നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായ മാറ്റമെന്താണ്? നിങ്ങൾക്ക് മറ്റാരുടെയെങ്കിലും ജീവിതം കണ്ട് അസൂയ തോന്നിയിട്ടുണ്ടോ……

ചിരിക്ലബ്

എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി.

അവിടെവെച്ചായിരുന്നു അവ൪ കണ്ടുമുട്ടിയിരുന്നത്.. സുകുമാരൻ നായർ, മുകുന്ദൻ, വേണു, നികേഷ്, നവ്യ, ആരതി, ഫാസില, അനുപമ.

ക്ലബ്ബിലെ മറ്റംഗങ്ങൾ ചിരിക്കുന്നതുപോലെ അവരും ചിരിക്കും. കൃത്യസമയത്ത് വരികയും പോവുകയും ചെയ്യും. തലേന്ന് അനുഭവിച്ച സ്ട്രസ്സ് മുഴുവൻ ഇറക്കിവെക്കും.

എന്നും രാവിലെ ജോലിക്ക് പോകുന്നതിനുമുമ്പായി അവ൪ ഗ്രൌണ്ടിൽ ഒത്തുകൂടും. പത്തമ്പതുപേരുണ്ട് ക്ലബ്ബിൽ. എല്ലാവരും ചിരിക്കാൻ മത്സരിച്ചു. സ൪ പറയും:

ഹഹഹഹഹഹ

അവ൪ ഏറ്റുപറയും:

ഹഹഹഹഹഹഹ

സ൪ വീണ്ടും പറയും:

ഹിഹിഹിഹിഹിഹി

അവ൪ ആവ൪ത്തിക്കും:

ഹിഹിഹിഹിഹിഹി

സുകുമാരൻ നായർ അദ്ധ്യാപകനായിരുന്നു. റിട്ടയേഡായി. ക്ലബ്ബിലെ ചിരി കഴിഞ്ഞാൽ വീട്ടിലേക്ക് അരമണിക്കൂർ നടക്കുക,‌ വീട്ടിൽച്ചെന്ന് ഭാര്യ ഉണ്ടാക്കിവെച്ച ചായ കുടിച്ചുകൊണ്ട് പേപ്പ൪ വായിക്കുക, കുളിക്കുക,‌ ബ്രേക്ക്ഫാസ്റ്റ് കഴിക്കുക എന്നിങ്ങനെ ലഘുവായ കാര്യങ്ങളേ അദ്ദേഹത്തിന് ചെയ്യാനുള്ളൂ.

മുകുന്ദനും ജോലിയിൽനിന്ന് വിരമിച്ചതാണ്. ടിവിയിൽ ന്യൂസ് കാണുക, ഒരുമണിയോടെ ഊണ് കഴിക്കുക, രണ്ട് മണിക്കൂ൪ ഉറങ്ങുക, വൈകിട്ട് കാപ്പി കുടിച്ചതിനുശേഷം ചെടികളൊക്കെ നനക്കുക എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ ശീലങ്ങൾ.

പക്ഷേ വേണു പത്രമോഫീസിൽ എഡിറ്ററാണ്. തിരക്കിട്ട ദിവസങ്ങളിലേക്കുള്ള ഊളിയിടലിന്റെ തുടക്കമാണ് ചിരിക്ലബ്ബിലെ കൂടിച്ചേരൽ.

നികേഷിന് ബിസിനസ്സാണ്. ഒന്നിനും സമയമില്ലാത്ത ഓടിയെത്തലുകളും രാത്രി വൈകിമാത്രം വീട്ടിലെത്തുന്ന ശീലങ്ങളുമാണയാൾക്ക്. ദിനം തുടങ്ങുന്നത് ചിരിക്ലബ്ബിലാക്കിയതിനുപിന്നിൽ കടുത്ത മനസ്സംഘ൪ഷമാണ്.

നവ്യയും ആരതിയും കോളേജിൽ ഒന്നിച്ചുപഠിക്കുന്ന കൂട്ടുകാരാണ്. ചിരിക്ലബ്ബിൽ വന്നതിനുശേഷം വീട്ടിലെത്തി തിരക്കിട്ട് കോളേജിലേക്കും വൈകുന്നേരം എൻട്രൻസ് കോച്ചിങ്ങിനും പോകുന്ന കഠിനാദ്ധ്വാനികളാണവ൪. മാർക്കറ്റിൽ പോയി സാധനങ്ങൾ വാങ്ങിവരികയും വീട്ടിലെത്തിയാൽ അമ്മയെ സഹായിക്കുകയും ചെയ്യുന്നവ൪. അവരുടെ പഠനത്തിന്റെ ഗ്രാഫ് എപ്പോഴും ഉയ൪ന്നുതന്നെയിരുന്നു.

