തന്റെ പൊന്നോമന മകളുടെ ആവശ്യം പലപ്രാവശ്യം സ്നേഹത്തോടെ നിരസിച്ചു കളയാറുണ്ടെങ്കിലും അരവിന്ദന്….

വാത്സല്യ പൂവ്

STORY WRITTEN BY അരുൺ നായർ

“” അച്ഛാ കഴിഞ്ഞ ആഴ്ച സ്കൂളിൽ നടന്ന പേരെന്റ്സ് മീറ്റിംഗിൽ എന്റെ എല്ലാ കൂട്ടുകാരുടെയും അച്ഛനും അമ്മയും പങ്കെടുത്തു, എന്റെ മാത്രം അമ്മയെ ഉണ്ടായിരുന്നുള്ളു, അച്ഛനും അടുത്ത മീറ്റിംഗിന് വരുമോ…. “”

അച്ഛന്റെ കൂടെയുള്ള പതിനഞ്ചു ദിവസത്തെ ജീവിതം ആ മാസത്തിലെ തുടങ്ങുക ആയിരുന്നു ശ്വേതക്ക്, അവൾ അത് തുടങ്ങിയതേ പതിവ് പോലെ അച്ഛൻ അമ്മ കാര്യങ്ങൾ പറഞ്ഞു കൊണ്ടാണ്….

തന്റെ പൊന്നോമന മകളുടെ ആവശ്യം പലപ്രാവശ്യം സ്നേഹത്തോടെ നിരസിച്ചു കളയാറുണ്ടെങ്കിലും അരവിന്ദന് തോന്നി തുടങ്ങി ഓരോ പ്രാവശ്യവും വരുമ്പോളും അവളെ പറഞ്ഞു മനസിലാക്കാൻ തനിക്കു ബുദ്ധിമുട്ട് കൂടി കൂടി വരികയാണെന്ന്…. എന്തായാലും പതിവ് പോലെ അമ്മേ ഫോൺ വിളിക്കാമോ എന്നു ചോദിച്ചുള്ള ശല്യം ഇല്ല അതു തന്നെ ഭാഗ്യം….

“” മോളെ അത് അച്ഛൻ മോളുടെ അമ്മ ഉള്ള സ്ഥലത്തേക്ക് വരില്ലെന്ന് മോൾക്ക് അറിയാവുന്നതല്ലേ, മോളുടെ അമ്മയോട് വരേണ്ട പറഞ്ഞാൽ അച്ഛൻ വരാം സ്കൂളിൽ, നമുക്ക് ഒരുമിച്ചു മീറ്റിംഗിൽ പങ്കെടുക്കാം… “”

“” അച്ഛാ പ്ലീസ് അച്ഛാ, എല്ലാവരുടെയും കൂടെ അച്ഛനും അമ്മയും ഉണ്ട്, എനിക്കും കൊതിയാണച്ച നിങ്ങളുടെ രണ്ടുപേരുടെയും കൈകൾ പിടിച്ചു സ്കൂളിലൂടെ നടക്കാൻ…. എന്റെ കൂട്ടുകാരൊക്കെ അങ്ങനെ നടക്കുമ്പോൾ മോൾക്ക്‌ നല്ല സങ്കടം വരാറുണ്ട് പിന്നെ അമ്മക്ക് വിഷമം ആകുമല്ലോ കരുതി കരയാത്തത് ആണ്…. ഒരു ദിവസം എന്റെ ഫ്രെണ്ട്സ് പറയുവാ അവരുടെ അച്ഛനെയും അമ്മയെയും പോലെ എന്റെ അച്ഛനും അമ്മയ്ക്കും പരസ്പരം സ്നേഹം ഒന്നുമില്ലെന്ന് അതുകൊണ്ടാണ് പിരിഞ്ഞു ജീവിക്കുന്നതെന്ന്…. “”

ആറാം ക്ലാസ്സിൽ പഠിക്കുന്ന മോളുടെ ആഗ്രഹം കേട്ടപ്പോൾ വരാൻ കഴിയില്ലെന്ന് പറയാൻ അരവിന്ദിന് കഴിഞ്ഞില്ല… അവളോട്‌ പറയാൻ പറ്റുമോ മാസത്തിൽ പകുതി ദിവസം വീതിച്ചതാണ് മകളെ കാണാനുള്ള അധികാരം ഉള്ളത് അതിൽ സ്കൂളിലെ കാര്യങ്ങൾ ഭാര്യക്ക് ആണ് ഉത്തരവാദിത്തമെന്ന്….

‘” അടുത്ത മീറ്റിംഗിന് അച്ഛനും ഉണ്ടാവും, അപ്പോൾ മോൾക്ക്‌ അച്ഛന്റെ കയ്യിൽ പിടിച്ചല്ല പുറത്തു കയറി സ്കൂൾ മുഴുവൻ കറങ്ങാം, അത് പോരെ, ഇപ്പോൾ മോൾ വന്നു വല്ലതും കഴിച്ചു കിടന്നു ഉറങ്ങു, രാവിലെ സ്കൂളിൽ പോകേണ്ടതാണ്…. “”

ഒരുവിധത്തിൽ മോളെ പറഞ്ഞു സമാധാനിപ്പിച്ചിട്ടു അയാൾ അവളെ ആഹാരം കഴിക്കാൻ ഇരുത്തി… അവൾക്കു ഇഷ്ടപെട്ട വിഭവങ്ങൾ എല്ലാം മേശയിൽ റെഡി ആയിരുന്നു…. ശ്വേത സന്തോഷത്തോടെ 15 ദിവസങ്ങൾക്കു ശേഷമുള്ള അച്ഛന്റെ കൂടെയുള്ള അത്താഴം കഴിച്ചു….

ആഹാരം കഴിച്ചിട്ട് മോൾ അയാളുടെ ഇടനെഞ്ചിൽ കിടന്നു ഉറങ്ങിയെങ്കിലും തന്റെ നെഞ്ചിലൊരു തീക്കനൽ എടുത്തു ഇട്ടിട്ടാണ് അവൾ ഉറങ്ങിയതെന്നു അയാൾക്ക്‌ തോന്നി……. തന്റെ മോൾ എല്ലാവരുടെയും മുൻപിൽ നാണംകെടുന്നു, എങ്ങനെ അവളുടെ നാണക്കേട് മാറ്റുമെന്ന് ഒരുപിടിയും കിട്ടുന്നില്ലല്ലോ ഈശ്വരാ, മോൾക്ക്‌ അറിയില്ലല്ലോ അച്ഛന്റെ കാശിന്റെ അഹങ്കാരം തലയ്ക്കു പിടിച്ച ഒരു മൂദേവിയാണ് അവളുടെ അമ്മയെന്ന്…. അടുത്ത മീറ്റിംഗിന് അമ്മയുടെ കൂടെ ചെല്ലാൻ കഴിയില്ലെന്ന് എങ്ങനെ താൻ മോളെ പറഞ്ഞു മനസിലാക്കും, എത്രയും പെട്ടന്ന് മോൾക്ക്‌ എല്ലാം തിരിച്ചറിയാനുള്ള കഴിവ് കൊടുക്കണേ ഈശ്വരാ….

തന്റെ അച്ഛന്റെ കൂടെയുള്ള 15 ദിവസത്തെ താമസത്തിനിടക്ക് ശ്വേത എപ്പോളും അച്ഛനും അമ്മയും ഒരുമിച്ചു അവളുടെ കൂടെ സ്കൂളിൽ വരുന്ന കാര്യങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു…. ശ്വേതയുടെ സംസാരം കേട്ടപ്പോൾ അയാൾക്ക്‌ തോന്നി ഭാര്യയും ആയുള്ള പ്രശ്നങ്ങൾ ഒന്നു തീർന്നിരുന്നെങ്കില്ലെന്ന് ……പക്ഷെ എങ്ങനെ തീർക്കും, ഫോൺ വിളിച്ചാലും അഹങ്കാരം കാണിച്ചു അവളോടുള്ള ദേഷ്യം കൂട്ടുകയല്ലേ ഉള്ളു ഭാര്യ …. ഒരിക്കൽ മോൾ പറഞ്ഞു വിളിച്ചപ്പോൾ ഉള്ള അനുഭവം അതായിരുന്നു….. ഒരിക്കൽ തന്റെ ഒരു വിളിക്കായി കാത്തിരുന്നവൾ, ഒന്നും ഓർത്തിട്ടു കാര്യമില്ല….

അടുത്ത മീറ്റിംഗിന് അച്ഛനും കൂടെ ഉണ്ടാവും എന്നുള്ള ഉറപ്പു മേടിച്ചുകൊണ്ട് അമ്മയോടൊപ്പമുള്ള ജീവിതത്തിലേക്ക് ശ്വേത പോയത്…. മകൾ വരുന്ന ദിവസം സന്തോഷം ആണെങ്കിൽ പോകുന്ന ദിവസം അയാളുടെ ജീവിതത്തിൽ ദുഖത്തിന്റേതും ആണ് ….

**************************

അമ്മയുടെ വീട്ടിൽ ചെന്നതും അമ്മയുടെ വീട്ടുകാർ അച്ഛന്റെ കുറ്റങ്ങൾ ഓരോന്നായി ആ കുഞ്ഞിനോട് ചോദിച്ചു, എല്ലാ ചോദ്യത്തിനും അച്ഛന്റെ ഗുണങ്ങൾ മാത്രം ആ കുഞ്ഞ് മറുപടി കൊടുത്തു….

“” അമ്മേ… “”

ശ്വേതയുടെ വിളി കേട്ടപ്പോൾ പാർവതിക്ക് മോളുടെ ഉള്ളിൽ എന്തൊ വിഷമം ഉള്ളതുപോലെ തോന്നി…

“” എന്താണ് മോളെ, അമ്മയോട് പറ മോൾക്ക്‌ എന്താണ് വേണ്ടത്….അപ്പൂപ്പനോട് പറഞ്ഞു അമ്മ ഇപ്പോൾ മേടിച്ചു തരാം…..””

“” എനിക്കു ഒന്നും വേണ്ടമ്മേ, എന്റെ അച്ഛനും സ്കൂളിലെ അടുത്ത മീറ്റിംഗിന് വരാം പറഞ്ഞിട്ടുണ്ട്, ഇനി അമ്മ ആയി ഒരു വിഷയം ഉണ്ടാക്കി അത് ഇല്ലാതെയാക്കരുത്, മോൾക്കു അത്രക്കും കൊതിയാണ് അച്ഛന്റെയും അമ്മയുടെയും കൈപിടിച്ച് നടക്കാൻ……””

മോളുടെ വാക്കുകൾ അത്രയും സന്തോഷം പാർവതിക്ക് നൽകിയില്ലെങ്കിലും പതിനഞ്ചു ദിവസം കൂടി കണ്ട മോളോട് എതിരായി ഒന്നും പറയാൻ അവൾക്കും കഴിഞ്ഞില്ല ….

“” അമ്മ ആയിട്ട് ആരോടും വഴക്ക് ഒന്നും ഉണ്ടാക്കാൻ പോകുന്നില്ല മോളെ, വരുന്നവർ വന്നോട്ടെ ഞാൻ എന്തായാലും എന്റെ മോളുടെ കൂടെ ഉണ്ടാവും….പിന്നെ എന്നോട് വഴക്ക് ഉണ്ടാക്കാൻ വരുന്നതും അമ്മക്ക് ഇഷ്ടമല്ല…. “”

“”അമ്മേ അമ്മക്ക് അറിയുമോ അച്ഛനുമമ്മയും പിരിഞ്ഞു ജീവിക്കുന്ന മക്കൾക്ക്‌ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ….. കഴിഞ്ഞ ദിവസം ഞാൻ കടയിൽ ചെന്നപ്പോൾ എന്നെ എല്ലാവരും സഹതാപത്തോടെ നോക്കുന്നത് കണ്ടപ്പോൾ എനിക്കു സങ്കടം ആയി….. അവിടെ കൂടെ നിന്ന ഒരു ചേട്ടൻ പറയുവാ, ഡോക്ടർ അരവിന്ദിന്റെ മോളാണ്, അയാൾ കുറെ സമ്പാദിക്കുന്നുണ്ട് പോരാത്തതിന് ഇവളുടെ അമ്മയുടെ വീട്ടിലും കുറെ പണം ഉണ്ട് പറഞ്ഞിട്ടു എന്ത് കാര്യം അനുഭവ യോഗം ഇല്ല…. എന്നെ ആരും സ്നേഹത്തോടെ നോക്കുന്നില്ല എല്ലാവരുടെയും മുഖത്തു സഹതാപം മാത്രം എനിക്കു വേണ്ടമ്മേ ആരുടേയും സഹതാപം…. ഞാൻ വെറുക്കുന്നു സഹതാപത്തോടെ എന്നെ നോക്കുന്ന കണ്ണുകൾ…. “”

“” അമ്മ ഇതിനൊക്കെ എന്ത് ചെയ്യാനാണ് മോളെ, ആൾക്കാരുടെ വാ മുടികെട്ടാൻ അമ്മക്ക് പറ്റുമോ… മോൾ അതൊന്നും മൈൻഡ് ചെയ്യേണ്ട….പിന്നെ നിന്റെ അച്ഛനുമായി യോജിക്കാൻ നോക്കിയാലും അയാൾ അത് സമ്മതിക്കില്ല…. “”

“” അമ്മ ഇങ്ങനെ പറഞ്ഞു ഒഴിയരുത് അമ്മേ, വെറും ആറാം ക്ലാസ്സിൽ ആയപ്പോൾ തന്നെ ഇത്രയും അധികം നാണക്കേട് ഞാൻ സഹിക്കുന്നു എങ്കിൽ ഇനി മുൻപോട്ടു എത്രമാത്രം സഹിക്കേണ്ടി വരും… എനിക്കു അതിനുള്ള ധൈര്യം ഇല്ല അമ്മേ, അറിവ് ആയിട്ടു പിന്നെയും ഇങ്ങനെയാണ് ജീവിതം എങ്കിൽ മരിക്കുന്നതാണ് അമ്മേ ഭേദം… എന്റെ ഹൃദയത്തിൽ നിന്നാണ് ഞാൻ ഈ പറയുന്നത്…. “”

പാർവതി ശ്വേതയെ നെഞ്ചോട് ചേർത്ത് പിടിച്ചു കരഞ്ഞു പോയി,

“” ഇങ്ങനെ ഒന്നും പറയരുത് മോളെ, നിനക്കു വേണ്ടി മാത്രമാണ് ഈ അമ്മ ജീവിക്കുന്നത്… “”

“” അമ്മേ എനിക്കു ഒരു ആഗ്രഹമേയുള്ളു എന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ ജീവിക്കണം, ഇനിയും താമസിക്കാതെ അമ്മ എല്ലാം മറന്നു അച്ഛനുമായി ഒന്നാകണം, എനിക്കും നിങ്ങളുടെ ഇടയിൽ കിടന്നു കൊഞ്ചി കളിച്ചു ജീവിക്കണം അമ്മേ… എത്ര കാലമായി അമ്മേ ഞാൻ ഇത് തന്നെ പറയുന്നു… അമ്മയ്ക്കും അച്ഛനും ആരാണ് വലുതെന്ന ചിന്തയാണ് അതൊന്നു മാറ്റിയാൽ തന്നെ നിങ്ങൾ ഒന്നാകും…. “”

“” മോളെ അത് അമ്മ മാത്രം ചിന്തിച്ചാൽ മതിയോ… നിന്റെ അച്ഛന് എപ്പോളും വലിയ ആളാണ് എന്നാണ് ഭാവം… വലിയൊരു ഡോക്ടർ പക്ഷെ നമുക്കും കുറച്ചു വിലയൊക്കെ തരണ്ടേ മോളെ… എനിക്കു തരുന്നില്ല എന്നുള്ളത് പോട്ടെ എന്റെ അച്ഛനും അമ്മയ്ക്കും പോലും കൊടുക്കുന്നില്ല എന്നു കണ്ടതുകൊണ്ട് ആണ് അമ്മ അവിടം വിട്ടു ഇറങ്ങിയത്…. “”

“” എനിക്കു വേണ്ടി അമ്മ ഒന്നു ക്ഷമിക്ക്, അല്ലെങ്കിൽ പിന്നെ എന്തിനാണ് മാസത്തിലെ പകുതി ദിവസം എന്നെ ഇങ്ങനെ പങ്കുവെച്ചു സ്നേഹിക്കുന്നത്…. അച്ഛനും അമ്മയോടൊപ്പം ജീവിക്കാൻ താല്പര്യം ഉണ്ട്, തുറന്നു പറയുന്നില്ല എന്നേയുള്ളു അമ്മേ, എനിക്ക് അച്ഛന്റെ മുഖത്തു നിന്നു അത് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്….””

പാർവതിക്ക് മറുപടി പറയാൻ ഒന്നും ഇല്ലായിരുന്നു, എന്താണ് പറയേണ്ടത്, മോൾ പറയുന്നത് എല്ലാം സത്യമല്ലേ… അവളുടെ സ്ഥാനത്തു താൻ ആണെങ്കിലും ഇങ്ങനെയേ ചിന്തിക്കു….. പാർവതിയുടെ മനസ്സിലും ശ്വേതയൊരു വലിയ തിരി കൊളുത്തിയിട്ടു എന്നു വേണം പറയാൻ…. പാർവതിക്കു കിടന്നിട്ടു ഉറങ്ങാൻ കഴിഞ്ഞില്ല…. മോൾ ഞങ്ങളുടെ പിരിഞ്ഞുള്ള ജീവിതം കാരണം അതുപോലെ വിഷമിക്കുന്നു…. ഞാനും അരവിന്ദും ഒരുമിച്ചു കാണാൻ അവൾ അത്രക്കും ആഗ്രഹിക്കുന്നു…

അമ്മയുടെ കൂടെയുള്ള ബാക്കി ദിവസവും അമ്മയോട് സ്നേഹത്തോടെ തന്നെ ഇടപെടാൻ ശ്വേതക്ക് ആയി പക്ഷെ അവൾ എല്ലാ സമയവും ഒരു കാര്യം മാത്രം പറഞ്ഞു കൊണ്ടിരുന്നു എനിക്കു വേണ്ടത് അമ്മയുടെ അച്ഛന്റെ കയ്യിലുള്ള പണം അല്ല എന്റെ അച്ഛനെയും അമ്മയെയും ആണെന്ന്…..അച്ഛനും അമ്മയും പിരിഞ്ഞു ഇരിക്കാൻ തുടങ്ങിയ കാലം തൊട്ടേ ശ്വേതക്ക് ഇത് മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളു എന്നുള്ളതാണ് സത്യം…

അടുത്ത തവണ അച്ഛന്റെ അടുത്തേക്ക് ചെന്നത് തന്നെ സ്കൂളിൽ മീറ്റിംഗ് ഉണ്ട് അച്ഛനും വരണമെന്നും പറഞ്ഞു കൊണ്ടായിരുന്നു….

“” ശ്വേത മോളെ അച്ഛൻ വരണോ, അച്ഛന്റെ സാമീപ്യം അമ്മക്ക് ഇഷ്ടം ആവില്ല…..””

ശ്വേത ചിണുങ്ങി കൊണ്ടു പറഞ്ഞു

“” അച്ഛൻ മോൾക്ക്‌ പ്രോമിസ് തന്നതാണ് മോളുടെ സ്കൂളിൽ മീറ്റിംഗിന് വരാമെന്നു ഇനി പ്രോമിസ് മാറ്റിയാൽ പിന്നെ മോൾ ഒരിക്കലും മിണ്ടില്ല… മോളുടെ ഏറ്റവും വലിയ ആഗ്രഹം ആണ് സ്കൂളിൽ കൂടി അച്ഛന്റെയും അമ്മയുടെയും കൂടെ നടക്കുന്നതെന്ന് ഞാൻ പറഞ്ഞിരുന്നത് അല്ലേ…. ഇനി വാക്ക് മാറ്റല്ലേ അച്ഛാ… “”

“”അതല്ല മോളെ അച്ഛൻ വന്നാൽ അമ്മ ചിലപ്പോൾ മീറ്റിംഗിൽ നിന്നും ഇറങ്ങി പോകും, അത് മോൾക്ക്‌ കൂടുതൽ നാണക്കേട് ഉണ്ടാക്കും… “”

അയാൾ എങ്ങനെ എങ്കിലും മോളെ പറഞ്ഞു മനസിലാക്കി ഒഴിവാക്കാൻ നോക്കി…

“” അത് അമ്മയോട് വിളിച്ചു ഞാൻ പറയാം, അച്ഛൻ ആ മൊബൈൽ ഇങ്ങു താ….””

അത്രയും പറഞ്ഞു കൊണ്ട് ശ്വേത അരവിന്ദിന്റെ കയ്യിൽ നിന്നും മൊബൈൽ മേടിച്ചു അമ്മയെ വിളിച്ചു…..

“” അമ്മേ, അച്ഛൻ പറയുന്നു അച്ഛൻ മീറ്റിംഗിന് വന്നാൽ അമ്മ തിരിച്ചു പോകുമെന്ന്, മോൾക്ക്‌ അമ്മ ഉറപ്പ് തന്നതല്ലേ അച്ഛനുമായി ജീവിക്കാമെന്ന്…..ഇനി അമ്മയും മോളെ പറ്റിക്കുമോ… “”

“” തന്നതാണ് മോളെ…. ഒരിക്കലും പറ്റിക്കില്ല അമ്മ മോളെ… “”

അമ്മയോട് സംസാരിച്ചപ്പോൾ തന്നെ ശ്വേതക്ക് മനസ്സിലായി അവർ മാനസികമായി അച്ഛനുമായി അടുക്കാൻ തയ്യാർ ആയിട്ടുണ്ടെന്നു….

“” എങ്കിൽ അമ്മ തന്നെ അച്ഛനോട് അതൊന്ന് പറഞ്ഞേക്ക്…. ഞാൻ അച്ഛന്റെ കയ്യിൽ കൊടുക്കാം…. “”

അതും പറഞ്ഞു ശ്വേത ഫോൺ അരവിന്ദിന് കൈമാറി….

കുറച്ചു നിമിഷങ്ങളിലെ നിശബ്ദതക്ക് ശേഷം അയാൾ അവളെ വിളിച്ചു

“” ഹലോ പാർവതി, മോളുടെ സ്കൂളിലെ മീറ്റിംഗിന് ഞാനും വരുന്നുണ്ട്, പാർവതി പിണക്കം ഒന്നും വിചാരിക്കരുത് മോളുടെ സന്തോഷം കരുതിയാണ് അല്ലാതെ ആരെയും വേദനിപ്പിക്കാൻ അല്ല….. എന്നോടുള്ള വെറുപ്പ് കൊണ്ടു മോൾക്ക്‌ നാണക്കേട് ഉണ്ടാക്കരുത്, പ്ലീസ്…. “”

അപ്പുറത്തെ തലക്കൽ നിർത്താതെയുള്ള കരച്ചിൽ ആയിരുന്നു കുറച്ചു നേരം, അതു കഴിഞ്ഞു കൊണ്ടു പാർവതി പറഞ്ഞു…..

“” അരവിന്ദ് മോൾക്ക്‌ വേണ്ടി നമ്മൾ വീണ്ടും ഒന്നിച്ചു ജീവിക്കാമെന്ന് ഞാനും ഉറപ്പ് കൊടുത്തിരുന്നു… അവൾക്ക് എല്ലാം അറിയാം അരവിന്ദ്… അവൾക്കു വേണ്ടത് നമ്മുടെ സ്നേഹവും വാത്സല്യവുമാണ് പൈസ അല്ലെന്നു അവൾ എന്റെ മുഖത്തു നോക്കി പറഞ്ഞു…. അവൾ വലുതായിട്ടും നമ്മൾ ഇങ്ങനെ ആണെങ്കിൽ അവൾ വല്ലതും ചെയ്തു കളയുമെന്നും പറഞ്ഞു…. എനിക്കു വയ്യ അരവിന്ദ് അതൊന്നും കാണാൻ…. നമ്മുടെ ഈ പിരിഞ്ഞു ജീവിതത്തിനു കാരണം ഞാൻ ആണെങ്കിൽ ഞാൻ അരവിന്ദിനോട് മാപ്പ് ചോദിക്കുന്നു…. അരവിന്ദിനോട് എനിക്കു ഒരിക്കലും വെറുപ്പ് തോന്നിയിട്ടില്ല എന്നെയും കൂടി ഉൾകൊള്ളാൻ മനസ്സ് കാണിക്കണം ആഗ്രഹിച്ചതേയുള്ളു…. “”

“” നമ്മൾ രണ്ടാളുടെ ഭാഗത്തും തെറ്റുകൾ ഉണ്ടായിട്ടുണ്ട്… നമ്മൾ നമ്മളെ ഓരോ വ്യക്തികൾ മാത്രമായി കണ്ടു… ഒരാളുടെ ഉയർച്ചയെ മറ്റയാൾ ഗൗനിക്കുന്നില്ല തോന്നിയിടത്തു വഴക്ക് തുടങ്ങി .. പക്ഷെ നമ്മൾ മറന്നു പോയി നമ്മൾ വെറും രണ്ടു വ്യക്തികൾ മാത്രമല്ല പരസ്പരം ഒരു ജീവിതം ഷെയർ ചെയ്യാനുള്ളവർ ആയിരുന്നുവെന്ന്…… നമ്മുടെ മോൾ വേണ്ടി വന്നു നമുക്ക് അത് കാണിച്ചു തരാൻ…. ഒരുപക്ഷെ ഒന്നു തുറന്നു സംസാരിക്കാൻ നമ്മൾ മനസ്സ് കാണിച്ചിരുന്നു എങ്കിൽ നമുക്ക് ഈ വിഷമം ഉണ്ടാവില്ലായിരുന്നു…. പോട്ടെ ജീവിതത്തിൽ കുറച്ചു കാലം അകന്നിരിക്കാൻ വിധി ഉണ്ടായിരുന്നിരിക്കാം നമുക്ക് അത് ഇങ്ങനെ അങ്ങ് മാറട്ടെ….. പിന്നെ വീട്ടിലും പറഞ്ഞേക്ക് നാളെ ഞാൻ വരും എന്റെ കൂടെ പാറുവും വരുമെന്ന്…. “”

മതി മതി രണ്ടും മൊബൈലിൽ കൂടി കഥ പറഞ്ഞത് അതും പറഞ്ഞു ശ്വേത മൊബൈൽ തട്ടി പറിച്ചിട്ടു അമ്മയോട് പറഞ്ഞു

“”നാളെ അച്ഛൻ വന്നു വിളിക്കും അപ്പോൾ ഇങ്ങോട്ടു വന്നേക്കണം ഞാൻ നിലവിളക്കുമായി ഇവിടെ സ്വീകരിക്കാൻ ഉണ്ടാവും…. ഞാൻ ഇപ്പോൾ ഫോൺ വെക്കുവാണേ…. “”

“”അതും പറഞ്ഞു മൊബൈൽ അവൾ കട്ട്‌ ചെയ്തു എന്നിട്ട് അച്ഛനോട് പറഞ്ഞു രാവിലെ വിട്ടോണം എന്റെ അമ്മയെ കൂട്ടാൻ പോകാൻ… “”

അടുത്ത ദിവസം രാവിലെ തന്നെ അരവിന്ദ് പാർവതിയെ കൂട്ടി കൊണ്ടു വന്നു, പാർവതിയെ വിളിക്കു എടുത്തു ആനയിച്ചുകൊണ്ട് ശ്വേത അകത്തേക്ക് കൊണ്ടു പോയി.. അതിനു ശേഷം മെല്ലെ രണ്ടാളോടുമായി പറഞ്ഞു….

“” അച്ഛാ, അമ്മേ, നിങ്ങൾക്ക് അറിയുമോ അമ്മയും അച്ഛനും ഒരുമിച്ചു ഒരു പാതയിൽ ജീവിക്കുന്നില്ലേങ്കിൽ മക്കളുടെ ജീവിതം എത്രമാത്രം ബുദ്ധിമുട്ട് നിറഞ്ഞത് ആണെന്ന്…. സത്യം പറഞ്ഞാൽ നിങ്ങൾ പിരിഞ്ഞു ഇരിക്കാൻ തുടങ്ങിയ കാലം മുതൽ നിങ്ങളെ എങ്ങനെ ഒന്നിപ്പിക്കാം എന്നു മാത്രമായിരുന്നു എന്റെ ചിന്ത… എനിക്കു പരീക്ഷക്ക് മാർക്ക് കുറഞ്ഞതും അതാണ് പക്ഷെ മാർക്ക് കുറഞ്ഞു എങ്കിലും എന്നെ നിങ്ങൾ രണ്ടു പേരും വഴക്ക് പറഞ്ഞില്ല കാരണം കൂടുതൽ സ്നേഹം കാണിക്കാനുള്ള ഓട്ടത്തിൽ അല്ലായിരുന്നോ രണ്ടാളും…. പിന്നെ നാളെ സ്കൂളിൽ മീറ്റിംഗ് ഒന്നുമില്ല അതൊക്കെ ഞാൻ ഉണ്ടാക്കിയത് ആണ് പക്ഷെ ഒരുകാര്യം ഉണ്ട് അച്ഛാ ആരും കളിയാക്കി ഇല്ലെങ്കിലും അച്ഛനും അമ്മയും പിരിഞ്ഞു ഇരിക്കുന്ന പിള്ളേരെ കാണുമ്പോൾ സമൂഹത്തിനു ഒരു സഹതാപം ആണ്… അത് കാണുമ്പോൾ ചാകാൻ തോന്നി പോകും…. അച്ഛാ അച്ഛന്റെ സ്റ്റാറ്റസും അപ്പൂപ്പന്റെ പണവും ഒന്നുമല്ല എനിക്കു വേണ്ടത് എന്റെ അച്ഛന്റെയും അമ്മയുടെയും സ്നേഹം മാത്രമാണ് വേണ്ടത്….ഇപ്പോൾ മനസ്സിലായോ ഡോക്ടറെ കാര്യങ്ങൾ…. “”

ശ്വേതയുടെ സംസാരം കേട്ട അരവിന്ദ് ചിരിച്ചു കൊണ്ടു അവളെ പൊക്കിയെടുത്തു….പാർവതിയും അരവിന്ദും എന്നിട്ട് ഒരുമിച്ചു പറഞ്ഞു

“” നിന്നെ പോലെയൊരു പുണ്യത്തെ മകളായി കിട്ടിയതാണ് ഞങ്ങളുടെ ഭാഗ്യം, ഇനി ഈ പുണ്യത്തിനു സ്നേഹവും വാത്സല്യവും നൽകാൻ മാത്രമാണ് ഞങ്ങളുടെ ജീവിതം….. “”

ശുഭം

Story by അരുൺ നായർ

NB: അറിയാം ഈഗോ കയറിയ മനസുകളെ ഒന്നിപ്പിക്കാൻ മക്കൾ വിചാരിച്ചാലും സാധിക്കാറില്ല പക്ഷെ എന്തോ എനിക്കു ഒന്നിക്കുന്നതാണ് ഇഷ്ടം…. ഓർക്കുക പൂമൊട്ട് പോലെ നമ്മുടെ ജീവിതത്തിലേക്ക് വന്ന നമ്മുടെ മക്കളെ നല്ല മണമുള്ള പൂവാക്കി മാറ്റേണ്ടത് നമ്മൾ തന്നെയാണ്…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *