നാളുകൾ കുറേയായി ഞാൻ നോക്കിയില്ലെങ്കിലും നിങ്ങൾ എനിക്ക് മെസേജ് അയക്കുന്നുണ്ട്. ഇന്നാണ് ഞാൻ ഒരു ഹായ് തിരിച്ചു തരുന്നത്..

ആയിരത്തിൽ ഒരുവൾ.

Story written by Navas Amandoor

“സെ ക്സ് ചാറ്റിങ്ങിൽ താല്പര്യം ഉണ്ടോ..?”

ഇങ്ങനെയൊരു മെസേജിന് സാധാരണഗതിയിൽ ഒരു പെണ്ണ് എന്ത് റിപ്ലൈയാണ് കൊടുക്കുക..?

മിക്കവാറും ആ സമയം എന്തെങ്കിലും ചീ ത്ത പറഞ്ഞു ബ്ലോക്ക്‌ ചെയ്യും. അങ്ങനെയാണ് ഏറെക്കുറെ ഉണ്ടാവുക. പക്ഷേ സൈറ എന്റെ ആ മോശം ചോദ്യത്തിന് ശേഷമാണ് കൂടുതൽ സംസാരിച്ചത്.

“നാളുകൾ കുറേയായി ഞാൻ നോക്കിയില്ലെങ്കിലും നിങ്ങൾ എനിക്ക് മെസേജ് അയക്കുന്നുണ്ട്. ഇന്നാണ് ഞാൻ ഒരു ഹായ് തിരിച്ചു തരുന്നത്.. നിങ്ങളുടെ ആവശ്യം ഇതാണെങ്കിൽ ഞാൻ ഓക്കേയാണ്…പറഞ്ഞോളൂ.”

ഞാൻ പെട്ടന്ന് മൗനമായി. ആദ്യമായിട്ടാണ് ഒരു പെണ്ണ് ഇങ്ങനെ റിപ്ലൈ തരുന്നത്.

“പിന്നെ രണ്ട് കാര്യമുണ്ട്.. ഒന്ന്, ഇയാളുടെ ഈ പേര് മാറ്റണം..എല്ലാവരും ബഹുമാനിക്കുന്ന ഒരാളുടെ നല്ലൊരു പേര് വെച്ച് ഇങ്ങനെ ഒന്നും പറയാൻ പറ്റില്ല. പിന്നെ പ്രൊഫൈൽ ഫോട്ടോ അതും മാറ്റണം.. നിങ്ങളുടെ മകളുടെ ഫോട്ടോ കാണുമ്പോൾ എനിക്ക് അത്തരം ചാറ്റ് കഴിയില്ല. നിങ്ങക്ക് ചിലപ്പോൾ കഴിയുമായിരിക്കും”

സൈറക്ക് അങ്ങനെയൊരു താല്പര്യം ഉണ്ടായിട്ടല്ല എന്നോട് ചാറ്റിന് സമ്മതിച്ചതെന്ന് മനസ്സിലായി. എന്നെ അറിയാൻ എന്റെ മനസ് അറിയാൻ വേണ്ടി മാത്രം. എത്ര മോശം ആൾ ആണെങ്കിലും ഹൃദയത്തിൽ ഒരിത്തിരി നന്മ ഉണ്ടാകുമെന്ന് അവൾ വിശ്വസിക്കുന്നു.

കുറച്ചുനേരം കൊണ്ട് അവൾ എന്നെ പറ്റിയുള്ള കാര്യങ്ങൾ ചോദിച്ചു. വീട്.. ജോലി.. അങ്ങനെ എല്ലാം അവൾ ചോദിച്ചറിഞ്ഞു.

ഞാനൊരു ടീച്ചറുടെ മുൻപിൽ എന്നപോലെ അവളുടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി കൊടുത്തു. അവിടെ ആ സമയം സൈറ എന്റെ മനസ് തുറന്നു.

“ഞാൻ നമ്പർ തരാ.. വിളിക്ക്.”

വേറെ ഒന്നും ചിന്തിച്ചില്ല.നമ്പർ കിട്ടിയ നിമിഷം തന്നെ ഞാൻ സൈറാക്ക് കാൾ ചെയ്തു.

സൈറ ഹെലോ എന്ന് പറഞ്ഞപ്പോൾ എനിക്ക് കരച്ചിലാണ് വന്നത്. അവളോട് ഹെലോ പറയാൻ പോലും കഴിയാതെ വിതുമ്പിപ്പോയ സങ്കടം. എന്തിനാണ് ഞാൻ സൈറക്ക് മുൻപിൽ ഇങ്ങനെ കരയുന്നതെന്ന് പോലും അറിയില്ല.ഒരുപക്ഷെ ഞാൻ എന്റെ തെറ്റുകളെ ഓർത്തിട്ടാവും.

“നിങ്ങൾ കരയാതിരിക്ക്.. എല്ലാത്തിനും വഴിയുണ്ട്.”

“എനിക്ക് അറിയുന്ന ഒരേയൊരു ജോലി ടൈലറിങ് ആണ്. പെട്ടെന്നൊരു ദിവസം ജോലി നഷ്ടപ്പെട്ട് ഗൾഫിൽ നിന്ന് വന്നതാണ്. ഒരു ജോലിയില്ലാത്ത ടെൻഷനും ജീവിക്കാനുള്ള തത്രപ്പാടുകളും… അതിന്റെ ഇടയിൽ ഗൾഫിൽ ഉള്ളപ്പോൾ കിട്ടിയ സ്വഭാവമാണ് ഈ ചാറ്റിങ്. തെറ്റാണ്… ച തിയാണ്… ഒരു രസത്തിന് അങ്ങനെ ആയിപ്പോയി.. മാപ്പ്.”

സൈറ ആ സമയം എനിക്ക് വേണ്ടി സംസാരിച്ചു. ടൗണിൽ നിന്നും കുറച്ചു മാറി ഒരു മുറി വാടകക്ക് എടുക്കാൻ പറഞ്ഞു. തുണിക്കച്ചവടം നഷ്ടമാവില്ലെന്ന് ഓർമ്മിപ്പിച്ചു..കുറച്ചു കട്ട് പീസ് തുണികൾ എടുത്ത് ആവശ്യക്കാർക്ക് ഷർട് സ്റ്റിച് ചെയ്തു കൊടുക്കണം. തുടക്കം അങ്ങനെ മതിയെന്നും അതിന് വേണ്ടി അവൾ കുറച്ചു പണവും എനിക്ക് ഓഫർ ചെയ്തു.

“ഒരു കാര്യത്തിന് ഇറങ്ങിത്തിരിക്കുമ്പോൾ മനസും ശരീരവും സമയവും അതിന് വേണ്ടി മാത്രം ഉപയോഗിക്കണം.. ദൈവം കരുണയുള്ളവനാണ്.”

സൈറ പറഞ്ഞത് പോലെയൊക്കെ ഞാൻ ചെയ്തു. കൂടെ ഒരാൾ ഉള്ള ധൈര്യം കുറച്ചൊന്നുമല്ല എനിക്ക് ശക്തി പകർന്നത്. കച്ചവടം മെച്ചമായിത്തുടങ്ങി. കുറച്ചു കുറച്ചു സാധനങ്ങൾ കൊണ്ട് വെച്ച് മാസങ്ങൾ കൊണ്ട് ഞാൻ ആ ചെറിയ പീടിക ഒരു തുണിക്കടയാക്കി മാറ്റി.

ഇടക്കിടെ ഞാൻ സൈറയെ വിളിക്കും. സൈറയുടെ ഓരോ വാക്കും എനിക്ക് പ്രതീക്ഷയുടെ വെളിച്ചമാണ്. മുന്നോട്ട് നയിക്കുന്ന മാലാഖയെ പോലെ ഞാൻ അവളുടെ പിന്നാലെ നടന്നു.

ഒന്നും വെറുതെയായില്ല. ജീവിതത്തിലെ കഷ്ടപ്പാടുകൾ മാറിത്തുടങ്ങി. എന്റെ കടയുടെ അടുത്തുള്ള മുറിയും ഞാൻ വാടകക്ക് എടുത്തു. അതിൽ സ്റ്റിച്ചിങ് മാത്രമാക്കി. എന്നെ സഹായിക്കാൻ ഭാര്യയും കൂടെ നിന്നു. തുണിക്കടയുടെ മേലെ ‘സൈറ ടെക്സ്റ്റൈൽസ്’ എന്നൊരു ബോഡും വെച്ചു.

“ഇതാണ് സംഭവം.. അങ്ങനെ രണ്ട് കൊല്ലത്തിനു ശേഷം ഞാനും കുടുംബവും സൈറയെ നേരിട്ട് കാണാൻ വേണ്ടിയുള്ള യാത്രയാണ്.”

“നന്ദി പറയാൻ ആണോ.?”

“അല്ല.. നന്ദി ആ മോളോട് പറഞ്ഞു തീർക്കാൻ കഴിയില്ല.തന്ന ക്യാഷ് മടക്കിക്കൊടുക്കണം. ഒരു ജീവിതമാർഗം കാണിച്ചുതന്നതിന് ഒരു പുഞ്ചിരി സമ്മാനിക്കണം.”

ട്രെയിനിൽ കൂടെ ഇരിക്കുന്ന ആളോട് കഥ പറയുമ്പോൾ കേൾക്കുന്ന അയാളുടെ മുഖത്ത് അത്ഭുതം.

“ഒരു കാര്യം ഉറപ്പാണ്… അവൾ ആയിരത്തിൽ ഒരുവൾ ആയിരിക്കും.”

“അതേ… വെറുമൊരു ദേഷ്യത്തിൽ തീരുമായിരുന്ന എന്റെ ചോദ്യത്തിലൂടെ സൈറ എന്നെ അറിയാൻ ശ്രമിച്ചു.. ഇങ്ങനെയൊക്കെയാ ജീവിതത്തിൽ മാറ്റം ഉണ്ടാകുന്നത്. കേൾക്കാൻ മനസുള്ളവർ വിരളമാണ്.”

എത്ര മോശപ്പെട്ടവർ ആയാലും അവരുടെ മനസ്സിലും ഇത്തിരി നന്മയുണ്ടാവും. ചിലർ അവരുടെ മനസ്സിലെ നന്മയെ ഉണർത്താൻ ശ്രമിക്കും.ആ ചിലർ ദൈവത്തിന് പ്രിയപ്പെട്ടവർ ആയിരിക്കും. പാപിയെ അല്ലല്ലോ പാപത്തെയല്ലേ വെറുക്കേണ്ടത്.

“ഒരു കാര്യം ചോദിക്കാൻ വിട്ടുപോയി.. എന്താണ് നിങ്ങളുടെ പേര്..?”

“വിഷ്ണു നാരായണൻ.”

“വിഷ്ണു.. അപ്പൊ അങ്ങനെയുള്ള ചാറ്റിങ്ങിന് വരുന്നവരെ പ്രോത്സാഹിപ്പിക്കണോ…?”

“അങ്ങനെയല്ലാ.. ഒഴിവാക്കുകതന്നെ വേണം.. എന്റെ കാര്യത്തിൽ ഒരു നിമിത്തം പോലെ ഇങ്ങനെയൊക്കെ സംഭവിച്ചു..”

ഒരു മോശം വാക്കിലൂടെ അയാളെ അറിയാൻ ശ്രമിച്ച് അയാളുടെ ജീവതത്തിൽ വെളിച്ചം പകർന്ന സൈറ ആയിരത്തിൽ ഒരുവളാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *