങ്കാല ഇടുന്ന ദിവസം ക്ഷേത്രം മുതൽ റോഡിനു ഇരു വശവും സ്ത്രീകൾ വരിയായി ഇരുന്ന് അടുപ്പ് വച്ചു കലത്തിൽ പൊങ്കാല തയ്യാറാക്കും…. ആ വരി ചിലപ്പോൾ മെയിൻ റോഡും കടന്നു പോകുന്ന അത്രയും നീളത്തിൽ ആവാറുണ്ടെന്നുമെല്ലാം പറഞ്ഞു…

തിരികെ റൂമിൽ എത്തുമ്പോൾ ഞാൻ പഴയ ഗായത്രിയിലേക്ക് മാറിയിരുന്നു… ഹരിയേട്ടനോടുള്ള പ്രണയത്തിൽ മറ്റെല്ലാം മറക്കുന്ന ഹരിയേട്ടന്റെ മാത്രം ഗായത്രി… നിശ്വാസങ്ങളിൽ സംസാരിച്ചു കൊണ്ട് ഞങ്ങൾ ഉറക്കത്തിലേക്ക് വീണു..

രാവിലെ റൂം വെക്കേറ്റ് ചെയ്തു റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു… ഇനി യാത്ര കന്യാകുമാരിയിലേക്ക്…. ട്രെയിനിൽ തിരക്കേറി വന്നു.. പ്രായമായ ഒരു സ്ത്രീ കയറി എന്റെ അരികിൽ വന്നപ്പോൾ ഞാൻ മെല്ലെ എഴുന്നേറ്റ് നിന്നു.. തിരക്ക് കൂടുതൽ ഉണ്ടായിരുന്നു.. ഞാൻ നില്കാൻ ബുദ്ധിമുട്ടുന്നത് കണ്ടിട്ടാവണം ഹരിയേട്ടൻ എന്റെ കയ്യിൽ പിടിച്ചു വലിച്ചു മടിയിലേക്ക് ഇരുത്തി… എന്റെ മുഖം ലജ്ജയിൽ വിളറിപ്പോയി… ഞാൻ പിടഞ്ഞു എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ ഹരിയേട്ടൻ ബലമായി പിടിച്ചിരുത്തി… അടുത്തിരുന്ന അമ്മൂമ്മ മൂക്കിൽ വിരൽ വച്ചു നാണിച്ചു കാണിച്ചു… ഞാൻ മുഖം തിരിച്ചു ഹരിയേട്ടനെ നോക്കി കണ്ണുരുട്ടി…

എന്തെ ഗായത്രി ദേവീ…. അടങ്ങി ഇരുന്നില്ലേൽ ആ അമ്മൂമ്മക്ക്‌ നന്നായി ചിരിക്കാനുള്ള ഒരു അവസരം ഉണ്ടാക്കും ഞാൻ… വേണോ.. മീശയുടെ തുമ്പിൽ തടവി കള്ളചിരിയോടെ ഹരിയേട്ടൻ എന്റെ കാതോട് മുഖം ചേർത്ത് പറഞ്ഞു… ആ കയ്യിൽ അമർത്തി ഒരു നുള്ള് കൊടുത്തു ഞാൻ തിരിഞ്ഞിരുന്നു…തിരക്കേറിവരും തോറും എന്റെ മേലുള്ള ഹരിയേട്ടന്റെ പിടുത്തവും മുറുകുന്നുണ്ടായിരുന്നു… വല്ലാത്തൊരു സുരക്ഷിതത്വമാണ് എനിക്കപ്പോൾ തോന്നിയത്… അടക്കാനാവാത്ത പ്രണയവും..

ഏതാനും മണിക്കൂറുകൾ കഴിഞ്ഞു കന്യാകുമാരി സ്റ്റേഷനിൽ ട്രെയിൻ എത്തി.. ട്രെയിൻ ഇറങ്ങി നേരെ കാണുന്ന വഴിയിലൂടെ എന്റെ കയ്യും പിടിച്ചു ഹരിയേട്ടൻ നടന്നു.. കുറച്ചു ദൂരം മുന്നിട്ടപ്പോൾ സമുദ്ര എന്ന ഒരു ഹോട്ടൽ കണ്ടു… അവിടെ ഹരിയേട്ടൻ റൂം ബുക്ക്‌ ചെയ്തിരുന്നു… ബാഗ് റൂമിലെ ഷെൽഫിൽ വച്ചു ഞാൻ നേരെ ബെഡിലേക്ക് വീണു… ഹരിയേട്ടൻ കുത്തി എഴുന്നേൽപ്പിച്ചു പുറത്തേക്ക് ഭക്ഷണം കഴിക്കാനായി കൊണ്ടുപോയി. ഉച്ച ഭക്ഷണം കഴിഞ്ഞു റൂമിൽ വെയിലാറും വരെ വിശ്രമിച്ചു…

പിന്നെ കുളിച്ചു വസ്ത്രം മാറി റൂം ലോക് ചെയ്ത് പുറത്തേക്ക് നടന്നു.. കുറച്ചു മുമ്പിലേക്ക് നടന്നപ്പോൾ തന്നെ കടൽ കാണാൻ തുടങ്ങി… കടൽ ആണോ ആകാശം ആണോ എന്ന് തിരിച്ചറിയാനാവാതെ ഞാൻ കുഴങ്ങി… കൊച്ചു കുട്ടിയെ പോലെ ഹരിയേട്ടന്റെ കൈ വിരലിൽ തൂങ്ങി ഞാൻ ആകാശം ആണ് എന്ന് തറപ്പിച്ചു പറഞ്ഞപ്പോൾ ഹരിയേട്ടൻ ഒരു കുഞ്ഞു പുഞ്ചിരിയോടെ എന്നെ തോളിലൂടെ ചേർത്ത് പിടിച്ചു നടന്നു..

ഒടുവിൽ വഴിയുടെ അറ്റത്തു എത്തിയപ്പോൾ വലത് വശത്തായി കന്യാകുമാരി ക്ഷേത്രം കണ്ടു…ഉള്ളിൽ കയറി തൊഴുതു.. അവിടെ നിന്നും വാങ്ങിയ കടും ചുവപ്പ് നിറമുള്ള സിന്ദൂരം ഹരിയേട്ടൻ ഒരു കയ്യിൽ മുറുകെ പിടിച്ചു… മറു കയ്യിൽ എന്റെ കയ്യും കോർത്തു പുറത്തേക്ക് ഇറങ്ങി… മുമ്പിൽ കൽമതിലിനു താഴെ കടലാണ്…. അനന്തമായ ത്രിവേണി സംഗമം…. കടലിന്റെ മടിയിൽ ഒളിക്കാൻ പകലിന്റെ ചമയങ്ങൾ അഴിച്ചുവേച്ചു സൂര്യൻ ഇറങ്ങി വരുന്നുണ്ടായിരുന്നു

ഒരുപാട് യുവമിഥുനങ്ങൾ അവക്ക് സാക്ഷിയായി കൈകോർത്തും തോളുരുമ്മിയും നിൽക്കുന്നുണ്ടായിരുന്നു.. ഒരറ്റത്ത് ചുവന്ന നിറം വാനിൽ പടർത്തി മറയാനൊരുങ്ങവേ, മറ്റൊരു സൂര്യൻ വിരൽ തുമ്പിനാൽ എന്റെ നെറുകിൽ കടും ചുവപ്പ് നിറമുള്ള സിന്ദൂരം പടർത്തിയിരുന്നു.. നിറഞ്ഞ കണ്ണുകളാൽ ഞാൻ നോക്കവേ അസ്തമയ സൂര്യനെ സാക്ഷിയാക്കി ഹരിയേട്ടൻ എന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു…. ഒരു വാഗ്ദാനം പോലെ….

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *