തന്റെ ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് മധു മനസ്സിലായത് ഓരോണത്തിനായിരുന്നു. ഓണത്തിന് മതിയെന്ന്പറഞ്ഞ് വാങ്ങാതെയിരുന്ന……

കഴിവുകെട്ടവൻ…

എഴുത്ത്:- ശ്യാം കല്ലുകുഴിയിൽ

തന്റെ ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് മധു മനസ്സിലായത് ഓരോണത്തിനായിരുന്നു. ഓണത്തിന് മതിയെന്ന്പറഞ്ഞ് വാങ്ങാതെയിരുന്ന മുൻപെങ്ങോയടിച്ച ചിട്ടി പൈസയുമായി അയാൾ ഭാര്യയെയും മക്കളെയും കൂട്ടി തുണി കടയിൽ കയറുമ്പോൾ ജലജയുടെ ശ്രദ്ധ കയ്യിലിരുന്ന മൊബൈലിൽ ആയിരുന്നു…

തിരക്ക് നിറഞ്ഞ കടയിൽ അവർക്ക് മുന്നിലേക്ക് സെയിൽസ് ഗേൾ ഓരോ തുണികൾ നിവർത്തി കാണിക്കുമ്പോൾ അതൊക്കെ ഫോട്ടോ എടുക്കുന്ന തിരക്കിൽ ആയിരുന്നു ജലജ, കൂട്ടിയിട്ടിരിക്കുന്ന തുണികൾക്കിടയിൽ നിന്ന് ഇളം നീല നിറത്തിലുള്ള സാരി കണ്ണിൽ പെട്ടപ്പോഴാണ് ജലജയുടെ ഇഷ്ട നിറം മധുവിന് ഓർമ്മ വന്നത്….

ആ നീല സാരി ഉയർത്തി മധു അവർക്ക് നേരെ നീട്ടുമ്പോൾ ജലജയുടെ കണ്ണുകൾ മറ്റൊരു സാരിയിലായിരുന്നു. എനിക്ക് ഇത് മതിയെന്ന് പറഞ്ഞവർ ഒരു സാരി സെയിൽസ് ഗേളിനു നേരെ നീട്ടുമ്പോൾ ജലജയുടെ കയ്യിലിരുന്ന ഫോണിലും അതുപോലൊരു സാരി മധു കണ്ടിരുന്നു….

അച്ഛനൊന്നും എടുക്കുന്നില്ലേയെന്ന കുട്ടികൾ ചോദിക്കുമ്പോഴും ജലജ മൊബൈലിൽ നോക്കി ചിരിക്കുകയായിരുന്നു.

“എടുത്തിട്ട് വാ ഞങ്ങൾ താഴെ നിൽക്കാം “

എന്നും പറഞ്ഞവർ കുട്ടികളെയും കൂട്ടി പോകുമ്പോൾ എങ്ങോട്ട് പോകണ മെന്നറിയാതെ മധു അവിടെ തന്നെ നിന്നു…

” അവിടേക്ക് ചെന്നോളൂ… “

ചിരിക്കുന്ന മുഖവുമായി സെയിൽസ് ഗേൾ കൈ ചൂണ്ടിയ ഇടത്തേക്ക് അയാൾ നടന്നു. തന്റെ മുന്നിലേക്കവർ ഇട്ട് തരുന്ന തുണികളിൽ ഏതെടുക്കണ മെന്നറിയാതെ അയാൾ ഓരോന്ന് നോക്കിനിന്നതേയുള്ളു…

” ഇത് നന്നയി ചേരും… “

അത് പറഞ്ഞ് ആ സെയിൽസ് ഗേൾസ് ഉയർത്തി കാണിച്ച ഡ്രസ്സ്‌ നോക്കി മധു തല കുലുക്കുമ്പോഴും അയാളുടെ മനസ്സ് നിറയെ ചിന്താഭാരങ്ങൾ കൊണ്ട് നിറയുകയായിരുന്നു…

തുണിക്കടയിൽ നിന്ന് ഇറങ്ങി ഗോപാലൻ ചേട്ടന്റെ ചായ കടയിലേക്ക് നടക്കുമ്പോൾ, ഇടയ്ക്കൊക്കെ ഭാര്യയെയും കൂട്ടി ആ കടയിൽ നിന്ന് ചൂട് ചായ ഊതിയാറ്റി കുടിക്കുന്നത് അയാൾ ഓർത്തിരുന്നു…

” മധുവേ അവിടെ ചായയല്ലേ എല്ലാവർക്കും…”

അവരെ കണ്ടയുടനെ ഗോപാലൻ ചേട്ടൻ വിളിച്ചു ചോദിച്ചു…

” തണുത്തതെന്തേലും ഉണ്ടോ കുടിക്കാൻ… “

മധു എന്തേലും പറയും മുന്നേ ജലജ അതും പറഞ്ഞ് ഷാൾ കൊണ്ട് മുഖം തുടച്ച് കസേരയിൽ ഇരുന്നു. ജലജയും മക്കളും ജ്യൂസും പപ്സും കഴിക്കുമ്പോൾ മധുവിന്റെ കയ്യിലിരുന്ന ചൂട് ചായ തണുത്ത് തുടങ്ങിയിരുന്നു….

പലവജ്ഞനകടയിൽ നിന്ന് സാധങ്ങളും, പച്ചക്കറിയുമായി ഓട്ടോ വിളിച്ച് വീട്ടിലേക്ക് പോകുമ്പോഴും ജലജ മൊബൈലിലേക്ക് തല കുമ്പിട്ടിരിക്കുക യായിരുന്നു….

” നല്ല തലവേദന ഞാനൊന്ന് കിടക്കട്ടെ… “

അത് പറഞ്ഞവൾ മുറിയിലേക്ക് കയറുമ്പോൾ മധു സാധങ്ങളൊക്കെ എടുത്ത് ഉള്ളിലേക്ക് വയ്ക്കാൻ തുടങ്ങിയിരുന്നു…

” ഓ ഇന്ന് കൂട്ടുകാരുമൊത്ത് ക ള്ളുകുടിയൊന്നുമില്ലേ… “

സന്ധ്യക്ക്‌ ടീവിയും കണ്ടിരിക്കുമ്പോഴാണ് ജലജ ആരോടെന്നില്ലാതെ ചോദിച്ചത്. അന്ന് ആദ്യമായി അതിന്റെ അർത്ഥം എന്താണെന്നറിയാതെ മധു ടീവിയും നോക്കിയിരുന്നു…

പിന്നേയും ആരോടെന്നില്ലാതെ ജലജയുടെ മുറുമുറുപ്പ് കേട്ടപ്പോഴാണ് മധു പുറത്തേക്ക് ഇറങ്ങിയത്. ഇരുട്ടിൽ കൂടി തനിച് നടക്കുമ്പോൾ അതുവരെ യില്ലാത്ത ഒരു ഭയം അയാളിൽ ഉടലെടുത്തിരുന്നു….

രാത്രി കിടക്കുമ്പോൾ ജലജയുടെ മൊബൈലിന്റെ വെളിച്ചം അയാൾ കണ്ടെങ്കിലും ഒന്നും കണ്ടില്ലെന്ന രീതിയിൽ കണ്ണുകൾ അടച്ച് കിടന്നു…

ഉറങ്ങാൻ കഴിയാതെ കണ്ണുകൾ അടച്ച് കിടക്കുമ്പോഴും മധുവിന്റെ മനസ്സ് നിറയെ ചിന്തകൾ ആയിരുന്നു. തന്നെ ഇഷ്ട്ടമാകില്ല ചിന്തയോടെയാണ് ജലജയേയും പെണ്ണ് കാണാൻ ചെന്നതും , ജലജയ്ക്ക് ഇഷ്ടമായെന്ന് അറിഞ്ഞത് കൂടി സ്വപ്നം കാണാൻ തുടങ്ങിയതും, രണ്ടാമത്തെ കുട്ടിയും ഉണ്ടായി പിന്നെയെപ്പോഴോയാണ് നെഞ്ചുംപറ്റി കിടന്നവൾ തിരിഞ്ഞ് കിടക്കാൻ തുടങ്ങിയതും…ആ കിടപ്പ് കിടക്കയിൽ മാത്രമല്ല മനസ്സിൽ നിന്നാണെന്ന് കൂടി അറിയുന്നത് പിന്നെയുള്ള ജലജയുടെ പെരുമാറ്റത്തിൽ നിന്നായിരുന്നു….

അതോർത്തപ്പോൾ ഇടനെഞ്ചിൽ വന്ന വേദനയ്ക്ക് മുകളിലേക്ക് അയാൾ കൈ വച്ചു…

ജലജയിൽ ഉണ്ടായ മാറ്റത്തിന്റെ കരണം കാരണം എന്താണെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലായിരുന്നില്ല. ഒരു രാത്രി കിടക്കുമ്പോഴാണ് ആ പിണക്കത്തിന്റെ കാരണം ചോദിക്കുന്നത്, നിങ്ങൾക്കെന്റെ ശ രീരമാണോ വേണ്ടതെന്ന് ചോദിച്ചു കൊണ്ട് ഇട്ടിരുന്നു നൈറ്റി ഊരി എറിഞ്ഞു കൊണ്ട് കലിതുള്ളി നിൽക്കുന്ന ജലജയുടെ മുഖം അയാൾക്ക് അപരിചിതമായിരുന്നു…

അതിൽ പിന്നെ ജലജയോട് ഒന്നും ചോദിക്കാതെയായി, ജലജയോടും മക്കളോടും പരിഭവമോ പിണക്കമോ കാണിക്കാതെ അവർക്ക് വേണ്ടതെല്ലാം കൊണ്ട് കൊടുത്തിരുന്നു. ജലജയും മക്കളും ഇല്ലാത്ത മറ്റൊരു ലോകം ചിന്തിക്കാനെ കഴിയില്ലായിരുന്നു അയാൾക്ക്..

അതോർക്കുമ്പോൾ അയാളുടെ കണ്ണുകൾ പതിവുപോലെ നിറഞ്ഞൊഴുകി കൊണ്ടിരുന്നു…

എല്ലാ ചിന്തകൾക്കും അവസാനം ഒരുനാൾ അവൾ തന്നെ വിട്ട് പോകുമെന്ന് അയാളുടെ മനസ്സ് പറയുന്നുണ്ടായിരുന്നു. അപ്പോഴും തിരിഞ്ഞ് കിടക്കുന്നവളുടെ കയ്യിലെ മൊബൈൽ പ്രകാശിച്ചു കൊണ്ടിരുന്നു …

പിന്നെയൊരു ദിവസം അമ്മയെ കാണുന്നില്ലെന്നും പറഞ്ഞ് മക്കൾ രാവിലെ വന്ന് വിളിക്കുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ, മക്കളെയും ചേർത്ത് പിടിച്ചയാൾ കട്ടിലിൽ കുറച്ച് നേരം തല കുമ്പിട്ടിരുന്നു…

“ഞാൻ പോകുന്നു, ഇനി അന്വേക്ഷിക്കേണ്ട…”

ആ ഒരു വാചകത്തിൽ എല്ലാം അവസാനിച്ചവൾ പോകുമ്പോൾ മുന്നോട്ട് എങ്ങനെ പോകുമെന്നറിയാതെ അയാളും മക്കളും നിന്നു….

” അവന്റെ കഴിവുകേട് അതല്ലേ അവൾ വേറെ ഒരുത്തന്റെ കൂടെ പോയത്… “

വീടിന് പുറത്ത് പലരുടെയും ആ കളിയാക്കൽ അയാൾ കേട്ടെങ്കിലും ഒന്നും കേൾക്കാതെ പോലെ നടന്നു…

അതേ താനൊരു കഴിവുകെട്ടവൻ, ഭാര്യയെ ചോദ്യം ചെയ്യാൻ കഴിവില്ലാത്തവൻ, അവൾക്ക് നേരെ ശബ്ദം ഉയർത്താൻ കഴിവില്ലാത്തവൻ, അവളെ മനസ്സിലാകാനുള്ള കഴിവില്ലാത്തവൻ… പക്ഷേ…..ഞാൻ…..

ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങൾ അയാളുടെ മനസ്സിനെ ഭ്രാന്ത് പിടിപ്പിച്ചു കൊണ്ടിരുന്നു…..

തന്നെപ്പോലെ നാളെ തന്റെ മക്കളെയും നാട്ടുകാർ ആ പേരെടുത്ത് വിളിക്കുമെന്ന് ഓർത്തപ്പോഴാണ് ആ രാത്രി ആരോടും പറയാതെ മക്കളെയും കൂട്ടി അയാൾ ഇരുട്ടിലൂടെ നടന്നത്….

Related Posts

Leave a Reply

Your email address will not be published. Required fields are marked *