പാറൂ , നീയെന്തൊക്കെയാണീ പറയുന്നത്.നീ മറ്റൊരാളുടേതാകുകയോ ?.നീ ഇല്ലാതെ എനിക്ക് പറ്റില്ല.ഞാൻ പ്രാണൻ കിട്ടാതെ മരിച്ചു പോകും. പ്രണയത്തിനുമപ്പുറം……

ആഴക്കടൽ.

എഴുത്ത്:- ഭാവനാ ബാബു

“പാറൂ”……. മൊബൈലിൽ, പ്രതീക്ഷിച്ച ആൾ തന്നെ…സച്ചുവേട്ടൻ…

“ഉം “….

“നിന്റെ തീരുമാനത്തിൽ മാറ്റമൊന്നുമില്ലല്ലോ അല്ലെ?”

മനസ്സിലൊളിപ്പിച്ച മൗനത്തെ കീറിമുറിച്ചായിരുന്നു ആ ചോദ്യം.

ആദ്യമൊന്ന് അമ്പരന്നുവെങ്കിലും….ഉത്തരം നാവിൻതുമ്പത്തെത്താൻ ഒട്ടും വൈകിയില്ല….

“എന്തൊരു ചോദ്യമാണിത് സച്ചുവേട്ടാ? ,ഏട്ടനെന്നെ വിശ്വാസമില്ലേ”?

“മറ്റാരേക്കാളുമുണ്ട് പാറൂ… എങ്കിലും വിധിയിൽ എനിക്കൊട്ടും വിശ്വാസമില്ല.അല്ലെങ്കിൽ അന്ന് അങ്ങനെയൊക്കെ സംഭവിക്കുമോ?”

“ഏട്ടൻ പറഞ്ഞ സമയത്ത് കാറുമായി വന്നോളൂ.ഹോൺ അടിക്കും മുന്നേ ഈ പാറൂ എത്തിയിരിക്കും”.

ഒന്നു രണ്ടു മിനിറ്റ് കഴിഞ്ഞു ഏട്ടൻ ഫോൺ കട്ടാക്കി.

ഇന്നും മായാതെ മനസ്സിൽ പീലി നിവർത്തിയാടുന്നുണ്ട് എന്റെ ബാല്യം തൊട്ടുള്ള ഓർമ്മകൾ.

“പാറൂ , നിനക്ക് എത്ര താമര വേണം.ഞാൻ പറിച്ചു തരാം.”ഒരാൾ പൊക്കത്തിൽ വെള്ളമുള്ള കുളത്തിലേക്ക് ഇറങ്ങാൻ തുടങ്ങിയ എന്നെ തടഞ്ഞുകൊണ്ടു ഏട്ടൻ പറഞ്ഞു.

ഒടുവിലാ പ്രണയം , കാലിൽ അണിയിച്ച വെള്ളി പാദസരം വരെയെത്തി.

“ഇതെന്റെ പാറുവിന്റെ പതിനെട്ടാം പിറന്നാളിന് ഈ സച്ചുവിന്റെ സമ്മാനം .”

തേന്നിക്കര ഗ്രാമത്തിലെ ഇളങ്കാറ്റിന് പോലും അറിയാമായിരുന്നു സച്ചുവും പാറുവും തമ്മിലുള്ള പ്രണയം.

എന്നിട്ടും വിധി എല്ലാം തട്ടിത്തെറിപ്പിച്ചു .കേസിൽ പെട്ട് കിടപ്പാടം വരെ നഷ്ടമാകാൻ തുടങ്ങിയപ്പോഴാണ് കാര്യസ്ഥൻ ദാമു , രാഘവൻ മുതലാളിയുടെ ആലോചനയുമായി പടി കടന്നു വരുന്നത്.

“എന്താ രാമേട്ടാ , ഇത്ര ആലോചിക്കാൻ? ഈ ബന്ധം നടന്നാൽ നിങ്ങളുടെ കുടുംബം രക്ഷപ്പെടും. പാർവതിയുടെ താഴെ ഇല്ലേ ,മറ്റു രണ്ടെണ്ണം കൂടി.അതിന്റെ കാര്യം കൂടി മുതലാളി നടത്തിക്കോളും,”.

“എങ്കിലും ദാമു , ഒരു രണ്ടാം കെട്ടെന്നു പറയുമ്പോൾ അതും , പതിനാറ് വയസ്സിന്റെ വ്യത്യാസത്തിൽ,”

“ഇനിയും ആലോചിച്ചു നിന്നാൽ, വീട് ബാങ്കുകാർ കൊണ്ടു പോകും.പറഞ്ഞേക്കാം”.

ദാമു അച്ഛന്റെ കഴുത്തിനു തന്നെ പിടി മുറുക്കി.

ആലോചനയുടെ കാര്യം ഏട്ടനോട് പറഞ്ഞപ്പോൾ പ്രതീക്ഷിച്ച പോലെ ഒരു പൊട്ടിത്തെറി തന്നെയാണ് ഉണ്ടായത്.

“പാറൂ , നീയെന്തൊക്കെയാണീ പറയുന്നത്.നീ മറ്റൊരാളുടേതാകുകയോ ?.നീ ഇല്ലാതെ എനിക്ക് പറ്റില്ല.ഞാൻ പ്രാണൻ കിട്ടാതെ മരിച്ചു പോകും. പ്രണയത്തിനുമപ്പുറം അതിനെക്കാളേറെ മറ്റെന്തോ വികാരമാണ് നിന്നോടെനിക്ക്”.

ഏട്ടൻ പറയുന്നതെല്ലാം ഞാൻ,ശ്വാസമടക്കി മിണ്ടാതെ കേട്ടു നിന്നു.മഴ പെയ്യാൻ തുടങ്ങിയപ്പോഴാണ് ഞെട്ടലോടെ ഞാൻ ചുറ്റിലും നോക്കിയത്. സച്ചുവേട്ടൻ നിന്ന സ്ഥലം ശൂന്യമായിരുന്നു.

പിന്നെ അതിനു ശേഷം ആ മുഖം പോലും കാണാനെനിക്ക് കഴിഞ്ഞില്ല.

അറവുശാലയിലേക്ക് കൊണ്ടു പോകുന്ന മാടിനെ പോലെ ഞാൻ മുതലാളിയുടെ ഭാര്യയായി.പ്രഥമ രാത്രി അയാൾ വാ തോരാതെ സംസാരിച്ചതു മുഴുവൻ മരിച്ചുപോയ ആദ്യ പത്നി വിജയലക്ഷ്മിയെ കുറിച്ചായിരുന്നു… നേര്യത് ചുറ്റിയ ഭാര്യയുടെ സൗന്ദര്യം വർണ്ണിക്കാൻ കഴിയാതെ അയാൾ പലപ്പോഴും പരവേശം കൊള്ളുന്നുണ്ടായിരുന്നു.

ഷെൽഫിലിരുന്ന അവരുടെ ഫോട്ടോയ്ക്ക് അത്ര വലിയ ഭംഗിയൊന്നും എനിക്ക് കാണാൻ കഴിഞ്ഞില്ല…

“ഈ പാറുചേച്ചിക്ക് കറുത്തിരുണ്ട ആ സച്ചുവിനെ മാത്രേ കിട്ടിയുള്ളൂ പ്രേമിക്കാൻ” ?അനിയത്തിമാരുടെ പഴയൊരു കളിയാക്കലാണ് ഞാനപ്പോൾ ഓർത്തത്.എന്റെ കണ്ണുകളിൽ സച്ചുവേട്ടനേക്കാൾ ഭംഗി മറ്റാർക്കും ഉണ്ടായിരുന്നില്ല.

മുതലാളി എന്തൊക്കെയോ വാ തോരാതെ പറയുന്നുണ്ട്.കട്ടിലിന്റെ ഓരത്തു ചാരി , ഒടുവിൽ അവിടെ കിടന്നു ഞാനും എപ്പഴോ ഉറങ്ങിപ്പോയി.

ഒരൽപ്പം വൈകിയയെങ്കിലും അദ്ദേഹത്തിന്റെ മനസ്സിലെവിടെയോ എനിക്കായി ഒരിടം കിട്ടി.ആ പ്രണയ വല്ലരിയിൽ ഒരു കുഞ്ഞു മോളും ജനിച്ചു.അർച്ചന എന്ന എന്റെ അച്ചു.

മകൾ ജനിച്ചു അഞ്ചു വർഷം കഴിഞ്ഞുള്ള ഒരു പകലിൽ യാത്ര പോലും പറയാതെ അദ്ദേഹമങ്ങു പോയി. സൈലന്റ് അറ്റാക്കിന്റെ രൂപത്തിലായിരുന്നു മരണം.

പിന്നെ മോളും ഞാനും മാത്രമായി എന്റെ ലോകം.പഠിച്ചു അവൾ എൻജിനിയറിങ് ബിരുദം നേടി.ഇഷ്ടപ്പെട്ട പുരുഷനെ മുന്നിൽ നിർത്തി ഞാനിവനെ കെട്ടിക്കോട്ടെ എന്നു ചോദിച്ചപ്പോൾ മറുത്തൊന്നും പറയാതെ സമ്മതം കൊടുത്തു.

പത്തു ദിവസം കൂടി കഴിഞ്ഞാൽ അവളുടെ വിവാഹമാണ്.ഷോപ്പിങ്ങിന് അവളും ഫ്രണ്ട്സും ഒരു കൂട്ടമായി പിരിഞ്ഞപ്പോൾ ഞാനാ മാളിൽ ഒറ്റപ്പെട്ടതു പോലെയായി.വെറുതെ ഓരോന്ന് നോക്കി സമയം കളഞ്ഞു നിൽക്കുമ്പോഴാണ്
പുതുമഴ എന്നോണമുള്ള ആ വിളി …..

“പാറൂട്ടി”…..

ഞെട്ടലോടെ തിരിഞ്ഞു നോക്കിയപ്പോൾ തൊട്ടു പിന്നിൽ സച്ചുവേട്ടൻ….. സ്നേഹത്തോടെ ഞാനാ കൈത്തണ്ടയിൽ പിടി മുറുക്കി.
അതെന്നും അങ്ങനെ തന്നെയായിരുന്നു എന്റെ പതിവും..

നീയൊട്ടും മാറിയിട്ടില്ലല്ലോ പാറൂ,വിടർന്ന കണ്ണുകളോടെ അദ്ദേഹം ചോദിച്ചു.

“ഏട്ടനും.കൈയിലെ പിടുത്തം വിട്ട് ഞാൻ പറഞ്ഞു.

ആ സംസാരത്തിനിടയിലാണ് , ഏട്ടനിപ്പോഴും വിവാഹിതനല്ല എന്നു ഞാനറിയുന്നത്….

കരയണോ ചിരിക്കണോ ? എന്നു തോന്നിയ നിമിഷം.

“പിന്നെ എന്റെ കാര്യം.”മടിച്ചു മടിച്ചു ഞാൻ പറയാൻ തുടങ്ങവേ ഏട്ടനെന്നെ തടഞ്ഞു….

” വേണ്ട.എനിക്കെല്ലാം അറിയാം”.

“എന്നിട്ടും എന്തേ ഒന്നു വന്നില്ല?. നിശബ്ദം ഞാൻ ചോദിച്ചു.

കുറച്ചു നേരം സംസാരിച്ചു അന്ന് ഞങ്ങൾ വേഗം പിരിഞ്ഞു…പോകാൻ നേരം ഏട്ടന്റെ ഫോൺ നമ്പർ വാങ്ങാൻ ഞാൻ മറന്നില്ല.

പിന്നെ ഇടയ്ക്കിടെ ഞാൻ ഏട്ടനെ വിളിക്കാൻ തുടങ്ങി. മരുഭൂമിയിലെ മരുപ്പച്ച പോലയായിരുന്നു ആ വാക്കുകളെനിക്ക്……

മോളുടെ വിവാഹം കഴിഞ്ഞു ഒരാഴ്ച്ച കഴിഞ്ഞപ്പോഴാണ് സച്ചുവേട്ടന്റെ ചോദ്യം.

“പാറൂ,നിന്റെ ജീവിതത്തിലെ എല്ലാ കടമകളും കഴിഞ്ഞു.ഇനി നിനക്ക് നിന്നെ പറ്റി മാത്രമൊന്നു ചിന്തിച്ചു കൂടെ?

“ഏട്ടനെന്താണ് പറയുന്നത് ?.എനിക്കൊന്നും മനസ്സിലായില്ല.

“ഈ വിരസമായ ഏകാന്തത എനിക്കു മടുത്തുതുടങ്ങിയിരുന്നു. എനിക്കിനിയൊരു കൂട്ട് വേണം.മരിക്കാൻ നേരം ഓർമിക്കാൻ ചില നല്ല നിമിഷങ്ങൾ ഒപ്പമുണ്ടായിരുന്നെങ്കിൽ എന്നു കൊതിച്ചു പോകുന്നു ഇനിയെങ്കിലും നമുക്ക് ഒരുമിച്ച് കഴിഞ്ഞുകൂടെ പാറൂ? “

സത്യത്തിൽ എന്റെ ഉള്ളിലുമുണ്ടായിരുന്നു അങ്ങനെ എന്തൊക്കെയോ.

“ഈ നാല്പത്തിയഞ്ചാം വയസ്സിൽ ഇനിയൊരു വിവാഹമോ ? നാട്ടുകാർ കേട്ടാൽ എന്ത് വിചാരിക്കും?

“നാട്ടുകാരോട് പോയി പണി നോക്കാൻ പറയ്.അല്ലെങ്കിലും, നമ്മുടെ ഇടയിലെ ബന്ധത്തിന്റെ ആഴം നമ്മൾ അറിഞ്ഞാൽ പോരേ”?

ആ വാക്കുകളിലെ കരുതലും , സ്നേഹവും ഞാൻ അറിയുന്നുണ്ടായിരുന്നു….

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഒന്നും മറുത്തു പറയാനെനിക്ക് കഴിഞ്ഞില്ല.ഹൃദയത്തിലേക്ക് ഒരു മല വെള്ളപ്പാച്ചിൽ ഒഴുകി എത്തുന്ന പോലെയായിരുന്നു അപ്പോഴെന്റെ മനസ്സ്.

ഏട്ടൻ പറഞ്ഞതും ശരിയാണ്.എന്റെ ഉള്ളിലുമുണ്ട് കെടാതെ സൂക്ഷിക്കുന്ന മൺ ചിരാത് പോലെ പ്രകാശം പൊഴിക്കുന്ന ചില സ്വപ്നങ്ങൾ.

നേരും കാലവും കണക്കു കൂട്ടി ആറു മാസം കഴിഞ്ഞു.ഇന്നാണ് ആ ദിവസം.വൈകുന്നേരം അഞ്ച് മണി ആകുമ്പോൾ എട്ടൻ വരും.പോകാൻ നേരം അപ്പുറത്തെ അപ്പുവിന്റെ വീട്ടിൽ താക്കോലേൽപ്പിക്കണം.അച്ചുവിനു കൊടുക്കാൻ ഒരു കത്തും.

എല്ലാം അറിയുമ്പോൾ അവളെന്നെ വെറുക്കുമോ.അറിയില്ല.അതോർക്കുമ്പോൾ ഉള്ളം കയ്യിലേക്ക് നടുക്കത്തിന്റെ ചെറിയൊരു തണുപ്പ് അരിച്ചിറങ്ങുന്നുണ്ട്.

ആഞ്ചു മണി ആകാൻ ഇനി വെറും അഞ്ചു മിനിറ്റ് മാത്രം.പെട്ടെന്നാണ് ഒരു മുഴക്കത്തോടെ ഫോൺ റിങ് ചെയ്തത്. എട്ടനാകും.ഞാൻ ഓടി പാഞ്ഞു ഫോണെടുത്തു.

“ഹലോ അമ്മേ”…..

അച്ചുവാണ്.ഇറങ്ങാൻ നേരം അവളുടെ ശബ്ദമൊന്നു കേട്ടല്ലോ.ആശ്വാസം തോന്നി.

,”എന്താ മോളേ വിശേഷിച്ചു?”

“വിശേഷം ഉണ്ടമ്മെ. അമ്മയൊരു മുത്തശ്ശി അകാൻ പോകുന്നു.ഐ ആം പ്രെഗ്നൻറ്റ് “.

ഈശ്വരാ, സത്യമാണോ , മോളേ…സന്തോഷം കൊണ്ടെന്റെ കണ്ണു നിറഞ്ഞു.

“അതേ അമ്മേ, നാളെ മുതൽ ഞാൻ അമ്മയോടൊപ്പമാണ് നിൽക്കുന്നത്.ഇനി പ്രസവിച്ചു കുഞാവയുടെ നൂല് കെട്ട് കഴിയുന്നത് വരെ. ശരി അമ്മേ ഞാൻ ഫോൺ വയ്ക്കുകയാ.നാളെ നേരിൽ കാണുമ്പോൾ ഒക്കെ പറയാമേ”.

ഈശ്വരാ.എന്റെ അച്ചു ഒരമ്മയാകാൻ പോകുന്നു.എത്ര വേഗമാണ് കാലം കടന്നു പോകുന്നത്.ഈ വിവരം ഇപ്പോൾ തന്നെ സച്ചുവേട്ടനോട് പറയണം.

അപ്പോഴാണ് മറ്റൊരു യാഥാർഥ്യം എന്റെ മുന്നിൽ തെളിഞ്ഞു വന്നത്.ഗേറ്റിന് മുന്നിൽ ഒരു കാർ നിർത്താതെ ഹോൺ അടിക്കുന്നുണ്ട്.ഈശ്വരാ പുതിയൊരു ജീവിതവും സ്വപ്നം കണ്ടു സച്ചുവേട്ടൻ എന്നെ ഒപ്പം കൂട്ടാനായി വന്നു നിൽക്കുന്നു…തളർച്ചയോടെ ഞാൻ ചുമരും ചാരി നിന്നു.അപ്പോഴെന്റെ മനസ്സിലെ സ്വപ്നങ്ങൾക്കും മാറാല പിടിച്ചു തുടങ്ങിയിരുന്നു.കടമകളുടെ ആഴക്കടലിലേക്ക് ഞാൻ വീണ്ടും എടുത്തെറിയപ്പെട്ട പോലെ.

ചെമ്പകം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *