ദേവയാമി ~ ഭാഗം 11, എഴുത്ത്: രജിഷ അജയ് ഘോഷ്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

ഐഷുവിനും ദേവയ്ക്കും ദാവണി സമ്മാനിച്ചത് മുത്തശ്ശിയാണ്. രാവിലെ ദാവണിയും ഉടുത്ത് മുല്ലപ്പൂവും ചൂടി സുന്ദരികളായി രണ്ടു പേരും വന്നപ്പോൾ “ആഹാ.. രണ്ടാളും രാജകുമാരിമാരെ പോലുണ്ടല്ലോ.. ” എന്നും പറഞ്ഞ് ചേർത്ത് പിടിച്ചു മുത്തശ്ശി. ഐഷുവിനൊപ്പം നടക്കുമ്പോൾ പല തവണ വിശാലിൻ്റെ കണ്ണുകൾ തന്നിൽ പതിയുന്നത് ദേവ കണ്ടിരുന്നു. അറിയാത്ത ഭാവത്തിൽ നിന്നു അവൾ. ഉച്ചയ്ക്ക് എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോഴും അവന് മുഖം നൽകിയില്ല ദേവ .

“വിച്ചൂട്ടാ.. രണ്ടു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു.. എന്താ നിനക്കൊരു സന്തോഷ മില്ലാത്തെ.. ” സീതാലക്ഷ്മി കഴിക്കുന്നതിനിടയിൽ ചോദിച്ചു.

“ഒന്നൂല്ല … അമ്മാ.. “

” അവന് നാളെ പോകേണ്ടതല്ലേ അതിൻ്റെ സങ്കടമാവും.” മുത്തശ്ശിപറഞ്ഞു.

വിശാൽ മറുപടിയൊന്നും പറഞ്ഞില്ല. ഉച്ചയ്ക്ക് ശേഷം ഒരു പാട് ഗസ്റ്റുകൾ വന്നിരുന്നു. ഐഷുവിൻ്റെ അച്ഛൻ്റെ കുടുംബക്കാരാണ് അവരെല്ലാമെന്ന് മുത്തശ്ശി പറയുന്നത് കേട്ടു.

” സീതമോളുടെ നൃത്തം കണ്ട് ഇഷ്ടപ്പെട്ട് വിവാഹം ആലോചിച്ച് വന്നതാണ് വിച്ചുവിൻ്റെയും ഐഷുവിൻ്റെയും അച്ഛൻ കൃഷ്ണമൂർത്തി .അവർ പരമ്പരയായ് ബിസിനസ്സ്കാരായിരുന്നു.. സേലമാണ് കൃഷ്ണമൂർത്തിയുടെ വീട് .” മുത്തശ്ശി ദേവയോട് പറഞ്ഞു.

” അപ്പൊ ഐഷുവിൻ്റെ അച്ഛൻ തമിഴ്നാട്ടുകാരനാണോ?”ദേവ ചോദിച്ചു.

“അതെ.. അവരെല്ലാം തമിഴ് മാത്രമേ സംസാരിക്കൂ.. വിശാൽ ചെറുപ്പത്തിൽ എൻ്റെ കൂടെ പാലക്കാടായിരുന്നു,അത് കൊണ്ട് അവന് മലയാളമറിയാം .. ഐഷുമോൾ ചെറുപ്പത്തിൽ തമിഴ് മാത്രമേ സംസാരിക്കുമായിരുന്നുള്ളു… ഞാനും വിശാലും ഇവിടെ വന്നതിനു ശേഷമാണവൾ മലയാളം പറയാൻ തുടങ്ങിയത്. സീത അധികവും കൂടെയുണ്ടാവാറില്ലല്ലോ…” ദേവയ്ക്കതെല്ലാം പുതിയ അറിവുകളായിരുന്നു .

“ദേവ മോൾക്ക് ഒരാളെക്കൂടി കാണിച്ചു തരാം ഞാൻ ” എന്നും പറഞ്ഞ് മുത്തശ്ശി ഒരു ആൽബം എടുത്തു.സീതാലക്ഷ്മിയുടെ ചെറുപ്പം മുതലുള്ള ഫോട്ടോകൾ ആദ്യ പേജുകളിൽ കണ്ടു. അടുത്ത പേജിൽ സീതയ്ക്കൊപ്പം മറ്റൊരു പെൺ കുട്ടിയെ കണ്ടു.

“ഇതാരാ .. മുത്തശ്ശീ.. “ദേവ ചോദിച്ചു.

” ഇത് എൻ്റെ മകൾ .. സീതയുടെ അനിയത്തി ..ഗൗരീലക്ഷ്മി.. ” മുത്തശ്ശിയുടെ ശബ്ദം ഇടറിയിരുന്നു. അടുത്ത പേജ് മറിച്ച ദേവ അമ്പരപ്പോടെ ആ ഫോട്ടോ യിലേക്ക് നോക്കി.ഗൗരീലക്ഷ്മിയുടെ കുറച്ച് വർഷങ്ങൾക്ക് ശേഷമുള്ള ഫോട്ടോ .. പക്ഷേ.. ആ ഫോട്ടോയിൽ കാണുന്ന മുഖം തൻ്റെ മുഖമുമായ് സാമ്യമുണ്ടെന്ന് തോന്നി അവൾക്ക്.. ആകെപ്പാടെയുള്ള വ്യത്യാസം ഗൗരിയുടെ മൂക്കുത്തി മാത്രമായിരുന്നു. ദേവഅമ്പരപ്പോടെ മുത്തശ്ശിയെ നോക്കി.

“മോളെന്താ നോക്കുന്നത് .. മോളെ ആദ്യം കണ്ടപ്പോഴേ മരിച്ചു പോയ എൻ്റെ ഗൗരിയെ തിരിച്ചു കിട്ടിയതുപോലെ തോന്നി എനിക്ക് .. ” മുത്തശ്ശി അവളെ തലോടിക്കൊണ്ട് പറഞ്ഞു .

” ഗൗരി ചേച്ചി എങ്ങനെയാ.. മരിച്ചു പോയത്..”

” അവൾക്ക് കോളേജിൽ പഠിക്കുന്ന കാലത്ത് ഒരു പയ്യനുമായ് ഇഷ്ട മുണ്ടായിരുന്നു ..പക്ഷേ.. അവൻ്റെ വീട്ടുകാർ അതിന് എതിരായിരുന്നു.. ഞങ്ങളെല്ലാം ഒരുപാട് സംസാരിച്ചിട്ടും അവർ വിവാഹത്തിന് സമ്മതിച്ചില്ല.. ഒടുവിൽ ആരോടും ഒന്നും പറയാതെ അവൾ ഒരു തുണ്ടു കയറിൽ ജീവിതം അവസാനിപ്പിച്ചു… ” പറയുമ്പോഴേക്കും മുത്തശ്ശി കരയാൻ തുടങ്ങി .

“ഞങ്ങളെയൊന്നും ഓർത്തില്ല അവൾ.. അവളെ അനിയത്തിയായി കാണാതെ സ്വന്തം മകളായി കണ്ട സീതയെക്കൂടി ഓർത്തില്ല.. ” മുത്തശ്ശി കരച്ചിലാണ്.

ആദ്യമായ് തന്നെ കണ്ടപ്പോൾ തൻ്റെ മുഖത്തേക്ക് ശ്രദ്ധിച്ചു നോക്കുന്ന സീതാലക്ഷ്മിയുടെ മുഖം ഓർത്തു ദേവ …അപ്പോഴാണ് ദേവയ്ക്ക് മനസ്സിലായത് മുത്തശ്ശി തന്നെ ആദ്യം കണ്ടപ്പോൾ ചേർത്തു പിടിച്ചതും കണ്ണു നനച്ചതും എന്തിനായിരുന്നു എന്ന്.. തന്നെ കണ്ടപ്പോൾ മകളെ ഓർത്തു പാവം.. മറ്റാരോടും കാണിക്കാത്ത സ്നേഹവും വാത്സല്യവും എല്ലാവരും തന്നോടു കാണിച്ചത് താൻ ഗൗരീലക്ഷ്മിയെ പോലെ തോന്നിയത് കൊണ്ടാണ്.

പുറത്ത് നിന്നും ഉച്ചത്തിലുള്ള സംസാരം കേൾക്കുന്നുണ്ട്. കുറച്ച് കഴിഞ്ഞപ്പോൾ വിശാലിൻ്റെ ശബ്ദം ഉയർന്നു കേൾക്കുന്നുണ്ട്.ദേവയും മുത്തശ്ശിയും മുഖാമുഖം നോക്കി.

“എന്താപ്പോ വിച്ചൂട്ടൻ ശബ്ദമുയർത്തുന്നത് ..” എന്നും പറഞ്ഞ് മുത്തശ്ശി റൂമിൽ നിന്നും പുറത്തിറങ്ങി. ദേവ മുത്തശ്ശിക്കൊപ്പം നടന്നു. ഹാളിൽ ആരെല്ലാമോ നിൽക്കുന്നുണ്ട്, അവർക്കിടയിൽ ഒരു ട്രൗസറും ടീ ഷർട്ടും ധരിച്ച പെൺകുട്ടി വിശാലിനോട് കൈ ചൂണ്ടി സംസാരിക്കുന്നുണ്ട്. ദേഷ്യത്താൽ വിശാലിൻ്റെ മുഖം ചുവന്നിരുന്നു. ‘ഇയാളെ ഇങ്ങനെ കണ്ടിട്ടേയില്ലല്ലോ …’ എന്നു ദേവ മനസ്സിൽ ഓർത്തു. പെട്ടന്ന് തലയുയർത്തി നോക്കിയ വിശാൽ മുത്തശ്ശിക്ക്അടുത്തേക്ക് പാഞ്ഞു വന്നു..

മുത്തശ്ശിയോട് എന്തോ പറയാനാവും എന്നു കരുതിയ ദേവയുടെ കൈയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് മുൻപോട്ട് നടന്നു.എന്നിട്ട് ആ പെൺകുട്ടിയുടെ മുൻപിൽ കൊണ്ടു നിർത്തി അവളെ.. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ദേവ വിശാലിൻ്റെ മുഖത്തേക്ക് നോക്കി.. വിശാൽ ദേവയെ തന്നോട് ചേർത്ത് നിർത്തി ക്കൊണ്ട് പറഞ്ഞു ..

” ഇത് ദേവയാമി.. എനക്ക് ഇവളെ താൻ പുടിക്കും.. ഇവളെ മട്ടും താൻ പുടിക്കും..” എല്ലാ മുഖങ്ങളിലും ഞെട്ടലുണ്ടായി..

*******************

അരുന്ധതിക്കൊപ്പം കാറിലിരിക്കുകയാണ് ഋഷികേശ് . “ഹോസ്പിറ്റലിൽ കുറച്ച് ഫയൽസ് നോക്കാനുണ്ട്.. പിന്നെ.. ഇന്നാണ് അനിത ഡോക്ടറെ കാണേണ്ട ദിവസം. ” അരുന്ധതി ഋഷിയോടായി പറഞ്ഞു.

മാസത്തിൽ ഒരിക്കൽ ചെക്കപ്പ് ഉണ്ട് ഋഷിക്ക്. അവരുടെ ഹോസ്പിറ്റലിലെ ഡോക്ടർ അനിതയാണ് ഇപ്പോൾ ഋഷിയെ നോക്കുന്നത്.

“ഓ.. ഞാനത് മറന്നിരുന്നു അമ്മേ.. ” ഋഷി പറഞ്ഞു.

“ആ.. പിന്നെ.. ടെക്സ്റ്റയിൽസിൽ നിന്നും സദാശിവൻ വിളിച്ചിരുന്നു. കുറച്ച് ഇൻകം ടാക്സ് ഫയൽസ് ക്ലിയർ ചെയ്യാനുണ്ട്.. അത് കൊണ്ട് നിന്നോട് ഉച്ചയ്ക്ക് ശേഷം ചെല്ലുമോ എന്ന് ചോദിച്ചു. ” അരുന്ധതി ഋഷിയെ നോക്കി.

“ആ.. അതു ഞാൻ ക്ലിയർ ചെയ്തോളാം. വരാമെന്ന് അമ്മയൊന്നു വിളിച്ചു പറഞ്ഞേക്ക്”.

“ശരി മോനെ.. “

ഓഫീസിൽ കയറിഫയലുകൾ നോക്കിയ ശേഷം ഋഷിയും അരുന്ധതിയുംഅനിത ഡോക്ടറുടെ റൂമിലെത്തി.

“ഗുഡ് മോണിംഗ് മാഡം.. ” അനിത വേഗം എഴുന്നേറ്റു..

“ഗുഡ് മോണിംഗ്.. അനിതാ എന്തൊക്കെയാണ് വിശേഷങ്ങൾ ” അരുസതി അവരോട് കുശലം പറഞ്ഞു.

“ഋഷിയെന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്..” അനിത ഡോക്ടർ ചോദിച്ചു.

“നിങ്ങളുടെ കത്തിയടി കഴിയട്ടെ എന്നു കരുതി.. ” ഋഷി മറുപടിയായി പറഞ്ഞു.

“അതിരിക്കട്ടെ.. ഇപ്പോൾ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടോ?” അനിത ഋഷിയെ നോക്കി.

“ഏയ്.. ഇല്ല .. ഇനിയും മെഡിസിൻ ആവശ്യമുണ്ടോ.” ഋഷി ചോദിച്ചു.

“തലച്ചോറിലേക്ക് ബ്ലഡ് സർക്കുലേഷൻ കൃത്യമായ് നടക്കാനുള്ള ഒരു ഗുളിക മാത്രം മതി ഇനി.. കൂടെ യോഗയും മെഡിറ്റേഷനും കൃത്യമായി ചെയ്യണം..” അനിത മെഡിസിൻ സ്ലിപ് എഴുതിക്കൊടുത്തു.

അൽപ നേരം കൂടി സംസാരിച്ച ശേഷം അവർ പുറത്തിറങ്ങി. അരുന്ധതി ഓഫീസിലേക്കു കയറി.. ഋഷി ടെക്സ്റ്റയിൽസിലേക്ക് പോയി.

ടെക്സ്റ്റയിൽസിലെത്തി ഫയലുകൾ നോക്കി, ക്ലിയർ ചെയ്ത് അവിടത്തെ കാര്യങ്ങൾ എല്ലാം നോക്കുന്ന സദാശിവനെ ഏൽപ്പിച്ച് ഇറങ്ങുമ്പോഴാണ് അരുന്ധതി വിളിച്ചത്.

“ഹലോ അമ്മേ.. ” ഋഷി ഫോൺ ചെവിയോടു ചേർത്തു.

” ഋഷീ നീഇറങ്ങിയോ? ” മറുതലക്കൽ നിന്നും അരുന്ധതിയുടെ ശബ്ദം കേൾക്കാം.

“ദാ .. ഇറങ്ങുന്നു.അമ്മ എന്താ വിളിച്ചത് “

” ഇന്ന് ടൗൺ ഹാളിൽ വച്ചൊരു ഫംഗ്ഷനുണ്ട്.. പോവാതിരിക്കാൻ പറ്റില്ല.. നമുക്കൊരുമിച്ച് പോയാലോ?” അരുന്ധതി ചോദിച്ചു. ഋഷി ഒന്നാലോചിച്ചു .. പിന്നെ പറഞ്ഞു.

” പോവാം.. “

ഋഷിവീട്ടിലെത്തി അൽപസമയം കഴിഞ്ഞപ്പോൾ തന്നെ അരുന്ധതിയും എത്തി. എല്ലാവരും ഒരുമിച്ചാണ് ഫംഗ്ഷന് പോയത്. അവിടെ എത്തിയതും പരിചയക്കാർ വന്ന് വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി.അരുന്ധതിയുടെ സുഹൃത്ത് ഹേമലതയുടെ മകൾക്ക് കലോത്സവത്തിൽ നൃത്തത്തിന് ഒന്നാം സമ്മാനം ലഭിച്ചതിൻ്റെ പാർട്ടിയാണവിടെ നടക്കുന്നത്. ഹേമലതയും ഭർത്താവും അവരെ സ്വീകരിച്ചു. മകൾ വൈഗയെ റിതുവിനും ഋഷിക്കും പരിചയപ്പെടുത്തി ക്കൊടുത്തു. കുറച്ച് നേരം കഴിഞ്ഞപ്പോൾ തന്നെ ഋഷിക്ക് ബോടറിച്ച് തുടങ്ങി.

“റിതൂ.. നിനക്ക് മടുപ്പു തോന്നുന്നില്ലേ.. ” ഋഷി ചോദിച്ചു.

“മം .. നമുക്ക് കഴിച്ചിട്ട് പോയാലോ?”റിതു മറു ചോദ്യമയച്ചു.

അപ്പോഴേക്കും അരുന്ധതി അവർക്കടുത്ത് വന്നു. “വൈഗയുടെ നൃത്തം കണ്ടിട്ട് പോവാട്ടോ .. ” അവർ റിതുവിനോടു പറഞ്ഞു.

അൽപസമയം കഴിഞ്ഞപ്പോൾ നൃത്തം തുടങ്ങി. നൃത്തം ശ്രദ്ധിച്ചിരുന്ന ഋഷിയുടെ കണ്ണുകൾ വൈഗയുടെ കാലിലെ ചിലങ്കയിലേക്കായി.ആ ചിലങ്കകൾ തൻ്റെ ഹൃദയത്തിൽ കിലുങ്ങുന്നതു പോലെ ..

നൃത്തം അവസാനിച്ചപ്പോൾ അരുന്ധതി ഋഷിയെ വിളിച്ചപ്പോൾ അവൻ ഞെട്ടി യുണർന്നു. ആ ചിലങ്കകൾ അപ്പോഴും കിലുങ്ങുന്നതു പോലെ തോന്നിയവന് .. ചുറ്റുപാടും നോക്കി. നൃത്തം കഴിഞ്ഞു. എല്ലാവരും കഴിക്കാൻ തുടങ്ങി.. പിന്നെ എവിടെ നിന്നാണ് ശബ്ദം കേൾക്കുന്നത് .. അവൻ്റെ ഭാവം കണ്ട അരുന്ധതി ചോദിച്ചു.

“എന്താ മോനെ .. എന്തു പറ്റി.. “

“ഏയ്.. ഒന്നുമില്ല.. “ഋഷി പെട്ടന്നു തന്നെ മറുപടി പറഞ്ഞു.

“വാ.. നമുക്ക് കഴിച്ചിട്ട് പോവാം.. ” അരുന്ധതി അവനെയും കൂട്ടി നടന്നു.

തിരികെ വീട്ടിലേക്കുള്ള യാത്രയിലും അവൻ അസ്വസ്ഥനായിരുന്നൂ.. റൂമിലെത്തിയതും തൻ്റെ ചെവികൾ പൊത്തിപ്പിടിച്ച് ബെഡിലേക്കിരുന്നു ഋഷി .. ഒരാശ്വാസം തോന്നി.. കൈകൾ ചെവിയിൽ നിന്നെടുത്തപ്പോൾ വീണ്ടും ചിലങ്കയുടെ ശബ്ദം.. തലയാകെ പൊട്ടി പോകുന്ന വേദനയും .. അവിടെ കണ്ട ബാം പുരട്ടി ചെവി പൊത്തിപ്പിടിച്ച് ബെഡിൽ കമിഴ്ന്നു കിടന്നു.. എപ്പോഴോ ഉറങ്ങി.
രാവിലെ എഴുന്നേറ്റപ്പോൾ തലവേദന മാറിയിരുന്നു .. എങ്കിലും തലേ ദിവസത്തെ ഓർമ്മകൾ അവശേഷിച്ചു.

ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതിനിടയിൽ ഋഷിയുടെ മുഖത്തെ വാട്ടം അരുന്ധതി ശ്രദ്ധിച്ചിരുന്നു.അത് അവരുടെ മനസ്സിനെ അസ്വസ്തയാക്കി. അന്ന് കുറച്ച് വൈകിയാണ് അരുന്ധതി ഇറങ്ങിയത്. പോവുന്ന വഴിയിൽ കൃഷ്ണ കുമാറിൻ്റെ വീട്ടിൽ കയറി. ഓരോ ബിസിനസ്സ് കാര്യങ്ങൾ സംസാരിക്കുന്നതിനിടയിൽ ഋഷിയെക്കുറിച്ചും അവർ സംസാരിച്ചു.

“എനിക്കെന്തോ വല്ലാത്ത ഭയം തോന്നുന്നു. ഋഷി എല്ലാം അറിഞ്ഞാൽ എന്നെ വെറുക്കും. പിന്നെ ഞാൻ എന്തു ചെയ്യും എനിക്കാകെ പേടി തോന്നുന്നു കൃഷ്ണേട്ടാ..” അരുന്ധതി പറഞ്ഞു.

“താൻ പറഞ്ഞത് ശരിയാണ് .. ഇനിയിപ്പോ ഞാൻ ആലോചിച്ചിട്ട് ഒരു വഴിയേ ഉള്ളൂ.. ” കൃഷ്ണകുമാർ പറഞ്ഞു നിർത്തി.

“അതെന്താ.. ” അരുന്ധതി ആകാംക്ഷയോടെ അയാളെ നോക്കി.

“നമുക്ക് ഋഷിയുടെ വിവാഹം നടത്താം.. അപ്പോൾ നഷ്ടപ്പെട്ട ഓർമകൾ തിരികെ വന്നാലും പുതിയ ജീവിതവുമായ് അവൻ പൊരുത്തപ്പെട്ടു കഴിഞ്ഞാൽ പിന്നെ നമ്മൾ ഭയക്കുന്നത് പോലെ ഒന്നും സംഭവിക്കില്ല.. ” അയാൾ പറഞ്ഞു.

” ഒന്നും അറിയാതെ മറ്റൊരുപെൺകുട്ടിയുടെ ജീവിതം കൂടി നശിപ്പിക്കാനോ? എനിക്കതിനു കൂടിവയ്യാ ” അരുന്ധതി വേദനയോടെ പറഞ്ഞു. അവരുടെ മനസ്സിൽ ഒരു നിമിഷം നിറഞ്ഞ കണ്ണുകളോടെ തകർന്ന മനസ്സുമായ് നിൽക്കുന്ന ദേവയാമിയുടെ മുഖം തെളിഞ്ഞു വന്നു.

” നോക്കൂ അരുന്ധതി.. ഋഷിയുടെ എല്ലാ കാര്യങ്ങളുംഅറിയുന്ന പെൺകുട്ടിയാ
ണെങ്കിൽ കുഴപ്പമില്ലല്ലോ?” കൃഷ്ണകുമാർ പറഞ്ഞു.

” പക്ഷേ.. അങ്ങനെ ആരാണ് സ്വയം തയ്യാറാവുക. എന്നെങ്കിലും ഋഷിക്ക് ഓർമ്മകൾ തിരിച്ചു കിട്ടും എന്നറിഞ്ഞിട്ട് ആരാ സമ്മതിക്കുക .. ” അരുന്ധതി സംശയത്തോടെ പറഞ്ഞു.

” അരുന്ധതിക്ക് സമ്മതമാണെങ്കിൽ ഞങ്ങൾക്ക് സമ്മതമാണ്.. എൻ്റെ മകൾ സിതാര അരുന്ധതിയുടെ മരുമകളാവും..” കൃഷ്ണ കുമാറിൻ്റെ വാക്കുകൾ കേട്ട അരുന്ധതി അമ്പരന്നു..

“എന്നാലും കൃഷ്ണേട്ടാ.. സിതാര സമ്മതിക്കുമോ.. വേണ്ട .. ഞാൻ കാരണം ഏട്ടനും മോളും ബുദ്ധിമുട്ടരുത് .അതിന് ഞാൻ സമ്മതിക്കില്ല ” അരുന്ധതി നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു.

“നിനക്കൊരു സങ്കടം വരുമ്പോൾ കൂടെ നിന്നില്ലെങ്കിൽ പിന്നെ ഞങ്ങളൊക്കെ എന്തിനാ .. സിതാര സമ്മതിക്കും .. നീ ചന്ദ്രശേഖരനോടും ഋഷിയോടും സംസാരിക്കൂ.. നമുക്കിത് നടത്താം.. ” അയാൾ അരുന്ധതിക്ക് വാക്ക് നൽകി.

അപ്പോൾഅരുന്ധതിയുടെ മനസ്സിൽ കൃഷ്ണ കുമാറിന് ദൈവത്തിൻ്റെ സ്ഥാന മായിരുന്നു. അരുന്ധതി ഇറങ്ങിക്കഴിഞ്ഞപ്പോൾ കൃഷ്ണ കുമാറിൻ്റെ മുഖത്ത് വന്യമായ ചിരി വിടർന്നു.

തുടരും..

Related Posts

Leave a Reply

Your email address will not be published. Required fields are marked *