ദോശയും ഓർഡർ ചെയ്ത് കരിങ്ങാലി വെള്ളവും മൊത്തി കസേരയിൽ ഇരിക്കുമ്പോൾ മനസ്സിൽ സംശയങ്ങൾ…….

ഉഴുന്നുവട

എഴുത്ത്:- രാജീവ് രാധാകൃഷ്ണപണിക്കർ

മസാല ദോശ നുമ്മടെ വീക്നെസ് ആണ്.

വൈകിട്ട് ഓഫിസിൽ നിന്നിറങ്ങുമ്പോൾ പെട്രോളടിക്കാം എന്നു കരുതിയാണ് വെജിറ്റേറിയൻ ഹോട്ടലിനു മുന്നിലൂടെയുള്ള ആ എളുപ്പവഴി തിരഞ്ഞെടുത്തത്.

ഹോട്ടലിനു സമീപമെത്തിയപ്പോൾ അവിടമാകെ നിറഞ്ഞുനിന്ന മസാലയുടെ ഒരൊന്നൊന്നര ഗന്ധം മൂക്കിലേക്കങ്ങടിച്ചു കയറി.

വയറിനുള്ളിൽ ഒരു കാളൽ.

എന്നാ പിന്നെ വയറിന്റെ കാളൽ മാറ്റിയിട്ടാകാം പെട്രോളും ഡീസലുമൊക്കെയെന്നങ്ങട് നിരീച്ചു.

ദോശയും ഓർഡർ ചെയ്ത് കരിങ്ങാലി വെള്ളവും മൊത്തി കസേരയിൽ ഇരിക്കുമ്പോൾ മനസ്സിൽ സംശയങ്ങൾ ഓരോന്നായി തലപൊക്കി തുടങ്ങി.

അല്ലെങ്കിലും മസാല ദോശ കഴിക്കാൻ പോയാൽ പണ്ടുമുതലെ ഒരു പാട് സംശയങ്ങളാണ്.

‘മസാലയുടെ നിറം മഞ്ഞയായിരിക്കുമോ അതോ ചുവപ്പോ’

ബീറ്റ്റൂട്ടിനോട് പ്രത്യേകിച്ചു വിരോധമൊന്നുമില്ലാത്തതിനാൽ നിറം എന്തായാലും അത് സ്വാദിനെ ബാധിക്കാൻ പോകുന്നില്ല.

‘എത്ര തരം ചമ്മന്തിയുണ്ടാകും?’

ചട്നിയും സാമ്പാറും ഉറപ്പ്.

‘കൂടെ മുളക് ചമ്മന്തിയായിരിക്കുമോ. അതോ പുതിന ചമ്മന്തിയോ?

അതോ രണ്ടുമുണ്ടാകുമോ?

വായിൽ വെള്ളമൂറിത്തുടങ്ങി.

കൂടെ കൊണ്ടുവരുന്ന ഉഴുന്നുവട കഴിക്കണോ അതോ തിരിച്ചു കൊടുക്കണമോ?

വീണ്ടും അടുത്ത സംശയമുദിച്ചു.

വട തിന്നാൽ മസാലയുടെ ടേസ്റ്റ് പോകും .അപ്പൊ പിന്നെ വട തിരിച്ചു കൊടുക്കാം.അല്ലെങ്കിലും വട ആർക്കു വേണം.ഉഴുന്നിന് വിലകൂടിയതിനാൽ ലവന്മാര് മാവിൽ മൈദ ചേർത്തുകാണും

ചിന്തകളിൽ അങ്ങിനെ മുഴുകിയിരിക്കുമ്പോൾ വെയ്റ്റർ ഭവ്യതയോടെ മുന്നിലെത്തി.

“സർ ദോശമാവ് മറിഞ്ഞുപോയി. ക്ഷമിക്കണം.വേറെ എന്ത് വേണം?”

എല്ലാ പ്രതീക്ഷകളും അസ്ഥാനത്തായി !

എന്തായാലും കടയിൽ കയറിയതല്ലെ. ഒന്നും കഴിക്കാതിരിക്കുന്നതെങ്ങിനെ. ചപ്പാത്യാദി വിഭവങ്ങളിലേക്ക് കടക്കുവാനും തോന്നുന്നില്ല.

എന്നാ പിന്നെ വട തന്നെ ശരണം.

“രണ്ടു ഉഴുന്ന് വട,ഒരു വിതൗട്ട് കോഫി”

പതിഞ്ഞ സ്വരത്തിൽ ഓർഡർ കൊടുക്കുമ്പോൾ അതു കേട്ട് ഉഴുന്നുവട ഊറിച്ചിരിക്കുന്നുണ്ടാകുമോ എന്തോ😁

വാൽക്കഷ്ണം:ആരാ എപ്പോഴാ ഉപകാരത്തിൽ കൊള്ളുന്നതെന്ന് പറയാൻ പറ്റില്ലെന്നെ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *