ഞാൻ ആ ചെറുപ്പക്കാരന്റെ അടുത്തേക്ക് ചെന്നു. അവന്റെ കണ്ണുകള്‍ അടഞ്ഞിട്ടില്ല. ആ പുരികങ്ങളുടെ പിടപ്പ് എന്നെ വല്ലാതെ അസ്വസ്തനാക്കുന്നു…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

ഭയപ്പെടുത്തുന്ന ശബ്ദത്തോടെയാണ് അന്ന് ആ അപകടം സംഭവിച്ചത്. ഓടിക്കൂടിയ ആള്‍ക്കാരില്‍ ഞാനും ഉണ്ടായിരുന്നു.

നിയന്ത്രണം നഷ്ട്ടപ്പെട്ട ഇരുചക്ര വാഹനത്തില്‍ നിന്ന് റോഡിലെ പരുക്കന്‍ പ്രതലത്തില്‍ തലയടിച്ചു വീണ ഒരു ചെറുപ്പക്കാരന്‍.

ആള്‍ക്കൂട്ടത്തില്‍ നിന്നും ഞാൻ അവനെ എത്തിനോക്കി. എനിക്കറിയാം അവനെ. ഞാന്‍ സംസാരിച്ചിട്ടുണ്ട് അവനോട്. പക്ഷെ ,അവനെക്കുറിച്ചുള്ള എന്റെ ഓര്‍മ്മയില്‍ മറവി ബാധിച്ചിരിക്കുന്നു. എനിക്കു പൂര്‍ണ്ണമായും ആ മുഖത്തെ ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല.

നിര്‍ത്തിയിട്ട വാഹനങ്ങളിലെ തലകളും, ഓടിക്കൂടിയവരും അവനെ എടുക്കാനൊ ആശുപത്രിയിലേക്ക് എത്തിക്കാനൊ തയ്യാറായില്ല. എല്ലാവരും തിരക്കിലാണ്.

ചിലര്രൊക്കെ ഏതോയൊരു കൗതുക കാഴ്ച്ച കണ്ടതു പോലെ അവനെ അവരുടെ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നുണ്ട്. മറ്റു ചിലര്‍ സഹതാപത്തിന്റെ കണ്ണുകള്‍ നീട്ടിയ പ്രതിമകളായി മാറിയിരിക്കുന്നു.

ഞാൻ ആ ചെറുപ്പക്കാരന്റെ അടുത്തേക്ക് ചെന്നു. അവന്റെ കണ്ണുകള്‍ അടഞ്ഞിട്ടില്ല. ആ പുരികങ്ങളുടെ പിടപ്പ് എന്നെ വല്ലാതെ അസ്വസ്തനാക്കുന്നു. അവന്റെ ഏങ്ങുന്ന തൊണ്ടയെന്തോ പറയാന്‍ ശ്രമിക്കുകയാണ്. ഞാന്‍ അലറി. അവിടെ കൂടിനിന്നവരുടെ മനഃസാക്ഷിയെ ശബ്ദമുയര്‍ത്തി ചോദ്യം ചെയ്തു.

ആരൊക്കെയോ രണ്ടു മൂന്നുപേര്‍ ചേർന്ന് ആ ചെറുപ്പക്കാരനെ താങ്ങിയെടുക്കുമ്പോഴേക്കും ആംബുലന്‍സ് വന്നിരിന്നു.

ഇത് സുധിയാണ്. ! കിഴക്കേലെ ശ്രീധരന്‍ മാഷിന്റെ മോന്‍..!

കൂട്ടത്തില്‍ ആരൊ അവനെ തിരിച്ചറിഞ്ഞിരിക്കുന്നു. ശരിയാണ് ഞാൻ ഓര്‍ക്കുന്നു. അവന്റെ പേര് ‘സുധീര്‍’ എന്നാണ്.

ആംബുലന്‍സ് നീങ്ങിത്തുടങ്ങി .ഞാൻ ഉൾപ്പടെ നാലു പേരാണ് സുധിയുടെ കൂടെയിപ്പോള്‍. അവന്റെ കയ്യില്‍ ഞാൻ മുറുക്കെ പിടിച്ചു.

ഇളം തണുപ്പ്..!

ആ കൈകളില്‍ ഞാന്‍ തലോടി. സുധി എന്നെ തിരച്ചറിയുന്നത് പോലെ.. അവൻ എന്നോടെന്തോ പറയുകയാണ്… കൂടെയുള്ളവരും അത് ശ്രദ്ധിച്ചു. ആര്‍ക്കു മൊന്നും മനസ്സിലായില്ല. സുധിയുടെ കണ്ണുനീര്‍ ര ക്തത്തില്‍ കലര്‍ന്ന് കവിളിലൂടെ ഒലിച്ചിറങ്ങി. എന്റെ കണ്ണുകള്‍ നിറഞ്ഞു. ഞാൻ അവനെ ചേര്‍ത്തുപിടിച്ച് നോട്ടം കൊണ്ട് ആശ്വസിപ്പിച്ചു. അവന്‍ ഉമിനീരിറക്കാന്‍ ശ്രമിക്കുന്നതു പോലെ എനിക്കു തോന്നി.

‘അവന് ദാഹിക്കുന്നു ഇത്തിരി…..!’

കൂടെ ഉണ്ടായിരുന്നവരോട് ഞാൻ അത് പറയുമ്പോഴേക്കും എന്റെ ശബ്ദം ഭഞ്ജിച്ചുകൊണ്ട് അതിലൊരാള്‍ അവന്‍ മരിച്ചുവെന്ന് പറഞ്ഞു.

ശരിയാണ് സുധി മരിച്ചിരിക്കുന്നു!

അയാള്‍ എത്ര ലാഘവത്തോടെയാണ് അവന്‍ മരിച്ചുവെന്ന് പറഞ്ഞത്. എന്റെ കണ്ണുകള്‍ നിറഞ്ഞു .ഞാന്‍ കരയുകയാണ്… കൂടെ വന്നവര്‍ എന്നെ ശ്രദ്ധിക്കുകയാണെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ കണ്ണുകൾ തുടച്ചു. പിന്നെ ഞാന്‍ സുധിയെ നോക്കിയില്ല.

എനിക്കു തീര്‍ച്ചയാണ്. എന്റെ ജീവിതത്തില്‍ എനിക്ക് ഓര്‍ത്തെടുക്കാന്‍ പറ്റാത്ത ഏതൊയൊരു നേരത്ത് എനിക്കു കൂട്ടിരുന്നവനാണ് സുധി. എനിക്ക് പ്രിയപ്പെട്ടവന്‍. ഇല്ലെങ്കില്‍ എന്റെ ബോധമിങ്ങനെ നിയന്ത്രണം വിട്ട് കരയില്ലായിരുന്നു .പക്ഷെ, എത്ര ആലോചിച്ചിട്ടും ഓര്‍മ്മകള്‍ വ്യക്തത തരുന്നില്ല .

ആശുപത്രിയിലെ ഉപചാരങ്ങള്‍ക്കൊടുവില്‍ സുധിയുടെ ജീവനറ്റ ശരീരം ഏറ്റു വാങ്ങാന്‍ നില്‍ക്കുന്നവരുടെ ഇടയില്‍ ഞാനും നിന്നു. മോര്‍ച്ചറി വരാന്തയിലെ ഇരുട്ടില്‍ കണ്ടു പരിചയമില്ലാത്ത ആള്‍ക്കാരുടെയും, അവരുടെ പിറുപിറുക്കലുകളുടേയും ഇടയില്‍ എനിക്ക് വീര്‍പ്പുമുട്ടുന്നതു പോലെ….

ആംബുലന്‍സ്സ് വന്നു. ഞാനും അതില്‍ കയറിയിരുന്നു. ആരും എന്നോടു ചോദിച്ചില്ല ഞാൻ ആരാണെന്ന്… ചോദിച്ചാല്‍ എന്തു പറയും .? അറിയില്ല ! എന്തു ദയനീയമാണ് എന്റെ അവസ്ഥ! കണ്ണുകള്‍ തിരിച്ചറിഞ്ഞ മുഖത്തെ പൂര്‍ണ്ണമായും പിടിതരാത്ത ഓര്‍മ്മകള്‍. ഞാന്‍ സ്വയം സഹതപിച്ചു!

ആംബുലന്‍സ്സ് നിന്നിരിക്കുന്നു. ഞാന്‍ പുറത്തേക്കിറങ്ങി. എനിക്കു ഓര്‍ക്കാന്‍ കഴിയുന്നു. പണ്ട് എപ്പോഴോ സുധിയുടെ കൂടെ ഞാൻ ഇവിടെ വന്നിട്ടുണ്ട്. എനിക്കു പരിചിതമാണ് ഈ വീടും മുറ്റവും ആ തൊടിയും.

കൂടുതലായി എന്തെങ്കിലുമൊക്കെ ഓര്‍ക്കാന്‍ തുടങ്ങും മുമ്പെ ഉയര്‍ന്നുവന്ന കരച്ചിലിലേക്ക് എന്റെ ശ്രദ്ധ തിരിഞ്ഞു. ഉമ്മറത്ത് വെള്ളപ്പുതച്ച് കിടത്തിയ സുധിയുടെ മരിച്ച ശരീരത്തിനടുത്തിരുന്ന് കരയുന്ന അവന്റെ അമ്മയെ എനിക്ക് തിരിച്ചറിയാന്‍ സാധിക്കുന്നു…

അമ്മ…! ആ നിമിഷത്തെ മൗനത്തിൽ കടന്നുപിടിച്ച എന്റെ ചിന്തകളിലെ മരവിപ്പ് ഞാൻ അറിയുന്നു…

എനിക്കു വിശ്വസ്സിക്കാന്‍ കഴിഞ്ഞില്ല!

ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ ഞാൻ കണ്ണുകളടച്ചു. തൊടിയിലെ മാവില്‍ കൊക്കുരുമ്മുന്ന കരിമ്പന്‍ കാക്കയുടെ നിശ്വാസം വരെ എനിക്ക് ഇപ്പോള്‍ തിരിച്ചറിയാം.

സ്ഥിതീകരിച്ച ഓര്‍മ്മകള്‍ക്ക് മുന്നിൽ തലകുനിച്ച് നിറകണ്ണുകളോടെ തിരിഞ്ഞു നോക്കാതെ ഞാന്‍ നടന്നു . ശരീരം ഇല്ലാത്തവന്റെ എല്ലാം അറിഞ്ഞുള്ള പിന്‍വാങ്ങല്‍…!

Related Posts

Leave a Reply

Your email address will not be published. Required fields are marked *