നല്ല സുന്ദരി ആയിരുന്നു ഉമ്മ, അതുകൊണ്ട് തന്നെ ഉമ്മാന്റെ കൂടെ എവിടെപ്പോയാലും എനിക്ക് നല്ല പരിഗണന കിട്ടിയിരുന്നു……

എന്റെ ഉമ്മ

Story written by Shaan Kabeer

“അതെന്താ ഉമ്മാനെ എല്ലാവരും ഇങ്ങനെ നോക്കുന്നേ”

ആറ് വയസ്സുള്ള എന്റെ ചോദ്യം കേട്ടപ്പോൾ ഉമ്മാന്റെ മുഖത്ത് ഒരു പുഞ്ചിരി മാത്രം. ഈ ചോദ്യം ഞാൻ പലതവണ ഉമ്മാനോട് ചോദിച്ചിട്ടുണ്ട്. എന്റെ വീട്ടിൽ നിന്നും (അതായത് ഉപ്പയും ഉമ്മയും ഞങ്ങൾ മൂന്ന് മക്കളും താമസിക്കുന്ന വീട്)ഉമ്മാന്റെ വീട്ടിലേക്ക് (അതായത് തറവാട്ടിലേക്ക് ) പണ്ടൊക്കെ ഞങ്ങൾ നടന്നായിരുന്നു പോയിരുന്നത്. ഏകദേശം ഒന്നൊന്നര കിലോമീറ്റർ ദൂരം ഉണ്ട്. തറവാട് എത്തുന്നവരെ പാടത്തും പറമ്പിലും തോട്ട് വരമ്പിലു മൊക്കെ കൂടിയിരിക്കുന്ന കോഴികളുടെ നോട്ടത്തിന്റെ അർഥം അന്നെനിക്ക് മനസ്സിലായില്ല.

നല്ല സുന്ദരി ആയിരുന്നു ഉമ്മ, അതുകൊണ്ട് തന്നെ ഉമ്മാന്റെ കൂടെ എവിടെപ്പോയാലും എനിക്ക് നല്ല പരിഗണന കിട്ടിയിരുന്നു. റോഡ് മുറിച്ച് കടക്കാൻ സഹായിക്കാനൊക്കെ അന്നത്തെ കോഴികൾക്ക് വല്ലാത്തൊരു ആവേഷമായിരുന്നു. പക്ഷേ, ഇങ്ങനെയുള്ള ആളുകളെയൊക്കെ വെറും വിഡ്ഢികളായും, ഞരമ്പ ന്മാരായും മാത്രമേ ഉമ്മ കണ്ടിരുന്നുള്ളൂ. വീട്ടിൽ വന്നിട്ട് അവരെ കുറിച്ച് ഉപ്പാനോട് പറയുമ്പോൾ ഉമ്മയുടെ മുഖത്തെ അറപ്പും വെറുപ്പും ഞാൻ പലതവണ കണ്ടിട്ടുണ്ട്.

ഇന്ന് എന്റെ ഉമ്മാക്ക് അറുപതിനോട് അടുത്ത് വയസ്സായി. ഞങ്ങൾ മൂന്ന് മക്കൾക്കും കുട്ടികളായി. എന്റെ ഉമ്മ ഞങ്ങൾ മക്കളോടും പേരക്കുട്ടികളോടും ഒപ്പം സന്തോഷത്തോടെ ഇങ്ങനെ കഴിഞ്ഞ് പോകുമ്പോഴാണ് പെട്ടന്ന് ഒരുദിവസം ഉമ്മാക്ക് വല്ലാത്തൊരു ക്ഷീണം അനുഭവപ്പെടുന്നത്. ആ ക്ഷീണം പിന്നെ സ്ഥിരമായി, എന്റെ ഉമ്മ മെലിയാൻ തുടങ്ങി. പിന്നെ ഇടയ്ക്കിടെയുള്ള പനി. ആദ്യമൊക്കെ അലർജിയോ മറ്റോ ആവും എന്ന് പറഞ്ഞ് ഡോക്ടമാർ മരുന്നെഴുതി. ഒടുവിൽ ആ മരുന്ന് കൊണ്ടൊന്നും അസുഖം മാറാഞ്ഞപ്പോൾ എംആർഐ സ്കാൻ ചെയ്യാൻ ഡോക്ടർ നിർദ്ദേശിച്ചു. ഉപ്പയും ഉമ്മയും അനിയത്തിയും പോയി ടെസ്റ്റ്‌ നടത്തി. നാല് ദിവസം കഴിഞ്ഞ് റിസൾട്ട് മേടിക്കാൻ പോയത് അളിയനും പെങ്ങളുമാണ്. റിസൾട്ട് കയ്യിൽ കിട്ടിയ അപ്പോൾ തന്നെ പെങ്ങൾ എന്നെ വിളിച്ചു

“ഇക്കാ, റിസൾട്ട് കിട്ടി. ഉമ്മാക്ക് കാൻസറാണ്. അതും ഫോർത്ത് സ്റ്റേജ്, ഇനി നമ്മൾ എന്ത് ചെയ്യും ഇക്കാ”

അവൾ പൊട്ടിക്കരഞ്ഞു. ഞാൻ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്ത വികാരമായിരുന്നു എനിക്കപ്പോൾ തോന്നിയത്. എന്റെ ഉമ്മ കൂടെയില്ലാത്ത ഒരു ജീവിതം എനിക്ക് സ്വപ്നം പോലും കാണാൻ പറ്റില്ലായിരുന്നു. ഞാൻ നൂറ് വയസായ കിളവനായി ആരോഗ്യത്തോടെ ജീവിക്കുന്നത് സ്വപ്നം കാണുമ്പോഴും എന്റെ കൂടെ നൂറ്റി ഇരുപതിനാല് വയസ്സുള്ള ഉമ്മയും ഉണ്ടാകാറുണ്ട്.

നാല് ദിവസം കഴിഞ്ഞാണ് എന്റെ ഉമ്മ തനിക്ക് കാൻസർ ആണെന്ന് തിരിച്ചറിയുന്നത്. അതും ഞാൻ അറിയാതെ വായിൽ നിന്നും വിട്ട് പോയിട്ട്. ഉമ്മ ഒരുപാട് കരഞ്ഞു. കരഞ്ഞ് കരഞ്ഞ് ഉമ്മാക്ക് എന്തോ ധൈര്യം വന്നപോലെ എനിക്ക് തോന്നി. ഇപ്പൊ ഉമ്മ തയ്യാറെടുപ്പിലാണ്, കാൻസർ എന്ന തന്നെയും കുടുംബത്തേയും പിരിക്കാൻ വന്ന ശത്രുവിനെ ആട്ടിയോടിക്കാൻ.

അല്ലേലും എന്റെ ഉമ്മാക്ക് അങ്ങനെയൊന്നും പോവാൻ പറ്റില്ല ഞങ്ങളെ വിട്ടിട്ട്. ഉമ്മ പോവാൻ തയ്യാറായാലും ഞങ്ങൾ വിട്ടിട്ട് വേണ്ടേ.

ഒന്ന് തിരിയാനും മറിയാനും വരെ കുഞ്ഞിമോളേ, കുഞ്ഞിമോളേ എന്ന് വിളിച്ച് ഉമ്മയുടെ സാമിപ്യം എപ്പോഴും ആഗ്രഹിക്കുന്ന (ഞങ്ങൾ മക്കളുടെ ഭാഷയിൽ പറഞ്ഞാൽ ഇതുപോലൊരു ഭാര്യയേയും ഭർത്താവിനേയും എവിടേം കണ്ടിട്ടില്ല. അത്രക്ക് സ്നേഹമാണ് രണ്ടാളും)എന്റെ ഉപ്പയെ വിട്ടിട്ട് ഉമ്മാക്ക് പോവാൻ പറ്റോ…?

ഉമ്മയോട് ഒരുപാട് തർക്കിക്കുന്ന ദേഷ്യപ്പെടുന്ന എന്നാലോ ഉമ്മയുടെ കാലിൽ ഒരു മുള്ളുകൊണ്ടാൽ കുട്ടികളെപോലെ കരയുന്ന എന്റെ ഇക്കയെ വിട്ട് ഉമ്മാക്ക് പോവാൻ പറ്റോ…?

ആദ്യമായി ഉമ്മയെ പോ ലീസ് സ്റ്റേഷനിൽ കയറ്റിയ, ജാമ്യം എടുക്കാൻ വേണ്ടി ഉമ്മയെ കോടതിയിൽ മണിക്കൂറോളം നിർത്തി ആ എക്സ്പീരിയൻസ് ഉമ്മാക്ക് മനസ്സിലാക്കി കൊടുത്ത ഈ തെ മ്മാടിയെ വിട്ട് എന്റെ ഉമ്മാക്ക് പോവാൻ പറ്റോ…?

എന്റെ അനിയത്തിയെ, ഞങ്ങൾ മൂന്ന് പേരുടേം മക്കളെയൊക്കെ വിട്ട് എന്റെ ഉമ്മാക്ക് പോവാൻ പറ്റോ…? എന്റെ മോളുടെ പേരിട്ടത് ഞാനാണ്, എന്റെ ഉമ്മയുടെ പേരാണ് അവൾക്ക്.

പരദൂഷണം പറയുന്ന, കുശുമ്പിയായ, ചെടികളെ ഒരുപാട് ഇഷ്ടമുള്ള, സഹായിയായ, ദേഷ്യം വന്നാൽ പെട്ടന്ന് കരയുന്ന,പോത്തുപോലുള്ള എന്നെയൊക്കെ എന്റെ മക്കളുടെ മുന്നിൽ വെച്ച് ഓടിച്ചിട്ട് തല്ലുന്ന എന്റെ ഉമ്മയെ അങ്ങനെ വിട്ട് കൊടുക്കാൻ ഞങ്ങളും ഉദ്ദേശിച്ചിട്ടില്ല. അവസാന ശ്വാസം വരെ പൊരുതും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *