നേരത്തെ ഉണർന്നത് കൊണ്ട് നിൻ്റെ പുതിയ ബന്ധത്തെക്കുറിച്ച്, തുടക്കത്തിലേ അറിയാൻ കഴിഞ്ഞു, ഇന്നലെ അവൻ പറഞ്ഞ് കാണുമല്ലേ ഞാനുണരുന്നതിന് മുമ്പ് അവനെ വിളിക്കണമെന്ന്…

Story written by Saji Thaiparambu

രണ്ട് ദിവസമായി റാണിക്ക് വലിയ മൈൻഡില്ലാത്തത് രവിയെ ഉത്ക്കണ്ഠാകുലനാക്കി.

സാധാരണ സ്വൈര്യം തരാതെ പുറകെ നടന്ന് കലപില സംസാരിക്കുകയും തൊട്ടും തലോടിയും കെട്ടിപ്പിടിച്ചുമൊക്കെ സ്നേഹ പ്രകടനങ്ങൾ നടത്തുകയും ചെയ്യുന്നവളാണ്

പക്ഷേ താൻ കഴിഞ്ഞ ദിവസം കുറച്ച് റഫായി സംസാരിച്ചതിന് ശേഷമാണ് ഈ മാറ്റം കണ്ട് തുടങ്ങിയതെന്ന് രവിക്ക് തോന്നി.

തീരെ ക്ഷമകെട്ടപ്പോഴാണ് താൻ അവളോട് ക്ഷുഭിതനായത് ,അവളിപ്പോഴും കല്യാണം കഴിഞ്ഞ നവവധുവിനെ പോലെയാണ് പെരുമാറി കൊണ്ടിരിക്കുന്നത്, വർഷം ഇരുപത്തിരണ്ട് കഴിഞ്ഞു, മൂത്ത മകളെ കല്യാണം കഴിച്ചയച്ചു, ഇളയ മകനാണെങ്കിൽ മിലിട്ടറിയിൽ സെലക്ഷൻ കിട്ടിയിട്ട്, ഡെറാഡൂണിൽ പോകാൻ തയ്യാറായിരിക്കുന്നു ,അപ്പോഴാ അവളുടെയൊരു റൊമാൻസ്.

രണ്ട് ദിവസം മുൻപ് താൻ കൂട്ടുകാരനോട് ഗൗരവമായി ഫോണിലൂടെ എന്തോ സംസാരിച്ചോണ്ടിരിക്കുമ്പോഴാണ്, റാണി ,പുറകിലൂടെ വന്ന് തന്നെ കെട്ടിപ്പിടിച്ചതും, കവിളത്ത് ഉമ്മ വച്ചതും

ഇടയ്ക്ക് ചിലപ്പോഴൊക്കെ സ്നേഹം കൂടുമ്പോൾ അവളങ്ങനെ ചെയ്യാറുണ്ട്, പക്ഷെ, അന്ന് താൻ വരാന്തയിൽ നില്ക്കുമ്പോഴാണ് അവളുടെ ഈ സ്നേഹപ്രകടനം

എടീ.. അയൽവക്കത്തൊക്കെ ആൾക്കാരുണ്ട് ,ആരെങ്കിലും കണ്ടാലെന്ത് നാണക്കേടാ….താനന്നവളേ അരിശത്തോടെ ദേഹത്ത് നിന്ന് കുടഞ്ഞ് മാറ്റി.

പിന്നേ .. കണ്ടാലെന്താ ഞാനെൻ്റെ ഭർത്താവിനെയല്ലേ കെട്ടിപ്പിടിച്ചത്, അല്ലാതെ കാമുകനെയല്ലല്ലോ? അവളുടനെ സ്വന്തം പ്രവർത്തിയെ ന്യായീകരിച്ചപ്പോൾ, രവിക്ക് ദേഷ്യം ഇരട്ടിയായി.

എടീ പോത്തേ .. നിനക്ക് പത്ത് നാല്പത് വയസ്സായില്ലേ ? മോളേയും കെട്ടിച്ച് അവൾക്കൊരു കുട്ടിയാകാൻ പോണു ,അപ്പോഴാ അവളുടെയൊരു കാ മ പ്രാന്ത്, ഇനി മേലാൽ എൻ്റെ ദേഹത്ത് തൊട്ട് പോകരുത്

അപ്പോഴത്തെ ദേഷ്യത്തിന് അയാൾ പറഞ്ഞ് പോയതാണ്, ഒന്നും മിണ്ടാതെ ഒരു കുറ്റവാളിയെ പോലെ അവൾ നടന്ന് പോയപ്പോൾ, വേണ്ടിയിരുന്നില്ല എന്ന് രവിക്ക് തോന്നിപ്പോയി.

ആഹ്, രണ്ട് ദിവസത്തേക്ക് സ്വസ്ഥത കിട്ടുമല്ലോ? എന്ന് അയാളും ഓർത്തു.

പക്ഷേ ,മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും, റാണിയിൽ വ്യത്യാസം ഒന്നും കാണാതിരുന്നപ്പോൾ, രവിക്ക് എന്തോ ഒന്ന് മിസ്സ് ചെയ്യുന്നത് പോലെ തോന്നി.

ശരിക്കും അവളുടെ അമിതമായ സ്നേഹപ്രകടനങ്ങളിൽ, താൻ അസ്വസ്ഥത കാണിച്ചിട്ടുണ്ടെങ്കിലും, താനത് നന്നായി ആസ്വദിച്ചിട്ടുണ്ടെന്ന് ഇപ്പോഴാണ് രവിക്ക് ബോധ്യമായത്.

അത്താഴം കഴിഞ്ഞ് വരാന്തയിലെ ചാര് കസേരയിൽ വന്നിരുന്നിട്ട്, അയാൾക്ക് ഇരിപ്പുറച്ചില്ല. രവി, എഴുന്നേറ്റ് ബെഡ് റൂമിലേക്ക് ചെന്നു.

റാണി അപ്പോൾ ആരോടൊ ഫോണിൽ സംസാരിച്ച് കൊണ്ട് കട്ടിലിൽ കമിഴ്ന്ന് കിടക്കുകയായിരുന്നു.

ഇടയ്ക്കവൾ എന്തോ തമാശ കേട്ടത് പോലെ പൊട്ടിച്ചിരിച്ചിട്ട് തിരിഞ്ഞ് നോക്കിയപ്പോഴാണ്, രവി വാതില്ക്കൽ നില്ക്കുന്നത് കണ്ടത്.

ങ്ഹാ ,ഡാ.. ഒരു മിനുട്ടേ.. ഞാൻ പുറത്തേയ്ക്കൊന്നിറങ്ങട്ടെ

തന്നെക്കണ്ടപ്പോൾ ഫോണിലൂടെ അവൾ അങ്ങനെ പറഞ്ഞിട്ട്, വേഗം പുറത്തേയ്ക്കിറങ്ങി പോയപ്പോൾ ,രവി അമ്പരന്ന് പോയി.

സാധാരണ അവൾ ആരോട് സംസാരിച്ചാലും ,തൻ്റെ മുന്നിൽ വച്ചേ സംസാരിക്കുമായിരുന്നുള്ളു, കാരണം, താനറിയാത്ത ഒരു ബന്ധവും, രഹസ്യങ്ങളും അവൾക്കില്ലായിരുന്നു.

പക്ഷേ, ഇപ്പോഴത്തെ അവളുടെ പെരുമാറ്റം, അയാളിൽ ആശങ്ക ജനിപ്പിച്ചു.

ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി അയാൾ ,കട്ടിലിൽ ഫാനിൻ്റെ കറക്കം നോക്കി കിടന്നു.

ഏറെ നേരം കഴിഞ്ഞാണ്, അവൾ തിരിച്ച് വന്നത്.

വരുമ്പോൾ അവളുടെ മുഖത്ത് സന്തോഷം നിറഞ്ഞ് നിന്നത്, അയാൾ ശ്രദ്ധിച്ചു.

അവൾക്കിത്രയും സന്തോഷം നല്കി, ഫോണിൽ സംസാരിച്ച ആ വ്യക്തി ആരായിരിക്കും ,ഡാ.. എന്നാണ് അവൾ സംബോധന ചെയ്ത് കേട്ടത്.

അപ്പോൾ അതൊരു പുരുഷനാണ്, ഇത്രയും നേരം കളിതമാശകൾ പറഞ്ഞ്, അവളെ സന്തോഷിപ്പിക്കാനും മാത്രം ബന്ധമുള്ള പുരുഷ സുഹൃത്തുക്കളോ, ബന്ധുക്കളോ തൻ്റെ അറിവിൽ അവൾക്കില്ല.

അപ്പോൾ പിന്നെ, ഇത് പുതിയതായി ബന്ധം സ്ഥാപിച്ച ആരോ ആണ്.

താനൊന്ന് ദേഷ്യപ്പെട്ട് സംസാരിച്ചെന്ന് കരുതി, അവളുടനെ മറ്റൊരു പുരുഷനോട് കൂട്ട് കൂടാൻ പോകുമോ ? ശ്ശെ ! താൻ എന്തൊരു ഭർത്താവാണ് ,അവളൊരിക്കലും അങ്ങനെ ചെയ്യില്ല

അതാരാണെന്ന് അവളോട് ചോദിക്കാൻ അയാൾക്ക് തോന്നിയില്ല ,ഇനി താനെങ്ങാനും സംശയം കൊണ്ട് ചോദിക്കുവാണെന്ന് അയാൾ കരുതിയാലോ, എന്നയാൾ ഭയന്നു.

എല്ലാം തൻ്റെ തോന്നലുകളാണെന്ന് സമാധാനിച്ച്, അയാൾ കണ്ണടച്ച് കിടന്നു.

പിറ്റേന്ന് രാവിലെ ഉറക്കമുണർന്ന രവി ,അടുത്ത് റാണിയെ കാണാതിരുന്നപ്പോൾ, തെല്ല് പരിഭ്രമിച്ചു, മണി ആറാകുന്നതേയുള്ളു, സാധാരണയവൾ ഏഴ് മണി കഴിഞ്ഞേ എഴുന്നേല്ക്കാറുള്ളു, ഇത്ര നേരത്തേ ഇവളെഴുന്നേറ്റ്, എവിടെ പോയതായിരിക്കും…?

ഉത്ക്കണ്ംയോടെ അയാൾ ചാടിയെഴുന്നേറ്റ്, മുറിക്ക് പുറത്തേയ്ക്കിറങ്ങി.

മുൻ വശത്തേയ്ക്ക് നടന്ന് ചെല്ലുമ്പോൾ റാണി ,വീടിൻ്റെ സൺ ഷെയ്ഡിൽ തൂക്കിയിട്ടിരിക്കുന്ന പൂച്ചട്ടികളിൽ, വലത് കൈയ്യിൽ പിടിച്ചിരിക്കുന്ന കെറ്റില് കൊണ്ട് നനച്ച് കൊണ്ടിരിക്കുകയാണ്.

ഇടത് കൈ കൊണ്ട് മൊബൈൽ ഫോൺ ചെവിയോട് ചേർത്ത് വച്ച് ആരോടൊ കാര്യമായി സംസാരിക്കുന്നുമുണ്ട്.

ങ്ഹേ, ഇതാരാ ഇത്ര രാവിലെ ഇവളെ വിളിച്ചത്, ഇന്നലെ രാത്രി വിളിച്ചയാള് തന്നെയായിരിക്കുമോ…? താൻ എഴുന്നേല്ക്കുന്നതിന് മുമ്പ്, അതിരാവിലെ വിളിക്കാമെന്ന് ഇന്നലെ പറഞ്ഞ് കാണും.

അയാളുടെ മനസ്സിലേക്ക് വീണ്ടും സംശയത്തിൻ്റെ നിഴലുകൾ വീണു.

അവളെന്താ സംസാരിക്കുന്നതെന്നറിയാൻ അയാൾ കതകിൻ്റെ മറവിൽ നിന്ന് കൊണ്ട് ചെവി കൂർപ്പിച്ചു.

ഇപ്പോഴാടാ.. ഞാൻ ശരിക്കും ഹാപ്പിയായത് ,രണ്ട് ദിവസം മുൻപ് ഞാനൊരുപാട് ഡള്ളായിരുന്നു, എന്തിനാ ഇനി ജീവിക്കുന്നതെന്ന് പോലും തോന്നിപ്പോയി ,ഒരുപാട് സങ്കടം തോന്നിയപ്പോൾ, ഒരു ആശ്വാസത്തിനായിട്ടാണ് നിൻ്റെ പഴയ നമ്പർ തപ്പിയെടുത്ത് നിന്നെ ഞാൻ വിളിച്ചത്, നിന്നെ കണക്ട് ചെയ്യാൻ കഴിയുമെന്ന് ഞാനൊരിക്കലും കരുതിയില്ല, സത്യത്തിൽ നീയെനിക്ക് ധൈര്യം തന്നത് കൊണ്ടാണ് ,ഞാനിപ്പോൾ സന്തോഷവതിയായിരിക്കുന്നത്, ഇനി നീയെന്നെ ഉപേക്ഷിച്ച് പോകരുത് ,നിന്നോട് സംസാരിച്ചിരുന്നാൽ നേരം പോകുന്നതറിയില്ല, പിന്നേ … നീയിങ്ങോട്ട് വിളിക്കണ്ടാ ,അങ്ങേരറിഞ്ഞാൽ പിന്നെ ആരാ എന്താ എന്നൊക്കെ വിശദീകരിക്കാൻ നില്ക്കണം, പുള്ളിക്കാരൻ പുറത്ത് പോകുമ്പോൾ ഞാനങ്ങോട്ട് വിളിച്ചോളാം, നീ പിന്നെ എപ്പോഴും ഫ്രീയല്ലേ? നിനക്ക് കുടുംബവും കുട്ടികളുമൊന്നും അടുത്തില്ലല്ലോ?

റാണിയുടെ സംസാരം കേട്ട് ,രവി വിയർത്തൊലിച്ചു, താൻ സംശയിച്ചത് പോലെ തന്നെ അവൾ പുതിയ കാമുകനുമായിട്ടാണ് സംസാരിക്കുന്നത്.

എന്നാലും, ഇത്ര പെട്ടെന്ന് ഒരു നിസ്സാര കാര്യത്തിന് അവൾ തന്നെ വെറുത്തിട്ട്, മറ്റൊരുത്തനുമായി സൊള്ളാൻ പോകുമെന്ന് വിചാരിച്ചില്ല.

തളർന്ന മനസ്സും, ശരീരവുമായി അയാൾ തിരിച്ച് കട്ടിലിൽ വന്ന് കിടന്നു.

കുറച്ച് കഴിഞ്ഞപ്പോൾ, റാണി അയാൾക്ക് ബെഡ് കോഫിയുമായി വന്നു.

ങ്ഹേ, ഇന്നെന്താ നേരത്തെ എഴുന്നേറ്റോ?

അവൾ ചിരിച്ച് കൊണ്ട് അയാളോട് ചോദിച്ചു.

ഉം… നേരത്തെ ഉണർന്നത് കൊണ്ട് നിൻ്റെ പുതിയ ബന്ധത്തെക്കുറിച്ച്, തുടക്കത്തിലേ അറിയാൻ കഴിഞ്ഞു, ഇന്നലെ അവൻ പറഞ്ഞ് കാണുമല്ലേ ഞാനുണരുന്നതിന് മുമ്പ് അവനെ വിളിക്കണമെന്ന്, അതായിരിക്കും നീ അതിരാവിലെ ഉണർന്ന് അവന് ഫോൺ ചെയ്തത്?

അത് കേട്ട് റാണി നെറ്റി ചുളിച്ചു.

അവനോ…? ഏതവൻ, ഓഹ് ഞാൻ ഫോണിൽ സംസാരിച്ചതിനെ കുറിച്ചാണോ ?അതവനല്ല, അവളാ, എന്നോടൊപ്പം സ്കൂളിലും കോളേജിലുമൊക്കെ ഒരുമിച്ച് പഠിച്ച, എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരി ശാലിനി ,അവളിപ്പോൾ നഴ്സായിട്ട് കുവൈറ്റിലാണ് ,

അവളാണെങ്കിൽ, നീയെന്തിനാ എടാ എന്ന് വിളിച്ചത്, എന്നെ നീയിനി ഉപക്ഷിച്ച് പോകരുതെന്നൊക്കെ പറയുന്നത് കേട്ടല്ലോ?

അത് ശരി, എല്ലാം മറഞ്ഞിരുന്ന് കേട്ടല്ലേ ? എൻ്റെ മനുഷ്യാ.. ഞങ്ങള് പണ്ട് മുതലേ എടാ പോടാ എന്നാ സംബോധന ചെയ്യുന്നത് ,പിന്നെ അവൾക്കൊരു സ്വഭാവമുണ്ട്, നല്ല അടുപ്പത്തിലിരിക്കുമ്പോൾ പെട്ടെന്ന് പിണങ്ങി ഒരു പോക്കുണ്ട്, ഞങ്ങള് രണ്ട് ശരീരവും, ഒരു മനസ്സുമുള്ള ബെസ്റ്റ് ഫ്രണ്ട്സായിരുന്നു ,അതാ ഞങ്ങൾ അങ്ങനെയൊക്കെ സംസാരിക്കുന്നത് ,അല്ലാ നിങ്ങളെന്തിനാ ഇത്ര ഉത്ക്കണ്ഠപ്പെടുന്നത്? നിങ്ങൾക്കെന്നെ ഇഷ്ടമല്ലല്ലോ…? പക്ഷേ, എൻ്റെ കൂട്ടുകാരിക്ക് എന്നെ ഒത്തിരി ഇഷ്ടമാണ് ,അത് കൊണ്ട് ഇനി ഞാൻ നിങ്ങളെ ശല്യപ്പെടുത്താൻ വരില്ല, മാത്രമല്ല എനിക്ക് പത്ത് നാല്പത് വയസ്സുമായി, നിങ്ങൾക്കിപ്പോഴെന്നെ ഒട്ടും ബോധിക്കുന്നുമില്ല, പിന്നെ ഞാനെന്തിനാ നിങ്ങളുടെ പുറകെ നടക്കുന്നത്?

അവൾ നീരസത്തോടെ പറഞ്ഞു.

എന്താ റാണീ… നീയിങ്ങനൊക്കെ പറയുന്നത് ,ഞാനന്ന് പെട്ടെന്നുണ്ടായ ദേഷ്യത്തിൽ അങ്ങനെ പറഞ്ഞ് പോയതാ ,ഇനി അങ്ങനുണ്ടാവില്ല സോറി

മ്ഹും ശരി, നിങ്ങള് ചായ കുടിക്ക്, പഴയത് പോലെ നിങ്ങളോടെനിക്കിനി സ്നേഹമുണ്ടാവുമെന്ന് തോന്നുന്നില്ല, കാരണം എനിക്ക് മനസ്സ് തുറന്ന് സംസാരിക്കാൻ ഇപ്പോൾ എൻ്റെ കൂട്ടുകാരി ശാലിനിയുണ്ടല്ലോ?

ഇത്രയും നാളും അവളല്ലല്ലോ നീ പറഞ്ഞത് മുഴുവൻ കേട്ടത്, ഞാൻ തന്നെയല്ലേ ? ഇനിയങ്ങോട്ടും നീ പറയുന്നത് കേൾക്കാനും നിൻ്റെ സ്നേഹപ്രകടനങ്ങൾക്ക് നിന്ന് തരാനും ,ഞാൻ ജീവനോടെയുണ്ട്, അത് കൊണ്ട് നമ്മുടെ ഇടയിൽ മറ്റൊരാള് വേണ്ട ,നീയാ നമ്പര് ബ്ളോക്ക് ചെയ്തേക്ക്

എന്തിന്..? അതവിടെ കിടന്നോട്ടെ, നിങ്ങൾ ഇടക്ക് പിണങ്ങുമ്പോൾ എനിക്കൊരാശ്വാസത്തിന് അവളേ കാണു,

അത് വേണ്ടന്ന് പറഞ്ഞില്ലേ ? നിനക്ക് പറ്റില്ലെങ്കിൽ ഞാൻ ബ്ളോക്ക് ചെയ്യാം

പൊടുന്നനെ അയാൾ, റാണിയുടെ കൈയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ച് വാങ്ങിച്ചു.

അവസാനം സംസാരിച്ച നമ്പർ ഫോണിൽ പരതി.

പക്ഷേ അതിൽ മകളുടെ ഇൻകമിങ്ങ് കോളാണ് കണ്ടത്, അതിൻ്റെ ഡ്യൂറേഷൻ ടൈം അഞ്ച് മിനുട്ട് മാത്രമാണുള്ളത്, അപ്പോൾ പിന്നെ അവൾ സംസാരിച്ചത് ?

എന്താ ബ്ളോക്ക് ചെയ്യുന്നില്ലേ?

റാണി പരിഹാസത്തോടെ അയാളോട് ചോദിച്ചു.

എൻ്റെ മനുഷ്യാ.. ഞാൻ നിങ്ങളെ പറ്റിക്കാനായിട്ട് വെറുതെ ഒരു നമ്പരിട്ടതല്ലേ?ഇന്നലെ രാത്രിയിൽ നിങ്ങൾ മുറിയിലേക്ക് വരുന്നത് കണ്ടപ്പോഴാണ്, ഞാൻ ആദ്യത്തെ അഭിനയം കാഴ്ചവച്ചത്, പിന്നെ ഇന്ന് രാവിലെ മോള് വിളിച്ചപ്പോൾ, ശബ്ദം കേട്ട് നിങ്ങളുണരണ്ടാന്ന് കരുതി, പുറത്ത് പോയി നിന്ന് സംസാരിച്ച് ഫോൺ കട്ട് ചെയ്തപ്പോഴാണ്, നിങ്ങൾ മുറിയിൽ നിന്നിറങ്ങി വരുന്നത് കണ്ടത്, അപ്പോഴും നിങ്ങളെയൊന്ന് പേടിപ്പിക്കണമെന്ന് എനിക്ക് തോന്നി, അതാ അങ്ങനെയൊക്കെ സംസാരിച്ചത് ,അല്ലാതെ, എന്നെ എന്തൊക്കെ പറഞ്ഞാലും, ഞാൻ നിങ്ങളെ വിട്ട് പോകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിക്കണ്ടാ ,എൻ്റെ മരണം വരെ നിങ്ങൾക്കൊരു ശല്യമായി ഞാനെന്നുമിങ്ങനെ കൂടെ തന്നെയുണ്ടാവും, അല്ലേലും ഒരു സ്ത്രീയെ മനസ്സിലാക്കാൻ അവളുടെ ഭർത്താവിനോളം പോന്ന ഒരു കൂട്ടുകാരിയുമുണ്ടാവില്ല

എടീ പോത്തേ… നീയെന്നെ കളിപ്പിച്ചതാണല്ലേ?

അയാൾ സന്തോഷത്തോടെ, അതിലേറെ പ്രണയത്തോടെ അവളെ വട്ടംചുറ്റിപ്പിടിച്ചു.

NB :-അല്ലേലും അതങ്ങനാ ,ഉള്ളതിലധികം സ്നേഹം ഭാര്യമാർ പ്രകടിപ്പിച്ചാലും ഉള്ളതിൻ്റെ നാലിലൊന്ന് പോലും ഭർത്താക്കൻമാർ പുറത്ത് കാണിക്കില്ല, പക്ഷേ, ആ സ്നേഹം പുറത്ത് ചാടുന്ന ചില സന്ദർഭങ്ങളുണ്ട്, റാണിയെ പോലെ ബുദ്ധിയുള്ള ഭാര്യമാർ അത്തരം മുഹൂർത്തങ്ങൾ ക്രിയേറ്റ് ചെയ്തെടുക്കുകയും ചെയ്യും,

Related Posts

Leave a Reply

Your email address will not be published. Required fields are marked *