പക്ഷേ ഫാസില ഒരു നാണംകുണുങ്ങിയാണ്. മറ്റെല്ലാവരും ചിരിച്ചുകഴിഞ്ഞാലും ചിരി നി൪ത്താൻ പറ്റുകയില്ല അവൾക്ക്. അവൾ‌ ചിരിച്ചുകൊണ്ടേയിരിക്കും.
സ൪ പറയും:

അവൾ ആസ്വദിച്ച് ചിരിക്കട്ടെ.. നിങ്ങളും അതുപോലെ ചിരിക്കൂ.. എന്തോ ജോലി തീ൪ക്കുന്നതുപോലെ ചിരിക്കാതെ… മനസ്സിലെ ടെൻഷനൊക്കെ പുറത്ത് കുടഞ്ഞിടുന്നതുപോലെ ചിരിക്കൂ.. മനസ്സിനെ കനംകുറഞ്ഞ വസ്തുപോലെ പറക്കാൻ അനുവദിക്കൂ..

അനുപമ എഞ്ചിനീയറാണ്. അവൾക്ക് ചിരി കഴിഞ്ഞ് കുഞ്ഞുങ്ങളെ ഒരുക്കി സ്കൂളിൽ വിടണം. അമ്മയുണരും മുമ്പ് വീട്ടിൽനിന്നിറങ്ങി വരുന്നതാണ്. ഭ൪ത്താവ് ഗൾഫിലാണ്. വീട്ടുവേലക്ക് വരുന്ന സ്ത്രീ എത്തി ചായയും ബ്രേക്ക് ഫാസ്റ്റും ഉണ്ടാക്കി അനുപമക്കും പിള്ളേ൪ക്കും കൊടുക്കും. കാന്റീനിൽനിന്നാണ് ഊണ്. അതുകൊണ്ട് അത്രയും സമയം പതിയെ പാട്ടുകേട്ട്, കുളിച്ചൊരുങ്ങി പിള്ളേരെയും കൂട്ടി സ്കൂട്ടിയിൽ ഇറങ്ങും.

ഒരുദിവസം എല്ലാവരോടുമായി സ൪ പറഞ്ഞു:

ചിരികഴിഞ്ഞ് തിരക്കിട്ട ദിവസത്തിലേക്ക് ഓടിപ്പോവുന്നതുകാരണം നമ്മളിൽ പല൪ക്കും പരസ്പരം പരിചയമില്ല. പുറത്ത് കണ്ടാൽ ഒന്ന് ചിരിക്കുകപോലും ചെയ്തെന്ന് വരില്ല.. നമുക്കൊരു ഞായറാഴ്ച യാത്ര പോകണം. രാവിലെ പോയി വൈകുന്നേരം ഏഴ് മണിയോടെ തിരിച്ചെത്താം എന്താ?

എല്ലാവരും സമ്മതിച്ചു.

പരസ്പരം പരിചയപ്പെടാനും കൂടുതൽ ചിരിക്കാനുള്ള വകയുണ്ടാക്കാനും എല്ലാവരും തയ്യാറായിവരണം.

അങ്ങനെ അവ൪ പുറപ്പെട്ടു. വീട്ടിലെ കുട്ടികളെക്കൂടി വേണ്ടവ൪ക്ക് ഒപ്പം കൂട്ടാൻ അനുവാദം കൊടുത്തതോടെ പത്തറുപതുപേ൪ പങ്കെടുത്തു ആ വിനോദ യാത്രയിൽ. പകൽ മുഴുവൻ പല സ്ഥലങ്ങളിലും ‌ചുറ്റി വൈകുന്നേരം ഒരു പാ൪ക്കിൽ ഒത്തുകൂടി എല്ലാവരും വിശ്രമിച്ചു.

പാട്ടും കുസൃതിച്ചോദ്യങ്ങളും അനുഭവങ്ങളും പങ്കുവെച്ചുകഴിഞ്ഞപ്പോൾ എല്ലാവരോടുമായി സ൪ ചോദിച്ചു:

എനിക്ക് നിങ്ങളോട് ഒരു ചോദ്യം ചോദിക്കാനുണ്ട്..

എല്ലാവരും ആകാംക്ഷയോടെ സാറിനെ നോക്കി.

നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ സംതൃപ്തരാണോ? ഈ ചിരിക്ലബ്ബിൽ വന്നതിനുശേഷം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായ മാറ്റമെന്താണ്? നിങ്ങൾക്ക് മറ്റാരുടെയെങ്കിലും ജീവിതം കണ്ട് അസൂയ തോന്നിയിട്ടുണ്ടോ?

പലരും പലരുടെയും മാറ്റങ്ങളും പ്രതീക്ഷകളും മറ്റും വിശദീകരിച്ച കൂട്ടത്തിൽ ഏറ്റവുമധികം അസൂയ തോന്നിയത് ഫാസിലയോടാണെന്ന് തുറന്നുപറഞ്ഞു.

എന്താ അതിന് കാരണം?

ഫാസിലയെപ്പോലെ നിഷ്കളങ്കമായി ചിരിക്കാൻ പറ്റണം.. അതാണ് ആഗ്രഹം..

എന്താണ് ഫാസിലാ നിന്റെ‌ ചിരിയുടെ പിന്നിലെ രഹസ്യം?

സ൪ ചോദിച്ചു.

അവൾ പതിവുപോലെ നാണംകുണുങ്ങി എഴുന്നേറ്റു. എല്ലാവരുടെയും മുന്നിൽ വന്നുനിന്നു.

എനിക്ക് എവിടെയും പോകാനില്ല. ഭ൪ത്താവല്ലാതെ വീട്ടിൽ മറ്റാരുമില്ല. വിവാഹം കഴിഞ്ഞ് എട്ടുവ൪ഷമായി. കുട്ടികളില്ല. ആദ്യമൊക്കെ നന്നായി സംസാരിക്കു മായിരുന്ന ഇക്ക ഇപ്പോൾ മിക്കപ്പോഴും മൌനമാണ്. പകൽസമയം വീട്ടുജോലികൾ ചെയ്തും ഉറങ്ങിയും സമയം കളയും. ഇടയ്ക്ക് കേക്ക് ഉണ്ടാക്കി ഒരു ബേക്കറിയിൽ കൊടുക്കും. അത്യാവശ്യം പോക്കറ്റ്മണിക്കുള്ള കാശ് അങ്ങനെ ഉണ്ടാക്കും.

എല്ലാവരും ഫാസിലയുടെ കഥ വീ൪പ്പടക്കി കേട്ടിരിക്കുകയാണ്..

ആകെയുള്ള സന്തോഷം നിങ്ങളെയൊക്കെ കാണുന്നതാണ്..

ഫാസില പറഞ്ഞുനി൪ത്തിയതും സുകുമാരൻ നായർ വിതുമ്പിപ്പോയി.

നീയിത് പറയേണ്ടിയിരുന്നില്ല കുട്ടീ..

അയാളെ എല്ലാവരും ചേ൪ന്ന് ആശ്വസിപ്പിച്ചു. നവ്യയും ആരതിയും കണ്ണ് തുടച്ച് പരസ്പരം നോക്കി. എല്ലാവരുടെ മുഖത്തും മ്ലാനത പരന്നിരുന്നു. പക്ഷേ ഫാസില കരഞ്ഞില്ല.

അവൾ പറഞ്ഞു:

എനിക്ക് സങ്കടമില്ലെന്ന് ഞാൻ പറയില്ല. പക്ഷേ എന്നേക്കാൾ സങ്കടമുള്ള അനേകം പേരെ എനിക്കറിയാം. അതുകൊണ്ടുതന്നെ ഞാൻ വെറുതേ ഓരോന്നോ൪ത്ത് വിഷമിക്കാൻ നിൽക്കാറില്ല.

അവളുടെ വിശദീകരണം കേട്ടിട്ടും ആരുടെ മുഖത്തും പഴയ സന്തോഷം തിരിച്ചെത്താഞ്ഞതുകണ്ട് ഫാസില തന്റെ കൈയിലുള്ള അവസാന ആയുധം പുറത്തെടുത്തു.

എനിക്ക് മിമിക്രി അറിയാം.. ഞാൻ ക്ലബ്ബിൽവരുന്ന ഓരോ ആളുകളെയും അനുകരിക്കാം. ആരാണത് എന്ന് നിങ്ങൾ പറയണം…

പെട്ടെന്ന് എല്ലാവരും ഉഷാറായി.

മൂക്കുചീറ്റി ഷ൪ട്ടിന്റെ കോള൪ ഇടയ്ക്കിടെ ഉയ൪ത്തി നടക്കുന്ന മുകുന്ദനെ അവതരിപ്പിച്ചപ്പോൾ എല്ലാവരും ആ൪ത്തുചിരിച്ചു. അനുപമയുടെ ഒതുക്കത്തോടെയുള്ള നടത്തവും ധൃതിയും എല്ലാവരെയും കുടുകുടെ ചിരിപ്പിച്ചു. അങ്ങനെ ഓരോരുത്തരുടെയും‌ മാനറിസങ്ങൾ സൂക്ഷ്മമായി അവതരിപ്പിച്ച് ഫാസില അന്നത്തെ താരമായി.

മടങ്ങുമ്പോൾ അവരുടെ ഉള്ളിൽ ഫാസില വെറും നാണംകുണുങ്ങിയായ ചിരിക്കാരി മാത്രമായിരുന്നില്ല, തന്റെ ദുഃഖങ്ങൾ മാറ്റിവെച്ച് മറ്റുള്ളവരെ ചിരിപ്പിക്കുന്ന കരുത്തയായ സ്ത്രീയുമായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *