കൃഷ്ണേട്ടാ, നല്ല തിരക്കാണല്ലോ?.എന്തെങ്കിലും ഇത്തിരി സാധനങ്ങൾ വാങ്ങിച്ച്,വേഗം തന്നെ തിരിച്ചു പോകാം..സാഹിത്യ അക്കാദമി ഹാളിൽ നിന്നും വിചാരിച്ച പോലെ……

മുറിവ്

എഴുത്ത്:- രഘു കുന്നുമക്കര പുതുക്കാട്

നഗരത്തിലെ പച്ചക്കറിച്ചന്തയിൽ,.എല്ലാ സന്ധ്യകളിലേയും പോലെ,.നല്ല തിരക്ക് ഇന്നും അനുഭവപ്പെടുന്നുണ്ട്..കാർ പാർക്കു ചെയ്യാൻ,.ഒരിടം കണ്ടെത്തുകയെന്നത് തീർത്തും ദുഷ്കരമായൊരു സംഗതിയായി മാറിയിരിക്കുന്നു.

വല്ലവിധേനെയും ഒരിത്തിരി സ്ഥലം കണ്ടെത്തി, അവിടെ കാർ ഒതുക്കിയിട്ട് കൃഷ്ണകുമാർ പതിയേ ഇറങ്ങി..ഒപ്പമിറങ്ങിയ ശൈലജ, കർച്ചീഫ് കൊണ്ട് മുഖമൊന്നു തുടച്ചശേഷം ഭർത്താവിന്റെ അരികിലേക്കു വന്നു.

“കൃഷ്ണേട്ടാ, നല്ല തിരക്കാണല്ലോ?.എന്തെങ്കിലും ഇത്തിരി സാധനങ്ങൾ വാങ്ങിച്ച്,.വേഗം തന്നെ തിരിച്ചു പോകാം..സാഹിത്യ അക്കാദമി ഹാളിൽ നിന്നും വിചാരിച്ച പോലെ ഇറങ്ങാൻ പറ്റാത്തതു ചതിയായി..നേരം, നമ്മള് വിചാരിച്ചതിലും വൈകി..കുട്ട്യോള്, നമ്മള് വരുമ്പോഴേയ്ക്കും ട്യൂഷൻ കഴിഞ്ഞു വരും..അവർക്ക് , കഴിക്കാനൊന്നും എടുത്തു വച്ചതുമില്ല..അധികം വൈകാണ്ട്, വേഗം തന്നെ പൂവ്വാം”

കൃഷ്ണകുമാർ തലയാട്ടി..ശൈലജ പറഞ്ഞതു വാസ്തവമാണ്..എഴുത്തിന്റെ ലോകത്തേ,.പ്രിയ ചങ്ങാതിയുടെ പുസ്തകപ്രകാശനച്ചടങ്ങായിരുന്നു, അക്കാദമി ഹാളിൽ നടന്നത്..മുഖ്യാതിഥി എത്തിച്ചേരുവാൻ, തെല്ലധികം വൈകിപ്പോയി.
പിന്നേ,.എം ജി റോഡിലുള്ള ഡി സി ബുക്ക്‌ സ്റ്റാളിൽ കയറി, ഒ എൻ വിയുടെ സമ്പൂർണ്ണ കവിതാ സമാഹാരവും വാങ്ങി,.മിഥിലയിൽ നിന്നും ഓരോ കപ്പ് കാപ്പിയും കുടിച്ച്, മാർക്കറ്റിലെത്തിയപ്പോൾ വൈകിപ്പോയിരിക്കുന്നു.
എന്നാലും, ഇന്നത്തെ ദിവസം ഏറെ സന്തോഷമുള്ളതായിരുന്നു.

വളരെയധികം അക്ഷരസൗഹൃദങ്ങളെ നേരിട്ടു കാണാൻ സാധിച്ചു..രണ്ടു കഥാസമാഹാരങ്ങൾ എഴുതിയ,.ഈ കൃഷ്ണകുമാറിനും ഒട്ടേറെ ആരാധകരുണ്ടായിരുന്നു..പലരും, നേരിട്ടു പരിചയപ്പെട്ടു..എഴുത്തിന്റെ മികവിനേക്കുറിച്ച്, വാഴ്ത്തുമൊഴികൾ ചൊല്ലി. എല്ലാ സന്തോഷവും, ഹൃദയത്തിൽ തിരയടിക്കുന്നു..കല്യാണിൽ കയറി, ഒരു പട്ടുസാരിയും വാങ്ങിയപ്പോൾ ശൈലജയ്ക്കും സന്തോഷമായി..മാർക്കറ്റിൽ കയറേണ്ട എന്നാദ്യം കരുതി യെങ്കിലും, വരുംവഴി തീരുമാനം മാറ്റുകയായിരുന്നു.

ശൈലജ, പച്ചക്കറികൾ ഓരോന്നും വില ചോദിച്ചു വാങ്ങിക്കൊണ്ടിരിക്കുന്ന നേരത്താണ്, കൃഷ്ണകുമാറിന്റെ കണ്ണുകളിലേക്ക് ആ സ്ത്രീരൂപം ശ്ലഥചിത്രമായി കടന്നുവന്നത്..പിന്നേയതിനു വ്യക്തത കൈവന്നു.

മെഴുക്കില്ലാത്ത മുടി അലക്ഷ്യമായി മാടിക്കുത്തി, തമിഴ്നാട്ടു രീതിയിൽ ചേല ചുറ്റി, വലിയ വട്ടപ്പൊട്ടും കുത്തി, തിളക്കമറ്റ മൂക്കുത്തി ധരിച്ച പെൺരൂപം..ചെമ്പിച്ച മുടിയിൽ നിന്നും, നര വേറിട്ടു കാണാൻ സാധിക്കുന്നുണ്ട്.

‘ഇവർ, അവരല്ലേ?’.കഴിഞ്ഞവർഷത്തേക്കാൾ, ഇവർ കൂടുതൽ ക്ഷീണിച്ചിരിക്കുന്നു..പ്രായം, വളരെ കൂടുതൽ തോന്നിക്കുന്നു. ഒന്നുകൂടി സൂക്ഷിച്ചു നോക്കി..ഇല്ല, തെറ്റുപറ്റിയിട്ടില്ല..കയ്യിൽ കരുതിയ വലിയ ചാക്കിലേക്കു പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി സംഭരിയ്ക്കുകയാണവർ..കൃഷ്ണകുമാർ, അവരുടെ അടുത്തേക്കു ചെന്നു..അവർ, അയാളെ സൂക്ഷിച്ചൊന്നു നോക്കി..തിരിച്ചറിവിന്റെ പിടച്ചിലും തിളക്കവും അവരുടെ മിഴികളിൽ പ്രതിഫലിക്കുന്നത്, അയാൾ കണ്ടു.

“നിങ്ങൾക്ക് എന്നെ മനസ്സിലായോ?”

കൃഷ്ണകുമാർ ചോദിച്ചു. അവർ, ഉവ്വെന്നു തലയാട്ടി.

“മകൾ, എന്തു പറയുന്നു; അവളുടെ വിവാഹം കഴിഞ്ഞോ?”

“ഇല്ല സാർ, നമ്മൾ കണ്ട് ഒരു മാസത്തുക്കപ്പുറം, അവൾ പോയാച്ച്. പനി യായിരുന്നു ആദ്യം. പിന്നേ, കണ്ണെല്ലാം ചുവന്നു. ഓർമ്മകൾ നശിച്ചു. മരണം, വല്ലാതെ കഷ്ട്ടപ്പെടുത്തിയായിരുന്നു. ഈ പൊങ്കലിൽ, ഒരു വർഷമാനത്”

തരക്കേടില്ലാത്ത മലയാളത്തിൽ, അവർ മറുപടി പറഞ്ഞു..പിന്നേ, പാതിനിറഞ്ഞ ചാക്കിൻ കെട്ടുമായി തിരക്കുകളിലലിഞ്ഞു..ശൈലജ, അരികിലേക്കു വന്നു..അവളുടെ കയ്യിൽ, വാങ്ങിയ പച്ചക്കറികളുടെ ചെറുതല്ലാത്തൊരു കിറ്റ് ഉണ്ടായിരുന്നു.

“ആരോടാ, സംസാരിച്ചേ?.കൃഷ്ണേട്ടൻ ആകെ, മൂഡോഫ് ആയല്ലോ. എന്തുപറ്റി?”

“ഹേയ്, ഒന്നുമില്ല. ഒരു തമിഴത്തി; കഴിഞ്ഞ ഡിസംബറിൽ നമ്മുടെ വീട്ടിലേക്ക്, പഴയ സാധനങ്ങൾ എടുക്കാൻ വന്നിട്ടുണ്ട്..ഞാൻ, നിന്നോട് പറഞ്ഞിരുന്നല്ലോ അവരുടെ മോളു മരിച്ചുപോയെന്ന്;.നമ്മളന്നു ഭയപ്പെട്ട പോലെത്തന്നേ”

ശൈലജയുടെ മുഖത്തും സഹതാപത്തിന്റെ തിരയിളക്കമുണ്ടായി..

പക്ഷേ, അവൾക്കിപ്പോൾ തിടുക്കം,.വീട്ടിലെത്തുക എന്നതു മാത്രമായിരുന്നു.. പോകും വഴിയെല്ലാം, കൃഷ്ണകുമാർ മൗനിയായിരുന്നു. കാർ, മുന്നോട്ടു നീങ്ങി..നഗരത്തിന്റെ തിരക്കുകളെ പിന്നിലാക്കി,.സ്വന്തം വീടകത്തിന്റെ സ്വസ്ഥതകളിലേക്ക് അവരെത്തിച്ചേർന്നു..കുട്ടികൾ, ട്യൂഷൻ കഴിഞ്ഞു വന്നിരുന്നു. ആറാം ക്ലാസ്സുകാരൻ, സെറ്റിയിൽ കിടന്ന് ടെലിവിഷനിൽ ഏതോ കാർട്ടൂൺ ചാനൽ കാണുന്നു..നാലാം ക്ലാസ്സുകാരി, ശൈലജയുടെ നെയിൽ പോളീഷ് എടുത്ത്, സ്വന്തം നഖങ്ങൾ മോടിയാക്കുന്ന തിരക്കിലുമായിരുന്നു.

കൃഷ്ണകുമാർ, ബാൽക്കണിയിലേക്കു ചെന്നു..ഉമ്മറമുറ്റത്തേയും, അതിനപ്പുറത്തേ ടാർനിരത്തിനേയും,സന്ധ്യ കരിമ്പടം പുതപ്പിച്ചിരിക്കുന്നു..ഇടയ്ക്കിടെ റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ കടുത്ത വെളിച്ചം കാണാം.
ഹോൺമുഴക്കങ്ങൾ കേൾക്കാം. നെയിൽ പോളീഷ് എടുത്ത്, തറയിലെല്ലാം പടർത്തിയതിനു ശൈലജ ശകാരിക്കുന്നതു കേൾക്കാനുണ്ട്.

അയാൾ ഓർത്തു..കഴിഞ്ഞ വർഷത്തേ ക്രിസ്തുമസ് അവധിയ്ക്ക്, ശൈലജയും കുട്ടികളും അവളുടെ വീട്ടിലേക്കു പോയ ദിവസങ്ങളിലൊന്നിലെ സായന്തന ത്തിലാണ്, ആ അമ്മയും മകളും ഗേറ്റു തുറന്ന്, ഉമ്മറത്തേക്കു വന്നത്.
ഇറയത്ത്, എന്തോ ചിന്തിച്ചിരിക്കുന്ന നേരത്താണ് അവരുടെ ആഗമനം.

“സാർ,.പഴയ കുപ്പി, പാട്ട, പ്ലാസ്റ്റിക് സാധനങ്ങൾ, ഇരുമ്പ്, ന്യൂസ് പേപ്പർ എന്തെങ്കിലുമുണ്ടോ?.നല്ല വില തരാം”

ഇവർ വന്നതു നന്നായി..കഴിഞ്ഞ ആറുമാസത്തെ പത്രങ്ങളും,.പഴയ ഇരുമ്പും, പ്ലാസ്റ്റിക്കുമെല്ലാം ശൈലജ ഒരുക്കിവച്ചിട്ടു ഏറെയായി..ഇതുവരേ ആരും വാങ്ങാനെത്തിയിരുന്നില്ല..വാങ്ങാൻ ആരെങ്കിലും വന്നിരുന്നെങ്കിൽ തന്നേ, അന്നെല്ലാം രണ്ടുപേരും അവരവരുടെ ഓഫീസിലായിരുന്നിരിക്കും. ശൈലജ വന്നിട്ടു കൊടുത്താൽ മതിയോയെന്ന് ആദ്യം ചിന്തിച്ചു..പിന്നേ, എടുത്തു കൊടുക്കാമെന്നു തന്നെ തീരുമാനിച്ചു..പത്രക്കെട്ടുകളും, മറ്റു സാമാഗ്രികളും ഉമ്മറത്തു കൊണ്ടുവന്നു വച്ചു..അവരതെല്ലാം ഇനം തിരിച്ച്, അവരുടെ ചാക്കുകളിലേക്കു നിക്ഷേപിക്കാൻ തുടങ്ങി.

അന്നേരമാണ്, രണ്ടു സ്ത്രീകളേയും ശ്രദ്ധിച്ചത്..നാൽപ്പതുകൾ പിന്നിട്ടൊരാളും, യൗവ്വനയുക്തയായ മറ്റൊരാളും..അവർ അമ്മയും മകളുമാണെന്ന് ആരും പറയാതെ മനസ്സിലാക്കാമായിരുന്നു..വെറുതേ അവരോടു ഓരോ വിശേഷങ്ങൾ ചോദിച്ചു..അമ്മയും മോളുമാണെന്നും,.തമിഴ്നാട്ടിൽ നിന്നും ഒത്തിരിപേർ ഈയൊരു വേലക്കായി ഇവിടെ എത്തിയിട്ടുണ്ടെന്നും അറിയിച്ചു..രണ്ടുദിവസം കഴിഞ്ഞ്, അവർ നാട്ടിലേക്കു പോവുകയാണത്രേ..ഈ മകളുടെ വിവാഹമാണ്.. പൊങ്കലിന്നപ്പുറം വിവാഹമെന്നാണു പറഞ്ഞത്. അവസാന സമ്പാദ്യമാണ്, ഇന്നു ശേഖരിക്കുന്ന ആക്രി സാധനങ്ങൾ.

യുവതിയെ ശ്രദ്ധിച്ചു. തവിട്ടു നിറമുള്ള, മുഖശ്രീയുള്ള പെണ്ണ്..ഒതുങ്ങിയ ഉടലിനു ശിൽപ്പഭംഗിയുണ്ട്. മൂക്കുത്തി തിളങ്ങുന്നുണ്ട്..വിടർന്ന കണ്ണുകൾ. നിബിഢമായ ഇമകൾ..വരാനിരിക്കുന്ന നല്ല നാളുകളുടെ നാണവും കനവുകളുമാകാം, അവളുടെ കവിൾത്തടങ്ങളെ തുടുപ്പിച്ചത്. അവൾ, തെല്ലു മുടന്തിയാണു നടക്കുന്നത്. സൂക്ഷിച്ചു നോക്കിയപ്പോളാണ് ശ്രദ്ധയിൽപ്പെട്ടത്,.അവളുടെ കാലിലൂടെ രക്തമൂർന്നു വന്ന്, വെള്ളിപ്പാദസരത്തേ ചുവപ്പിച്ചിരിക്കുന്നു.

“കാലിലെന്തു പറ്റി? ചോര വരണുണ്ടല്ലോ?”

അമ്മയാണതിനു മറുപടി പറഞ്ഞത്.

“സർ, അപ്പുറത്തേ വീട്ടിലേക്കു, ഗേറ്റു തുറന്നു ചെന്നതാണ്..അവിടെ ആളുണ്ടായിരുന്നില്ല..പട്ടിയെ പൂട്ടിയിട്ടുമുണ്ടായിരുന്നില്ല..അവളുടെ കാലിലാണു ക ടിച്ചത്. കല്ലെടുത്തെറിഞ്ഞപ്പോൾ, നായ ഗേറ്റിനു പുറത്തേക്കോടി. ഞങ്ങൾക്കിതു ശീലമാണ്, സാർ..”

ശരിയാണ്, ഹരിയും കുടുംബവും ഇന്നലെ രാത്രി വൈകിയാണു പോയത്. ഹരിയുടെ ഏട്ടന്, രാത്രിയിൽ ഒരാക്സിഡന്റ് ഉണ്ടായെന്നു വിളിച്ചറിയിച്ചപ്പോൾ, തിരക്കിട്ടു പോയതാണ്. രാത്രികളിൽ, അവർ നായയെ അഴിച്ചുവിടാറുണ്ട്..തൊടിയിലൊക്കെ അതു പാഞ്ഞു നടക്കും. അതിക്രമിച്ചു കടക്കുന്ന നാടൻപട്ടികളെ കുരച്ചോടിക്കും. എല്ലാ രാത്രികളിലും, അതിന്റെ വല്ലാത്ത കുര കേൾക്കാം..ഹരി, രാവിലെ വിളിച്ചിരുന്നു. ഏട്ടൻ, അപകടനില തരണം ചെയ്തുവത്രേ. താമസിയാതെ അങ്ങോട്ടൊന്നിറങ്ങണം. തിരക്കിൽ, ഗേറ്റു പൂട്ടിയുട്ടുണ്ടാകില്ല. അതാണു, നായുടെ ക ടിയേറ്റത്.

“മുറിവു നന്നായി കഴുകണം, ഒഴുകുന്ന വെള്ളത്തിൽ; ഞാൻ, സോപ്പെടുത്തു കൊണ്ടുവരാം. ഡോക്ടറേ കാണിക്കാൻ മറക്കരുത്.”

വേഗം പോയി, സോപ്പെടുത്തു കൊണ്ടുവന്നു. അവളുടെ കാൽവണ്ണയിലെ മുറിവ് ആഴമുള്ളതായിരുന്നില്ല. എന്നാലും, ചോ ര പനച്ചു വരുന്നുണ്ടായിരുന്നു..മുറിവു കഴുകിയ ശേഷം, കെട്ടാൻ തുണിയെടുത്തു നൽകി. ഡോക്ടറെ കാണാൻ, ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു.

“അതൊന്നും സാരമില്ല സാർ, ഞങ്ങൾക്കിതു പതിവാണ്. മഞ്ഞളരച്ചു പുരട്ടാറാണു പതിവ്. മുറിവുണങ്ങും.”

അവളുടെ അമ്മയാണു പറഞ്ഞത്. അവരുടെ രണ്ടാളുടെ കണ്ണുകളിലും ലവലേശം ഭയമില്ലായിരുന്നു. ഒരു, ഗുഡ്സ് ഓട്ടോ വന്നുനിന്നു..നേരത്തേ സംഭരിച്ച ആക്രി സാധനങ്ങൾ നിറച്ച ഓട്ടോയിലേക്ക്, ഇവിടുത്തെ സാധനങ്ങളും കയറ്റി വച്ചു.

“ആ, ചെറിയ സൈക്കിൾ എടുക്കട്ടേ, നിറയേ, തുരുമ്പായല്ലോ?”

ഇത്തവണ, മകളാണു ചോദിച്ചത്. പുഞ്ചിരിച്ചാണ് അതിനു മറുപടി പറഞ്ഞത്.

“മോൻ, സൈക്കിൾ ചവിട്ടാൻ പഠിച്ചു. മോള്, പഠിച്ചു വരുന്നേ ഉള്ളൂ. രണ്ടാളും പഠിച്ചാൽ, പുതിയതൊന്നു വാങ്ങും. കല്യാണം കഴിഞ്ഞ്, ചെറുക്കനുമൊത്തു വരൂ.
അപ്പോൾ തരാം.”

അവളുടെ പുഞ്ചിരിയിൽ, ലജ്ജ സന്നിവേശിച്ചിരുന്നു.മുടന്തിയാണ്, അവൾ ഓട്ടോയ്ക്കരികിലേക്കു നീങ്ങിയത്. ആശുപത്രിയിൽ പൊയ്ക്കോളൂ എന്ന് ഒരിക്കൽ കൂടി വിളിച്ചു പറഞ്ഞു. അവൾ പിന്തിരിഞ്ഞു നോക്കി..പുഞ്ചിരിച്ചു. അത്രമേൽ ചേലുണ്ടായിരുന്നു ആ പുഞ്ചിരിയ്ക്ക്..ഗേറ്റടച്ച്, ഇരുവരും കാഴ്ച്ചയിൽ നിന്നും മറഞ്ഞു. ചോര പുരണ്ട, കാൽവണ്ണയിലെ മുറിപ്പാട് ഹൃദയത്തിൽ ശേഷിച്ചു.

നാലുനാൾ കഴിഞ്ഞ്, ഹരിയും കുടുംബവും തിരികെയെത്തി. പട്ടിയെ കൂട്ടിലാക്കാനും, അതിനു ഭക്ഷണം കൊടുക്കാനും ഒരാളെ ഏർപ്പാടാക്കിയിരുന്നു..അയാളതു ഭംഗിയായി നിർവ്വഹിച്ചു..ഒരാഴ്ച്ച കഴിഞ്ഞപ്പോളാണ്, അതു സംഭവിച്ചത്. നല്ല ഇണക്കമുള്ള നായ, വെറുതേ കുരയ്ക്കാനും വെകിളി പിടിയ്ക്കാനും തുടങ്ങി. കൂട്ടിൽ നിന്നും അതിനെ പുറത്തിറക്കിയില്ല.

രണ്ടു ദിവസം കൂടി കഴിഞ്ഞ്, ഒരു പുലരിയിൽ ചെന്നു നോക്കുമ്പോൾ, അതു കൂട്ടിൽ ച ത്തുകിടക്കുന്നതു കണ്ടു..വെറ്റിനറി സർജൻമാർ വന്നു..പോസ്റ്റു മാർട്ടത്തിൽ, അതിനു പേയുണ്ടെന്നു സ്ഥിരീകരിച്ചു. ഹൃദയത്തിൽ തെളിഞ്ഞത്, ഒരു മുറിവടയാളമായിരുന്നു. തിളങ്ങുന്ന വെള്ളിക്കൊലുസിലേക്ക് പടർന്നിറങ്ങിയ ചോരത്തുള്ളികളും..

“കൃഷ്ണേട്ടാ….”

താഴെ നിന്നും, ശൈലജയുടെ വിളിയൊച്ചയാണ് ചിന്തകളിൽ നിന്നുണർത്തിയത്..പടവുകളിറങ്ങി, പതിയേ താഴോട്ടു നടന്നു..അകലെയെവിടെ നിന്നോ കേട്ടു, ഏതോ പട്ടിയുടെ നിർത്താത്ത കുരയൊച്ചകൾ. ഇരുളിൽ, ആ ശബ്ദം വല്ലാതെ മുഴങ്ങിക്കൊണ്ടിരുന്നു. ഉള്ളുലച്ച്….

Related Posts

Leave a Reply

Your email address will not be published. Required fields are marked *