പിറ്റേ ദിവസം പറഞ്ഞത് പോലെ തന്നെ കണ്ണൻ പുസ്തകങ്ങൾ എല്ലാം ഒരു കവറിലാക്കി…..

Story written by Nisha L

“കണ്ണാ… നീയിത് ആരുടെ ഉടുപ്പാ ഇട്ടിരിക്കുന്നത്.. ഒത്തിരി വലുതാണല്ലോ ഇത്.. “!!

“ആ വീട്ടിൽ ഇടാൻ ഇതൊക്കെ മതി ചേച്ചി.. സ്കൂളിൽ കൊണ്ടു പോകാൻ വല്യമ്മ നല്ല ഉടുപ്പ് വാങ്ങി തന്നിട്ടുണ്ട്.. “!!

“നീ നിന്റെ വീട്ടിലേക്ക് പോകാറുണ്ടോ കണ്ണാ… “??

“ഇല്ല ചേച്ചി… അവിടൊക്കെ വെള്ളം കേറി കിടക്കുവാ.. അമ്മയും അച്ഛനും ക്യാമ്പിലാ.. “!!

“മ്മ്… നീ ഇപ്പൊ എത്രാം ക്ലാസ്സിലാ.. “??

“നാലിൽ.. “

“നന്നായി പഠിക്കുന്നുണ്ടോ ചെക്കാ നീ… രമണി ചേച്ചിയ്ക്ക് നിന്റെ മേൽ വല്യ പ്രതീക്ഷയാ.. “!!

“എനിക്ക് പഠിപ്പിച്ചു തരാൻ ആരുമില്ല ചേച്ചി… കുറെ സംശയങ്ങൾ ഉണ്ട്.. വല്യമ്മയോട് ചോദിച്ചാൽ വല്യമ്മയ്ക്ക് ഒന്നും അറിയില്ല.. “!! അവൻ ഒട്ടൊരു വിഷാദത്തോടെ പറഞ്ഞു.

ഞാൻ ഒരു നിമിഷം ചിന്തിച്ചു. അടുത്ത കോഴ്സ് തുടങ്ങുന്നത് വരെ ഞാൻ ഫ്രീയാണ്.

“നീയൊരു കാര്യം ചെയ്യ് കണ്ണാ.. എന്നും വൈകിട്ട് വാ.. ഞാൻ നിന്നെ പഠിക്കാൻ സഹായിക്കാം…”!!

“ആണോ.. ചേച്ചി… എനിക്ക് പറഞ്ഞു തരുമോ.. “?? അവൻ ഉത്സാഹത്തോടെ ചോദിച്ചു.

“ഹ്മ്മ്.. പറഞ്ഞു തരാം.. നാളെ മുതൽ വാ.. “!! ഞാൻ അവന് ഉറപ്പ് കൊടുത്തു പറഞ്ഞു വിട്ടു.

കണ്ണന്റെ വീട് കടലോരത്താണ്. അവിടെ മിക്കപ്പോഴും വെള്ളം കയറാറുണ്ട്.. വല്ലാത്ത ബുദ്ധിമുട്ടിലാണ് അവന്റെ കുടുംബം. അതുകൊണ്ട് കണ്ണനെ അവന്റെ വല്യമ്മ രമണിയുടെ വീട്ടിൽ ആക്കിയിരിക്കുകയാണ്. രമണിയുടെ ഭർത്താവ് ഒരു തികഞ്ഞ മ ദ്യപാനിയാണ്. ഒരേയൊരു മകൻ ഉള്ളത് അച്ഛന്റെ പാരമ്പര്യം നില നിർത്താൻ എന്ന വണ്ണം പത്താം ക്ലാസ്സ്‌ തോറ്റപ്പോൾ മുതൽ ചീത്ത കൂട്ടുകെട്ടും മ ദ്യപാനവുമായി നടക്കുന്നു. ഭർത്താവോ മകനോ കുടുംബം നോക്കാറില്ല. രമണി ആടിനെയും പശുവിനെയും കോഴിയേയുമൊക്കെ വളർത്തി കുടുംബം നോക്കുന്നു. കണ്ണനെ കൂടെ കൂട്ടിയപ്പോൾ സ്വന്തം മകനിൽ നിന്ന് കിട്ടാത്ത സ്നേഹവും സന്തോഷവും സംരക്ഷണവും രമണി കണ്ണനിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്..

പിറ്റേ ദിവസം പറഞ്ഞത് പോലെ തന്നെ കണ്ണൻ പുസ്തകങ്ങൾ എല്ലാം ഒരു കവറിലാക്കി വന്നു.

“നിനക്ക് ഏത് വിഷയമാണ് കണ്ണാ കൂടുതൽ ഇഷ്ടം.. “??

“മലയാളം.. !! എനിക്ക് ഇംഗ്ലീഷും കണക്കും ഭയങ്കര പാടാ ചേച്ചി.. “!!

“മ്മ്.. എങ്കിൽ ആദ്യം തന്നെ നമുക്ക് നിനക്ക് ഇഷ്ടമുള്ള വിഷയം നോക്കാം.. തുടക്കം തന്നെ മടുപ്പിക്കണ്ട… എന്താ കണ്ണാ… “!!

“ശരിയാ ചേച്ചി.. അത് മതി… “!! ഞാൻ പറഞ്ഞത് അവനും ശരി വച്ചു.

അങ്ങനെ മലയാളം പുസ്തകം തുറന്നു അവൻ വായിച്ചു തുടങ്ങി.. വള്ളിയും പുള്ളിയും ദീർഘവുമൊക്കെ കുറച്ചു പാടാണെങ്കിലും അവൻ ഒരു വിധം വായിക്കുന്നുണ്ട്.

അടുത്തതായി കണക്കു ബുക്ക്‌ എടുത്തു. “സങ്കലനം ” അവന് അറിയാമെന്ന് പറഞ്ഞു. ഞാൻ ഒന്ന് രണ്ടു കണക്ക് ഇട്ടു കൊടുത്തു. രണ്ടും മൂന്നും അക്കങ്ങൾ ഉള്ളത് കൂട്ടുമ്പോൾ ശിഷ്ടം കൂട്ടാൻ അവൻ എപ്പോഴും മറക്കും.. !!

ഞാൻ ക്ഷമയോടെ പലവട്ടം അവന് പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു.

ഇംഗ്ലീഷും അക്ഷരമാല ഏകദേശം പകുതിയോളം അവൻ വായിച്ചു കേൾപ്പിച്ചു. പഠിക്കാൻ ആഗ്രഹമുള്ള ചെക്കനാണ്. അവനെ പഠിപ്പിച്ചെടുക്കാം എന്നൊരു ആത്മവിശ്വാസം എനിക്കുമുണ്ടായി.

അങ്ങനെ ഞങ്ങളുടെ പഠനം ഒരാഴ്ച പിന്നിട്ടു. ഇപ്പോൾ അവൻ ശിഷ്ടം കൂട്ടാൻ മറക്കാറില്ല. മലയാളവും നീട്ടിയും കുറുക്കിയും വായിക്കുന്നുണ്ട്. ഇംഗ്ലീഷ് ഇതു വരെ നന്നായി പോകുന്നു.

അപ്പോഴാണ് ആ സംഭവം ഉണ്ടായത്. !!

ഇംഗ്ലീഷ് അക്ഷരമാലയിലെ അവസാനത്തേ അക്ഷരമായ “Z “എന്ന അക്ഷരത്തിൽ ഞങ്ങളുടെ പഠനം എത്തി നിന്നപ്പോൾ.

പുസ്തകത്തിൽ “Z ” എന്ന അക്ഷരത്തിനെ പരിചയപ്പെടുത്താൻ “zoo ” എന്നെഴുതി ഒരു മൃഗശാലയുടെ പടവും കൊടുത്ത് ,, വലിയൊരു ജിറാഫിനെയും വരച്ചു വച്ചിട്ടുണ്ട്.. അതിനു പുറത്തു വേറെയും ചില മൃഗങ്ങളുടെ പടമുണ്ട്. എങ്കിലും ജിറാഫിന്റെ പടം വലുതായി കൊടുത്തിരിക്കുന്നു. ഞാൻ അവന് പറഞ്ഞു കൊടുക്കാൻ തുടങ്ങി.

” Zoo എന്നാൽ മൃഗശാല അല്ലെങ്കിൽ കാഴ്ചബംഗ്ലാവ്.. “!!

“പോ… ചേച്ചി…. zoo എന്നാൽ ജിറാഫ് എന്നാ.. ഈ ചേച്ചിയ്ക്ക് അതു പോലും അറിയില്ലേ.. “!!?? ഞാൻ അന്തംവിട്ട് അവനെ നോക്കി.

“അല്ല കണ്ണാ zoo എന്നാൽ മൃഗശാല എന്നാണ്.. കണ്ടില്ലേ വേറെയും മൃഗങ്ങളുടെ പടം വരച്ചു വച്ചിരിക്കുന്നത്.. “??

“അല്ല… zoo എന്നാൽ ജിറാഫ് എന്നാണ്.. “!! അവൻ വീണ്ടും ഉറപ്പിച്ചു പറഞ്ഞു.

ഞാൻ എങ്ങനെയൊക്കെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിട്ടും അവൻ അതൊന്നും ശ്രദ്ധിക്കുന്നില്ല.. അവൻ ജിറാഫിൽ തന്നെ ഉറച്ചു നിൽക്കുകയാണ്.

ഞാനാകെ വെട്ടിലായി.

“അല്ല കണ്ണാ.. നിന്നോട് ആരാ പറഞ്ഞത് zoo എന്നാൽ ജിറാഫ് ആണെന്ന്..?? അതോ നീ ഈ പടം കണ്ട് വെറുതെ പറയുന്നതാണോ.. “??

“എനിക്ക് ഹരി ചേട്ടൻ പറഞ്ഞു തന്നതാ.. “!! അവൻ നിഷ്കളങ്കമായി പറഞ്ഞു.

രമണി ചേച്ചിയുടെ മകനാണ് ഹരി. അപ്പോൾ അയാളാണ് ഈ ചതി ചെയ്തത്. ഇവനെ ഒന്ന് പറഞ്ഞു മനസിലാക്കാൻ ഞാനിനി എന്തൊക്കെ പാട് പെടണം ദൈവമേ.. !!

പാവം രമണി ചേച്ചി.. കണ്ണനിലാണ് അവരുടെ പ്രതീക്ഷ മുഴുവൻ.. ആ ഹരി ഈ കൊച്ചിന്റെ ബുദ്ധി കൂടി നശിപ്പിക്കും..

കുട്ടികളുടെ തലച്ചോർ ഒരു വെള്ള പേപ്പർ പോലെയാണ്. അതിൽ മുതിർന്നവർ ഒരു വാക്കോ വാചകമോ എഴുതി ചേർക്കുമ്പോൾ നന്നായി ശ്രദ്ധിക്കേണ്ടതല്ലേ…?? എപ്പോഴും അവിടെ ശരികൾ എഴുതി വയ്ക്കുന്നതാണ് ഉത്തമം. അതിൽ തെറ്റുകൾ കുത്തി നിറയ്ക്കുന്നത് എന്തിനാണാവോ…??

ഒരു കാര്യം അറിയില്ലെങ്കിൽ “മോനെ.. അതെനിക്ക് അറിയില്ല… ഞാൻ അറിയാവുന്ന ആരോടെങ്കിലും ചോദിച്ചിട്ട് പറഞ്ഞു തരാം എന്ന് പറഞ്ഞാൽ പോരെ.. “!!അതിനു പകരം കൊച്ചു തലച്ചോറിൽ തെറ്റുകൾ പതിപ്പിച്ചു കൊടുക്കുന്നത് എന്തിന് വേണ്ടിയാണ്..??? !!

ഞാൻ ഇതികർത്തവ്യതാമൂഢയായിരുന്ന് ആലോചിച്ചു പോയി…

Related Posts

Leave a Reply

Your email address will not be published. Required fields are marked *