ഡീ ആഷേ നല്ലൊന്നാതരം ചാളയാണ്.. ആവശ്യകാരൊക്കെ കൊണ്ടോവണ്ട് വേഗം ചെന്നാൽ കിട്ടും.. നമ്മക്കും പോയാലോ… ചിറ്റേന്റെ രാവിലെ ഉള്ള ചോദ്യം……

എഴുത്ത്:- ആഷാ പ്രജീഷ്

മത്തി എന്നൊക്കെ ചിലയിടത്ത് പറയുമെങ്കിലും ഞങ്ങൾക്കിത് ചാളയാണ്… നല്ല കുരുമുളക്കൊക്കെ ഇട്ട് വറുത്താലും കോടംബൂളി ഇട്ട് വറ്റിച്ചാലും ഒറ്റ പ്ലേറ്റ് ചോറ് അകത്താക്കാം… 13 വർഷം പിന്നിലേക്ക്… ഒരു ചാള കഥ.

കല്യാണം കഴിഞു കെട്ടിയോന്റെ വീട്ടിൽ എത്തിയപ്പോ എനിക്കും കിട്ടി രണ്ടു ചങ്ക് കൂട്ടുകാരികളെ ചേട്ടന്റെ ചിറ്റമാർ… എന്നെ പോലെ അത്യാവശ്യം കുരുത്തകേട് ഇവറ്റോൾടെ കൈയിലും ഉണ്ട്.. അവനൊന്റെ പറമ്പിൽ എന്തുണ്ടെലും ആരാന്റെ പറമ്പിൽ നിക്കുന്നതിനോട് ഒരു പ്രത്യേക ഇഷ്ടമാണ് ഞങ്ങൾക്ക്.

“ഡീ ആഷേ നല്ലൊന്നാതരം ചാളയാണ്.. ആവശ്യകാരൊക്കെ കൊണ്ടോവണ്ട് വേഗം ചെന്നാൽ കിട്ടും.. നമ്മക്കും പോയാലോ… ചിറ്റേന്റെ രാവിലെ ഉള്ള ചോദ്യം…

പിന്നെ ഒന്നും ആലോചിചില്ല.. Free ആയി കിട്ടുന്ന ചാളയെ കുറിച്ച് ചെറിയൊരു വട്ടമേശ സമ്മേളനം നടത്തി ഞങ്ങൾ ഓടി… പടിക്കാലി എന്ന് വിളിക്കുന്ന നിറയെ തെങ്ങിൻ തോപ്പും ജാതി തോട്ടവുമുള്ള ആ സ്ഥലത്ത് നിന്ന് ഞങ്ങൾക്കും കിട്ടി ഒരു കവർ നിറയെ നല്ല പെടക്കണ ചാള…

പിന്നെ ചാളയുമായി ഞാൻ അടുക്കളയിൽ തിരക്കോട് തിരക്ക്… അമ്മ അച്ഛനെ കൊണ്ടു ഹോസ്പിറ്റലിൽ ആയത് കൊണ്ടു വീട് ഭരണം മൊത്തം എനിക്കാണ്..

അന്ന് പ്ലസ്‌ two കഴിഞ്ഞു നിൽക്കുന്ന അനുജൻ ഉച്ചക്ക് ചോറുണ്ണാൻ വന്നിരുന്നപ്പോ ചോറും ചാള കറിയും വറുത്തതും കൊടുത്തു.. ഒപ്പം ഞാനും ഇരുന്ന് കഴിച്ചു.. നല്ല ടേസ്റ്റ്..

ചാള കിട്ടിയ വഴി അവനും ചോദിച്ചില്ല ഞാൻ പറഞ്ഞുമില്ല.. അമ്മയും അച്ഛനും ചേട്ടനും വന്നിട്ട് അത്താഴം കഴിക്കുമ്പോ പറയാം.. ഇത്രയും നല്ല ചാള വന്ന കഥ.. ഞാൻ മനസ്സിൽ ഓർത്ത്… സന്ധ്യയായപ്പോ അച്ഛനും അമ്മയുമായി ഏട്ടനെത്തി..

അച്ഛനാണെങ്കിൽ ഡയാലിസിസ് കഴിഞ്ഞതിന്റെ ക്ഷീണത്തിൽ വേഗം എന്റെ കൈയും പിടിച്ചു അകത്തെ കട്ടിൽ വന്നു കിടന്നു…അമ്മയു ഏട്ടനും ഗഹനമായ ഏതോ ചർച്ചയിൽ ആണ്..

“ആ മധു എങ്ങാണ്ടുന്നു ജാതിക്ക് വളമായി ഇടാൻ കൊണ്ടു വന്ന മീനാണ്.. അത് വാരി കൊണ്ടു പോയതുങ്ങളെ സമ്മതിക്കണം.. ഇവറ്റോൾക്കൊക്കെ ഒരു അരകിലോ ചാള കാശ് കൊടുത്തു മേടിച്ചു കൂടെ…”

അമ്മ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ട്… ഞാൻ പെട്ടന്നു അനുജനെ നോക്കി.. സ്വതവേ ശാന്ത സ്വഭാവകാരനായ അവൻ എന്നേ തുറിച്ചു നോക്കുന്നു…പിന്നെ ഒട്ടും മടിച്ചില്ല.. അടുക്കളയിലേക്ക് ഓടി..ആരും ഒന്നും അറിയാതെ എല്ലാം കൈകാര്യം ചെയ്യാൻ സാധിച്ചത് കൊണ്ടു ഒരു ആഭ്യന്തര കലഹം ഒഴിവായി..

ഇത്ര നേരമായിട്ടും കറിയൊന്നും വയ്ക്കാത്തതിന് അമ്മയുടെ വക കുറച്ചു ശകാരം..

ദൈവത്തിനു നന്ദി.. വലിയ കലാപം ഒഴിവാക്കി തന്നതിന്.. ഒപ്പം അനുജനും ആ രഹസ്യം രഹസ്യമായി ഇന്നും സൂക്ഷിക്കുന്നതിനു..

Related Posts

Leave a Reply

Your email address will not be published. Required fields are marked *