ഞാൻ അമ്മയെ വിളിക്കാൻ ശ്രമിച്ചു. ശബ്ദം പുറത്തു വന്നില്ല. ഒരു ഞെരക്കം മാത്രമുണ്ടായി. അതു തന്നെ പുറത്തു വന്നോ എന്നറിയില്ല. അനങ്ങാനോ മിണ്ടാനോ കഴിയാത്ത അവസ്ഥ…

ജീവൻരക്ഷാമരുന്ന്

എഴുത്ത്:- ശ്രീജിത്ത് പന്തല്ലൂർ

           കൊറേ കൊല്ലം മുൻപാണ്, അന്നെന്റെ കല്യാണം കഴിഞ്ഞിട്ടില്ല… ജോലി കഴിഞ്ഞ് വീട്ടിലെത്തി ഉറങ്ങാൻ കിടന്നതാണ്. എന്തോ ഒരു സുഖവും തോന്നിയില്ല. താഴെ ഹാളിലാണ് അമ്മ കിടന്നുറങ്ങുന്നത്. വേഗം അമ്മ കിടക്കുന്ന കട്ടിലിനു താഴെ പായ് വിരിച്ചു കിടന്നു… ഒരുറക്കം കഴിഞ്ഞെന്നു തോന്നുന്നു. ഒന്നു തിരിഞ്ഞു കിടക്കാനായി ശ്രമിച്ച എനിക്ക് അതിനു കഴിഞ്ഞില്ല… അനങ്ങാനേ കഴിയുന്നില്ല… നെഞ്ചിൽ ഇടത്തേ ഭാഗത്ത് ഭയങ്കര വേദന… ശരിയായി ശ്വാസമെടുക്കാൻ പോലും കഴിയുന്നില്ല…

           ഞാൻ വെറുതെ തപ്പി നോക്കി. ഇടതു വശത്തല്ലേ ഹൃദയം… യ്യോ… അതു തന്നെ… ഹാർട്ട് അറ്റാക്ക്… ഞാൻ മരിക്കാൻ പോകുന്നു…            

         ” അമ്മേ…”.

            ഞാൻ അമ്മയെ വിളിക്കാൻ ശ്രമിച്ചു. ശബ്ദം പുറത്തു വന്നില്ല. ഒരു ഞെരക്കം മാത്രമുണ്ടായി. അതു തന്നെ പുറത്തു വന്നോ എന്നറിയില്ല. അനങ്ങാനോ മിണ്ടാനോ കഴിയാത്ത അവസ്ഥ… ചിന്തിക്കാൻ മാത്രം കുഴപ്പമില്ല… ഞാൻ കാടു കയറി ചിന്തിക്കാൻ തുടങ്ങി…

            നാളെ രാവിലെ അമ്മ ഉണരുമ്പോൾ എന്നെ വിളിച്ചു നോക്കും. ഉണരാത്തതു കാണുമ്പോൾ കുറച്ചു നേരം കൂടി ഉറങ്ങിക്കോട്ടെ എന്നു വിചാരിച്ച് അടുക്കളയിലേക്കു പോകും. ചോറും കറിയുമൊക്കെ വച്ചു കഴിഞ്ഞ് വീണ്ടും വന്നു വിളിക്കും… അപ്പോഴാണറിയുക ഞാനെപ്പോഴേ മരിച്ചു കഴിഞ്ഞെന്ന്… നാട്ടുകാർ പറയും. ഭാഗ്യവാൻ… ഉറക്കത്തിൽ മരണം… വേദനയറിയതുള്ള സുഖമരണം…

           പിന്നെ നാട്ടുകാരുടേയും ബന്ധുക്കളുടേയും വരവായി, കരച്ചിലായി, അനുശോചനങ്ങളായി… വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞയാളായതിനാൽ ദഹിപ്പിക്കേണ്ട കുഴിച്ചിട്ടാൽ മതിയെന്ന് മുതിർന്നവർ പറയും… അങ്ങനെ തെക്കേപ്പുറത്തെ ആറടി മണ്ണിനടിയിൽ ഞാൻ വളമായലിഞ്ഞു ചേരും…

              യ്യോ… ഓർക്കുമ്പോൾത്തന്നെ പേടിയാകുന്നു… എനിക്കിപ്പോ മരിക്കേണ്ട… ഒരു കല്യാണമൊക്കെ കഴിച്ച് മൂന്നാലു പിള്ളേരൊക്കെയായിട്ട് പതുക്കെ മരിച്ചാൽ മതി… എനിക്ക് ഉറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു… ശബ്ദം പുറത്തു വന്നിട്ടു വേണ്ടേ… ഇപ്പോൾ ശക്തിയായി ശ്വാസമെടുക്കുമ്പോൾ പോലും വേദനിക്കുന്നു… ഞാനെന്റെ മരണം ഉറപ്പിച്ചു… ധൈര്യം നടിക്കാൻ ശ്രമിച്ച് കാലന്റെ വരവും കാത്തു കിടന്നു…

              രാവിലെ വിളിച്ചുണർത്തിയത് കാലനായിരുന്നില്ല… അമ്മയായിരുന്നു… ഞാൻ മരിച്ചില്ലേ…

              ഞരങ്ങിയും മൂളിയും അമ്മയോടു കാര്യം അവതരിപ്പിച്ചു… അമ്മയ്ക്കും പേടിയായി… ആശുപത്രിയിൽ കൊണ്ടു പോകാനായി അടുത്തുള്ള ഓട്ടോക്കാരെയെല്ലാം ഫോണിൽ വിളിച്ചു നോക്കി. ആരും തന്നെ സ്ഥലത്തില്ല… മുറ്റത്തു ഞാനിന്നലെ കൊണ്ടു വന്ന കമ്പനി കാർ കിടക്കുന്നുണ്ട്… ആരോടിക്കും… ഡ്രൈവിങ്ങ് അറിയാവുന്ന കൂട്ടുകാരൊക്കെ ഗൾഫിലാണ്… പണ്ടാരമടങ്ങാനായിട്ട് ഞാൻ തന്നെയാ എല്ലാരേം എയർപോർട്ടിൽ കൊണ്ടുവിട്ടത്… എന്നെയൊന്ന് ആശുപത്രീൽ കൊണ്ടു പോകാൻ ഒരുത്തനുമില്ലേ…

              ങാ… ഒരുത്തനുണ്ട്… രജ്യേട്ടൻ… യഥാർത്ഥ പേര് രജിത്ത്. ബഹുമാനാർത്ഥം അവൻ സ്വയം വിളിക്കുന്നത് രജ്യേട്ടാന്നാണ്… നല്ലൊരു ഡ്രൈവിങ്ങ് ലൈസൻസ് സ്വന്തമായുണ്ട്. അത്യാവശ്യം വണ്ടി ഉരുട്ടാനറിയാം. ധൈര്യത്തിന് കൂടെ ഞാൻ വേണമെന്നേയുള്ളൂ… വിളിച്ചയുടനെ രജ്യേട്ടൻ ഹാജർ. ആവശ്യമറിയച്ചപ്പോൾ പുള്ളി നിന്ന് വിറയ്ക്കാൻ തുടങ്ങി. വീട്ടിൽ നിന്നും ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റലിലേക്ക് പത്തിരുപത് കിലോമീറ്റർ ദൂരമുണ്ട്… അതും ഹൈവേയിലൂടെ കാറോടിക്കണമെന്നോർത്തപ്പോൾ അവൻ ഇപ്പോൾ തല കറങ്ങി വീഴുമെന്നായി… അവനേം കൊണ്ട് ഞാൻ ആശുപത്രീ പോകേണ്ടി വരുമോ എന്ന് സംശയമായി. നിർബന്ധിച്ചപ്പോൾ ഒടുവിൽ സമ്മതിച്ചു. ഒരു കണ്ടീഷൻ, ഞാൻ മുൻ സീറ്റിൽ ഇരിക്കണം…

          അങ്ങനെ കാർ പുറപ്പെട്ടു. പോകുന്ന വഴിയിൽ അമ്മ എന്റെ കമ്പനിയിലെ ജി എമ്മിനെ വിളിച്ച് കാര്യം പറഞ്ഞു. പാപ്പന്റെ മോൻ സനൂപ് സെൻറ് ജെയിംസ് ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്നത്. അവനേം വിളിച്ചു പറഞ്ഞു.

           കാഷ്വാൽറ്റിക്കു മുൻപിൽ കാർ നിർത്തിയപ്പോഴേക്കും ഉന്തുവണ്ടിയുമായി പാപ്പന്റെ മോൻ സനൂപും മറ്റു ജീവനക്കാരും ഓടിയെത്തി. അവിടെ കൂടി നിന്ന മറ്റു രോഗികളുടെ ബന്ധുക്കൾ സഹതാപത്തോടെ എന്നെ നോക്കുന്ന കണ്ടപ്പോൾ എനിക്കും എന്നോടു സഹതാപം തോന്നി. പാവം ഞാൻ…

            നഴ്സുമാരും ഡോക്ടർമാരുമടക്കം കുറേപ്പേർ എന്റെ ചുറ്റും നിരന്നു നിന്നു. ഇ.സി.ജി.യെടുക്കുന്നു. ചോരയും നീരുമൊക്കെ വലിച്ചെടുത്ത് ടെസ്റ്റ് ചെയ്യാൻ കൊണ്ടു പോകുന്നു. കുറച്ചു മാറി നിന്ന് ഡോക്ടറും നഴ്സുമാരും കൂടി നിന്ന് ചർച്ച ചെയ്യുന്നു.

            സനൂപ് എന്റെയടുത്തു വന്നു ചോദിച്ചു.

            ” കുഞ്ഞേട്ടാ… എന്താ പറ്റീത്…?”.

            സങ്കടം കൊണ്ടാണോ വേദന കൊണ്ടാണോ എന്നറിയില്ല. എനിക്ക് വാക്കുകൾ പുറത്തു വന്നില്ല…

            മോനേ സനൂ… കുഞ്ഞേട്ടൻ പോവാടാ…

            ഞാൻ മനസ്സിൽ പറഞ്ഞു.

            ” എന്തായാലും അഡ്മിറ്റ് ചെയ്യാം…”. ഡോക്ടർ സനൂപിനോടു പറയുന്നതു കേട്ടു.

              ഐസിയുവിലേക്കോ മോർച്ചറിയിലേക്കോ മാറ്റുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്. സാരമില്ല കുറച്ചു കഴിഞ്ഞ് മാറ്റുമായിരിക്കും…

              വേദനയ്ക്കൊട്ടും കുറവില്ല. ഇത് എന്നേം കൊണ്ടേ പോകൂ എന്ന് തോന്നുന്നു. കമ്പനിയിൽ നിന്നും ജീയെമ്മും ഓഫീസ് സ്റ്റാഫുകളും വന്നു. അവരോടും ഒന്നും മിണ്ടാൻ കഴിഞ്ഞില്ല. അല്പനേരം സഹതാപത്തോടെ നോക്കി നിന്ന് ആശ്വസിപ്പിച്ച് കുറച്ച് കാശും തന്ന് അവർ യാത്ര പറഞ്ഞിറങ്ങി… പുതിയ മാർക്കറ്റിങ്ങ് മാനേജർക്ക് വേണ്ടിയുള്ള പരസ്യം നാളത്തെ പത്രത്തിൽ കാണുമായിരിക്കും… പുതിയ ആളെങ്കിലും കമ്പനിയെ രക്ഷപ്പെടുത്തട്ടെ…

              ” ചേട്ടാ… ഒന്നു ടി എം ടി ചെയ്തിട്ടു വരാം…”. ഒരു നഴ്സ് മുറിക്കകത്തേക്ക് കടന്നു വന്ന് പറഞ്ഞു.

               ” ടി എം ടി യോ… അതെന്തോ കമ്പിക്ക് പറയുന്ന പറയുന്ന പേരല്ലേ…?”.

               ” അതല്ല ചേട്ടാ… ഇത് ട്രെഡ് മിൽ ടെസ്റ്റാണ്…”. നഴ്സ് പറഞ്ഞു.

                എന്തു ടെസ്റ്റ് വേണേലും നടത്തിക്കോ… ഈ അറ്റാക്കൊന്ന് പിടിച്ചു നിർത്തിയാൽ മതി…

               ഞാൻ വേദന കടിച്ചു പിടിച്ച് എണീറ്റു. നഴ്സെന്നെ വീൽച്ചെയറിൽ എങ്ങോട്ടോ കൊണ്ടു പോയി. ഒരു മുറിക്കകത്തേക്കു കടന്നപ്പോൾ ഞാൻ കണ്ടു. മുറിക്കകത്തു നിന്ന് ഓടാൻ കഴിയുന്ന മെഷീൻ… ഇതാണല്ലേ ട്രെഡ്‌ മിൽ…

              എന്റെ ഷർട്ടഴിച്ചു മാറ്റി ശരീരത്തിൽ കുറേ സ്റ്റിക്കറുകൾ ഒട്ടിച്ചു വച്ചു അതിൽ നിന്നും കുറേ വയറുകൾ ഏതോ മെഷീനിലേക്ക്. എന്നോട് ട്രെഡ് മില്ലിൽ കയറി നിന്ന് നടക്കാൻ പറഞ്ഞു. കുറച്ചു നേരത്തിനു ശേഷം വീൽച്ചെയറിൽ വീണ്ടും റൂമിലേക്ക്… എനിക്ക് ഉറപ്പായി… അറ്റാക്ക് മാത്രമല്ല, മറ്റെന്തോ ഗുരുതര പ്രശ്നം കൂടി എനിക്കുണ്ട്… അല്ലാതെ ഇങ്ങനത്തെ ടെസ്റ്റുകളൊന്നും നടത്തില്ല…

             ഞാൻ മുറിയിലെത്തി ബെഡിലേക്കു ചെരിഞ്ഞു. കിടന്നു കൊണ്ടു തന്നെ ജനാലയിലൂടെ പുറത്തേക്കു നോക്കി. ഇരുട്ടാവാൻ തുടങ്ങീക്കണു. എന്റെ അസ്തമനവും അടുത്തിട്ടുണ്ടാവും… നാളത്തെ പുലരി കാണാനുണ്ടാകുമോ എന്തോ…

               ” കഞ്ഞി കുടിച്ചിട്ട് കിടക്കാം…”. അമ്മ പറഞ്ഞു.

               അവസാന അത്താഴം… ഞാൻ ഞെരിപിരിയോടെ എണീറ്റിരുന്ന് കഞ്ഞി കുടിച്ചു. ഇനിയീ കഞ്ഞിയും കുടിക്കാനാകുമോ… അല്പം കഞ്ഞി കുടിച്ചെന്നു വരുത്തി വീണ്ടും കിടക്കാനാഞ്ഞു.

              അപ്പോഴാണ് ഒരു നഴ്സ് മുറിയിലേക്ക് കടന്നു വന്നത്. ഒരു ദിവ്യപ്രകാശം ആ മാലാഖയുടെ ശിരസ്സിനു പിന്നിൽ നിന്നും വഴിയുന്നതായി എനിക്കു തോന്നി… എന്നെ പറുദീസയിലേക്കു കൂട്ടിക്കൊണ്ടു പോകാനായി വന്ന മാലാഖയാണോ… മനോഹരമായ ഒരു പുഞ്ചിരിയോടെ അവർ ചോദിച്ചു.

                 ” ഭക്ഷണം കഴിച്ചോ ചേട്ടാ…?”.

               ചേട്ടാന്നോ… മാലാഖമാർ അങ്ങനെയാണോ നമ്മെ അഭിസംബോധന ചെയ്യുക…

          ഞാൻ ഉവ്വെന്ന് തലയാട്ടി…

           ” എന്നാൽ ഇതു കുടിച്ചിട്ട് കിടന്നോളൂ…” എനിക്കു നേരെ ഒരു ചെറിയ കുപ്പി നീട്ടിക്കൊണ്ട് അവർ പറഞ്ഞു.

               ഞാൻ കൈ നീട്ടി വാങ്ങി ആ ദിവ്യൗഷധം പാനം ചെയ്തു. പുഞ്ചിരിയോടെത്തന്നെ മാലാഖ വാതിൽ കടന്ന് അപ്രത്യക്ഷയായി. ഞാൻ പാനം ചെയ്ത ഔഷധം എന്റെ സിരാ പടലങ്ങളിലേക്ക് പടരുന്നതായി എനിക്കു തോന്നി. നിർവൃതിയോടെ ഞാൻ മിഴികളടച്ചു കിടന്നു…

          ഹാ സുന്ദരലോകമേ… എനിക്കു വിട തരൂ…

        അമ്മ തട്ടി വിളിച്ചപ്പോഴാണ് ഞാനുണർന്നത്. ങേ… ഞാൻ മരിച്ചില്ലേ… ഞാൻ വേഗം ചാടിയെണീറ്റു. അപ്പോഴാണ് ശ്രദ്ധിച്ചത്… വേദന തീരെയില്ല… ഇന്നലെ രാത്രി ഉറങ്ങാൻ കിടക്കുന്നവരെ അനങ്ങുമ്പോഴും മിണ്ടുമ്പോഴും ശ്വാസമെടുക്കുമ്പോൾ പോലും അസഹ്യമായ വേദനയായിരുന്നു… ഇപ്പോൾ തീരെയില്ല… ഞാൻ വേഗമെണീറ്റ് ചാഞ്ഞും ചരിഞ്ഞും ചാടിയുമൊക്കെ നോക്കി… ഒരു കുഴപ്പവുമില്ല…

            ” അമ്മേ… വേദന പോയി…”.

        എന്തു മിറാക്കിളാണ് സംഭവിച്ചത്… ഞാനോർത്തു. ഇന്നലെ ആ മാലാഖ തന്ന ദിവ്യൗഷധം… അതാണെന്റെ ജീവൻ രക്ഷപ്പെടുത്തിയത്… ഞാൻ നോക്കി… ആ കാലിക്കുപ്പി അപ്പോഴും മേശപ്പുറത്തിരുന്ന് എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു…

            ” അമ്മേ അതാണ്… ആ മരുന്നാണ് എന്റെ ജീവൻ രക്ഷിച്ചത്…”. ഞാൻ പറഞ്ഞു.

             അമ്മ ആ കുപ്പി കൈയിലെടുത്തു കൊണ്ട് പുച്ഛത്തോടെ പറഞ്ഞു.

             ” ഇതോ… എടാ ഇതാണ് ജെലൂസിൽ… ഗ്യാസിനുള്ള മരുന്ന്… നിനക്ക് വേറെ ഒരു കുഴപ്പവുമുണ്ടായിരുന്നില്ല… വെറും ഗ്യാസ്ട്രബിൾ…”.

               അയ്യേ… ഗ്യാസ് ട്രബിളോ… നാണക്കേട്… ഇതിലും ഭേദം അറ്റാക്ക് വന്ന് മരിക്കുന്നതു തന്നെയായിരുന്നു…

           ഞാനാ ജീവൻരക്ഷാ മരുന്നിന്റെ കുപ്പിയിലേക്ക് കോപത്തോടെ നോക്കി… എന്നെ വെറുതേ നാണം കെടുത്തീല്ലേ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *