പക്ഷേ, മിനിഞ്ഞാന്ന് രാത്രിയിൽ എന്റെ മെസ്സഞ്ചറിലേക്ക് അയാൾ മൂന്ന് വീഡിയോ അയച്ചിരുന്നു…..

Story written by Murali Ramachandran

“ഒന്നുല്ല ചേച്ചി.. എന്റെ മനസിന്‌ തീരെ വയ്യാ, അതു മാറ്റാൻ മരുന്നിനാവില്ലല്ലോ.. അതാണ് കഴിവതും ഓൺലൈനിലെങ്ങും വരാത്തത്.” ലക്ഷ്‌മിയുമായുള്ള ചാറ്റിംഗിന് ഇടയിലാണ് ആ വോയിസ്‌ എനിക്ക് അയച്ചത്.

“എന്തുപറ്റി ലക്ഷ്മി.. എന്നോട് പറയാൻ പറ്റുന്ന കാര്യം വെല്ലോമാണോ..? രണ്ടു ദിവസമായി നിന്നെ കാണാത്തതുകൊണ്ടു വെറുതെ ഞാൻ വിളിച്ചതാ..”

“അതുപിന്നെ, ചേച്ചി.. എനിക്ക് ഈ ഫേസ്ബുക്കിനെ കുറിച്ച് വല്യ വശമൊന്നുമില്ല. കുറച്ചു ദിവസങ്ങളായി എന്റെ കവിതകൾക്ക് ഒരു അപ്പൂപ്പന്റെ കമന്റുകൾ വരാറുണ്ട്. മിനിഞ്ഞാന്ന് എനിക്കു അയാൾ ഫ്രണ്ട് റിക്വസ്റ്റു അയച്ചു.”

“എന്നിട്ട്..?”

എന്റെ ആ മെസ്സേജിന് ശേഷം ലക്ഷ്മിയുടെ മറുപടി വൈകുന്നതായി തോന്നി. ഉടനെ അടുക്കളയിൽ എന്തൊ ഒരു ശബ്ദം കേട്ടു. ഫോൺ താഴത്തേക്ക് വെച്ചിട്ട് ഞാൻ അവിടേക്ക് ചെന്നു. തുറന്നിട്ട വാതിലിലൂടെ ഒരു പൂച്ച അടുക്കളയിലേക്ക് കയറിയിരിക്കുന്നു. ഞാൻ അതിനെ തല്ലി ഓടിച്ചു. വാതിൽ മുറുക്കെ അടച്ചിട്ടു വീണ്ടും മുറിയിലേക്ക് വന്നിരുന്നു. ഫോണിലേക്ക് നോക്കിയതും അവളുടെ വോയിസ്‌ മെസ്സേജ് വന്നിരിക്കുന്നു. ആ വോയിസ്‌ മെസ്സേജിലേക്ക് ഞാൻ ചെവി കൊടുത്തു.

“എന്റെ ചേച്ചി.. ആ അപ്പൂപ്പനെ എനിക്കറിയില്ല. എന്നാലും ഞാൻ റിക്വസ്റ്റ് അക്‌സെപ്റ്റ് ചെയ്തു, സ്ഥിരമായി എന്റെ കവിതകൾ വായിക്കുന്നതല്ലേ എന്നു കരുതി. പക്ഷേ, മിനിഞ്ഞാന്ന് രാത്രിയിൽ എന്റെ മെസ്സഞ്ചറിലേക്ക് അയാൾ മൂന്ന് വീഡിയോ അയച്ചിരുന്നു. ഞാൻ അതു കണ്ടതും എന്റെ ഉള്ളു കത്തിപ്പോയി. മൂന്ന് പോ ൺ വീഡിയോകൾ..! അപ്പോൾ തന്നെ അതു ഡിലീറ്റ് ചെയ്തു. പിന്നെ എന്തൊ ഒരു പേടിയും വെപ്രാളവും മനസിലുണ്ട്. ഞാൻ ഇതിനെ കുറിച്ച് ഒന്നുംതന്നെ ഏട്ടനോട് പറയാൻ പോയില്ല. പറഞ്ഞാൽ പിന്നെ കാര്യങ്ങൾ കൈവിട്ടുപോകും, ഫോൺ പോലും കൈകൊണ്ട് തൊടാൻ വിടില്ല.”

അവളുടെ ആ വോയിസ്‌ കേട്ടതും പൊട്ടി ചിരിക്കുന്ന ഒരു സ്റ്റിക്കർ മെസ്സേജ് ഞാൻ അയച്ചു കൊടുത്തു. അതു കണ്ടതും അവൾ പിണങ്ങി നിൽക്കുന്ന മറുപടി സ്റ്റിക്കർ മെസ്സേജും എനിക്ക് അയച്ചു തന്നു.

“എടി പെണ്ണേ.. എന്നിട്ട് നീയാ കിളവനെ ബ്ലോക്കിയാരുന്നോ..? അല്ലേലും ഈ ചെറുപ്പക്കാര് പെണ്ണുങ്ങളെ കാണുമ്പോ ഈ കിളവന്മാർക്കൊക്കെയുള്ള സൂക്കേടാ ഇത്..”

“മ്മ്.. അതെ ചേച്ചി.. എനിക്ക് അപ്പോളാ മനസിലായത്. അപ്പോൾ തന്നെ ഞാൻ അവനെ ബ്ലോക്കി. പിന്നെ ഈ ഫോൺ എടുക്കാനെ തോന്നുന്നില്ല.”

“എടി മോളെ.. മുമ്പോരിക്കൽ എന്റെ തിരുവാതിര കളിയുടെ വീഡിയോ ടൈം ലൈനിൽ പോസ്റ്റ്‌ ഇട്ടിരുന്നു. അന്നു ഒരുത്തൻ എന്റെ വ യറ് കാണാമെന്നും കുറച്ചൂടെ കാ ണിക്കാമൊന്നും ചോദിച്ചു കമന്റ്‌ ഇട്ടു. മാറ്റാരുമല്ല, എന്നെ അറിയാവുന്ന എന്റെ സ്വന്തം അയൽക്കാരൻ തന്നെ.. പിന്നെ അവന്റെ ഫേസ്ബുക്കിൽ മാത്രമല്ല, അവന്റെ വീട്ടിൽ വരെ പോയി ഞാൻ പൊങ്കാല ഇട്ടിട്ടാ വന്നത്.. കൂടെ കുറച്ച് ഭരണി പാട്ടും പാടി കൊടുത്തു..”

അവൾ അതു കേട്ടയുടനെ പൊട്ടി ചിരിക്കുന്ന മെസ്സേജ് ഇട്ടു. അതു കണ്ടു ഞാനും തിരിച്ചു ചിരിച്ചു. അവളുടെ ഒരു വോയിസ്‌ മെസ്സേജ് വീണ്ടും എനിക്ക് വന്നു.

“ചേച്ചി.. അയാള് കൊള്ളാല്ലോ.. എന്നിട്ട് അയാള് ജീവനോടെ ഉണ്ടോ, അതോ നാടു വിട്ടോ..?”

“ഇവിടെ തന്നെയൊക്കെ ഉണ്ട്. എന്റെ മുന്നിൽ ഇനി വരില്ല. അവന്റെ ഫേസ്ബുക്ക് അക്കൗണ്ടും അന്നത്തോടെ ഞാൻ പൂട്ടിച്ചു. ഇനി നിന്നെയും ആരെങ്കിലും ഇതുപോലെ ഉപദ്രവിക്കാൻ വന്നാൽ അപ്പൊത്തന്നെ പ്രതികരിച്ചോണം, ഒരുത്തനെയും നീ പേടിക്കണ്ട. എന്തെങ്കിലും സഹായം വേണേൽ എന്നെ കൂടി വിളിച്ചോ.. ഞാനും വരാം.”

“ഓക്കേ ചേച്ചി.. ഇനിയാവട്ടെ.. അപ്പോൾ ശരി, നേരം ഒരുപാടായി. നാളെ കാണാം, ഗുഡ് നൈറ്റ്‌..”

“ഓക്കേ.. ഗുഡ് നൈറ്റ്..”

ലക്ഷ്മിയുമായി ചാറ്റിംഗ് കഴിഞ്ഞതും ഞാൻ അടിച്ചിറക്കിയ ആ പൂച്ചയുടെ ശബ്ദം വീടിന് വെളിയിൽ കേൾക്കാമായിരുന്നു. ഇനി തുറന്നിട്ട ഏതെങ്കിലും വീട്ടിലേക്ക് അതു ചെല്ലുന്നുണ്ടാവും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *