നിന്നു തിരിയാൻ നേരമില്ലാത്ത ജോലിത്തിരക്കിലും ഇടയ്ക്കിടെ എന്നെ കാണാൻ വരുന്ന ആ സ്ത്രീ ശരിക്കും ഒരത്ഭുതമായി തോന്നി……

എഴുത്ത് :- കർണൻ സൂര്യപുത്രൻ

അങ്ങനെ ഒരു നേഴ്സ്സസ് ഡേ കൂടി കഴിഞ്ഞു. എല്ലാവരെയുംq പോലെ ഭൂമിയിലെ മാലാഖമാർക്ക് ആശംസകൾ അറിയിച്ചു കൊണ്ട് പോസ്റ്റും സ്റ്റോറിയും ഒക്കെ ഞാനുമിട്ടു.. പിന്നീട് വല്ലാത്തൊരു കുറ്റബോധം… എന്തെങ്കിലും ദുരന്തങ്ങൾ വരുമ്പോഴും മെയ് പന്ത്രണ്ടിനും മാത്രം നഴ്‌സുമാരെ പുകഴ്ത്തുന്ന ടിപ്പിക്കൽ മലയാളിയായി മാറിയല്ലോ എന്നൊരു സങ്കടം…

ഓർമയിൽ ആദ്യമായി ഒരു മാലാഖയെ കണ്ടുമുട്ടുന്നത് വർഷങ്ങൾക്ക് മുൻപാണ്. ഹോസ്പിറ്റൽ മുറിയിൽ തളർച്ചയോടെ കിടക്കുന്ന പതിനാലുകാരന്റെ മുടിയിഴകൾ തഴുകിക്കൊണ്ട് പുഞ്ചിരിക്കുന്ന സുന്ദരമായ മുഖം..

“മിടുക്കനായല്ലോ… രണ്ടു ദിവസം കഴിഞ്ഞു വീട്ടിൽ പോവാട്ടോ…”

“ഇവന് എരിവുള്ളത് കഴിക്കണമെന്ന് പറഞ്ഞു വാശി പിടിക്കുകയാ സിസ്റ്ററേ..”

അമ്മയുടെ പരാതി…

“അയ്യോ അത് പറ്റില്ല.. ഡോക്ടർ വഴക്കു പറയും… തത്കാലം ചൂട് കഞ്ഞി കുടിക്ക്.. അസുഖമൊക്കെ മാറിയിട്ട് എന്തു വേണമെങ്കിലും കഴിക്കാം…”

എന്റെ മുഖം വാടി.. വേദന അറിയിക്കാതെ ഒരു ഇഞ്ചക്ഷൻ എടുത്തിട്ട് അവർ പോയി.. പിറ്റേന്ന് രാവിലെ അവർ വീണ്ടും എത്തി.. ഒരു ചെറിയ കുപ്പിയിൽ ഉപ്പിലിട്ട മാങ്ങ എന്റടുത്തു വച്ചു…പിന്നെ ഒരു പുസ്തകവും..’ടോട്ടോചാൻ- ജനാലയ്ക്കരികിലെ വികൃതിക്കുട്ടി.. ‘

കുറച്ചു നേരം എന്നോട് സംസാരിച്ചിട്ട് അവർ തിരിച്ചു നടന്നു..നിന്നു തിരിയാൻ നേരമില്ലാത്ത ജോലിത്തിരക്കിലും ഇടയ്ക്കിടെ എന്നെ കാണാൻ വരുന്ന ആ സ്ത്രീ ശരിക്കും ഒരത്ഭുതമായി തോന്നി.. ആവശ്യപ്പെടാതെ തന്നെ എന്റെ മനസിലെ കൊച്ചുകൊച്ചു ആഗ്രഹങ്ങൾ അവരെ കൊണ്ട് കഴിയും വിധം സാധിച്ചു തന്നു.. ഒരാഴ്ചത്തെ ആശുപത്രി വാസം കഴിഞ്ഞു തിരിച്ചു പോകും മുൻപ് അവരോട് യാത്ര പറയാൻ ചെന്നു…. ഡ്രെസ്സിങ് റൂമിനു മുന്നിൽ നിന്നു കൊണ്ട് വെള്ളം ആർത്തിയോടെ കുടിക്കുന്ന അവരുടെ മുഖത്ത് എന്നെ കണ്ടപ്പോൾ അമ്പരപ്പും സന്തോഷവും..

“വീട്ടിലേക്ക് പോവാണല്ലേ?”

ഞാൻ മൂളി.

“ഭക്ഷണം കൃത്യമായി കഴിക്കണം.. കുറച്ചു നാൾ വെയിലത്തൊന്നും കളിക്കണ്ട.. “

ഞാനൊന്ന് തലയാട്ടി.എന്നിട്ട് ചോദിച്ചു.

“ചേച്ചി ഊണ് കഴിച്ചോ?”

“ഉവ്വ്. “

കള്ളമാണെന്ന് അറിഞ്ഞിട്ടും പിന്നൊന്നും ചോദിച്ചില്ല,.. ആരോ വന്നു വിളിച്ചപ്പോൾ എന്നെ ഒന്ന് ചേർത്തു പിടിക്കുക മാത്രം ചെയ്തിട്ട് അവർ തിരക്കുകളിലേക്ക് ഓടി കയറി… പിന്നീടൊരിക്കലും അവരെ കാണാൻ സാധിച്ചിട്ടില്ല..

വർഷങ്ങൾക്കിപ്പുറം യാദൃശ്ചികമായി കടന്നു വന്ന് ജീവിതത്തിന്റെ ഭാഗമായി മാറിയ പ്രിയകൂട്ടുകാരിയും നേഴ്സ് ആയിരുന്നു..സ്വന്തം സങ്കടങ്ങൾക്ക് മീതെ ഒരു പുഞ്ചിരി ഒട്ടിച്ചു വച്ച് ഓടി നടന്നു ജോലി ചെയ്യുന്ന അവളെ കണ്ടപ്പോൾ അത്ഭുതം തോന്നിയിട്ടുണ്ട്.. അവളിൽ നിന്നാണ് ഈ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് കൂടുതൽ അറിഞ്ഞത്..കിട്ടുന്ന നിസ്സാരമായ ശമ്പളത്തിന് അടിമയെ പോലെ പണിയെടുക്കുമ്പോഴും നാളെ എല്ലാം മാറുമെന്ന ശുഭ പ്രതീക്ഷയിൽ ജീവിതം തള്ളി നീക്കുന്നവർ… ഹോസ്പിറ്റൽ മേലാളന്മാരും, രോഗികളും, എന്തിന്, അവർക്ക് കൂട്ടിരിക്കാൻ വരുന്നവർ വരെ “കിട്ടുമോ ” എന്ന് ചോദിച്ചു പിന്നാലെ കൂടുമ്പോൾ പലപ്പോഴും പ്രതികരിക്കാൻ പോലും കഴിയാതെ ഒറ്റക്കിരുന്നു കരയുന്നവർ…

“നേഴ്സ് അല്ലേ… അപ്പോ ഊഹിക്കാലോ..” ഈ വാക്കുകൾ കാതിൽ വീണിട്ടും അവർ അവഗണിക്കുന്നത്, കഴിവ് കേട് കൊണ്ടല്ല.. കാര്യമില്ല എന്നറിഞ്ഞിട്ടാണ്…..മലയാളികളിൽ ചിലരുടെ ഒരിക്കലും മാറാത്ത കാഴ്ചപ്പാടാണത്.. നഴ്സുമാർക്ക് മറ്റുള്ളവർ കൊടുക്കുന്ന ബഹുമാനം കാണണമെങ്കിൽ വിദേശരാജ്യങ്ങളിൽ പോയി നോക്കണം.. പ്രത്യേകിച്ച് മലയാളി നഴ്സിന് അവർ കൊടുക്കുന്ന പരിഗണനയും സ്നേഹവും നേരിൽ കാണാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്… അവിടുള്ളവർ മാലാഖമാരെന്നൊന്നും പുകഴ്ത്താറില്ല.. പകരം മാന്യമായ ശമ്പളം കൊടുക്കും… അതൊക്കെ കൊണ്ടാണ് പലരും കടൽ കടക്കുന്നത്.. പക്ഷേ നമ്മുടെ സമൂഹം അങ്ങനെ രക്ഷപ്പെടുന്നവരെ പോലും വെറുതെ വിടാറില്ല എന്നത് വേദനാജനകമാണ്..

ഇനിയും നിപ്പ, കൊറോണ പോലെയുള്ള വ്യാധികൾ ഇനിയും വന്നേക്കാം… ഒരു ജനത മുഴുവൻ പകച്ചിരിക്കുമ്പോൾ പരാതികളും പരിഭവങ്ങളുമില്ലാതെ നഴ്സുമാർ രാപ്പകൽ അവരുടെ ജോലി ചെയ്യും… നമ്മൾ അവരെ വാഴ്ത്തിപ്പാടും.. മാറി മാറി വരുന്ന സർക്കാറുകൾ അവരെ അഭിനന്ദിക്കും.. മോഹനവാഗ്ദാനങ്ങൾ നൽകും… എല്ലാം കഴിയുമ്പോൾ സൗകര്യപൂർവ്വം മറക്കും… ചേർത്തു പിടിച്ചില്ലെങ്കിലും അവഹേളിക്കുന്നവരുടെ കൂട്ടത്തിൽ നമ്മൾ ഉണ്ടാവരുത്….. മാലാഖയായിട്ട് കാണണ്ട.. മനുഷ്യർ എന്ന പരിഗണന മതി,…

Related Posts

Leave a Reply

Your email address will not be published. Required fields are marked *