പതിയെ പതിയെ പ്രാരാബ്ദങ്ങളുടെ ചുമട് അവന്റെ തോളിൽ കയറി കൂടുന്നതവനും അറിഞ്ഞു തുടങ്ങി. കല്യാണവും, പാല് കാച്ചാലും, അടിയന്തിരവും പോരാഞ്ഞ് ഏതേലും പെണ്ണ്……..

ചിരിക്കാത്തവർ…

എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ

അയാൾ ചിരിക്കാറില്ലെന്നായിരുന്നു എല്ലാവരുടെയും പരാതി. ചിരിക്കാത്ത അയാളുടെ അച്ഛൻ മരിച്ച ശേഷമാണ് അയാളിലെ ചിരി മങ്ങി തുടങ്ങിയത്….

നീയൊരാൺകുട്ടിയല്ലേ, നിനക്ക് എന്തെങ്കിലും ജോലിക്ക് പൊയ്ക്കൂടേ….’ തുടരെ തുടരേയുള്ള അമ്മയുടെ ആ വാക്കുകളിൽ നിന്നാണയാൾ ജീവിതത്തിന്റെ കയ്പ്പുനീർ രുചിച്ചു തുടങ്ങിയത്…..

ആദ്യദിനം ജോലിക്ക് പോയി വന്നതിന്റെ പിറ്റേന്ന് രാവിലെ , മേലാസകനമുണ്ടായിരുന്ന വേദന വക വയ്ക്കാതെ ജോലിക്ക് പോകാൻ ഇറങ്ങിയപ്പോഴാണ് അച്ഛൻ ചിരിക്കാതെയിരുന്നതിന്റെ കാരണമാ പതിനാറു വയസ്സുകാരന് മനസ്സിലായത്….

തുണിക്കടയുടെ പഴയ കവറിൽ ചോറും തുണിയുമിട്ട് മടക്കി പിടിച്ചവൻ ജോലിക്ക് പോകുമ്പോൾ കൂട്ടുകാരൊക്കെ പറമ്പിൽ കളികൾ ആരംഭിച്ചിട്ടുണ്ടാകും….

ജോലി കഴിഞ്ഞു വരുന്ന വൈകുന്നേരങ്ങളിൽ പാടത്തെ സർവ്വേ കല്ലിൽ താടിയും താങ്ങി കൂട്ടുകാരുടെ കളി കണ്ടുനിൽക്കുമ്പോൾ ശരീരത്തിനൊപ്പം മനസ്സും വേദനിച്ചത് കൊണ്ടാകും കണ്ണുകളിൽ കണ്ണുനീർ വന്നടിഞ്ഞത്….

പതിയെ പതിയെ പ്രാരാബ്ദങ്ങളുടെ ചുമട് അവന്റെ തോളിൽ കയറി കൂടുന്നതവനും അറിഞ്ഞു തുടങ്ങി. കല്യാണവും, പാല് കാച്ചാലും, അടിയന്തിരവും പോരാഞ്ഞ് ഏതേലും പെണ്ണ് വയസ്സറിയിക്കുന്നതിന്റെ വരെ ചിലവ് ചുമക്കാൻ തുടങ്ങിയപ്പോഴാണ് അവന്റെ ചുണ്ടിലെ ചിരി പൂർണ്ണമായും മാഞ്ഞത്…

‘ അല്ലേലും നിന്നോടൊന്നും പറയാൻ പറ്റില്ല എന്ത് പറഞ്ഞാലും ദേഷ്യമാണ്…’ അമ്മയുടെ കുറ്റപ്പെടുത്തലുകൾ തുടങ്ങുമ്പോൾ ദേഷ്യവും, സങ്കടവും പല്ലുകൾ കൊണ്ട് കടിച്ചമർത്തി  കമഴ്ന്നു കിടക്കുമ്പോഴാണ് ദേഷ്യക്കാരനായാ അച്ഛനോട്‌ അന്നദ്യമായി  അവന് സ്നേഹം തോന്നിയത്….

‘ ഓ അവൻ വല്യ ജോലിക്കാരനായിപ്പോയി….’

അവനെ കാണുമ്പോഴേക്കും അങ്ങാടിയിൽ കൂട്ടം കൂടിയിരിക്കുന്ന കൂട്ടുകാർ ഉച്ചത്തിൽ പറഞ്ഞു ചിരിക്കാൻ തുടങ്ങിയപ്പോഴാണ് മനസ്സിലായത്, അവനവന്റെ  വേദനകൾ അതൊരിക്കലും മറ്റൊരാൾക്ക്‌ മനസ്സിലാകില്ലെന്ന സത്യം…

പിന്നെപ്പിന്നെ ഒരു യന്ത്രം കണക്കെ അവൻ പണിയെടുത്തു, ആരോടും പരാതിയും പരിഭവവുമില്ലാതെ, അത്രെയേറെ മനസ്സിടറുമ്പോൾ പുഴയിലെ വെള്ളത്തിനൊപ്പം ആരുമറിയാതെ അവന്റെ കണ്ണുനീരും അലിഞ്ഞു ചേർന്നിരുന്നു….


അതേ… അവൻ ചിരിക്കാൻ മറന്ന് പോയവനാണ്, അല്ലെങ്കിൽ പ്രാരാബ്ദങ്ങൾ അവനെ അങ്ങനെയൊരു മനുഷ്യനാക്കിയെടുത്തതാണ്, അതിലാവാനോരോടും പരാതിയുമില്ല, എങ്കിലും ആരെങ്കിലും മനസ്സിലാക്കാൻ ശ്രമിച്ചിരുന്നെങ്കിലെന്ന് ഏതൊരു മനുഷ്യനെ പോലെ അവനും കൊതിച്ചു….

അമ്മയുടെ നിർബന്ധമായിരുന്നു കല്യാണം കഴിക്കണമെന്നത്,അച്ഛനെപ്പോലെയാകുമോ താനെന്ന പേടിയായിരുന്നവനെ അതിൽനിന്ന് പിന്തിരിപ്പിച്ചത്….


താൻ അച്ഛനെ മനസ്സിലാക്കാതെ പോയതുപോലെ തന്റെ ഭാര്യയും മക്കളും മനസ്സിലാക്കാതെ വന്നാൽ താൻ നെഞ്ചുപൊട്ടി മരിച്ചുപോകുമെന്നും, നാളെ തന്റെ സ്ഥാനത്ത് തന്റെ മകൻ വരുമെന്ന ചിന്തയും അയാളെ വല്ലാതെ ഭയപ്പെടുത്തി…..

‘ വയസ്സാം കാലത്ത് കഞ്ഞി വച്ചു തരാൻ പോലും ആരും കാണില്ലെന്നമ്മ പരിഭവം പറയുമ്പോഴും, തന്നെപ്പോലെ മറ്റൊരു മനുഷ്യൻ ഉണ്ടാകരുതെന്നായാൾ ആഗ്രഹിച്ചിരുന്നു….

ജോലി കഴിഞ്ഞ് ബസ്സും കാത്ത് നിൽക്കുമ്പോഴാണ് മുൻനിരയിലെ പല്ലുകൾ ഇളകിയ മോണയും കാട്ടി ചിരിച്ചുകൊണ്ട് മുഷിഞ്ഞ കുപ്പായമിട്ട പെൺകുട്ടി അയാൾക്ക് മുന്നിൽ വന്നു നിന്നത്..,.

വർഷങ്ങൾക്ക് ശേഷമാണ് തന്നെ നോക്കി ഒരാൾ നിഷ്കളങ്കമായി ചിരിക്കുന്നതെന്നയാൾ ഓർത്തു, വീണ്ടും ചിന്തകളിലേക്ക് കടക്കാതെ ആ പെൺകുട്ടിക്ക് മനോഹരമായയൊരു പുഞ്ചിരി അയാളും സമ്മാനിച്ചു….

അൽപ്പം അകലെ ഇരിക്കുന്ന ഒരു സ്ത്രീ ജടപ്പിടിച്ച തന്റെ തല മുടിയിൽ ചൊറിഞ്ഞു കൊണ്ട് അവളോട് എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടെങ്കിലും, അതൊന്നും ശ്രദ്ധിക്കാതേ അവൾ അവിടെയെങ്ങും കളിച്ചു ചിരിച്ച് നടക്കുകയായിരുന്നു…

ആ കുഞ്ഞിന്റെ നിഷ്കളങ്കമായ കളിയും ചിരിയും കാണുമ്പോൾ, എല്ലാ പ്രാരാബ്ദങ്ങളും, ചിന്തകളും മറന്നയാളും ചിരിച്ചു….

ആ ചിരിയിലെപ്പോഴോ അയാളും കൊതിച്ചു, അതുപോലെയൊരു കുഞ്ഞിനെ, താൻ മനഃപൂർവ്വം വേണ്ടെന്നുവച്ച സ്വപ്നങ്ങളെയോർത്ത് അയാളുടെ ഉള്ളിൽ അതുവരെയില്ലാത്ത കുറ്റബോധം ഉടലെടുത്തു….

പതിവുപോലെ അമ്മയുടെ കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോൾ അയാളിൽ ദേഷ്യം വന്നിരുന്നില്ല, അയാളുടെ മനസ്സിലത്രയും ആ പെൺകുട്ടിയുടെ ചിരിക്കുന്ന മുഖം മാത്രമായിരുന്നു….

ക്ഷീണം കൊണ്ട് വേഗം കിടന്നുറങ്ങുന്ന അയാൾക്കന്ന് തീരെ ഉറങ്ങാൻ കഴിയാതെ ആ പെൺകുട്ടി ഓർമ്മകളിൽ വന്ന് ശല്യം ചെയ്ത് കൊണ്ടിരുന്നു….

ആ പെൺകുട്ടിയുടെ മുഖം മനസ്സിൽ തെളിയുമ്പോൾ അയാളിൽ പുഞ്ചിരി വിരിയുകയും, ആ പുഞ്ചിരിയിൽ അയാളിൽ നഷ്ടബോധം ഉടലെടുക്കുകയും ചെയ്തുകൊണ്ടിരുന്നു….


ചിന്തകൾക്ക് ഭാരം കൂടിയപ്പോൾ നെഞ്ചിൽ അനുഭവപ്പെട്ട വേദനയെ കടിച്ചമർത്തി ആ പെൺകുട്ടിയുടെ മുഖമോർത്ത് അയാൾ മിണ്ടാതെ കിടന്നു….

‘ മരിച്ചു കിടക്കുമ്പോഴും അവന്റെ മുഖത്തെ പുഞ്ചിരി കണ്ടില്ലേ….’

ചന്ദനതിരിയുടെ വാസന പരക്കുന്ന ആ വീടിന്റെ മുറ്റത്ത് നിന്നാരോ പറയുമ്പോൾ അതേയെന്ന് പറഞ്ഞു പലരും തലയാട്ടി….

അപ്പോഴും പാണ്ടിലോറി ഇടിച്ച് മരിച്ച രണ്ട് അജ്ഞാത മൃത്ദേഹങ്ങൾ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ തങ്ങളുടെ ഊഴം കാത്ത് കിടപ്പുണ്ടായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *