നിറയെ രോമങ്ങളുള്ള പുതിയ ഒരു ബ്രീഡാണ് കിളവൻ നോട്ടമിട്ടിരിക്കുന്നത് . എത്ര തുക താഴ്ത്തി പറഞ്ഞാലും ഇയാൾ വാങ്ങാനൊന്നും പോകുന്നില്ല……

Story written by Sebin Boss J

പതിവുപോലെ അന്നുമയാൾ വരുന്നത് ദൂരെ നിന്നെ കാർത്തിക് കണ്ടു .

കടക്കുള്ളിലെ കൂടുകളിലേക്ക് അവൻ നോക്കി .

പൊമറേനിയൻ മുതൽ റോഡ്‌വീലർ വരെ കൂട്ടിൽ ശാന്തമായി ഉറങ്ങുന്നു . കഴുകൻ മുതൽ ലവ് ബേർഡ്‌സ് ഉള്ള പക്ഷികളും വിവിധയിനം പൂച്ചകളുമെന്നുവേണ്ട മിക്ക പെറ്റുകളും ഉണ്ട് തന്റെ കൈവശം .

അയാൾ ഇന്നും വന്നൊരോന്നിനും വില ചോദിച്ചാൽ സത്യമായും താൻ ഓടിക്കും!!

കാർത്തിക് പിറുപിറുത്തുകൊണ്ട് അസഹിഷ്ണതയോടെ അയാളെ നോക്കി .

അതെ …നാശം പിടിക്കാൻ ഇങ്ങോട്ട് തന്നെയാണയാൾ കെട്ടിയെടുക്കുന്നത്

” എന്നാ ചേട്ടാ വേണ്ടത് ?”’

കടയുടെ പുറത്തു നിന്നും ഓരോ കൂടുകളിലേക്കും നോക്കിക്കൊണ്ട് അയാൾ നിന്നപ്പോൾ കാർത്തിക്ക് പുറത്തേക്കിറങ്ങി ചെന്നു

ഒരുമാതിരി കൊള്ളാവുന്ന വസ്ത്രധാരിയാണ് . കയ്യിലൊരുവാച്ചും കഴുത്തിലൊരു സ്വർണ ചെയിനുമുണ്ട് .

കൊള്ളാവുന്ന കുടുംബത്തിലെയാണ് ..എന്നാൽ കയ്യിലുളളത് ലോക പിശുക്കത്തരവും

” മോനെ … ആ നായ്ക്കുട്ടിക്കെത്രയാ വില ?”

നിറയെ രോമങ്ങളുള്ള പുതിയ ഒരു ബ്രീഡാണ് കിളവൻ നോട്ടമിട്ടിരിക്കുന്നത് . എത്ര തുക താഴ്ത്തി പറഞ്ഞാലും ഇയാൾ വാങ്ങാനൊന്നും പോകുന്നില്ല !! .

” ഓഹ് ..അതിന് ആയിരത്തഞ്ഞൂറ് രൂപയെ ഉള്ളൂ ” കാർത്തിക്കിന്റെ മറുപടിയിലൊരു പുച്ഛസ്വരമുണ്ടായിരുന്നു .

”ആണോ ..എന്നാ മോനെ …അതിനെ എനിക്ക് തന്നേക്കാമോ ?”

പെട്ടന്നയാൾ പാന്റിന്റെ പോക്കറ്റിൽ കയ്യിട്ട് നൂറിന്റേം അമ്പത്തിന്റേം പത്തിന്റെയുമൊക്കെ നോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ കാർത്തിക്കിന് ബോധം പോകുന്ന പോലെ തോന്നി .

പതിനായിരത്തിന് മേലെ വിലവരുന്ന ഇമ്പോർട്ടഡ് ബ്രീഡാണ് .

” ലോക്കറ്റ് കിട്ടുമോ ? അതിനെത്രയാകും ? ചെറിയ പൈസക്കുളളത് മതി . അതിൽ വർഗീസെന്ന് എഴുതാൻ പറ്റുമോ ?”

”ഏഹ് ..അതെന്തിനാ പേര് ?”

പൊതുവെ പെറ്റിന് കേട്ടിട്ടില്ലാത്തതും പുതിയൊരു കാര്യവുമായതിനാൽ കാർത്തിക് പൈസ പോയതിന്റെ വിഷമത്തിനിടയിലും അയാളെ നോക്കി .

വട്ടുകേസ് തന്നെ !!

” എന്റെ പേര് തന്നെയാ …അങ്ങനെ ലോക്കറ്റിൽ എഴുതി കിട്ടുമോ ? പത്തോ നൂറോ കൂടുതൽ തന്നേക്കാം ”

ആയിരത്തഞ്ഞൂറ് എണ്ണിത്തിട്ടപ്പെടുത്തി മാറ്റി വെച്ചിട്ടയാൾ വീണ്ടും ചില്ലറത്തുട്ടുകൾ എണ്ണിത്തുടങ്ങി

ഏഹ് !! സ്വന്തം പേര് ആർക്കേലും നായ്ക്കൾക്കിടുമോ ?”’

കാർത്തിക് ഒട്ടൊരു അത്ഭുതത്തോടെയും ഉദ്വേഗത്തോടെയും അയാളെ നോക്കിനിന്നു

” അങ്കിൾ ഇങ്ങു കയറിവാ … ഇരിക്ക് ”

കാർത്തിക് രണ്ടാമത്തെ തവണയാണ് അയാളെ കരുണാപൂർവം സമീപിക്കുന്നത് .

ആദ്യ തവണയും പിന്നെയിപ്പോഴും . രണ്ടാം തവണമുതൽ അയാളൊന്നും വാങ്ങില്ലെന്നുറപ്പിച്ചപ്പോൾ നേരമ്പോക്കിന് മെനക്കേടുണ്ടാക്കാൻ വരുന്ന ആളുകളുടെ ഗണത്തിൽ പെടുത്തിയിരുന്നു .

” അങ്കിളിന്റെ വീട്ടിൽ ആരുമില്ലേ കൂട്ടിന് ? ”

മാതാപിതാക്കളെ തനിച്ചാക്കി വിദേശത്തും മറ്റും സെറ്റിലായിരിക്കുന്ന മക്കൾ ഉള്ള വീടുകളിലാണ് ഏകാന്തത മാറ്റുവാൻ പലരും വളർത്തുമൃഗങ്ങളെ വളർത്തുന്നതെന്നവൻ കാലങ്ങളായുള്ള കച്ചവടത്തിൽ നിന്നും മനസിലാക്കിയിരുന്നു .

ആഹാരം കൊടുക്കുന്നവരോട് മക്കളെക്കാൾ കൂറ് മൃഗങ്ങൾക്കാണല്ലോ !

” അല്ല .. മക്കളുണ്ട് . ഇളയ മകന്റെ കൂടെയാണ് ഞാൻ . മൂത്തതുങ്ങള് രണ്ടും വിദേശത്താ ”

അയാൾ ചില്ലറകളിൽ നിന്നും കണ്ണെടുക്കാതെ മറുപടി പറഞ്ഞു .

”ആഹാ !! അങ്കിളിന് പേരമക്കളേം കളിപ്പിച്ചിരുന്നാൽ പോരെ ? അതോ കൊച്ചുമക്കൾക്കാണോ ഈ നായ്ക്കുട്ടി ? പക്ഷെ നായ്ക്കുട്ടിക്കെന്തിനാ അങ്കിളിന്റെ പേരിടുന്നെ ?”

കാർത്തിക് ഏ സി അല്പം കൂട്ടിയിട്ടുകൊണ്ട് ചോദിച്ചു .

വിലയേറിയ പെറ്റുകൾ ആയതുകൊണ്ട് പലതിനും ചൂട് അധികം പറ്റില്ല . അതുകൊണ്ട് ഷോപ് ഏ സി യാണ് . സമൂഹത്തിലെ മുന്തിയവർ ആണ് കസ്റ്റമേഴ്സും

” പിള്ളേരോട് സംസാരിക്കാൻ അനുവാദമില്ല ..അവരും സംസാരിക്കാൻ വരാറില്ല ”

കിളവന്റെ കയ്യിലിരിപ്പ് കൊണ്ടാകും !!!

ഉള്ളിൽ അങ്ങനെ ചിന്തിച്ചെങ്കിലും കാർത്തിക് അയാളെ സാകൂതം നോക്കി ചോദിച്ചു .

”അതെന്നാ അങ്കിളേ ? വെറുതെ മക്കളെ മോശക്കാരാക്കി ചിത്രീകരിക്കല്ലേ .അങ്കിൾ അവരോടു സംസാരിക്കാറില്ലാത്തത് കൊണ്ടാകും ”

