പുരുഷോത്തമൻ മാഷ് ചൂരൽ വടിയുമായി വാതിൽക്കൽ നിന്നും കല്പിച്ചാൽ പിന്നെ ക്‌ളാസിൽ ഈച്ച പറന്നാൽ പോലും കേൾക്കുന്ന നിശബ്ദത ആയിരിക്കും…….

എഴുത്ത് :- സൽമാൻ സാലി

” എല്ലാരും ചുണ്ട് പൂട്ടി താക്കോൽ കീശയിൽ ഇട്ടോ ..!!

പുരുഷോത്തമൻ മാഷ് ചൂരൽ വടിയുമായി വാതിൽക്കൽ നിന്നും കല്പിച്ചാൽ പിന്നെ ക്‌ളാസിൽ ഈച്ച പറന്നാൽ പോലും കേൾക്കുന്ന നിശബ്ദത ആയിരിക്കും .. ഇനിയെങ്ങാനും ആരേലും ശബ്ദമുണ്ടാക്കിയാൽ ചൂരൽ കൊണ്ട് ചന്തിമ്മേൽ കെ റെയിൽ രൂപരേഖ വരക്കും മാഷ് ..

ക്രിസ്മസ്സ് അവധി കഴിഞ്ഞു സ്കൂൾ തുറന്നതുകൊണ്ട് തന്നെ പരീക്ഷ പേപ്പറും ഒപ്പം സമ്മാനവും കിട്ടുന്നതുകൊണ്ട് ജെട്ടിക്ക് മുകളിൽ രണ്ട് പാന്റ് ഇട്ടാണ് സ്കൂളിൽ പോയത് .. അല്ലെങ്കിൽ വൈകിട്ട് വീട്ടിലെത്തിയാൽ ചന്തിമ്മൽ ചൂരൽ വടിയുടെ രേഖ ഒരു ബിന്ദുവിൽ നിന്നും മറ്റൊരു ബിന്ദുവിലേക്ക് പതിനൊന്ന് സെന്റിമീറ്റർ ഉണ്ടാകും ..

ഇംഗ്ളീഷിന്റെ ലിങ്കൺ മാഷ് വന്നു ഹി പുല്ലിങ്കവും ശീ സ്ത്രീലിംഗവും എന്നൊക്കെ പഠിപ്പിക്കുമ്പോൾ ഞങ്ങക്ക് ഒറ്റ ചിന്തയെ ഉള്ളൂ എങ്ങനേലും ഒന്ന് ഇന്റർവെൽ ആയിരുന്നേൽ ഗ്രൗണ്ടില് പോയി കളിക്കാമായിരുന്നു എന്ന് ..

ഇന്റർവെൽ സമയത്ത് ഗ്രൗണ്ടിലെ മൂലയിൽ എത്തിയാൽ ഷാഫി കൊണ്ട് വരുന്ന പച്ച മാങ്ങയും വിനീത് കൊണ്ട് വരുന്ന വാളൻ പുളിയും പിന്നെ ജ്യോതി അച്ചാറും ചേർത്ത് മിക്സ് ചെയുമ്പോൾ വായിൽ കപ്പലോടിക്കാൻ ഉള്ള വെള്ളം ഉണ്ടാവും .. അതും തിന്ന് അപ്പുറത്തെ വീട്ടിൽ പോയി വെള്ളം കുടിച്ചു പോരുമ്പോൾ എരിവ് മാറ്റാൻ കുറച്ചു പഞ്ചസാര വാങ്ങി വായിലിട്ടോണ്ട് ക്ളാസിലേക്ക് ഓടും ..

ഇന്റർവെൽ കഴിഞ്ഞപ്പോഴാണ് ഉത്തരപേപ്പറും എടുത്തോണ്ട് ഹിറ്റ്ലർ കയറി വന്നത് .. വന്നപാടെ ഉത്തരപ്പേപ്പർ മേശമ്മൽ വെച്ചിട്ട് ചൂരലും എടുത്തോണ്ട് എന്റടുത്തേക്ക് വന്ന് കൈ നീട്ടാൻ പറഞ്ഞു ആഞ്ഞു വീശി രണ്ടടി തന്നു ..

എന്തിനാണെന്നറിയാതെ മാഷെ നോക്കുമ്പോൾ അങ്ങേര് പറയുവാ നീ എന്തിനാടാ ഹിസ്റ്ററി പേപ്പറിൽ അമീബിയയെ വരച്ചതെന്ന് .. ക്ലാസ് മുഴുവൻ നിശബ്ദത .. എന്റെ ഇന്ത്യയുടെ ഭൂപടം ആണല്ലോ ഇങ്ങേര് അമീബിയ ആക്കിയത് എന്ന് ഞാൻ ആരോട് പറയാൻ .. 4 മാർക്ക് ഉള്ള ഉത്തരപ്പേപ്പറിനൊപ്പം പത്ത് വട്ടം ഇന്ത്യയെ വരക്കാനുള്ള ഇമ്പോസിഷനും തന്നിട്ടാണ് അങ്ങേര് പോയത് ..

എനിക്കാണേൽ എല്ലാ വിഷയത്തിനും കൂടെ ആകെ രണ്ട് നോട്ട് ആണ് ഉള്ളത് .. ഓരോ മാഷ് വരുമ്പോഴും നോട്ട് തിരിച്ചും മറിച്ചും ഇട്ട് എഴുതും .. അല്ലാതെ വീട്ടില് കൊണ്ട് പോയി പഠിക്കാൻ ഉള്ള ചിന്തയൊന്നും അന്ന് ഉണ്ടായിരുന്നില്ല ..

അടുത്ത പിരീഡ് സയൻസിന്റെ ന്യൂട്ടൻ സാർ വരുന്നവരെ എല്ലാരും കൂടെ എന്നെ അമീബിയ എന്നും പറഞ്ഞു കളിയാക്കി .. തൊട്ടടുത്ത് ഇരിക്കുന്ന ശാഫി ആണ് വെറുതെ എന്നെ നോക്കി ചിരിച്ചുകൊണ്ടേ ഇരുന്നു ..

സയന്സ് മാഷ് വന്ന് ഓരോരുത്തർക്കും ഉത്തരപ്പേപ്പര് കൊടുക്കാൻ തുടങ്ങി .. ഷാഫിയുടെ പേര് വിളിച്ചപ്പോ മാഷ് ഒന്ന് നിന്ന് ..

” ഷാഫി ഇവിടേ വരൂ .. മാഷ് അവനെ വിളിച്ചപ്പോ പഹയൻ സയൻസിൽ ഫുൾ മാർക്ക് വാങ്ങി എന്നാണ് കരുതിയത് ..

” ഈ വർഷം ഷാഫി ചിത്ര രചനയിൽ സമ്മാനം വാങ്ങിക്കും കേട്ടോ .. ഷാഫിയുടെ ചുമലിൽ തട്ടിക്കൊണ്ടാണ് മാഷ് പറയുന്നത് .. എന്നിട്ട് അവന്റെ ഉത്തരപ്പേപ്പര് ഉയർത്തി പിടിച്ചു

” ധാ നോക്ക് കർണപടം വരച്ചു അടയാളപ്പെടുത്താൻ ഉള്ള ചോദ്യത്തിന് കർണന്റെ പടം വരച്ചു അടയാള പെടുത്തിയിരിക്കുന്നു ..

ക്ലാസ്സിൽ ഉയർന്ന കൂട്ട ചിരിയിൽ എന്റെ അമീബ പോലും ഞാൻ മറന്നു പോയി ..

മാഷ് പോയപ്പോ അവന്റെ പേപ്പർ വാങ്ങിച്ചു നോക്കിയ ഞാൻ ചിരിച്ചു പണ്ടാരമടങ്ങി .. അമ്പും വില്ലുമായി വരുന്ന കർണന്റെ ചിത്രം അമ്പിന് നേരെ ‘മാലിയസ് ‘എന്നും വില്ലിന് നേരെ ‘ഇൻകസ് ‘എന്നും തലപ്പാവിന് നേരെ സ്റ്റെപ്പിസ് ‘എന്നും അടയാള പെടുത്തിയിരിക്കുന്നു കുരിപ്പ് ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *