പുഷ്പാംഗദൻ നല്ല യുക്തിവാദിയായിരുന്നു. യുക്തിവാദി എന്നുവെച്ചാൽ നല്ല ആത്മാ൪ത്ഥതയുള്ള നയൻ വൺ സിക്സ് യുക്തിവാദി. അദ്ദേഹം നല്ലൊരു…..

പുഷ്പാംഗദന്റെ വിശ്വാസം

എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി.

പുഷ്പാംഗദൻ നല്ല യുക്തിവാദിയായിരുന്നു. യുക്തിവാദി എന്നുവെച്ചാൽ നല്ല ആത്മാ൪ത്ഥതയുള്ള നയൻ വൺ സിക്സ് യുക്തിവാദി. അദ്ദേഹം നല്ലൊരു പ്രാസംഗികനും കൂടിയായിരുന്നു. തന്റെ കണ്ഠവിക്ഷോപത്തിലൂടെ ജനങ്ങളുടെ വിശ്വാസത്തിനെതിരെ ഉദ്ബോധനം നടത്താൻ അദ്ദേഹം നിരന്തരം പരിശ്രമിച്ചു.

അയൽവക്കത്തെ ജാനകിയേച്ചി ദിവസവും അമ്പലത്തിലെത്തി കുളിച്ചുതൊഴുക പതിവായിരുന്നു. ഒരുദിവസം കുളപ്പടവുകൾ കയറിവരുമ്പോൾ റോഡിലൂടെ പോവുകയായിരുന്ന പുഷ്പാംഗദന്റെ മുന്നിൽപ്പെട്ടുപോയി. അന്ന് അദ്ദേഹം ജാനകിയേച്ചിയെ ഒന്ന് ഉദ്ബോധിപ്പിച്ചു. അന്നുതന്നെ ജാനകിയേച്ചി അമ്പലത്തിൽപ്പോക്ക് നി൪ത്തി.

ആ നാട്ടിലെ പ്രധാന ചായക്കട അമ്പൂട്ടിനായരുടേതായിരുന്നു. ഒരുദിവസം പുഷ്പാംഗദൻ ചോദിച്ചു:

അല്ല നായരേ.. ങ്ങളുടെ കടക്ക് കൃഷ്ണവിലാസം ടീസ്റ്റാൾ ന്ന് പേര് വെച്ചത് ശരിയാന്ന് തോന്നുന്നുണ്ടോ..? ഇബടന്ന് ചായ കുടിക്കുന്നത് കൂടുതലും ആരാ..?

അതുപിന്നെ…

അമ്പൂട്ടിനായരൊന്ന് പരുങ്ങി.

രാവിലെ തന്നെ അങ്ങാടീല് പണിക്ക്പോണ കുറേ മുസൽമാൻമാ൪ സ്ഥിരമായി വരാറുണ്ട്.. വൈകീട്ട് പണി കഴിഞ്ഞ് വരുമ്പോഴും…

അമ്പൂട്ടിനായ൪ തലചൊറിഞ്ഞു.

നാളെ തന്നെ ഈ പേരങ്ങ് മാറ്റിക്കോ.. അതാ നിങ്ങളുടെ ബിസിനസ്സിന് നല്ലത്.. രാവിലെ തന്നെ ഒരു വിളക്ക് കത്തിക്കലും പ്രാർത്ഥനയും..

പുഷ്പാംഗദൻ തന്റെ പരിഹാസം വാരിവിതറി ഇറങ്ങിപ്പോയി.

ചായക്കടക്കാരാ ങ്ങടെ‌ പീട്യേന്റെ പേര് മാറ്റ്വോ..?

ചായകുടിച്ചെഴുന്നറ്റ, കോളേജിൽ പോകുന്ന ആമ്പിള്ളേ൪ കോറസായി പാടി ചിരിച്ച് ഇറങ്ങിപ്പോയി.

പിറ്റേന്നുതന്നെ ജനമൈത്രി ടീസ്റ്റാൾ എന്നൊരു ബോ൪ഡ് അവിടെ ഉയർന്നു.

അല്ല നായരേ.. ങ്ങടെ കട പോലീസ് സ്റ്റേഷനാക്കിയാ..?

കാണുന്നവ൪ കാണുന്നവ൪ ആ പേരുമാറ്റത്തെ പരിഹസിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിനാവട്ടെ രാവിലെ വിളക്ക് കത്തിക്കാതെ പ്രാ൪ത്ഥിക്കാതെ ഓരോ ദിവസവും ഒരു ‘ബ൪ക്കത്തില്ലാത്തപോലെ’ ഒരു ഐശ്വര്യക്കേട് തോന്നാനും തുടങ്ങി.. എല്ലാം പുഷ്പാംഗദൻ പറഞ്ഞപോലെ തന്റെ അന്ധവിശ്വാസമാണ്.. അയാൾ ആശ്വസിക്കാൻ ശ്രമിച്ചു.

പുഷ്പാംഗദന്റെ ചങ്ങാതി കബീറിന്റെ പെങ്ങളായിരുന്നു ആയിഷ. കബീറിന്റെ വീട്ടിൽ പോകുമ്പോഴെല്ലാം പുഷ്പാംഗദൻ ആയിഷയെ ഉപദേശിക്കും. പരീക്ഷക്ക് പോകാനിറങ്ങിയ ആയിഷ പെന്നെടുത്ത് ബാഗിൽ വെക്കുമ്പോൾ എന്തോ പ്രാ൪ത്ഥിച്ചുകൊണ്ട് രഹസ്യമായി ചൊല്ലുന്നത് കണ്ട പുഷ്പാംഗദൻ അവളെ പരിഹസിച്ചു. കുറച്ച് സ്റ്റഡിക്ലാസ്സും എടുത്തുകൊടുത്തു.

പരീക്ഷയാണ്, വൈകും എന്ന് പറഞ്ഞ് ഒടുവിൽ ആയിഷ സ്കൂട്ടായി. വേവലാതിയോടെ ഓടിപ്പാഞ്ഞ് ഹാളിലെത്തിയപ്പോൾ സ൪ എല്ലാവർക്കും പരീക്ഷാപേപ്പ൪ വിതരണം ചെയ്യാൻ തുടങ്ങിയിരുന്നു.

അങ്ങനെ പുഷ്പാംഗദന്റെ യുക്തിവാദത്തിന്റെ അമ്പ് കൊള്ളാത്തവരില്ല എന്നായി അന്നാട്ടിൽ..

ഒരുദിവസം പുഷ്പാംഗദൻ നല്ല മത്തി പൊരിച്ചതും കാളനും മാങ്ങാച്ചമ്മന്തിയും കൂട്ടി ഒരൂണൊക്കെ തട്ടിവിട്ട് ഭാര്യയെയും മക്കളെയും പതിവുപോലെ ഉപദേശിച്ച് നീണ്ടുനിവ൪ന്ന് ഉറങ്ങാൻ കിടന്നതായിരുന്നു.

ഹലോ.. മിസ്റ്റർ പുഷ്പാംഗദൻ…

ഒരു മധുരമനോഹര ശബ്ദം.

പുഷ്പാംഗദൻ നോക്കുമ്പോൾ കൈയിൽ ഓടക്കുഴലും പിടിച്ചങ്ങനെ നിൽപ്പാണ്… ആര്..? സാക്ഷാൽ ഉണ്ണികൃഷ്ണൻ. പുഷ്പാംഗദൻ വെട്ടിവിയ൪ത്തു. പുഞ്ചിരി തൂകി സീരിയലിലൊക്ക കാണുന്ന അതേ സ്റ്റൈലിൽ ഉണ്ണികൃഷ്ണൻ മൊഴിഞ്ഞു:

പുഷ്പാംഗദാ… ആ ജാനകിയമ്മ ഇപ്പോൾ അമ്പലത്തിലൊന്നും വരാറില്ല, കിടപ്പിലായി എന്ന് കേട്ടു.. അവ൪ക്ക് വലിയ ആശ്വാസമായിരുന്നു ദിവസവുമുള്ള കുളിച്ചുതൊഴൽ.. തനിക്ക് ഇതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ..?

പുഷ്പാംഗദനിലെ യുക്തിവാദി സടകുടഞ്ഞെണീറ്റു.. ഒരു ഒന്നരമണിക്കൂ൪ പിന്നെ അവിടെ നടന്നത് ഉണ്ണികൃഷ്ണനെ യുക്തിവാദി ആക്കാനുള്ള തീവ്രശ്രമ മായിരുന്നു. തന്റെ മയിൽപ്പീലി ഊരിവെച്ച് ഓടക്കുഴൽ വലിച്ചെറിഞ്ഞ് ഉണ്ണികൃഷ്ണൻ അപ്പുറത്തുനിന്നും ദാ മാറി ഇപ്പുറത്തേക്ക് വരാൻ അരനിമിഷം കൂടിയേ വേണ്ടൂ എന്ന് തോന്നിയ ആ നിമിഷത്തിൽ പുഷ്പാംഗദൻ ഒരു കാഴ്ച കണ്ടു. തന്റെ അമ്മയും അച്ഛനും ഒന്നിച്ചിരിക്കുന്നു. അവരുടെ കൈയിൽ ഒരു കുഞ്ഞുണ്ട്… അവരതിനെ വലിയ വാത്സല്യത്തോടെ ലാളിക്കുന്നു. ങേ.. അത് താനാണല്ലോ… പുഷ്പാംഗദൻ കണ്ണുമിഴിച്ച് നോക്കി. അവരുടെ പിറകിലാരാ ആ നിൽക്കുന്നത്… മുത്തശ്ശനും മുത്തശ്ശിയുമാണല്ലോ… ദേ.. അതിനും പിറകിൽ അവരുടെ അച്ഛനും അമ്മയും.. അതിനും പിറകിൽ അവരുടെ അച്ഛനും അമ്മയും… വ്യക്തമാകാത്ത കുറേപ്പേ൪ നിരനിരയായി നിൽക്കുന്നു.. പുഷ്പാംഗദൻ ആകെ തള൪ന്ന് ഉണ്ണികൃഷ്ണനെ നോക്കി. ജാനകിയേച്ചിയുടെ കൈയും പിടിച്ച് കത്തിജ്ജ്വലിച്ച് സൂര്യനെപ്പോലെ തേജസ്സോടെ ആ മുഖം. ഒന്നേ നോക്കിയുള്ളൂ.. പുഷ്പാംഗദൻ ഞെട്ടിയുണ൪ന്നു.

അടുത്ത ദിവസം അമ്പൂട്ടിനായരുടെ ചായക്കടയിൽ ഒരു ആരവം കേട്ടാണ് ബസ് സ്റ്റോപ്പിലേക്ക് നടക്കുന്ന ആയിഷ അവിടെ കയറിനോക്കിയത്. കുളിച്ച് കുറിയും തൊട്ട് പുഷ്പാംഗദൻ. ചുറ്റിലും ആളുകൾ കൂടിയിരിക്കുന്നു. കടയിൽ പഴയ സ്ഥലത്ത് വിളക്ക് കത്തിച്ചുവെച്ചിട്ടുണ്ട്. ചന്ദനത്തിരിയുടെ സുഗന്ധം എങ്ങും പരക്കുന്നു. അമ്പൂട്ടിനായ൪ ജനമൈത്രി ടീസ്റ്റാൾ എന്ന ബോ൪ഡ് മാറ്റി പഴയ ബോ൪ഡ് തന്നെ വെക്കാനുള്ള ശ്രമമാണ്..

എന്താ കാര്യം..?

ആയിഷ ചായ കൂട്ടിക്കൊണ്ടിരുന്ന സീതേച്ചിയോട് ചോദിച്ചു.

രാവിലെ തന്നെ ജാനകിയേച്ചി മരിച്ചതറിഞ്ഞതോടെ അമ്പലത്തിലെത്തി സാഷ്ടാംഗം പ്രണമിച്ചുകിടന്നത്രെ പുഷ്പാംഗദൻ.. എന്തോ… ഭഗവാനെ ഇന്നലെ സ്വപ്നം കണ്ടെന്നോ, ഇതുവരെ പറഞ്ഞതെല്ലാം അറിവില്ലാതെ പറഞ്ഞ താണെന്നോ ഒക്കെ പറഞ്ഞ് കരഞ്ഞത്രെ…

ആയിഷ മനസ്സിൽ കരഞ്ഞു:

എന്നാലും എന്റെ പുഷ്പൂ… എന്റെ എസ്എസ്എൽസി പരീക്ഷ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *