പിറ്റേന്ന് ഭാര്യയെന്റെ ദേഹം പിടിച്ച് കുലുക്കിയപ്പോഴാണ് ഞാൻ ഉണർന്നത്. ആരോ കാണാൻ വന്നിട്ടുണ്ട് പോലും. അഴിഞ്ഞുതുടങ്ങിയ മുണ്ടിന്റെ തല ചുരുട്ടി കയറ്റി ഞാൻ മുറ്റത്തേക്ക് നടന്നു……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

‘എനിക്ക് പ്രായപൂർത്തിയായി.’

പതിനെട്ട് വയസ്സുവരെ എനിക്ക് എന്റെ മകനെ നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ട്. കൃത്യം പതിനെട്ട് തികഞ്ഞപ്പോൾ തനിക്ക് കാര്യപ്രാപ്തിയായെന്നാണ് അവൻ പറയുന്നത്. അതിനുവേണ്ടി എന്നോട് പറയുന്ന വാചകമാണ് നിങ്ങൾ തുടക്കത്തിൽ വായിച്ചത്.

മകന്റെ പേര് അർജുൻ എന്നാണ്. അവനെ കൂടാതെ എനിക്കൊരു മകളുമുണ്ട്. മൂത്തതായിട്ടും അവൾ എന്റെ വാക്കുകളെ ഇപ്പോഴും മാനിക്കാറുണ്ട്. പക്ഷേ, അർജുൻ..!

ഞാൻ എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്ത ഒരു വിഷയമാണ് പ്രായപൂർത്തിയുടെ നിർണ്ണയ തോത് എന്താണെന്ന്. ഒരു മനുഷ്യന്റെ ശാരീരീകമായ പൂർണ്ണതയാണോ, മാനസികമായ പാകതയാണോ എന്നൊന്നും എനിക്ക് അറിയില്ല. ഒരു സർക്കാർ പീയൂണിന്റെ തലയുമായി അതിനുമപ്പുറം ചിന്തിച്ച് കണ്ടുപിടിക്കാൻ എനിക്ക് കഴിഞ്ഞതുമില്ല.

‘അച്ഛാ… ഇന്ന് രാത്രിയിൽ ഞാൻ വരില്ലാട്ടോ…’

അന്ന് കോളേജിൽ ചേർത്ത വർഷത്തിന്റെ ആദ്യ ലീവിന് നാട്ടിലെത്തിയ അർജുൻ എന്നോട് പറഞ്ഞു. അമ്മ സമ്മതിച്ചു പോലും. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോൾ ഇലക്ഷന്റെ പ്രചാരണ നോട്ടീസുകൾ പതിപ്പിക്കാനാണത്രെ. കൂട്ടുകാരെല്ലാം കൂടിയുള്ള പ്രവർത്തനമാണുപോലും.. ഞാൻ കുഴഞ്ഞു. എത്ര വൈകിയാലും വീട്ടിലേക്ക് വരണമെന്ന് പറഞ്ഞപ്പോഴും തനിക്ക് പ്രായപൂർത്തിയായെന്ന് മാത്രമേ അവന് പറയാനുണ്ടായിരുന്നുള്ളൂ…

ക ള്ളുകുടി സംഘമാണോയെന്ന് ഞാൻ സംശയിച്ചു. സ്കൂൾ ജീവിതം കഴിഞ്ഞ് പല പല സ്ഥലങ്ങളിലേക്കുള്ള കോളേജുകളിലേക്ക് ചിതറിപ്പോയവരല്ലേ ഒത്തുകൂടുന്നത്… ഇങ്ങനെയൊരോ കാരണങ്ങളിൽ ഈ പ്രായക്കാർ രാവുവരെ ആഘോഷിക്കും. എവിടെയാണ് തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റർ ഒട്ടിക്കാൻ പോകുന്നതെന്ന് അവൻ പറഞ്ഞതേയില്ല. ആ സംശയം തീർക്കാൻ അന്ന് രാത്രിയിൽ ഞാൻ അവനെ ഫോണിൽ വിളിച്ചു.

‘പറ അച്ഛാ…! ‘

നീയിന്ന് വരില്ലേയെന്നും എവിടെയാണ് നിങ്ങളെല്ലാവരും ഉള്ളതെന്നും ഞാൻ അർജുനോട്‌ ചോദിച്ചു.

‘അതറിഞ്ഞിട്ട് അച്ഛനെന്തിനാണ്… ഞാൻ പ്രായപൂർത്തിയായ ഒരാളല്ലേ.. എനിക്കുമില്ലേ സ്വാതന്ത്ര്യമൊക്കെ…!’

അതുകേട്ടപ്പോൾ കൂടുതലൊന്നും എനിക്ക് പറയാൻ തോന്നിയില്ല. ഇന്നാള് ഇങ്ങനെ പറഞ്ഞപ്പോൾ ഫോണിൽ അവൻ ഒരു വീഡിയോ കാണിച്ച് തന്നിരുന്നു. പ്രായപൂർത്തിയായിട്ടും സ്വാതന്ത്ര്യം നിഷേധിച്ച അച്ഛനെതിരെ ഒരു മകൻ സംസാരിക്കുന്നു. നേരം വൈകിയാൽ വീട്ടിൽ കയറിപ്പോകരുതെന്ന് പറഞ്ഞ ആ പിതാവിന് ഒടുവിൽ പോലിസ് സ്റ്റേഷനിൽ കയറേണ്ടി വന്നു. എന്തുകൊണ്ടും മിണ്ടാതിരിക്കുന്നതാണ് നല്ലത്. അടക്കയല്ലല്ലോ… അടക്കാ മരമായി പോയില്ലേ..!

‘നിങ്ങടെയല്ലേ മോൻ.. അനുസരിച്ചത് തന്നെ..’

നീ സമ്മതിക്കാൻ പാടില്ലായിരുന്നുവെന്ന് പറഞ്ഞപ്പോൾ ഭാര്യയുടെ മറുപടി ഇങ്ങനെയായിരുന്നു. അവിടേയും എന്റെ നാക്ക് മുറിഞ്ഞു. എന്നാലും പ്രായം പതിനെട്ടായെന്ന് കരുതി മക്കളെയൊക്ക നിയന്ത്രിക്കാതിരിക്കാൻ പറ്റുമോ.. ഒരു മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണിത്.

കാര്യം വോട്ടവകാശം സർക്കാർ അനുവദിക്കുന്നുണ്ട്. എന്നാലും വീട് വിട്ട് പഠിക്കാൻ പോകുന്ന പ്രായമല്ലേ.. ആ തലയിലേക്കാണ് കൊ ലപാതക രാഷ്ട്രീയവും, റാഗിങ്ങും, മാ യക്കുമ രുന്നുമൊക്കെ കയറുന്നത്. കടലാസിലായാലും കമ്പ്യൂട്ടറിൽ ആയാലും വാർത്തകളെ ഇപ്പോൾ നിരീക്ഷിക്കാനേ ഭയമായിരിക്കുന്നു.

പിറ്റേന്ന് ഭാര്യയെന്റെ ദേഹം പിടിച്ച് കുലുക്കിയപ്പോഴാണ് ഞാൻ ഉണർന്നത്. ആരോ കാണാൻ വന്നിട്ടുണ്ട് പോലും. അഴിഞ്ഞുതുടങ്ങിയ മുണ്ടിന്റെ തല ചുരുട്ടി കയറ്റി ഞാൻ മുറ്റത്തേക്ക് നടന്നു.

‘അർജുന്റെ അച്ഛനല്ലേ…?’

മുറ്റത്ത് ഉണ്ടായിരുന്ന മൂന്നുപേരിൽ പ്രായം കൂടിയ ആൾ എന്നോട് ചോദിച്ചു.

‘ഷർട്ട് ഇട്ട് വരൂ.. നമ്മള് പോലീസീന്നാ.. ഒരു സ്ഥലം വരെ പോണം.’

കാക്കിയില്ലെങ്കിലും നിരീക്ഷിച്ചപ്പോൾ എല്ലാവർക്കുമൊരു പോലീസിന്റെ ആകൃതിയുണ്ട്. ഞാൻ അവരെ അനുസരിച്ചു. ഭാര്യയോട് കൂടുതൽ വിശദീകരിക്കാതെ ഷർട്ടുമിട്ട് ഞാൻ അവരുടെ കൂടെ നടന്നു. നിരത്തിൽ അവരുടെ വാഹനം ഉണ്ടായിരുന്നു.

‘എന്താണ് സാർ പ്രശ്നം…?’ അക്ഷമനായ ഞാൻ ചോദിച്ചു.

” ഇലക്ഷൻ നോട്ടീസ് ഒട്ടിക്കാൻ വന്ന എതിർപാർട്ടിയുമായി സംഘർഷം. എല്ലാവരും കു ടിച്ചിട്ടുണ്ടായിരുന്നു. എന്തൊക്കെ വലിച്ചു കേറ്റിയിരിക്കുന്നുവെന്ന് ആർക്കറിയാം.. എന്തായാലും ഒരുത്തന് കു ത്തേറ്റിട്ടുണ്ട്.. കു ത്തിയത് നിങ്ങടെ മോനെന്നാണ് മൊഴി! “

എന്റെ തല സ്തംഭിക്കാൻ ആ പോലീസുകാരന്റെ മറുപടി ധാരാളമായിരുന്നു. ഏന്തൊക്കെ നടക്കാൻ പാടില്ലായെന്ന് കരുതിയോ അത് സംഭവിച്ചതിൽ നിശ്ചലമാകാതെ ഞാൻ എന്ത് ചെയ്യാനാണ്..!

എന്റെ മകനെ പോലീസുകാർക്ക് വേണം. ആരും യാതൊന്നും അറിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഒളിവിൽ പോകാനുള്ള നേരമായിട്ടില്ല. വളരേ തന്ത്രപരമായാണ് അവരുടെ നീക്കം. എന്റെ ഫോണിൽ നിന്ന് അവർ അർജുന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു. രണ്ടുവട്ടം നിർത്താതെ അടിച്ചപ്പോൾ അവൻ ഫോണെടുത്തു.

‘എന്റെ അച്ഛാ… അച്ഛനിങ്ങനെ വിളിച്ചുകൊണ്ടിരിക്കണ്ട. എനിക്ക് പ്രായപൂർത്തിയായി…’

അപ്പോഴേക്കും ഫോൺ പിടിച്ചുവാങ്ങി പോലീസുകാരിൽ ഒരാൾ അർജുനോട് സംസാരിക്കാൻ തുടങ്ങി. യഥാർത്ഥത്തിൽ ഇവിടെ തെറ്റുകാരൻ ആരാണ്? വഴി തെറ്റിപ്പോയ എന്റെ മകനോ? തിരുത്താൻ അറിയാത്ത ഞാനോ? ഭാവിയിൽ തങ്ങളുടെ അണികളായി നിരന്ന് നിൽക്കാൻ എന്റെ മകനെ പോലെയുള്ളവരെ ഹരം കൊടുത്ത് പരിശീലിപ്പിക്കുന്ന രാഷ്ട്രീയ സംഘടനകളോ?

അങ്ങനെയൊക്കെ ചിന്തിച്ചപ്പോൾ ജീവിതമെന്താണെന്ന് പഠിക്കും മുമ്പേ ചെറുപ്രായങ്ങളെ പയറ്റാൻ ഇറക്കി ബലം കൂട്ടാൻ ശ്രമിക്കുന്ന ജനാധിപത്യത്തിന്റെ ദുർബലതയാണിതെന്ന് എനിക്ക് മനസ്സിലായി. ആ ബോധ്യത്തിലും എന്നിലെ പിതാവിന്റെ തല കുനിഞ്ഞു തന്നെ നിന്നിരുന്നു…!!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *