തന്‍റെ ചിരുതപെണ്ണ് സമ്മാനിച്ച കോടി മുണ്ടും ചുറ്റി വന്ന തന്‍റെ ദേഹത്തേക്ക് കുടിക്കാന്‍ കൊടുത്ത വെള്ളം തുമ്പികൈയ്യില്‍…

ഗജമുഖൻ

Story written by DHIPY DIJU

‘ആ തലയെടുപ്പ്… ഭഗവതി കോവിലിലെ തിടമ്പെടുക്കാന്‍ ഒരു മത്സരത്തിന്‍റെ ആവശ്യം പോലും ഇല്ലെന്നാ എന്‍റെ ഒരഭിപ്രായം… മനയ്ക്കലെ ശേഖരനെ കടത്തിവെട്ടാന്‍ വേറെ ഒരു കൊമ്പനും ഈ നാട്ടിലും എന്തിന് അന്യനാട്ടില്‍ പോലും കാണില്ല്യാ… ല്ലേ ശങ്കരാ…???’

രാഘവന്‍റെ ചായപ്പീടികയില്‍ ഇരുന്നു കൊണ്ട് ഗോവിന്ദവാര്യര്‍ പറഞ്ഞ വാക്കുകള്‍ ശങ്കരന്‍റെ ചെവികളില്‍ തിരയിളക്കം തീര്‍ത്തു കൊണ്ടിരുന്നു.

‘അതെ… ന്‍റെ ശേഖരനെ വെല്ലാന്‍ ആരുമുണ്ടായിരുന്നില്ല… ഇനി ഉണ്ടാവുമോ എന്നും അറിയില്ല…’

അയാള്‍ ആ ചങ്ങലകണ്ണികള്‍ കൈയ്യില്‍ എടുത്തു. അവയുടെ ശബ്ദം നിലച്ചിട്ടു മണിക്കൂറുകള്‍ ആയിട്ടുള്ളൂ.

അവ തന്‍റെ മൂക്കിനടുത്ത് ചേര്‍ത്തു വച്ചു അയാള്‍ ദീര്‍ഘമായി നിശ്വസിച്ചു.

‘ഇല്ല…. ന്‍റെ ശേഖരന്‍റെ മണം… അത് വിട്ടു പോയിട്ടില്ല ഇപ്പോഴും…’

നെഞ്ചോടു ചേര്‍ത്തു വച്ച ആ ചങ്ങലയിലേക്ക് കണ്ണീര്‍ ഉറവ പൊഴിഞ്ഞു കൊണ്ടിരുന്നു. ശേഖരനെ തളച്ചിരുന്ന ആനപ്പുരയുടെ തൂണില്‍ ചാരി അയാള്‍ ഓര്‍മ്മകളിലേക്ക് ഊളിയിട്ടിറങ്ങി.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശേഖരന്‍റെ രണ്ടാം പാപ്പാനായിട്ടാണ് താന്‍ ഈ തറവാടിന്‍റെ മുറ്റത്ത് ആദ്യമായി കാലു കുത്തുന്നത്.

അന്ന് മൂപ്പെത്താത്ത കുസൃതിക്കുടുക്കയായിരുന്നു ശേഖരന്‍. തന്നെ ഒരുപാടു ചുറ്റിച്ചിട്ടുണ്ട്.

തന്‍റെ ചിരുതപെണ്ണ് സമ്മാനിച്ച കോടി മുണ്ടും ചുറ്റി വന്ന തന്‍റെ ദേഹത്തേക്ക് കുടിക്കാന്‍ കൊടുത്ത വെള്ളം തുമ്പികൈയ്യില്‍ വലിച്ചെടുത്ത് മഴപെയ്യും പോലെ ചീറ്റിച്ചു തന്നപ്പോള്‍ കൊല്ലാനുള്ള ദേഷ്യം ആണ് തോന്നിയത്.

ഓരോ കുറുമ്പുകളും ഒപ്പിച്ചു കഴിഞ്ഞു ചീത്ത കേള്‍ക്കുമ്പോള്‍ ഒരു വികൃതിക്കുട്ടിയെ പോലെ അവന്‍റെ തലകുനിച്ചുള്ള ആ നില്‍പ്പൂ കാണുമ്പോള്‍ അരിച്ചു കയറി വന്ന ദേഷ്യം എല്ലാം നീരാവി കണക്ക് മാഞ്ഞു പോകും.

അവന് അഞ്ചു വയസ്സ് പ്രായമുള്ളപ്പോള്‍ ആണ് പ്രായാധിക്യത്താല്‍ മാധവന്‍ ചേട്ടന്‍ ഒന്നാം പാപ്പാന്‍ സ്ഥാനം തനിക്കു തന്നു ജോലി മതിയാക്കി പോയത്. പിന്നീട് അവന്‍റെ എല്ലാ ചുമതലയും തനിക്കായിരുന്നു.

അവന്‍റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും താനും ഉണ്ടായിരുന്നില്ലേ…??? ആനപ്രേമം അമിതമായപ്പോള്‍ ചിരുതപ്പെണ്ണിനും തന്നെ വേണ്ടാതായി… അവള്‍ പോയി… മറ്റൊരു ജീവിതം തേടി…

ആ സങ്കടത്തിലും അവന്‍ തന്നോടൊപ്പം നിന്നു…. തന്‍റെ മുഖം ഒന്നു മാറിയാല്‍ അതിനര്‍ത്ഥം മറ്റാരെക്കാള്‍ നന്നായി അവന്‍ മനസ്സിലാക്കി…

എത്രയോ വട്ടം താന്‍ കരഞ്ഞാല്‍ അതിനൊപ്പം അവനും കരഞ്ഞു… തുമ്പികൈ തന്‍റെ തലയില്‍ വച്ചു തന്നെ ആശ്വസിപ്പിക്കുന്ന ആ മുഖം മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നു…

തിടമ്പേറ്റി നില്‍ക്കുന്ന അവനോടൊപ്പം നില്‍ക്കുന്നതു പോലും തനിക്കു അഭിമാനമായിരുന്നു… തലയെടുപ്പോടെ നില്‍ക്കുന്ന തന്‍റെ ഗജവീരനോടൊപ്പം താനും തല ഉയര്‍ത്തി നിന്നു…

ശിവക്ഷേത്രത്തിലെ ആനയൂട്ടിനിടയില്‍ മദമിളകി അവന്‍ ഓടിയപ്പോള്‍ ഒരു പിതാവിന്‍റെ സ്നേഹത്തോടെയുള്ള തന്‍റെ വിളി അവന്‍ കേട്ടില്ല… ഒടുവില്‍ മയക്കു വെടിയേറ്റു അവന്‍ വേദനയാല്‍ പുളഞ്ഞപ്പോള്‍ അവന്‍റെ വേദന തനിക്ക് തന്‍റെ ഹൃദയത്തെ ഒരായിരം വാളിനാല്‍ വരയുന്നതു പോലെ ആയിരുന്നില്ലേ…???

മദപ്പാടു മാറിയെങ്കിലും അവന് വീണ്ടും തിടമ്പു നല്‍കാന്‍ ക്ഷേത്രഭാരവാഹികള്‍ ഭയപ്പെട്ടു…. വര്‍ഷങ്ങളായി അവനു നല്‍കപ്പെട്ട ഭഗവതിയുടെ തിടമ്പു നഷ്ടപ്പെട്ടതില്‍ അവനും വ്യാകുലം ഉണ്ടായിരുന്നോ…??? ആ വ്യസനമാണോ ഒരു മുഴയായി അവന്‍റെ തലയില്‍ രൂപപ്പെട്ടത്…???

വൈദ്യര്‍ ഒന്നും ചെയ്യാനാവില്ല എന്നു പറഞ്ഞു കൈയൊഴിഞ്ഞപ്പോള്‍ താന്‍ വാവിട്ടു കരഞ്ഞു പോയില്ലേ…???

‘വേദന തിന്നു തിന്നു ജീവച്ഛവമായി കിടക്കുന്ന നിന്നെ കാണാന്‍ എനിക്ക് ത്രാണി ഉണ്ടായിരുന്നില്ല… അതു കൊണ്ട്… അതു കൊണ്ട് മാത്രമാണ് നിനക്കു തന്ന ചോറുരുളയില്‍ ഞാന്‍ കൊടിയ വിഷം കലര്‍ത്തിയത്… നീ പിടഞ്ഞു പിടഞ്ഞു അന്ത്യശ്വാസം വലിക്കുന്നത് മനസ്സു കല്ലാക്കി വച്ചു ഞാന്‍ കണ്ടു നിന്നത്…

അവസാന നിമിഷവും നീ എന്നെ നോക്കിയ ആ നോട്ടത്തില്‍ ഞാന്‍ കണ്ടു… വേദനകളുടെ ലോകത്തു നിന്നു നിനക്ക് മോചനം നല്‍കിയതിനുള്ള നന്ദി… എന്നെ പിരിഞ്ഞു പോകുന്നതിലുള്ള നിന്‍റെ ദുഃഖം… ഞാന്‍ ഒറ്റപ്പെട്ടു പോകുമോ എന്ന നിന്‍റെ ആധി…

വെറും ഒരു ആനയും പാപ്പാനും മാത്രമായിരുന്നോ നമ്മള്‍..?? അല്ല… എനിക്കവന്‍ ഒരു മകന്‍ തന്നെയായിരുന്നില്ലേ…??

നീ എന്‍റെ മകന്‍ തന്നെ ആയിരുന്നു…!!!

എന്‍റെ മകനെ ഒരിടത്തും ഒറ്റയ്ക്ക് വിടാന്‍ എന്നെ കൊണ്ടാവില്ലല്ലോ…!!!’

അയാള്‍ തന്‍റെ കൈയ്യിലിരുന്ന ചോറുരുള വായിലേയ്ക്ക് വച്ചു. തൊണ്ടകുഴയിലൂടെ അത് ഇറങ്ങി പോയി.

നിമിഷങ്ങള്‍ക്കുള്ളില്‍ വായില്‍ നിന്നു നുരയും പതയും ഒലിച്ചിറങ്ങി. ഒരു പിടച്ചിലോടെ അയാള്‍ തന്‍റെ ദേഹം വെടിഞ്ഞു.

ആ നിമിഷം മറ്റേതോ ഒരു ലോകത്ത് തന്‍റെ സ്വന്തമായവനെ വീണ്ടും അടുത്തു കിട്ടിയപ്പോള്‍ ശേഖരന്‍ തുമ്പിക്കൈ മേലേക്കുയര്‍ത്തി ഉച്ചത്തില്‍ ഒന്നു ചിന്നം വിളിച്ചു. അയാള്‍ തന്‍റെ ഗജവീരന്‍റെ പുറത്തിരുന്നു നിലാവെളിച്ചത്തിന്‍റെ സൗന്ദര്യം ആസ്വദിച്ചു നിന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *