ഞാനത് അവനെ വിഷമിപ്പിക്കാൻ വേണ്ടിയോ വഴക്ക് ഉണ്ടാക്കാൻ വേണ്ടിയോ അല്ലല്ലോ അമ്മച്ചി എടുത്തിട്ടത്.. അവര് കല്യാണം ഒഴിയാൻ കാരണം……..

മുടിയനായ പുത്രൻ

Story written by Lis Lona

കാവി കൈലി അരക്കെട്ടിലേക്ക് ഒന്നുകൂടി മുറുക്കി വലിച്ചുടുത്ത് ചുവരിൽ കൊളുത്തിയിട്ട ബൈക്കിന്റെ ചാവിയുമെടുത്ത് കലിതുള്ളി മുറ്റത്തേക്കിറങ്ങുന്ന ഇളയമോന്റെ പിന്നാലെ ഞാൻ വേവലാതിയോടെ ഓടി.

“ഡാ ബാസ്റ്റിനെ നിക്കെടാ മോനേ ..ദേ ഞാൻ ചോറെടുത്ത് വച്ചത് നീ കണ്ടില്ലേ.. ഉണ്ടിട്ട് പോടാ മോനെ..”

എന്നെയൊന്ന് തിരിഞ്ഞുപോലും നോക്കാതെ അവൻ എല്ലാവരോടുമുള്ള അരിശം ബൈക്കിന്റെ കിക്കറിലേക്ക് ആഞ്ഞുചവിട്ടി തീർത്ത് വണ്ടിയുമെടുത്ത് ഇറങ്ങിപ്പോയി..

കാറ്റിനെ തോല്പിച്ച ആ പോക്കിൽ ബാലൻസ് കിട്ടാതെയാകണം ബട്ടണിടാതെ തുറന്ന് കിടക്കുന്ന ഷർട്ടിനിടയിലൂടെ നെഞ്ചിലേക്ക് ആഞ്ഞടിച്ച് കഴുത്തിലിട്ട വലിയ മണികൊന്തയിലെ മരത്തിൽ തീർത്ത കർത്താവിന്റെ ക്രൂശിതരൂപം ഇളകിയാടുന്നു.

ഗേറ്റിനടുത്തെത്തി ശകടമൊന്ന് മെല്ലെയാക്കി അതിലിരുന്ന് തന്നെ വലത്തേ കാല് നീട്ടി ഗേറ്റ് തള്ളിനീക്കി അവനിറങ്ങിപോയി…

ഇനിയാ ഗേറ്റ് അടച്ചിടാൻ ഞാൻ തന്നെ പോകണമല്ലോയെന്നോർത്ത് പടിക്കെട്ടിറങ്ങി ഞാൻ പടിക്കലേക്ക് നടന്നു ..

കുറച്ചു ദിവസം മുൻപേ അടച്ചുപിടിച്ച മഴയാകാം ഗേറ്റിനടിയിലെ കമ്പിയിലേക്ക് മണ്ണടിഞ്ഞു കയറിയിരിക്കുന്നു.. കരകരാ ശബ്ദത്തോടെ ഗേറ്റിന്റെ വിജാഗിരികൾ അടയുമ്പോൾ പല്ല് കിരുകിരാന്ന് പുളിച്ച് മുഖഭാവം തന്നെ മാറിപ്പോകുന്നു.

വെട്ടുകല്ലിൽ തീർത്ത മതിലിന്റെ മുകളിൽ മുഴുവൻ പച്ചപായൽ ഗുഹാമുഖ ചിത്രങ്ങൾ തീർത്തിരിക്കുന്നു.. കൽ വിടവുകളിലൂടെ എത്തിനോക്കുന്ന പുൽനാമ്പുകൾക്കടിയിൽ കരിന്തേരട്ടകൾ ധ്യാനത്തിലിരുന്ന് എന്നെ നോക്കുന്നു..

മതിലിനു മുകളിലേക്ക് തള്ളവിരലിൽ ഭാരമൂന്നി തല പൊക്കി ഏന്തിവലിഞ്ഞു ഇടവഴിയുടെ അങ്ങേയറ്റത്ത് നോട്ടം പായിച്ചപ്പോൾ അവന്റെ പൊടിപോലും കാണാനില്ല..

ദൂരെ വളവിലുള്ള സാവുവിന്റെ വീട്ടിലെ അതിരിൽ നിൽക്കുന്ന ചുവപ്പ് ചെമ്പരത്തിപ്പൂക്കൾ മാത്രം കാറ്റിൽ വീശിയാടി നിൽക്കുന്നത് കാണാം..

വീട്ടിലെ ഒച്ചയും അവന്റെ പോക്കും എന്റെ നിൽപ്പും കണ്ടിട്ടാകണം ഒട്ടകപക്ഷിയെപോലെ തലനീട്ടി താടിക്ക് കയ്യും കൊടുത്ത് അപ്പുറത്തെ തങ്ക ഇങ്ങോട്ടേക്ക് നോക്കുന്നുണ്ട്..

അവൻ വയറ് വിശന്ന് നടക്കുമ്പോൾ ഒരു തുള്ളി വെള്ളം എന്റെ തൊണ്ടകുഴീന്ന് ഇറങ്ങോ..ആരോട് പറയാൻ ഇതൊക്കെ.

കളികൂട്ടുകാരൻ മിണ്ടാതെയും തലോടാതെയും ഇറങ്ങിപ്പോയതിന്റെ സങ്കടത്തിലാകണം എന്നെ നോക്കി നിർത്താതെ വാലാട്ടി പരിഭവസ്വരത്തിൽ സീസർ നിന്ന് മൂളി ചിണുങ്ങുന്നത്..

ഭക്ഷണം കൊണ്ടുപോയി മുന്നിൽ വച്ചാലും മോൻ വീട്ടിലുണ്ടെങ്കിൽ അവൻ ചെന്ന് ഉഴിഞ്ഞ് ഉമ്മകൊടുത്തും തലോടിയും തിന്നാൻ ആംഗ്യം കാണിക്കുംവരെയും ഭക്ഷണപാത്രത്തിന് മുൻപിൽ കാവലിരിക്കുന്ന നായയാണ്..

വിശന്നിട്ടാണോ യജമാനൻ തിരിഞ്ഞുനോക്കാതെ പോയതാണോ എന്നെ നോക്കുമ്പോൾ അവന്റെ കണ്ണിലും നീര് പൊടിയുന്നു.. കൊടുത്ത ഭക്ഷണം അതുപോലെ മുൻപിലിരിക്കുന്നു..

വേണെങ്കി തിന്നട്ടെ! എല്ലാരേം കൂടി തലേൽ കേറ്റിവച്ച എന്നെ വേണം തല്ലി ക്കൊല്ലാൻ.. കൊഞ്ചിച്ചും ലാളിച്ചും വീട്ടിലെ നായയെ വരെ ഞാനാണ് വഷളാക്കിയതെന്നാണ് കെട്ട്യോന്റെ പക്ഷം.

പഠിപ്പ് കഴിഞ്ഞ് അപ്പന്റെ ശുപാർശയിലൊന്നും ജോലിക്കെവിടെയും പോകാൻ സമ്മതിക്കാതിരുന്നതിന് രാത്രിയും പകലുമില്ലാതെ നിസാരകാര്യങ്ങളുണ്ടാക്കി വഴക്ക് തന്നെയാണ് വീട്ടിൽ അപ്പനും മകനും.. ഇപ്പോഴെന്തോ പറഞ്ഞു മുഷിഞ്ഞതിനാ അവനീ ചോറുണ്ണാതെ വയറ് കാഞ്ഞു ഓടിപോയത്..

കണ്ണ് നീറിയിട്ട് വയ്യ .. കണ്ണുകൾ അമർത്തിതിരുമ്മി ഞാനകത്തേക്ക് നടന്നു..
മക്കള് പട്ടിണി കിടക്കുമ്പോൾ വിശപ്പും ദാഹവും അമ്മമാർക്കുണ്ടാകില്ലെന്ന് ഇവരൊക്കെ ഏത് കാലത്ത് അറിയാനാ..

ഇവരെക്കൊണ്ട് ഞാൻ മടുത്തു.. അപ്പനും ചേട്ടനും കൂടി എന്റെ കൊച്ചിന് അല്ലെങ്കിലേ സമാധാനം കൊടുക്കില്ല…ഈ ഉണ്ണാൻ വരുന്ന സമയത്തെങ്കിലും ചെറുക്കനിത്തിരി സ്വൈര്യം കൊടുക്കണ്ടേ..

” നിങ്ങക്കിത് എന്തിന്റെ കേടാണ് മാപ്ളേ അവൻ നന്നായിക്കോളും.. എല്ലാർടെ തലേലും ഒരേപോലെ കർത്താവ് എഴുതോ.. സെബാനെ പോലെ ആകണമെന്ന് ഓതിയോതി ആ ചെക്കന് പത്തിന്റെ പൈസേടെ ഇരിക്കപ്പൊറുതി ഒരു നിമിഷം കൊടുക്കില്ല..”

ഇരുപ്പുമുറിയിലെ കസേരയിൽ കാലുകൾ നീട്ടിവച്ച് തലക്ക് പിന്നിൽ കയ്യും കെട്ടി നിസ്സംഗനായി ഇരിക്കുന്ന കെട്ട്യോൻ വർഗീസിനോട് എണ്ണിപ്പെറുക്കി ഞാൻ തിരുഹൃദയത്തിന്റെ മുൻപിൽ ചെന്ന് നിന്നു.

നിനക്കിത് പരാതിയൊഴിഞ്ഞ നേരമില്ലല്ലോയെന്നാകും കർത്താവൊന്ന് പുഞ്ചിരിച്ച് കയ്യും പൊക്കികാണിച്ച് ഒരു മൂലയിലിരുന്നെന്നെ നോക്കുന്നുണ്ട്.

കെടാവിളക്കിലേക്ക് ഇത്തിരി എണ്ണ പകർന്ന് ഞാൻ തിരിയൊന്നു നീട്ടിവച്ച് കയ്യിൽ പറ്റിയ എണ്ണ തുടയ്ക്കാൻ തലയിലേക്ക് വിരൽ നീട്ടി..

കാര്യം ശരിയാ! ചെക്കനിത്തിരി വെകിളിത്തരമുണ്ട്.. പ്രായമതല്ലേ.. കൂട്ടുകാരേം കൂട്ടി സഭ കൂടി നടന്ന് ഒരു ഉത്തരവാദത്തോമില്ല അവന്..എന്നാലും കൊച്ചു ചെക്കനല്ലേ ഇച്ചിരി കൂടി കഴിഞ്ഞാൽ പക്വതയും കാര്യപ്രാപ്തിയും തന്നെയങ്ങ് വന്നോളുമല്ലോ! കർത്താവേ.. അതിനിത്തിരി മനസമാധാനം കൊടുക്കണേ..

” അമ്മച്ചി..”

സെബാനാണ് ..മൂത്ത പുത്രൻ.. അവനെന്നും അപ്പന്റെ ചൊല്ലുവിളിയുള്ള മകനാണ്.. അപ്പന്റെ വാക്കിനപ്പുറം ഒരു കാൽവെയ്പ്പ് പോലും വെയ്ക്കാത്തോൻ..ഒരു പേരുദോഷവും കേൾപ്പിക്കാതെ ദുശീലങ്ങളൊന്നു മില്ലാതെ അപ്പന്റെ സൽപുത്രനായി ജോലിയും ചെയ്ത് ജീവിക്കുന്നു.

” എന്താ സെബാനെ? നിനക്ക് സമാധാനമായോ ഇപ്പോൾ.. മുൻപൊരു തവണ അവൻ അറിയാതെ പെട്ട വഴക്കിൽ പോലീസ് കൊണ്ടോയതും പ്രായപൂർത്തി ആവാത്തൊണ്ടു കേസ് എടുക്കാതെ അപ്പനെ അറിയുന്ന പോലീസുകാരൻ വിട്ടതും നിനക്കറിയാവുന്നതല്ലേ.. പിന്നെ ഇത് ഇന്നലെ നടന്ന കൂട്ട് നീ നിന്റെ സംബന്ധകൂട്ടരുടെ മുൻപിൽ നാണം കെട്ടെന്നു ഹാലിളക്കിയത് എന്തിനാ..”

തലതാഴ്ത്തി ചുവരിൽ ചാരിനിൽക്കുന്ന സെബാനെ ഞാൻ നോക്കി.

“ഞാനത് അവനെ വിഷമിപ്പിക്കാൻ വേണ്ടിയോ വഴക്ക് ഉണ്ടാക്കാൻ വേണ്ടിയോ അല്ലല്ലോ അമ്മച്ചി എടുത്തിട്ടത്.. അവര് കല്യാണം ഒഴിയാൻ കാരണം മൂന്നാൻ അറിയിച്ചതല്ലേ.. പിന്നെ ബാ റിൽ അന്ന്അ ടിയുണ്ടാക്കിയത് ആ പെങ്കൊച്ചിന്റെ ആങ്ങളയോടാ.. അത് മുഴുവൻ കേൾക്കും മുൻപേ അവന് കലിയിളകി.. അപ്പനെന്തോ പറയാനും അവൻ ഇറങ്ങിപോകാനും..”

സെബാൻ ഒന്നും പറഞ്ഞില്ല എങ്കിലും അവന്റെ മൗനത്തിന്റെ ഭാഷയെനിക്ക് അറിയാമായിരുന്നു കുട്ടികാലം മുതൽ എന്തിനും മുൻ‌കൂർ ജാമ്യമെടുത്ത് വേറെ ആരുടെയെങ്കിലും തലയിലേക്ക് വച്ച് രക്ഷപെടാൻ അവനെന്നും മിടുക്കനാണ്.

” നീയൊന്ന് സമാധാനിച്ചിരിക്ക് മർഗില്യേ..ഇന്നെ കൊണ്ട് വയ്യ നിന്നോട് തല്ലുകൂടാൻ.. ലാളിച്ചു വഷളാക്കി ഒരു കാര്യവും ചെക്കനോട് മിണ്ടാൻ പറ്റാതെ ആയി.. അടക്ക ആണെങ്കിൽ മടിയിൽ വെക്കാം അടക്കാമരം വെക്കാൻ പറ്റോ എന്തെങ്കിലും കാട്ടികൂട്ടട്ടെ..”

വർഗീസ് മാപ്പിളക്ക് ഇളയമകനെന്ന ചതുർത്ഥിയെ പണ്ടേ കണ്ടുകൂടാ..

സെബാന്റെ കല്യാണാലോചന മുടങ്ങിയത് ബാസ്റ്റിന്റെ ക ള്ളുകുടിയും അ ടിപിടിയും കാരണമാണെന്ന സംസാരത്തിന് തുടക്കമിടുമ്പോഴേക്കും അല്ലെങ്കിലും ഇവനെക്കൊണ്ട്‌ കുടുംബത്തിന് എന്താ ഉപകാരമെന്ന് അപ്പൻ ഇളയമകനെ നോക്കി ശബ്ദമുയർത്തിയതാണ്, കയ്യിൽ കിട്ടിയ ഷർട്ടും വാരിവലിച്ചിട്ട് അവൻ ഇറങ്ങിപ്പോയി..

പറയാനുള്ളതെല്ലാം പറഞ്ഞ് കഴിഞ്ഞു കാണണം ഒന്നും മിണ്ടാതെ എന്നെയും നോക്കിയിരിക്കുന്ന കെട്ട്യോനെ തറപ്പിച്ചൊന്നു നോക്കി ഞാൻ..

ഇളയമകനോടുള്ള ലാളന നിനക്കൽപം കൂടുതലെന്ന് അവന്റെ ശരികൾക്കും വാശിക്കുമൊപ്പം ഞാൻ നിൽക്കുമ്പോഴൊക്കെയുമുള്ള അട്ടഹാസങ്ങൾ ഇവിടെ ചുവരുകൾ പോലും കേട്ട് മടുത്തു.. മൂത്തവന്റെ കാര്യത്തിൽ അപ്പൻ കാണിക്കുന്നതിന് മാത്രം കണക്കില്ല..

ജനിച്ചപ്പോൾ മുതൽ വയ്യായ്കയുള്ള അവനെയും കൊണ്ട് കുറെ ഓടിയതല്ലേ എന്നോർത്ത് ബാസ്റ്റിന്റെ കൂടെ കുറച്ച് നിന്നെന്നത് ശരി തന്നെ , പക്ഷേ എന്റെ കൊച്ചന് കൂട്ടുകാരുടെ ഒരു കൊള്ളരുതായ്മയിലും പങ്ക് ഇല്ലായിരുന്നു..

വല്ലപ്പോഴും ഒരിച്ചിരി ബി യർ പോലും കുടിക്കാത്ത സെബാനെപോലെയുള്ള പിള്ളാര് എത്രെ കാണും ഈ കാലത്ത് ? അവനെക്കണ്ടു പഠിക്ക്! അവനെ ങ്ങനെ യെന്ന് നോക്ക് ! എന്ന് നാഴികക്ക് നാല്പതുവട്ടം കേൾക്കുന്ന മക്കൾ ത ല തിരിഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു.

കൂട്ടുകാരുടെ കൂടെ അന്നവൻ വഴക്ക് നടന്നിടത്ത് ഉണ്ടായിരുന്നെങ്കിലും ഒരു തുള്ളിപോലും അവൻ കഴിച്ചില്ലായിരുന്നെന്ന് ഉണ്ണിപോലീസ് പറഞ്ഞതാ… എങ്കിലും മൂത്തമോൻ എന്ത് പറഞ്ഞാലും അപ്പനൊന്ന് ഏറ്റുപിടിച്ചിരിക്കും..

സെബാനെപോലെ സന്ധ്യ ആകുമ്പോഴേക്കും വീട്ടിലെത്തി കുടുംബകാര്യം നോക്കുന്ന ചൊല്ലുവിളിയുള്ള മകനാക്കാൻ നോക്കിയിട്ട് നടക്കാത്തതിന്റെ കലിയാണ് അപ്പന്..

എല്ലാരേം ഒരേ അച്ചിൽ വാർക്കുന്നതല്ലല്ലോ കാര്യങ്ങൾ പറഞ്ഞു മനസിലാക്കയല്ലേ ആദ്യം വേണ്ടത്..തന്നോളം വളർന്നാൽ മക്കളെ താനെന്ന് വിളിക്കണമെന്നാണ് ചൊല്ല്. ചേട്ടനായാലും അപ്പനായാലും വേറൊരാളുടെ മുൻപിൽ തലകുനിച്ച് എന്നും നിൽക്കുന്നത് ആര് സഹിക്കും..

” അമ്മച്ചി ചോറുണ്ടിട്ട് ഒന്ന് കിടന്നേ..മൂന്നാലുകൂട്ടം മരുന്ന് കഴിക്കുന്നതാ മറക്കണ്ട..”

സെബാന്റെ സ്വരം കാതിലെത്തിയപ്പോഴും..

എന്റെ മർഗിലി ചേടത്തിയാര് ഇങ്ങുവന്നേ..ഞാൻ ചോറ് വാരിതരാമെന്ന് കളിപറഞ്ഞ് കവിളിൽ നുള്ളുന്ന ബാസ്റ്റിന്റെ മുഖമാണ് മനസ്സിൽ..

ഇവര് പറയുന്നപോലെ എന്റെ വീട് ,എന്റെ കുടുംബം ,സ്വന്തം കാര്യം എന്നൊക്കെ മന്ത്രം ചൊല്ലിനടക്കുന്ന മൂത്ത പുത്രന്റെ പതിപ്പ് ആകാതെ എന്റെ മോനെ ഇപ്പോഴുള്ള പോലെ സഹജീവികാരുണ്യമുള്ള നല്ലൊരു മനുഷ്യനായി എന്നും നിലനിർത്തണെ കർത്താവേ…

മനസുരുകിയാണ് ഞാൻ തിരുരൂപം നോക്കിയത്.. ആര് തള്ളിക്കളഞ്ഞാലും പെറ്റവയറിനത് പറ്റുമോ.. വഴക്കും തിക്കുംതിരക്കും കാരണമാകും പ്രഷർ കൂടി തല വെട്ടിപൊളിയുന്നു..

ലൈസൻസ് എടുക്കാതെ നീയിനി ബൈക്ക് തൊട്ടാൽ കൈവെട്ടുമെന്ന അപ്പന്റെ ഭീഷണിയിലല്ല ലൈസൻസ് ഇല്ലാതെ അവന്റെ കയ്യീന്ന് അപകടം പറ്റിയാൽ അപ്പനകത്തു കിടക്കേണ്ടിവരുമെന്ന് ഞാൻ വിവരിച്ചുകൊടുത്തപ്പോൾ 18 വയസ്സ് തികഞ്ഞ് ലൈസൻസ് എടുക്കും വരെ വണ്ടി ഓടിക്കാതിരുന്ന ചെക്കനാണ്. കാര്യങ്ങൾ മനസിലാകാത്തവൻ ഒന്നുമല്ല..

പഠിപ്പ് കഴിഞ്ഞ് വന്ന് അവനൊന്ന് വണ്ടിയെടുത്താൽ അപ്പോൾ വാളെടുക്കും അപ്പനും ചേട്ടനും.. ബിടെക് കഴിഞ്ഞിട്ടും തെണ്ടിത്തിരിഞ്ഞ് ജോലിക്ക് കേറാതെ നടന്നാൽ പെട്രോളടിക്കാൻ ആരും ഉണ്ടാക്കിയിട്ടില്ലെന്നും പറഞ്ഞ് ഇവര് സമാധാനം കൊടുക്കാതെ ഇരുന്നപ്പോഴാണ് ആരോടും പറയാതെ കല്യാണപ്പാർട്ടികൾക്ക് സഹായത്തിന് അവൻ പോകാൻ തുടങ്ങിയത് .

ജോലിയാകും വരെ അവന്റെ ചിലവ് കാശിന് ആരെയും ആശ്രയിക്കേണ്ടല്ലോ എന്ന് ഞാനെല്ലാരോടും പറഞ്ഞിട്ടും കുടുംബക്കാരിൽ ആരോ അവനെ കണ്ടെന്നും അവർക്ക് മുൻപിൽ നാണംകെടുത്തിയെന്നാണ് ഇവിടുള്ളോരുടെ ഭാഷ്യം ..

ഇന്നത്തെക്കാലത്ത് സ്വന്തമായി ജോലിചെയ്ത പണം കൊണ്ട് പഠിക്കാൻ വരെ കുട്ട്യോള് നടക്കുമ്പോഴാ മാപ്ളേടെ ഒരു തറവാടിത്തം..

” ചേടത്തിയാര് ഇങ്ങട് വന്നേ.. വിഷമിച്ചിട്ട് ഇനി വയ്യായ്ക കൂട്ടണ്ട.. വാ ഇച്ചിരി കഞ്ഞി കുടിച്ചിട്ട് ഒന്ന് കിടക്കാം എല്ലാം സമാധാനം ആകട്ടെ..”

വനജയാണ് ..എനിക്കൊരു കൈസഹായത്തിന് കാലങ്ങളായി അവളാണ് വീട്ടിലെ പണിക്ക് വരുന്നത്..

എപ്പോഴോ ഗ്യാരണ്ടിക്കമ്മലൂരി കാതിലെ പഴുപ്പ് തുടച്ചുകളഞ്ഞ് മുറ്റത്തെ തുളസിത്തണ്ടൊന്ന് പറിച്ചെടുത്ത്‌ കാതിലെ ഓട്ടയിൽ വനജ കുത്തികയറ്റുന്നത് കണ്ട്, അമ്മച്ചി ഞാൻ പണിയെടുത്തുണ്ടാക്കിയ കാശിന് വാങ്ങിയ കമ്മലാണ് വനജേച്ചിക്ക് കൊടുക്കെന്ന് കൈയിലേൽപിച്ചത് അവളുടെ കാതിലെ വെള്ളക്കല്ലുകൾക്ക് നടുവിൽ പതിപ്പിച്ച ചുവപ്പ്കല്ലിലെ കുഞ്ഞിതിളക്കത്തിലേക്ക് നോക്കി ഞാനോർത്തു.

ആ കുഞ്ഞിക്കമ്മൽ ക ള്ളുകുടിക്കാനോ ശീട്ട് കളിക്കാനോ ഊരി കൊടുക്കാത്തതിന് കെട്ട്യോൻ തല്ലിച്ചതച്ച മുഖവുമായി പണിക്ക് വന്ന വനജയെ സമാധാനിപ്പിച്ച് ഞാൻ നിന്നപ്പോൾ , അയാളയാളുടെ ഭാര്യയെ തല്ലിയതിന് പോയി തിരിച്ച് തല്ലാൻ അവള് നിന്റെ തള്ളയാണോ എന്ന് എന്റെ കെട്ട്യോന്റെ അട്ടഹാസത്തിലാണ് അവൻ പോയി തല്ലിയത് ഞാനും അവളും അറിഞ്ഞത്..

പെറ്റിട്ടവരെ മാത്രമാണോ അമ്മയാക്കാൻ പാടുള്ളോയെന്ന് അതിന് മറുപടിയായി ഉറക്കെയലറി അവൻ ഇറങ്ങിപോയത് ഇവിടുള്ളവരുടെ കണ്ണിൽ കുറ്റമെങ്കിലും നെഞ്ചിലേക്ക് ചേർത്ത് കൈകൂപ്പി നിറകണ്ണുകളോടെ വനജ നിൽക്കുന്നത് ഞാൻ കണ്ടതാണ്..

കാക്കയ്ക്ക് തൻകുഞ്ഞ് പൊൻകുഞ്ഞെന്ന പോലെ ആരൊക്കെ അവനെ മോശമെന്ന് കാണിച്ചാലും എന്റെ കുഞ്ഞ് എനിക്ക് തങ്കമാണ് തനിത്തങ്കം ..അവനുണ്ണാതെ എനിക്കും വറ്റിറങ്ങണ്ടേ..

കലഹം നിറഞ്ഞ വീട്ടിലെ വിരുന്നിനേക്കാൾ അഭികാമ്യം സ്വസ്ഥതയോടെ കഴിക്കുന്ന ഉണങ്ങിയ അപ്പകഷ്ണമെന്ന സുഭാഷിതമോർത്തതും വനജയോട് ഭക്ഷണം വേണ്ടെന്ന് കയ്യുയർത്തി ആംഗ്യം കാണിച്ച് ഞാൻ കയ്യിലെ കൊന്തമണി തെരുപിടിച്ച് നന്മനിറഞ്ഞ മറിയവും ചൊല്ലി മുറിക്കകത്തേക്ക് പ്രാഞ്ചി പ്രാഞ്ചി നടന്നു..

മനസുരുകുന്നത്കൊണ്ടാകും കാലിടറുന്നുണ്ട് വല്ലാതെ .. ഇവർക്കിടയിൽ ത്രിശങ്കുസ്വർഗത്തിലെ അവസ്ഥയാണ് എന്റേത്..

അവന്റെ കഴുകാനുള്ള തുണി വല്ലോം ഉണ്ടോന്ന് നോക്കട്ടെ എടുത്ത് കഴുകിയിടണം..ഉണ്ടെങ്കിലും അമ്മച്ചിയെ ബുദ്ധിമുട്ടിക്കേണ്ടെന്നോർത്ത് എവിടെയെങ്കിലും തിരുകിവച്ച് അവൻ തന്നെ കഴുകും.

കുഞ്ഞിനെ കാണാതായ അമ്മപ്പൂച്ചയെ പോലെ മിഴിയിടറി പരതി ബാസ്റ്റിന്റെ മുറിക്കകത്തേക്ക് കയറുമ്പോൾ എന്നേക്ക് തീരുമീ സമരങ്ങളെന്നോർത്ത് നെഞ്ച് പൊടിയുന്നുണ്ടായിരുന്നെനിക്ക്..

“എന്നെകൊണ്ട് കാണാൻ വയ്യ വർഗീസേട്ടാ ഇതൊന്നും.. എന്ന് തീരും ദൈവമേ ഈ പരീക്ഷണങ്ങൾ ..”

വനജക്ക് നല്കാൻ മറുപടിയൊന്നുമില്ലാതെ പൊട്ടിച്ചിതറാൻ വെമ്പുന്ന തേങ്ങലൊതുക്കാൻ പാടുപെട്ട് വാ പൊത്തി ചുമലുകൾ കൂച്ചിവിറച്ച് വർഗീസ് മാപ്പിളയിരുന്നു.

എത്ര ദിവസങ്ങളായി ഇതേ രംഗങ്ങൾ അരങ്ങേറുന്നു എങ്കിലും ഓരോ ദിവസവും താനല്ല ഭാര്യയായിരുന്നു ശരിയെന്ന് കുറ്റബോധത്തോടെ ഓർത്ത് വർഗീസ് മാപ്പിളക്ക് ഹൃദയം പിഞ്ഞികീറും..

ബാസ്റ്റിൻ പണ്ടെന്നോ ഇറങ്ങിപോയൊരു ദിവസത്തിന്റെ ഓർമ .. ഇറങ്ങി പ്പോക്കിനപ്പുറമുള്ള നിമിഷങ്ങൾക്ക് ശേഷം അവനൊരു അപകടം പറ്റിയെന്ന വാർത്ത കേട്ട് കട്ടിളപ്പടിയിൽ തലയിടിച്ചു തളർന്നുവീണ മർഗിലിക്ക് പിന്നീടുള്ള ദിവസങ്ങൾ മറവിയിൽ മാഞ്ഞ്‍ പോയിരിക്കുന്നു.

ഇളയമകനെ ജീവനുതുല്ല്യം സ്നേഹിച്ചതിനാൽ ഓർമകളിൽ എന്നോയുള്ള ഒരു ഇറങ്ങിപ്പോക്കിന്റെ വഴക്ക് തീർത്ത് അവൻ വരുന്നത് ഇന്നും കാത്തിരിക്കുന്ന അമ്മച്ചി.

അന്ന് താൻ ആരോഗ്യത്തോടെ മടങ്ങിവന്നതും മാസങ്ങൾക്കിപ്പുറം കുടുംബമെന്ന സ്വർഗത്തിലേക്ക് മുടിയനായ പുത്രൻ മൂ ലക്കല്ലായതും അമ്മച്ചിയറിഞ്ഞില്ലെന്ന് വേദനയോടെയോർത്ത്.. അപ്പനും ചേട്ടനുമൊപ്പം അമ്മച്ചിക്ക് മാത്രം തിരിച്ചറിയാനാകാതെ സോഫയിലൊരു അപരിചിതനായി ഇരുന്ന ബാസ്റ്റിന്റെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

അപ്പനെയാണോ അനിയനെയാണോ സമാധാനിപ്പിക്കേണ്ടതെന്നോർത്ത് സെബാനും മിഴിക്കോണിലൂറിയ നക്ഷത്രതുള്ളികൾ മറയ്ക്കാൻ പാടുപെടുന്നുണ്ടായിരുന്നു.

അപ്പന്റെയും ചേട്ടന്റെയും , കുടുംബത്തിലേക്ക് കാശിന് കൊള്ളാത്തവനെന്ന മുൻധാരണകളെ കാറ്റിൽ പറത്തി മുൻപിലെ ടീപ്പോയിൽ കിടന്ന പഴയ പത്രത്താളുകളിലൊന്നിൽ ബാസ്റ്റിന്റെ ചിരിക്കുന്ന മുഖത്തോടെ ഒരു വാർത്തയുണ്ടായിരുന്നു..

“കരൾരോഗബാധിതനായ അപ്പന് സന്തോഷത്തോടെ തന്റെ കരൾ പകുത്ത് കൊടുത്ത്‌ ജീവിതത്തിലേക്ക് തിരികെ കൂട്ടിയ ബാസ്റ്റിൻ യുവതലമുറക്കൊരു മാതൃക.”

നാളെയും ആവർത്തിക്കാൻ പോകുന്ന മർഗിലിയുടെ പരാതികൾക്കും പരിഭവങ്ങൾക്കും ഉത്തരമാലോചിച്ചു മടുത്ത് , കൈകൾ ഉയർത്തിപ്പിടിച്ച കർത്താവിന്റെ ഉയിർപ്പുരൂപം വിഷണ്ണനായി നിൽക്കുമ്പോൾ… അപ്പന്റെ മുടിയനായ പുത്രന്റെ കിടക്കവിരി കുടഞ്ഞ് വിരിച്ച് മുറി വൃത്തിയാക്കുന്ന തിരക്കിലായിരുന്നു ഞാൻ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *