ഞങ്ങളുടെ കൂട്ടത്തിൽ സെന്തിലിനാണ് ബോഡി ഫിറ്റ്നസ് എന്ന ആശയം ആദ്യമായി ഉദിച്ചത്. അവന്റെ നിർബ്ബന്ധം സഹിക്കവയ്യാതെ ഞങ്ങൾ നിത്യേനേ കടലാശേരി പവർ ജിമ്മിൽ പോയിത്തുടങ്ങി…….

പവർ ജിം

എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട്

പാലാഴി. പുതുക്കാടിന്റെ തൊട്ടയൽ ഗ്രാമമാണ് പാലാഴി. എന്റെ അമ്മവീട് പാലാഴിയിലാണ്. പാലാഴി, പ്രബോധിനി ഹിന്ദി അപ്പർപ്രൈമറി സ്കൂളിൽ ഞാനും പഠിച്ചിട്ടുണ്ട്.?പുതുക്കാട് പാലവും, എറവക്കാട് പാലവും, കടലാശേരി പാലവും, ചെറുവാൾ പാലവും അതിർത്തി പങ്കിടുന്ന പാലാഴി. ചുവന്ന ചരൽ മണ്ണുള്ള, ചുവപ്പൻ പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കുന്ന ഏറെ ജനങ്ങളുള്ള പാലാഴി.
ദേശീയഗാനത്തിനെതിരെ സുപ്രീം കോടതിയിൽ സംസ്കൃതത്തിൽ സ്വയം കേസ് വാദിച്ച്, ലോകശ്രദ്ധ നേടിയ മുളങ്ങ് വാരിയത്തു കൃഷ്ണവാര്യരുടെ പാലാഴി.
ജോസേട്ടന്റെയും മാത്തപ്പേട്ടന്റെയും പലചരക്കുകടകളും, ഗിരിജേട്ടന്റെ പച്ചക്കറിക്കടയും, ചന്ദ്രേട്ടന്റെ സ്റ്റേഷനറിക്കടയും, കൃഷ്ണേട്ടന്റെ ചായക്കടയും കച്ചവടം ഭരിച്ചിരുന്ന പാലാഴി.

തൊണ്ണൂറ്റിയെട്ട് – തൊണ്ണൂറ്റിയൊൻപത് കാലഘട്ടം. മെട്രിക്കുലേഷൻ എന്ന കടമ്പ ഒരുവിധത്തിൽ തീർത്ത്, അമ്മാവന്റെ മോന്റെ വീട്ടിൽ സ്വർണ്ണപ്പണി പഠിക്കാൻ പോയിരുന്ന കാലം. അമ്മയുടെ തറവാടിനോട് ചേർന്നാണ് അമ്മാവന്റെ വീട്.
തറവാട്ടിൽ, അമ്മയുടെ മൂത്ത സഹോദരി ഒറ്റയ്ക്ക് താമസിക്കുന്നു. അവിടെ യാണ് എന്റെ താമസവും ഭക്ഷണവുമെല്ലാം. ഒരു പക്ഷേ, പാലാഴിയിൽ തട്ടാൻമാരല്ലാതെ സ്വർണ്ണപ്പണി തുടങ്ങിയ ആദ്യ വ്യക്തിയും മാമന്റെ മോൻ തന്നെയാകാനാണ് സാധ്യത.

പാലാഴി, എനിക്കു തന്ന സൗഹൃദങ്ങൾ അനവധിയാണ്. ഷാജു, ഷൈജു, ബെന്നി, മനോജ്, രെജി, കണ്ണൻ, സെന്തിൽ, റോയി, സജി. അങ്ങനേ ഒട്ടനേകം പേർ.
കൂട്ടത്തിൽ ഞങ്ങൾ നാലുപേർ ഇത്തിരി കൂടി ആത്മബന്ധം പുലർത്തിയിരുന്നു.
ഉത്തമൻ എന്ന ഞാനും, രജിയെന്ന രജീവും, ചുന്നു എന്ന് ഞങ്ങൾ വിളിക്കുന്ന സജിയും പിന്നെ ഞങ്ങളുടെ സീനിയറായ, പാലാഴിയിലെ കിഴക്കുമുറിയിൽ വീടുള്ള ജയചന്ദ്രൻ എന്ന സെന്തിലും.

വല്ല്യമ്മയുടെ വീടിന്റെ അടുത്തു തന്നെയാണ് രജിയുടെയും ചുന്നുവിന്റേയും വീട്.
സെന്തിലിന്റെ വീട് ഒരു കിലോമീറ്റർ അകലേയും. പുള്ളി, ഇലക്ട്രീഷ്യനാണ്.
ഞങ്ങൾ മൂന്നു പേർ സ്വർണ്ണപ്പണിക്കാരും. വൈകിട്ട്, അത്താഴം കഴിഞ്ഞ് ഞങ്ങൾ മൂവരും ഒരുമിച്ച് വല്യമ്മയുടെ വീടിന്റെ ഇറയത്താണ് അന്തിയുറക്കം.

ഞങ്ങളുടെ കൂട്ടത്തിൽ സെന്തിലിനാണ് ബോഡി ഫിറ്റ്നസ് എന്ന ആശയം ആദ്യമായി ഉദിച്ചത്. അവന്റെ നിർബ്ബന്ധം സഹിക്കവയ്യാതെ ഞങ്ങൾ നിത്യേനേ കടലാശേരി പവർ ജിമ്മിൽ പോയിത്തുടങ്ങി.

എന്നും പുലർച്ചെ നാലുമണിക്കണർന്ന്, സെന്തിൽ സൈക്കിളിൽ ഞങ്ങൾക്കരികിലെത്തും. സുഖമായുറങ്ങുന്ന ഞങ്ങൾ മൂവരേയും കുലുക്കി, ശല്യപ്പെടുത്തി വിളിച്ചുണർത്തും. ഞങ്ങൾ, അവനെ പ്രാകിക്കൊണ്ട് അയയിൽ നിന്ന് തോർത്തുമെടുത്ത്, ഒരുരൂപയുടെ ‘ചിക്ക് ‘ഷാമ്പൂവിന്റെ പാക്കറ്റ് പോക്കറ്റിലുമിട്ട് കടലാശേരിക്ക് നടക്കും. നടത്തത്തിനിടയിൽ ഞങ്ങളുടെ പതിവു ചോദ്യമുണ്ട്.

“സെന്തിലേ, വാച്ച് ഇല്ലാതെ നീയെങ്ങനെ കൃത്യം നേരത്ത് വരുന്നു?”

“ആർക്ക് തെറ്റുപറ്റിയാലും, ദാമോദരൻ പാപ്പന്റെ കോഴിക്ക് തെറ്റുപറ്റാറില്ല. അത് കൃത്യം പുലർച്ചേ നാലുമണിക്ക് കൂവും. അപ്പോൾ ഞാനിങ്ങോട്ട് പോരും”

പാലാഴിയിൽ നിന്ന് ഒരു കിലോമീറ്റർ നടന്നാൽ കടലാശേരിയായി. കടലാശേരി സെന്ററിൽ, പിഷാരിക്കൽ അമ്പലത്തിനടുത്താണ് വിഖ്യാതമായ പവർ ജിമ്മിന്റെ സ്ഥാനം.?ഒരു പഴയ പീടികക്കെട്ടിടത്തിലെ അരികുമുറി. അഞ്ചോ പത്തോ ആളുകൾ, വിവിധ ദിക്കുകളിൽ നിന്ന് പതിവായി പവർ ജിമ്മിൽ എത്തുന്നു.
കടമുറിയ്ക്ക് ലോക്ക് ഇല്ല എന്നുള്ളതാണ് ഏറ്റവും പ്രധാനം. ആര് ആദ്യം എത്തുന്നുവോ, അവർ ലൈറ്റിട്ട് എക്സർസൈസ് ആരംഭിക്കും. അഞ്ചോ ആറോ ജോഡി ഡംബൽസ്, ഒരു കാലിളകിയ ബഞ്ച്, അതിൽക്കിടന്ന് വെയ്റ്റ് അടിക്കാൻ ഒന്നോ രണ്ടോ വൃത്താകൃതിയിലുള്ള വ്യത്യസ്ത തൂക്കത്തിലുള്ള വെയ്റ്റുകളും,
പിന്നേ, ഉത്തരത്തിൽ തൂക്കിയിട്ട ഒരു ക്രോസ് ബാർ. ഇത്രയുമായാൽ പവർജിം പൂർത്തിയായി.

ഞാനും, രജിയും ചുന്നുവും ഒരു പത്തുമിനിറ്റുനുള്ളിൽ തന്നെ ഞങ്ങളുടെ വഴിപാട് പൂർത്തിയാക്കും. സെന്തിൽ ഒരു കരാർ തൊഴിലാളിയേപ്പോലെ, ഡംബലിനോടും വെയ്റ്റിനോടും ക്രോസ് ബാറിനോടും പൊരുതും. അവൻ മാത്രം വിയർത്തു കുളിക്കും. ഒരുമണിക്കൂർ ക്ലബ്ബിൽ ചിലവഴിച്ച്, തിരികേ പാലാഴിയിലേക്ക് നടന്ന് അമ്പലക്കടവിലെ പുഴയിൽ കുളിച്ച് ഞങ്ങൾ മടങ്ങും. അപ്പോഴേക്കും, നേരം നന്നായി പുലരും.

ഒരു ഡിസംബറിലെ പുലരിയിൽ, പതിവുപോലെ സെന്തിൽ ഞങ്ങളെ കുലുക്കി വിളിച്ചുണർത്തി. ഉറക്കം മുറിഞ്ഞ ആലസ്യത്താൽ ഞങ്ങൾ മൂവരും ചുറ്റും മിഴിച്ചു നോക്കി. ധനുമാസത്തിലെ നിലാവ് ഭൂമിയെ പകൽ പോലെ പ്രകാശിപ്പിക്കുന്നു. ഞാൻ സെന്തിലിനോട് ചോദിച്ചു.

”എടാ നേരം പുലർന്നില്ലല്ലോ?”

അവൻ പതിവു പല്ലവി ആവർത്തിച്ചു.

“ദാമോദരൻ പാപ്പന്റെ കോഴിക്ക്, തെറ്റുപറ്റില്ലാന്ന് ഞാൻ പറഞ്ഞിട്ടില്ലേ”

ഞങ്ങൾ, കടലാശേരിക്കു നടന്നു. മൂടൽമഞ്ഞിനേയും കൊടും തണുപ്പിനേയും അവഗണിച്ചുകൊണ്ട്. ഭാഗ്യം, ഇന്നു പവർജിമ്മിൽ ഞങ്ങളാണ് ആദ്യം.?സെന്തിൽ ബ്രൂസ് ലീക്കും ജെറ്റ് ലീക്കും ചാക്കിചാനുമൊക്കെ പഠിക്കാൻ തുടങ്ങി. ഞങ്ങൾ മൂന്നു മടിയൻമാർ പതിവ് വഴിപാടുകളുമായ് എക്സർസൈസ് പൂർത്തിയാക്കി, നേരെ അമ്പലക്കടവു പുഴയോരത്തേക്ക്.

കുറുമാലിപ്പുഴയും മണലിപ്പുഴയും സംഗമിക്കുന്നത് പാലാഴിയിൽ വച്ചാണ്.
പുഴയോരത്ത് സ്ഥിതി ചെയ്യുന്നു, ശ്രീധർമ്മശാസ്താ ക്ഷേത്രം. അമ്പലവും ആൽത്തറയും പിന്നിട്ട് പടവുകളിറങ്ങി നേരേ പുഴയിലേക്ക്. നാലോ അഞ്ചോ പടവുകൾ മിക്കവാറും ജലത്തിൽ മൂടിയിരിക്കും. ആ പടവുകളിലൊന്നിൽ നിന്നാണ്, നാട്ടുകാർ കുളിക്കുക. മറ്റു പുഴകൾക്കു വിപരീതമായി, അവസാന പടവിനപ്പുറം ആളാഴം താഴ്ചയാണ്. അപരിചിതർ പുഴയിലിറങ്ങാൻ ശ്രമിച്ചാൽ ആപത്ത് നിശ്ചയമാണ്. പുഴയേ അറിയുന്ന പലരും ഈ താഴ്ചയിൽ അലിഞ്ഞു ചേർന്നിട്ടുണ്ട്. ഞാൻ ജനിക്കുന്നതിനു മുൻപേ, എന്റെ ഒരു വല്ല്യമ്മ. തോറ്റംപാട്ട്, കളമെഴുത്ത് കലാകാരൻ രഘുവേട്ടൻ ഇവരൊക്കെ ഈ പുഴയിലമർന്ന കണ്ണീർക്കഥകളാണ്.

പുഴയ്ക്കു കുറുകേ ഒരമ്പതു മീറ്റർ നീന്തിയാൽ, ഒത്തനടുക്കായി വലിയൊരു മട്ടിപ്പാറയാണ്.അവിടെയെത്തിയാൽ നെഞ്ചൊപ്പം വെള്ളമേയുള്ളൂ. അവിടെ യാണ്, പതിവ് നീന്തിത്തുടിപ്പുകൾക്കപ്പുറം ഞങ്ങളുടെ വിശ്രമം.

അന്നും, പതിവുപോലെ ഞങ്ങൾ നാലുപേരും പുഴയിലറങ്ങിക്കുളിച്ചു. അൽപ്പം നീന്തിത്തുടിച്ചു. പതുക്കെ, പുഴമദ്ധ്യത്തിലെ മട്ടിപ്പാറയിൽ നെഞ്ചൊപ്പം വെള്ളത്തിൽ അൽപ്പനേരം വിശ്രമിച്ചു. നിലാവ് അസ്തമിച്ചിരുന്നില്ല. വലിയ അരയാലിന്റെ നിഴൽ കൽപ്പടവുകളിൽ ഇരുട്ടു പാകി. പത്തു മിനിട്ട് അങ്ങനെ നിന്നശേഷം, ഞങ്ങൾ ഡോൾഫിനുകളെപ്പോലെ കരയിലേക്ക് വെള്ളം ചിതറിച്ചുകൊണ്ട് കുതിച്ചു. ഈറനായി കൽപ്പടവുകളിലേക്ക് തിരിച്ചെത്തി യപ്പോൾ, ഓട്ടുപാത്രം വീഴുന്ന ശബ്ദവും ആരോ തിരിഞ്ഞോടുന്നതും ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. വേഗം തോർത്തി, വസ്ത്രം മാറി കൽപ്പടവുകൾ കയറി മുകളിലെത്തിയപ്പോൾ അതാ നിൽക്കുന്നു, ക്ഷേത്രത്തിലെ യുവ ശാന്തിക്കാരൻ. ഞങ്ങൾ ചോദിച്ചു.

“തിരുമേനി വൈകിയോ?എന്തിനാ ഓടിയത് ??”

സാധാരണ ദിനങ്ങളിൽ ഞങ്ങളെത്തും മുൻപ് അദ്ദേഹം കുളി കഴിഞ്ഞ് പോകാറുള്ളതാണ്. തിരുമേനി പറഞ്ഞു.

“ഞാനിന്നിത്തിരി നേരത്തേയാണ്. നാലര ആയിട്ടേയുള്ളൂ ഇപ്പോൾ. കൽപ്പട വിറങ്ങി വരുമ്പോളാണ് പുഴമദ്ധ്യത്തിൽ നിന്ന് ഏതോ ജീവികൾ കുതിക്കും പോലെ തോന്നിയത്. ഞാൻ ഭയന്നു പോയി. അതാ ഓടിയത്”

അദ്ദേഹം വിയർപ്പിൽ കുളിച്ചിരുന്നു. ഞങ്ങൾ സെന്തിലിനെ രൂക്ഷമായി നോക്കി. എന്നിട്ടു പറഞ്ഞു.

“എടാ ദ്രോഹീ, ഇന്നു നീ രാത്രി രണ്ടരയ്ക്കാണ് ഞങ്ങളെ വിളിക്കാൻ വന്നേ, നിന്റെ ഒടുക്കത്തെ ഒരു കോഴി”

മുന്നോട്ടു നടക്കുന്നതിനിടയിൽ സെന്തിൽ പിറുപിറുത്തുകൊണ്ടേയിരുന്നു,

”ദാമോദരൻ പാപ്പന്റെ കോഴിക്ക് തെറ്റു പറ്റാറില്ലല്ലോ????”

ഞങ്ങൾ പുലരിയിലൂടെ വീട്ടിലേക്ക് തിരികേ നടന്നു. വരാനിരിക്കുന്ന പകലിന്റെ തിരക്കുകളിലേക്ക്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *