കുറെ കഥകൾ പറയും എന്നല്ലാതെ അയാളെ കൊണ്ട് ആർക്കും ശല്യമില്ല. ഒരു പക്ഷേ സ്വന്തം…..

ശവശരീരം

Story written by Suja Anup

“ഈശ്വരാ, ആ പൊങ്ങച്ചക്കാരൻ വരുന്നുണ്ട്. എന്നാ വിടലാണ് അയാൾ. ഇന്നിനി ഇപ്പോൾ എന്തിനെ പറ്റിയാണോ പൊങ്ങച്ചം പറയുവാൻ പോകുന്നത്…”

“എനിക്ക് വേറെ പണിയുണ്ട്. ഞാൻ പോണു..” കടയിൽ ആരുമില്ല.

എന്നെ ഒറ്റയ്ക്കാക്കി കണാരൻ ജീവനും കൊണ്ടോടി..

ഒരു ചായ കുടിക്കും. ആ ചായയും കൈയ്യിൽ പിടിച്ചു ഒരു നൂറു പൊങ്ങച്ചം പറയും. അതാണയാളുടെ സ്ഥിരം കലാപരിപാടി. സഹിക്കുക തന്നെ. വേറെ എന്ത് ചെയ്യാൻ..

“പൗലോസേ ഒരു ചായ എടുത്തോട്ടൊ…”

“ശരി ചേട്ടാ…”

ചായ കൈയ്യിൽ കിട്ടിയതും കഥ പറച്ചിൽ തുടങ്ങി..

“അന്ന് ഞാൻ ഗൾഫീന്നു വരുമ്പോൾ, നീ ഓർക്കണം. പൈലറ്റിന് ഒന്ന് മുള്ളാൻ പോണം…”

“ബാക്കി എനിക്കറിയാം, ഒരു പത്തു വർഷമായിട്ടു കേൾക്കുന്നതല്ലേ..” പുള്ളി നിർത്തുന്ന ലക്ഷണമില്ല.

“പെട്ടെന്ന് അയാൾ നോക്കുമ്പോൾ എന്നെ കണ്ടു. പിന്നെ ഒന്നും നോക്കിയില്ല. എന്നെ പിടിച്ചു ആ സീറ്റിൽ ഇരുത്തി. ഇപ്പോൾ വരാ എന്നും പറഞ്ഞിട്ട് ഒറ്റ പോക്ക് പോയതാണ്. പിന്നെ ആളെ കാണുന്നത് എപ്പോഴാണ്. എയർപോർട്ട് എത്തിയപ്പോൾ. ഒരു കണക്കിനാണ് അന്ന് ഞാൻ അത് ഓടിച്ചത്. അങ്ങനെ പ്ളേനും ഓടിച്ചു…”

ഇടയ്ക്കിടയ്ക്ക് ഞാൻ മൂളിക്കൊണ്ടിരുന്നൂ.

വയസ്സ് എത്ര കാണുമോ എന്തോ..?.

ഒന്ന് മാത്രം അറിയാം നമ്മുടെ നാട്ടിൽ നിന്ന് ആദ്യമായി പുള്ളിക്കാരൻ ആണ് പ്ളേനിൽ കയറുന്നതു. പിന്നെ ഞാൻ ഒന്നും പറയാറില്ല. വയസ്സായതല്ലേ. എല്ലാം അങ്ങു കേട്ടിരിക്കും.

പെട്ടെന്നാണ് ഞാൻ ഓർത്തത്..

“അല്ല ചേട്ടാ, നാളെ ഇളയ മകൻ്റെ വീടിൻ്റെ പാല് കാച്ചൽ അല്ലെ. എന്നിട്ടും ചേട്ടൻ ഇവിടെ ഇരിക്കുവാണോ..?”

പെട്ടെന്ന് ചേട്ടൻ്റെ മുഖം വാടി. ഒന്നും പറയാതെ എഴുന്നേറ്റു പോയി.

ഞാൻ ആ ചോദ്യം ചോദിക്കുന്നതും കേട്ട് കൊണ്ടാണ് പോൾ അങ്ങോട്ടു വന്നത്.

“നീ എന്തിനാണ് അയാളെ വിഷമിപ്പിക്കുന്നത്. മക്കളിൽ അയാൾ ഏറ്റവും കൂടുതൽ സ്നേഹിച്ചത് ഇളയവനെ ആയിരുന്നല്ലോ. മൂത്ത മക്കൾ രണ്ടും വീട് വെച്ച് മാറിയപ്പോഴും അയാൾ തറവാട്ടിൽ തന്നെ കൂടി. അവർ അയാളെ കൂടെ കൂട്ടിയില്ല.

ഇളയവൻ ഇപ്പോൾ വീട് വച്ചു. അവൻ കൊണ്ടുപോകുമെന്ന് അയാൾ പ്രതീക്ഷിച്ചൂ. പക്ഷേ അയാളെ ആ വീട്ടിലേയ്ക്കു അവൻ കൊണ്ട് പോകില്ലത്രേ. അയാൾ അവിടെയൊക്കെ വൃത്തികേടാക്കും പോലും…”

“നീ പറഞ്ഞു വരുന്നത്..”

“പണ്ടത്തെ ആൾക്കാരല്ലേ. ഇവർക്കൊക്കെ ഈ പുതുമോടി പറ്റുമോ. ഇറ്റാലിയൻ മാർബിൾ ഒക്കെ ഇട്ട മകൻ്റെ പുതിയ കൊട്ടാരത്തിൽ അയാൾക്ക്‌ പ്രവേശനം ഉണ്ടാകില്ലത്രേ. ആ പാവം എത്രയോ വർഷം ഗൾഫിൽ കിടന്നു കഷ്ടപ്പെട്ടൂ. അവസാനം നാട്ടിലും കിട്ടിയ കൂലി പണി എല്ലാം ചെയ്തു അവരെ വളർത്തി വലുതാക്കി. എന്നിട്ടിപ്പോൾ അയാളെ മൂന്ന് മക്കൾക്കും വേണ്ട. അയാളുടെ ഭാര്യ നേരത്തെ പോയത് നന്നായി….”

അന്നാദ്യമായി എനിക്ക് അയാളോട് മതിപ്പു തോന്നി. കുറെ കഥകൾ പറയും എന്നല്ലാതെ അയാളെ കൊണ്ട് ആർക്കും ശല്യമില്ല. ഒരു പക്ഷേ സ്വന്തം ദുഃഖങ്ങൾ മറക്കുവാൻ അയാൾ തന്നെ കണ്ടെത്തിയ മാർഗ്ഗം ആകും ഈ കഥ പറച്ചിൽ..

പിറ്റേന്ന് അയാൾ കടയിൽ വന്നില്ല. ഞാൻ ഓർത്തു മകൻ്റെ വീട്ടിൽ പോയി കാണും. പാല് കാച്ചൽ ആണല്ലോ.. പിന്നീട് അറിയാൻ കഴിഞ്ഞു “അയാൾ തറവാട്ടിൽ ഒറ്റയ്ക്കാണ്. മക്കൾ മാറി മാറി ഭക്ഷണം കൊടുക്കും. ആരും അയാളെ സ്വന്തം വീട്ടിലേയ്ക്കു കൂട്ടികൊണ്ടു പോകുന്നില്ല. മൂത്ത രണ്ടു മക്കളുടെ ഭാഷയിൽ അപ്പനെ നോക്കേണ്ടത് ഇളയവൻ ആണ്. ഇളയവൻ ആണെങ്കിൽ അതൊട്ട് കേട്ട ഭാവം പോലുമില്ല..”

കാലം കടന്നു പോയികൊണ്ടിരുന്നൂ. പിന്നീട് ഒരിക്കലും അയാൾ കടയിൽ വന്നിരിക്കുമ്പോൾ ഞാൻ കുറ്റം പറഞ്ഞിട്ടില്ല.

അയാൾ പറയുന്നതെല്ലാം ഞാൻ കേട്ടിരുന്നൂ. അയാൾ വരാത്ത ദിവസ്സങ്ങൾ മനസ്സിൽ ഒരു വിങ്ങലായി.

അപ്പോഴൊക്കെ ആരോടെങ്കിലും ഞാൻ അന്വേഷിക്കും അയാൾക്ക്‌ കുഴപ്പമൊന്നും ഇല്ലാലോ അല്ലേ…

“ആരും കൂടെ ഇല്ലാതെ ഒറ്റപെടുന്നവരുടെ അവസ്ഥ നമുക്ക് അറിയാം. പാവം അയാളെ കേൾക്കുവാൻ ഒരാൾ ഉള്ളത് അയാൾക്ക്‌ ഒരാശ്വാസം ആകും.”

ഇന്നലെ അയാൾ വന്നില്ല. എന്ത് പറ്റിയാവോ..?

അവിടെ വരെ ഒന്ന് പോയി നോക്കണം…

അപ്പോഴാണ് പോൾ വന്നത്. അവൻ ആണ് പറഞ്ഞത് “അദ്ദേഹം മരിച്ചു പോയി ഇന്ന് വെളുപ്പിനെ എന്ന് കരുതുന്നൂ. ഇന്നലെ ചെറിയ വയ്യായ്ക ഉണ്ടായിരുന്നൂ. മരിക്കുമ്പോൾ ആരും ഉണ്ടായിരുന്നില്ല അടുത്ത്. രാവിലെ ഇളയ മകൻ്റെ വീട്ടിൽ നിന്നും ഭക്ഷണവുമായി ചെന്ന ജോലിക്കാരിയാണ് മരിച്ചു കിടക്കുന്നതു കണ്ടത്…”

എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല. ഞാൻ ആകെ തകർന്നൂ. ഞാനും വേഗം കട പൂട്ടി അവിടേയ്ക്ക് ഓടി ചെന്നൂ… അയാൾ ശാന്തനായി ആ പെട്ടിയിൽ ഉറങ്ങുന്നൂ… അപ്പോഴാണ് അവിടെ ഒരു ബഹളം നടക്കുന്നത് ഞാൻ ശ്രദ്ധിച്ചത്.

“മൃതദേഹം ആരുടെ വീടിൻ്റെ പോർച്ചിൽ വയ്ക്കും എന്നുള്ള ചർച്ചയാണ്. മൂത്ത മകനും ഇളയ മകനും തമ്മിൽ വാക്കേറ്റവും നടക്കുന്നുണ്ട്. ആ ശരീരം പൊങ്ങച്ചം കാണിക്കുവാൻ എല്ലാവർക്കും വേണം. ഇവനൊക്കെ മരിക്കുമ്പോൾ എന്താകും അവസ്ഥ.” അവസാനം അതുവരെ മിണ്ടാതിരുന്ന അയാളുടെ അനുജൻ പറഞ്ഞു.

“ചേട്ടന് എന്നും തറവാടല്ലേ ഉണ്ടായിരുന്നുള്ളൂ. ഇനിയും അത് മതി. അവിടെ നിന്ന് ഏട്ടനെ എടുത്താൽ മതി. ജീവിച്ചിരുന്നപ്പോൾ ആർക്കും വേണ്ടായിരുന്നല്ലോ. വീട് വൃത്തികേടാകുമായിരുന്നല്ലോ. ഇനി ഇപ്പോൾ ശവശരീരം കേറ്റി വീട് വൃത്തി കേടാക്കണ്ട. ഇത്ര എങ്കിലും ഞാൻ പറഞ്ഞില്ലെങ്കിൽ അവൻ്റെ ആത്മാവ് എന്നോട് ക്ഷമിക്കില്ല..”

നാട്ടുകാർ കൂടെ അത് ശരി വച്ചതോടെ അയാളുടെ ശരീരം തറവാട്ട് മുറ്റത്തു പന്തലിട്ട് കിടത്തുവാൻ തീരുമാനിച്ചൂ.

ഞാൻ ചെന്ന് ആ മുഖത്തേയ്ക്കു ഒന്ന് നോക്കി..

“ഈ ജന്മത്തിലെ എല്ലാ കഷ്ടപ്പാടുകളും തീർത്തു അദ്ദേഹം പോകുന്നൂ. ശാന്തനായി..”

മക്കൾക്കുള്ളത് വരാനിരിക്കുന്നതെ ഉള്ളൂ. അത് കാണുവാൻ ഈ നാട് ഉണ്ടാകും. ഞാൻ ഉണ്ടായില്ലെങ്കിലും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *