പതറിയ താളത്തിലവനതു പറയുമ്പോഴും മറച്ചുവെച്ച കണ്ണുനീരിനെ പിടിച്ചു നിർത്താനുള്ള ശേഷിയുണ്ടായിരുന്നില്ല….

Story written by Adarsh Mohanan

” രാഹുൽ നിനക്ക് പിന്നീട് മനസ്സിലാകും എന്റെ തീരുമാനങ്ങൾ ശരിയായിരുന്നെന്ന് അന്നു നീയെന്നെ ഒരിക്കലും കുറ്റപ്പെടുത്തില്ല

കാരണം നമ്മൾ ഒന്നിച്ചാൽ തകരുന്നത് രണ്ടു കുടുംബങ്ങളാണ് നമ്മളായിട്ടവരുടെ മനസ്സമാധാനം തല്ലിക്കെടുത്താൻ പാടില്ല . അച്ഛനായിട്ട് നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് ഞാൻ സമ്മതം മൂളി . നീയെല്ലാം മറക്കണം നല്ലൊരു നാളേയ്ക്കു വേണ്ടി, നല്ലൊരു ഭാവിക്കു വേണ്ടി. നിനക്ക് എന്നേക്കാൾ നല്ലൊരു കുട്ടിയെ കിട്ടാനായ് ഞാൻ പ്രാർത്ഥിക്കാം”

പ്രണയിനിയുടെ വാക്ശരങ്ങൾ അവന്റെ ഹൃദയത്തിലേക്ക് തുളഞ്ഞു കയറി. തുളുമ്പാൻ വിതുമ്പിയ കണ്ണുനീരിനെയവൻ കബളിപ്പിച്ചു കൊണ്ട് മുഖത്തൊരു പുഞ്ചിരി മെനെഞ്ഞു

“സ്നിഗ്ദ……, ഓൾ ദ ബെസ്റ്റ് എവിടെയായിരുന്നാലും സന്തോഷത്തോടെ യിരിക്കാൻ ഞാൻ പ്രാർത്ഥിക്കും എന്നും എപ്പോഴും”

പതറിയ താളത്തിലവനതു പറയുമ്പോഴും മറച്ചുവെച്ച കണ്ണുനീരിനെ പിടിച്ചു നിർത്താനുള്ള ശേഷിയുണ്ടായിരുന്നില്ല, തകർന്ന നെഞ്ചകത്തെത്തല്ലി ക്കെടുത്തിക്കൊണ്ട് വീണ്ടുമാ പ്രണയ സുരഭിലനിമിഷങ്ങൾ മനസ്സിലൂടെ കടന്നു പോയിക്കൊണ്ടിരുന്നു

“ചേരേണ്ടവർ തന്നെ ചേരട്ടെ അതാണ് അതിന്റെയൊരു ഭംഗി ” അവൻ മനസ്സിൽപ്പറഞ്ഞു

മുഖത്തൊരൽപ്പം അഭിനയം തുടിക്കുന്ന പുഞ്ചിരിയുമായവൻ പതിവായ് കൂട്ടുകാരുമൊത്ത് സംഘടിക്കാറുള്ള പടിഞ്ഞാട്ടു മുറിയിലെ പൊട്ട ക്കിണറിനരികത്തേക്കായ് നടന്നു. തന്റെ വരവിനു വേണ്ടി കാത്തിരിക്കുക യായിരുന്നു അവർ

“ടാ മരങ്ങോ ടാ, ആരുടെ അടിയന്ത്രം ഉണ്ണാനാ പോയെ?, നീ വന്നിട്ട് വേണം ഇതൊന്നു പൊട്ടിക്കാൻ , ഇനീം വൈകിയാൽ ഇത് ഞങ്ങ തന്നെ അടിച്ച് തീർത്താനേ “

‘ബെക്കാർഡി ലെമൻ’ ഒഴിച്ച ആദ്യത്തെ ഗ്ലാസ് തന്നെ വെള്ളമൊഴിക്കാതെയവൻ അകത്താക്കിയപ്പോളേക്കും ഉള്ളിൽ തങ്ങി നിന്ന നൊമ്പരത്തിന്റെ അണക്കെട്ട് പൊട്ടിയൊഴുകിത്തുടങ്ങിയിരുന്നു

കഥ കേട്ടു നിന്ന ഷാഗിലും, ആന്റപ്പനും ക്രോധം കൊണ്ടു വിറകൊണ്ടു , വായിൽ നിന്നൂർന്നിറങ്ങിയ ഭരണിപ്പാട്ടിനും ശകാരവർഷത്തിനുo കയ്യും കണക്കു മില്ലായിരുന്നു

” അളിയാ വാടാ കേറ് അവൾക്കിട്ട് രണ്ടെണ്ണം പൊട്ടിച്ചിട്ടെന്നെ കാര്യം, “

അതും പറഞ്ഞ് ആന്റപ്പൻ ബൈക്ക് സ്റ്റാർട്ടാക്കിയപ്പോഴേക്കും രാഹുൽ തടഞ്ഞു നിർത്തി

” വേണ്ടളിയാ വിട്ടേക്ക്, ചങ്കുപറിച്ച് സ്നേഹിച്ചിട്ടും അവളെന്നെ വേണ്ടെന്നു വെച്ചില്ലെ. ഇനിയൊരു ബലപ്രയോഗത്തിൽ അവളുടെ മനസ്സ് മാറ്റിയെടുക്കാൻ പറ്റുമെന്നു തോന്നുന്നുണ്ടോ? സ്നേഹം പിടിച്ചുപറിച്ചെടുക്കേണ്ടതല്ല “

ആൻറപ്പന്റെ കവിളുകൾ കോപത്താൽ വിറകൊണ്ടു പല്ലുകൾ കൂട്ടിക്കടിച്ചു കൊണ്ടവൻ പറഞ്ഞു.

“ഓക്കേത്തിനേം കത്തിക്കണം, ഇതുപോലുള്ള പെണ്ണങ്ങളെ തിരഞ്ഞുപിടിച്ച് പെട്രോളൊഴിച്ച് കത്തിക്കണം, പ്രണയം മണ്ണാംങ്കട്ട….. തൂഫ്….”

” ടാ ആൻറപ്പാ കത്തിക്കുമ്പോ നിന്റെ മാമന്റെ മോനേ കൂടി അതിലേക്കിട്ടോളോ, ഒരേ സമയം ആറെണ്ണത്തിനെ വലയിലിട്ട് കൊണ്ടു നടക്കണിണ്ടല്ലോ ചുള്ളൻ. അതോണ്ട് മോൻ പെൺപിള്ളേരെ മാത്രം കുറ്റം പറയല്ലേ നീ ആദ്യം അവനെ നിലക്ക് നിർത്ത് എന്നിട്ട് കത്തിക്കാൻ നടക്ക്.”

ഷാഗിലിന്റെ വാക്കുകൾ രംഗം തണുപ്പിച്ചെങ്കിലും രാഹുലിന്റെ തകർന്ന നെഞ്ചിന് തണലേകുവാൻ കഴിഞ്ഞില്ല.

” വിടളിയാ അവള് പോട്ടെടാ, അവൾ ലോകത്തിലെ അവസാനത്തെ പെണ്ണല്ലല്ലോ. നമ്മളെ വേണ്ടാത്തവർക്ക് നമുക്കും വേണ്ട. ഇന്നത്തെക്കാലത്ത് ചങ്കുപറിച്ച് സ്നേഹിക്കുന്നവരൊന്നുമധികം കാണില്ല. ഇതെല്ലാം മുൻകൂട്ടി പ്രതീക്ഷിക്കണം”

ഓരോ ദിവസവുമവൻ തള്ളി നീക്കുമ്പോഴും അവളുടെ ഓർമ്മകളാൽ നെഞ്ചകം വിങ്ങുന്നുണ്ടായിരുന്നു. പൂവിട്ടു തളിർത്ത പ്രണയത്തിന്റെ പടുവൃക്ഷത്തെ വേരോടെ അറുത്തെടുത്തതിന്റെ വാട്ടം അവനിൽ നന്നേ പ്രകടമായിരുന്നു.

കാടുകയറിയ ചിന്തകൾ തന്നെയായിരുന്നു അവനു കരുത്തേകിയത് ഓർത്തപ്പോൾ ശരിയാണ്

” അവളിന്നും സന്തോഷവതിയാണ്, താൻ വെറുമൊരു ക്ലർക്ക്, അവളെ കെട്ടാൻ പോകുന്നവനോ യൂറോപ്പിലേതോ ഒരു വലിയ കമ്പനിയിലെ ജെനറൽ മാനേജർ എന്തുകൊണ്ടും യോഗ്യൻ “

ജീവന്റെ പാതിയായിരുന്നവൾ സുരക്ഷിതമായ കൈകളിലാണല്ലോ എത്തുന്നത് എന്ന ചിന്ത അവന്റെ മാനസിന് ആശ്വാസം പകർന്നു

അവളോടുള്ള പ്രണയം പ്രതികാരദാഹമാക്കി മാറ്റി എന്നെങ്കിലും ജയിച്ച് കാണിക്കണം എന്നവൻ തീരുമാനിച്ചുറപ്പിച്ചു മനസ്സിലെ രണ്ടു ജീവിത ലക്ഷ്യങ്ങളിൽ ഒന്നു പ്രണയസാഫല്യമായിരുന്നു മറ്റൊന്ന് സിവിൽ സർവ്വീസ് റാങ്കും ഉള്ളിലെരിഞ്ഞ പ്രതികാര ദാഹത്തിന്റെ വാശി പഠനത്തിൽ കാണിച്ചു കൊണ്ടവൻ രാവന്തിയോളം അതിൽ തന്നെ മുഴുകിയിരുന്നു

പെട്ടെന്നൊരു ദിവസം തന്റെ സുഹൃത്തുക്കളെല്ലാവരും ഒരമിച്ച് തന്നെ കാണുവാൻ വീട്ടിലേക്കെത്തി ഒപ്പം രമ്യയുമുണ്ടായിരുന്നു , സ്നിഗ്ദയുടെ ഉറ്റ സുഹൃത്ത്, തന്റെ പ്രണയത്തിന് ഹംസമായി മാറിയവൾ , തന്നെ അവളിലേക്ക് ചേർത്ത് വെച്ചവൾ

ആന്റപ്പന്റെ മുഖം ആഹ്ലാദത്തിമർപ്പിൽ നിലകൊണ്ടപ്പോഴും രമ്യയുടെ മുഖം വിഷാദ മൂകതയിൽ നിറഞ്ഞു നിന്നിരുന്നു കാര്യം തിരക്കിയപ്പോഴാണ് മനസ്സിലായത് സ്നിഗ്ദയ്ക്ക് ആക്സിഡന്റായി മുഖത്ത് നാലോളം സർജറി കഴിഞ്ഞിരിക്കയാണെന്ന് തന്നെ കാണണമെന്നവൾ ആവശ്യപ്പെട്ടതുകൊണ്ടു മാത്രം വന്നതാണ് രമ്യ

രമ്യയുടെ അപേക്ഷയെ നിഷ്കരുണമായവൻ തളളിമാറ്റിയെങ്കിലും ആന്റപ്പൻ പറഞ്ഞു

” അളിയാ നീ പോണം, പോയി നാല് വർത്താനം പറയണം നീയനുഭവിച്ച വേദന അവളറിയണം”

മേശവലിപ്പിൽ ഇരുന്ന അവൾ തന്ന പ്രണയ സമ്മാനങ്ങളും കയ്യിലെടുത്ത് ആന്റപ്പൻ വീണ്ടും പറഞ്ഞു.

” ഇനിയെന്തിനാടാ ഇതൊക്കെ സൂക്ഷിച്ച് വെച്ചേക്കുന്നേ കൊണ്ടോയി വലിച്ചെറിയെടാ അവളുടെ മുഖത്തേക്ക്, കെട്ടാൻ പോകുന്നവൻ ഉപേക്ഷിച്ച അവൾ നിന്നെ കാണണമെന്ന് പറഞ്ഞത് എന്ത് ഉദ്ദേശത്തിലാണെന്ന് നിനക്ക് ഞാൻ പറഞ്ഞുതരേണ്ട ആവശ്യമില്ലല്ലോ അല്ലേ “

അസ്വസ്തനായി ഒരു രാവും കൂടെ തള്ളി നീക്കുന്നതിനിടയിൽ വീണ്ടും രമ്യയുടെ കോൾ വന്നു കോൾ അറ്റന്റ് ചെയ്തതിനു ശേഷമവനാ പഴയ പ്രണയോപഹാരങ്ങളെല്ലാം കൂട്ടിച്ചേർത്ത് ഒരു കവറിലാക്കി . മനസ്സിൽ ഉറച്ച തീരുമാനവുമായി മനസ്സമാധാനത്തോടെയുറങ്ങി

രാവിലെത്തന്നെ സ്നിഗ്ദയെ കാണാനായ് പുറപ്പെടുമ്പോഴും മനസ്സ് വിഷാദത്താൽ അലതല്ലിമറയുന്നുണ്ടായിരുന്നു. പറയാനാഗ്രഹിച്ച വാക്കുകൾ ഒന്നുകൂടിയവൻ മനസ്സിൽ ആവർത്തിച്ചാവർത്തിച്ചുരുവിട്ടു കൊണ്ടിരുന്നു . ആ വാക്കുകൾക്ക് അവളുടെ മുറിയിലേക്ക് കടക്കും വരെയേ ആയുസ്സുണ്ടായിരുന്നള്ളോ അവളുടെ വിരൂപമായ മുഖം കാണുന്നതു വരെ.

സൂര്യതേജസ്സോടെ വിളങ്ങിയിരുന്ന തന്റെ പ്രണയിനിയിനിയുടെ മുഖത്ത് കാർമേഘത്തിന്റെ കരിനിഴൽ വീണിരുന്നു. ചുവന്നു തുടുത്തിരുന്ന ആ തക്കാളിക്കവിളിന്ന് ഒട്ടിയുണങ്ങിക്കിടന്നിരുന്നു, അവളുടെ പച്ചപ്പളുങ്കു പോലുള്ള മിഴികളിലേ തിളക്കം വല്ലാതെ മങ്ങിയിരുന്നു, തേനൂറിയിരുന്ന അവളുടെ പവിഴാധ രങ്ങൾ ചാണകപ്പുഴുവിനോട് സാമ്യമുള്ളതുപോലെയവനു തോന്നി. അവന്റെ കണ്ണുകൾ നിറഞ്ഞു. വാചാലനാകാനെത്തിയവന്റെ നാവിന് വിലങ്ങു വീണ പോലെ നിന്നു.

“സുഖമല്ലേ രാഹുൽ …….?”

അവളുടെ ആ ചോദ്യത്തിനൊന്നു മൂളുവാൻ പോലും ശേഷിയില്ലായിരുന്നു അവന്

“എനിക്കറിയാം രാഹുൽ നിനക്കെന്നോട് ഇപ്പോഴും ദേഷ്യമാണെന്ന് മാപ്പർഹിക്കാത്ത തെറ്റു തന്നെയാണ് ഞാൻ ചെയ്തത്, വീട്ടുകാരൊന്നടങ്കം ആത്മഹത്യ ചെയ്യുമെന്നുള്ള ഭീഷണിക്ക് വഴങ്ങി കൊടുക്കേണ്ടി വന്നു എനിക്ക്. സ്നേഹത്തിന്റെ വില ഇപ്പോൾ അവർക്കു മനസ്സിലായിട്ടുണ്ടാകും, പണ ക്കൊഴുപ്പും സൗന്ദര്യവും മോഹിച്ച് വന്നവൻ അതിൽ ഒന്നു നഷ്ടപ്പെട്ടപ്പോൾ ബന്ധത്തിൽ നിന്നും പിൻമാറി എല്ലാം എന്റെ വിധിയാണ് ഒരു പക്ഷെ ഇങ്ങനെയൊരു വിധി തന്നെയാണ് ഞാൻ ആഗ്രഹിച്ചിരുന്നതും

വിശ്വസിക്കാൻ ബുദ്ധിമുട്ടാണല്ലേ രാഹുൽ? എനിക്കറിയാം വൈകിപ്പോയെന്ന് , നിന്റെ സഹതാപ സ്നേഹം പിടിച്ചുപറ്റാൻ വിളിച്ചു വരുത്തിയതല്ല രാഹുൽ, ഞാനെന്ന ഭാരത്തെ ഇനിയാരും ചുമക്കണ്ട കാര്യമില്ല, ചെയ്ത തെറ്റിനു മാപ്പു പറയുവാൻ വേണ്ടി മാത്രം വിളിച്ചതാണ്, എന്നോട് ക്ഷമിക്കണം രാഹുൽ ഞാൻ ചെയ്ത എല്ലാ തെറ്റുകൾക്കും മാപ്പ് “

വിറയാർന്ന ചുണ്ടുകളാൽ ആ ഇരുണ്ട മുറിയിലിരുന്നവൾ പൊട്ടിക്കരഞ്ഞു കൊണ്ടിരുന്നു അവൻ അവളുടെ മുഖത്തു നിന്നും കണ്ണെടുത്തു കൊണ്ടു സംസാരിച്ചു തുടങ്ങി.

” പറയുവാനൊരുപാടുണ്ടായിരുന്നു പക്ഷെ ഈ അവസ്ഥയിൽ പറയാൻ മനസ്സനുവധിക്കുന്നില്ല ഞാൻ പോകുന്നു , ഇത് നീയെനിക്കു തന്ന പ്രണയ സമ്മാനങ്ങളാണ് ഇത് കാണുമ്പോഴൊക്കെ എനിക്ക് നിന്നേ ഓർമ്മ വരും , ആ ഓർമ്മകൾ എന്നെ കുത്തിനോവിക്കും അതുകൊണ്ട് ഇതു നിന്റെ കൈകളിൽ ത്തന്നെ ഭദ്രമായിരുന്നുകൊള്ളട്ടെ “

മുറിയിൽ നിന്നും പുറത്തിറങ്ങുമ്പോഴും അവന്റെ കണ്ണിൽ നിന്നും കണ്ണു നീർ ധാരധാരയായ് ഒഴുകുന്നുണ്ടായിരുന്നു, പൊതിഞ്ഞു കെട്ടിയ ആ കവറിൽ അവൾ പരതി നോക്കി , തനിക്ക് പരിചയമില്ലാത്ത ഒരു ഗ്രീറ്റിംഗ് കാർഡ് അവളുടെ കണ്ണിലുടക്കി അവളതു തുറന്നു നോക്കി

അതിൽ നിറയെ രക്തം കൊണ്ടെഴുതിയ വാക്കുകളായിരുന്നു

” സ്നിഗ്ദ തെറ്റുപറ്റിയത് എനിക്കാണ് . ഞാൻ സ്നേഹിച്ചിരുന്നത് നിന്റെ സൗന്ദര്യത്തെയായിരുന്നു മനസ്സിനെയല്ല. ഇന്നതിനൊരു മാറ്റമുണ്ട് കാരണം ഇന്നു ഞാൻ പ്രണയിക്കുന്നത് നിന്റെ സൗന്ദര്യത്തെയല്ല കുറ്റബോധം കൊണ്ടു കഴുകി മിനുക്കിയ ആ മനസ്സിനേയാണ് ആ മനസ്സിന്റെ സൗന്ദര്യത്തെ മറ്റാരേക്കാളും ഇന്നെനിക്കറിയാം നിയന്ത്രണം വിട്ടത് കാറിന്റെയായിരുന്നില്ലല്ലോ നിന്റെ മനസ്സിന്റെയായിരുന്നില്ലേ രമ്യ എന്നോട് എല്ലാം പറഞ്ഞു ഞാൻ കാത്തിരിക്കും , നീയെന്റേതാകും നിമിഷത്തിനായ്”

രക്തഗന്ധമുള്ള ആ കാർഡിനെയവൾ നെഞ്ചോടു ചേർത്തു പിടിച്ചു നിറ കണ്ണുകളോടെ വീണ്ടും വീണ്ടുമത് കൊതിതീരെ വായിച്ചു കൊണ്ടവൾ മനസ്സിൽപ്പറഞ്ഞു

” നിന്നേപ്പോലൊരാളെ ജീവിത പങ്കാളിയായ് കിട്ടുവാനും മാത്രമുള്ള യോഗ്യതയെനിക്കുണ്ടോ രാഹുൽ “

Related Posts

Leave a Reply

Your email address will not be published. Required fields are marked *