”എനിക്ക് നിങ്ങളുടെ രീതിയിൽ സംസാരിക്കാനറിയില്ല കുഞ്ഞേ .. പെരുമാറാനും . ചെറുപ്പത്തിൽ ഗൾഫിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലിക്ക് പോയതാ . പല തരക്കാരോടായിരുന്നു സമ്പർക്കം . എല്ലാം കുറഞ്ഞ ജീവിതചുറ്റുപാടുകളിൽ വളർന്നവർ . മക്കളെ നല്ലരീതിയിൽ പഠിപ്പിച്ചു . അവരെ സമൂഹത്തിലും ജോലിയിലും മറ്റും ഉന്നതിയിലെത്തിച്ചു . പക്ഷെ അവർക്കൊപ്പം എത്താൻ എനിക്കായില്ല .. ഇത് കണ്ടില്ലേ ? ഒറിജിനൽ സ്വർണമാ . പത്തുമുപ്പത് വർഷം അധ്വാനിച്ചിട്ട് ഞാനിതുപോലത്തെ ഒരെണ്ണം എനിക്കായിട്ടു വാങ്ങിയില്ല . മക്കൾ വാങ്ങിതന്നപ്പോൾ ഞാൻ സന്തോഷിച്ചു .എന്നാൽ വീട്ടിൽ വരുന്ന ഗസ്റ്റുകളുടെ മുന്നിൽ പത്രാസ് കാണിക്കാനുള്ള വിലയെ ഇതിനുള്ളൂ എന്ന് ഞാൻ പിന്നീടാണ് മനസിലാക്കിയത് . ”

തങ്കനിറമുള്ള ഒരു ലോക്കറ്റെടുത്തു അതിൽ വർഗീസ് എന്നെഴുതാൻ തുടങ്ങി .

” ഡൈനിങ്ങ് ടേബിൾ മര്യാദകളും ലോക വിവരങ്ങളും മറ്റുമൊക്കെ അറിയാത്ത ഞാൻ എന്റെ പേര മക്കളോട് സംസാരിച്ചാൽഅവരും എന്റെ സംസ്കാരം ആകുമത്രേ. മൂന്നു നേരത്തെ ആഹാരം ചുരുക്കി അതും കൂടെ വീട്ടിലേക്ക് അയച്ചുകൊടുത്തു കഴിഞ്ഞ ഭൂതകാലത്തെ പട്ടിണിയും പരിവട്ടങ്ങളും കൊച്ചുമക്കളും പുത്തൻ പണക്കാരായ ബന്ധുക്കളും അറിയുമെന്നോർത്തുമാകാം .”’

അയാളുടെ വാക്കുകൾക്ക് ദൈന്യതയായിരുന്നില്ല അത് ചാട്ടുളി പോലെ തന്റെ ഹൃദയത്തിലേക്ക് തറച്ചുകയറുന്നുവെന്ന് കാർത്തിക്കിന് തോന്നി .

”’ ഗൾഫിൽ നിന്ന് അവധിക്ക് വരുമ്പോൾ മുടങ്ങാതെയെത്തുന്ന രാഷ്ട്രീയ മേലാളന്മാരും മത പ്രമുഖരുമിപ്പോൾ എന്നെ കാണാൻ വരാറില്ല . വാർദ്ധക്യ പെൻഷൻ പോലും കയ്യിൽ കിട്ടാത്ത എന്നെ കണ്ടിട്ടെന്തിനാ അല്ലെ ? പണമുണ്ടേലെ ഉള്ളൂ മതവും രാഷ്ട്രീയവുമൊക്കെ . മകനേം മരുമോളേം കാണാനാരേലും വന്നാൽ മുന്തിയ ഇനം നായയെ പോലെ അവരുടെ മുന്നിലെന്നെ ഒന്ന് പ്രതിഷ്‌ടിക്കും . എന്നിട്ടപ്പന്‌ ക്ഷീണമാണെന്ന് പറഞ്ഞു കൂട്ടിലടക്കും .എന്റെ ബെഡ്‌റൂം എന്ന കൂട്ടിൽ ”

കാർത്തിക് യാന്ത്രികമായി വർഗീസ് എന്നെഴുതിയ ലോക്കറ്റ് അയാളുടെ നേരെ നീട്ടി .അവന്റെ മനസ് അവിടെങ്ങുമില്ലായിരുന്നു

” അപ്പായെന്ന് വിളി കേട്ടിട്ട് വർഷങ്ങളായി .എന്റെ പേര് പോലും ഉച്ഛരിക്കാറില്ല . ഈ നായക്കുട്ടിക്ക് എന്റെ പേരിട്ടാൽ അങ്ങനെയെങ്കിലും അവരെന്റെ പേരൊന്ന് സ്നേഹത്തോടെ വിളിക്കുമല്ലോ ”

വിളറിയൊരു ചിരിയും സമ്മാനിച്ചയാളിറങ്ങി നടന്നപ്പോൾ പണമിടാൻ തുറന്ന ക്യാഷ് ബോക്സിനുള്ളിലിരുന്ന് ഒരു ഏ ടി എം കാർഡ് കാർത്തിക്കിനെ നോക്കി പല്ലിളിച്ചു , അവന്റെയമ്മയുടെ പെൻഷൻ തുക വരുന്ന ബാങ്കിന്റെ ഏ ടി എം കാർഡ് !!

Related Posts

Leave a Reply

Your email address will not be published. Required fields are marked *